കിടക്കും മുമ്പ് മേക്കപ് തുടച്ചുമാറ്റാൻ മടിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ്, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. ഉറങ്ങുമ്പോൾ ചർമസുഷിരങ്ങളിലൂടെ വിഷമയമായ മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നുണ്ട്. എന്നാൽ മേക്കപ് മുഖത്തു തന്നെയിരിക്കുമ്പോൾ ഈ പ്രക്രിയ തടസപ്പെടുന്നു. മാത്രമല്ല ചർമം വരളുകയും ചെയ്യും.
രാത്രിയിലാണ് ത്വക്കിന്റെ കോശങ്ങൾ ഏറ്റവുമധികം പുനരുജ്ജീവിക്കപ്പെടുന്നത്. പകലത്തേക്കാൾ മൂന്നു മടങ്ങ് വേഗത്തിലാണിത്. അതിനാൽ ചര്‍മം സുന്ദരമായിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറങ്ങുംമുമ്പ് മേക്കപ് തുടച്ചുമാറ്റുകയെന്നതാണ്.
ഓയിൽ ബേസ്ഡ് റിമൂവറും വാട്ടർ ബേസ്ഡ് മേക്കപ് റിമൂവറും ലഭ്യമാണ്. പൊതുവേ ഐ മേക്കപ് റിമൂവറുകളാണിവ. മുഖത്തു ഉപയോഗിക്കാൻ ഗുണനിലവാരമുള്ളവ തിരഞ്ഞെടുക്കണം.
മേക്കപ് വൈപ്സ് – പാഡ്, ടിഷ്യൂ രൂപത്തിലുള്ള മേക്കപ് വൈപ്സും ലഭ്യമാണ്. ഇവ മുഖത്ത് അൽപം അമർത്തി മേക്കപ്പ് തുടച്ചുനീക്കാം.
ഫോമിങ് ക്ലെൻസർ– മേക്കപ് റിമൂവൽ ഫോമിങ് ക്ലെൻസറും വിപണിയിലുണ്ട്. ഫേസ് വാഷ് പോലെ ഉപയോഗിക്കാവുന്നവയാണിവ.
ഇനി റിമൂവർ ഇല്ലെന്നാണെങ്കിലോ ? അതിനും വഴിയുണ്ട്. ബേബി ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു മുഖം ചെറുതായി മസാജ് ചെയ്തശേഷം പഞ്ഞിയുപയോഗിച്ചു തുടച്ചെടുക്കാം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam