നാൽപതിലും ചെറുപ്പം, ഇതാ ഐശ്വര്യയുടെ സൗന്ദര്യ രഹസ്യങ്ങൾ

‘ദൈവം ഉറപ്പായും ഒരു വെക്കേഷൻ എടുത്ത് വളരെ ആസ്വദിച്ച് ഉണ്ടാക്കിയതാണ് ഐശ്വര്യ റായിയെ. നമ്മളെയൊക്കെ ഒറ്റ ദിവസംകൊണ്ടും.’ ഐശ്വര്യാ റായിയുടെ സൗന്ദര്യത്തെപ്പറ്റി പ്രിയങ്ക ചോപ്ര ഒരഭിമുഖത്തിൽ പറഞ്ഞതാണിത്. പ്രിയങ്ക പറഞ്ഞത് ഒട്ടും കൂടിപ്പോയില്ലെന്ന അഭിപ്രായമാണ് ആഷിന്റെ ആരാധകർക്ക്. കണ്ടാലും കണ്ടാലും മടുക്കാത്ത ഈ സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ടറിയാൻ വിമർശകർ പോലും ആഗ്രഹിക്കുന്നുണ്ടെന്നതാണു സത്യം. സൗന്ദര്യത്തിന്റെ നല്ലൊരു പങ്കും പാരമ്പര്യമായി കിട്ടിയതാണെങ്കിലും ഒരു പോറലുപോലും ഏൽക്കാതെ അത് ഇപ്പോഴും തിളങ്ങുന്നതിനു പിന്നിൽ ചില പ്രകൃതിദത്തമായ വഴികളുണ്ട്.

∙ കടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ് ആഴ്ചയിൽ രണ്ടു ദിവസം.

∙ തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കൽ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.

∙ ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേർത്ത് മസാജ് ചെയ്യുന്നതും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുമെന്ന് ആഷ്.

∙ ഫേഷ്യൽ മാസത്തിൽ ഒരിക്കൽ മാത്രം.

∙ മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേർന്ന ഹെയർ മാസ്കും പാലും തേനും ചേർന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയിൽ ഒരിക്കൽ നിർബന്ധം. 

∙ മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തിൽ രണ്ടു തവണ ഹെയർ സ്പാ.

തയാറാക്കിയത്: അൻസു അന്ന ബേബി