Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ദിവസം കൊണ്ട് നേടാം ആരും കൊതിക്കും സൗന്ദര്യം!

beauty1

പത്തു ദിവസത്തെ പ്ലാനിങ് മതി സുന്ദരിയാവാൻ. മുടിക്കും ചർമത്തിനും നൽകേണ്ട സംരക്ഷണ മാർഗങ്ങളിതാ.

ഒന്നാം നാളിൽ

beauty2

∙ മുഖക്കുരുവിനുള്ള പൊടികൈകൾ തുടങ്ങാം. പുതിനയില അരച്ചതിൽ അൽപം തേനും നാരങ്ങാനീരും യോജിപ്പിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ മുഖത്തിട്ടാൽ മുഖക്കുരു മാറും.

∙ എണ്ണമയം അകറ്റാൻ കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. വരണ്ട ചർമമുള്ളവർ റോസ് വാട്ടറിനു പകരം പാൽപ്പാട ഉപയോഗിക്കുക.

∙ മുഖം വാടിയിരിക്കുന്നതാണോ പ്രശ്നം? ഇന്നു മുതൽ എല്ലാ ദിവസവും പാലിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടി കൂടി യിട്ട് മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

∙ വരണ്ട മുടിയുള്ളവരാണെങ്കിൽ, രണ്ടു ദിവസം കൂടുമ്പോൾ ബദാം എണ്ണയോ ഒലിവെണ്ണയോ കൊണ്ടു തല മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകി കണ്ടീഷനറും ഇടണം. 

രണ്ടാം നാളിൽ

beauty3

∙ കരുവാളിപ്പ് മാറ്റിയെടുക്കാൻ തൈരിനെ കൂട്ടുപിടിക്കാം. തൈര് നല്ലൊരു നാച്ചുറൽ ബ്ലീച്ചിങ് ഏജന്റാണ്.

∙ ഒരു വലിയ സ്പൂൺ മുട്ടവെള്ളയിൽ ഒരു വലിയ സ്പൂൺ തൈര് മിക്സ് ചെയ്തു മുഖത്തും കഴുത്തിലും പുരട്ടി 10–15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. ചർമത്തിന്റെ കരുവാളിപ്പ് മാറി മുഖം സുന്ദരമാകും.

∙ വരണ്ട ചർമമുള്ളവർ തൈരിൽ തേൻ മിക്സ് ചെയ്ത് ഉപയോഗിക്കാം. എണ്ണമയമുള്ള ചർമക്കാർ തൈരിൽ നാരങ്ങാനീര് യോജിപ്പിക്കുക.

∙ താരൻ ശല്യമുണ്ടെങ്കിൽ തൈരിൽ മുട്ടവെള്ള യോജിപ്പിച്ച് തലയിൽ തേച്ചു പിടിപ്പിച്ച് അൽപ സമയത്തിനു ശേഷം കഴുകി കളയാം. മുടിക്ക് തിളക്കവും കിട്ടും.

മൂന്നാം നാളിൽ

Honey

∙ മുഖക്കുരുവിന്റെ മുറിവുകളുണ്ടെങ്കിൽ അതുണങ്ങി പാടുകൾ മാറാൻ തേൻ പുരട്ടിയാൽ മതി. 

∙ ചുവന്നുള്ളി നീരിൽ അൽപം തേൻ ചേർത്ത് കറുത്ത പാടുകളിൽ ഇടുക. ഒരാഴ്ച തുടർച്ചയായി ഇട്ടാൽ പാടുകൾ മാറും. 

∙ തേനും ബദാം എണ്ണയും യോജിപ്പിച്ച് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് മൃദുത്വവും തിളക്കവും കിട്ടും.

∙ ഒരു ചെറിയ സ്പൂൺ പാൽപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ തേനും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കൂടി യോജിപ്പിച്ച് ഫേസ് പായ്ക്കായി മുഖത്തിടുക.

നാലാം നാളിൽ 

beauty4

∙ വരണ്ട മുടിയുള്ളവർ ഒരു ഏത്തപ്പഴം, തേൻ, ബദാമെണ്ണ, ഒരു മുട്ട എന്നിവ മിക്സിയിലടിച്ച് മുടിയിൽ പുരട്ടിയ ശേഷം തലയിൽ പൊതിഞ്ഞു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

∙ എണ്ണമയമുള്ള മുടിയാണ് നിങ്ങളുടേതെങ്കിൽ ചെറുപയർ കുതിർത്തരച്ചതിൽ തൈരും അൽപം നാരങ്ങാനീരും ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ചശേഷം കഴുകിക്കളയുക.

∙ ചെമ്പരത്തിപ്പൂ കൈകൊണ്ട് ഞെരടിയതിൽ അൽപം ഒലിവെണ്ണയും ചേർത്ത് മുടിയില്‍ തേച്ചാൽ ഏതുതരം മുടിക്കും നല്ല തിളക്കം കിട്ടും. 

അഞ്ചാം നാളിൽ

beauty5

∙ ഓട്സിൽ അല്പം പാൽ ചേർത്ത് യോജിപ്പിച്ചതിൽ മുട്ടയുടെ മഞ്ഞയും ചേർത്ത് 10 –15 മിനിറ്റ് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. മുഖം മൃദുവാകും.

∙ വരണ്ട ചർമം ഉള്ളവർ തേനും ഓയിലി സ്കിൻ ഉള്ളവർ നാര ങ്ങാനീരും ഓട്സിൽ മിക്സ് ചെയ്യുക. ഒരു ചെറിയ സ്പൂൺ ഓട്സ്,  അര ചെറിയ സ്പൂൺ മുട്ട മഞ്ഞ, കാൽ ചെറിയ സ്പൂ ൺ നാരങ്ങാനീര് എന്ന അനുപാതത്തിൽ മിക്സ് ചെയ്യാം. 

∙ താരനകറ്റാൻ കറ്റാർവാഴയുടെ തൊലി മാറ്റി പൾപ്പ് എടുത്ത് തേങ്ങാപ്പാലും ചേർത്തു മിക്സിയിലടിച്ച് തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

ആറാം നാളിൽ

beauty6

∙ കൈ കാലുകൾ സുന്ദരമാക്കാൻ ആറാം നാൾ മാറ്റി വയ്ക്കാം.

∙ സ്ക്രബിൽ നിന്നു തുടങ്ങാം.  നാരങ്ങാ രണ്ടായി മുറിക്കുക. ഒരു പകുതി പഞ്ചസാരയിൽ മുക്കി കാലിൽ ഉരയ്ക്കുക. കാലിലെ മൃതകോശങ്ങൾ നീക്കാനാണ് സ്ക്രബ് ചെയ്യുന്നത്.

∙ നാരങ്ങയും ബദാമും അരച്ചതിൽ പഞ്ചസാര ചേർത്ത് കൈകാലുകളിൽ വൃത്താകൃതിൽ മസാജ് ചെയ്താലും മതി.

∙ കടലമാവിൽ കാരറ്റ് ഗ്രേറ്റ് ചെയ്ത് തൈരിൽ യോജിപ്പിച്ചു കാലിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാം. ചർമം ലോലമാകും.

∙ വിണ്ടു കീറിയ കാൽ പാദങ്ങൾക്കും വരണ്ട ചർമത്തിനും പഴുത്ത ഏത്തപ്പഴവും കറ്റാർവാഴ നീരും ഒലിവ് എണ്ണയിൽ യോജിപ്പിച്ച് തേക്കുക.

ഏഴാം നാളിൽ

beauty7

∙ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഉരുളക്കിഴങ്ങ് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഒരു തുണ്ട് പഞ്ഞി കണ്ണിനും മുകളിൽ വച്ച് ഈ പേസ്റ്റ് വയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞാൽ മാറ്റാം. 

∙ തക്കാളി നീരും നാരങ്ങാ നീരും യോജിപ്പിച്ച് കണ്ണിനു ചുറ്റും മസാജ് ചെയ്താലും കറുപ്പകലും.

∙ ഗ്രീൻ ടീ ഉണ്ടാക്കിയശേഷം ടീ ബാഗ് കളയണ്ട. ഇതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കണ്ണിനു മുകളിൽ വച്ചാൽ കണ്ണിന്റെ ക്ഷീണം മാറും. 

∙ ചുണ്ടുകൾ ചുവക്കാൻ റോസ് ഇതളുകൾ അരച്ചതിൽ പാൽ ചേർത്ത് ചുണ്ടുകളിൽ ഇട്ടാൽ മതി.

∙ മാതളനാരങ്ങ ജ്യൂസോ ബീറ്റ്റൂട്ട് ജ്യൂസോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം നൽകും.

എട്ടാം നാളിൽ

beauty8

∙ ഇനി രണ്ടു നാൾ കൂടി. വേണ്ടത് മിന്നി തിളങ്ങുന്ന മുഖമാണ്. നാച്ചുറൽ ഗ്ലോ നേടാൻ പപ്പായ ഉപയോഗിക്കാം. 

∙ നന്നായി പഴുത്ത പപ്പായ തന്നെ തിരഞ്ഞെടുക്കണം. കാരണം പഴുക്കാത്തവയിലെ കറ പൊള്ളലുണ്ടാക്കും.

∙ പപ്പായയും തേങ്ങാപ്പാലും യോജിപ്പിച്ച് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ്  മസാജ് ചെയ്തശേഷം കഴുകി കളയുക.

∙ പപ്പായയും മുൾട്ടാണി പൗഡറും തേനും ചേർത്ത് ഫേസ് പായ്ക്ക് ആയി മുഖത്തിടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.

ഒമ്പതാം നാളിൽ

beauty9

∙ രാത്രി കിടക്കുന്നതിനു മുമ്പായി പുളിയുള്ള ഓറഞ്ച് നടുവേ മുറിച്ച് കുരു കളഞ്ഞ് വട്ടത്തിൽ മുഖത്ത് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. രാവിലെ മുഖം പട്ടു പോലെ തിളങ്ങും.

∙ ഓറഞ്ച് ജ്യൂസിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്തിട്ട്, 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തിനു നല്ല നിറം കിട്ടും.

∙ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുൾടാനി മിട്ടിയും ചേർത്ത് റോസ് വാട്ടറിൽ യോജിപ്പിച്ച് ഫേസ് പായ്ക്ക് തയാറാക്കി മുഖത്തിടുക.

പത്താം നാൾ

beauty10

∙ ഈ പത്തു നാൾ നേടിയ സൗന്ദര്യത്തിൻ ക്ഷീണം മങ്ങലേൽപ്പിക്കാതിരിക്കാൻ തണുപ്പിച്ച വെള്ളരിക്കാനീരിൽ പഞ്ഞി മുക്കി മുഖമാകെ തുടയ്ക്കുക.

∙ ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും.

∙ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് റോസാപ്പൂവിതളുകൾ ഇട്ട് ഫ്രിഡിജിൽ വയ്ക്കാം. ഇടയ്ക്കിടെ എടുത്ത് മുഖത്തു പുരട്ടാം. ഇനി കോൺഫിഡൻസോടെ പുറത്തിറങ്ങിക്കോളൂ, ആരും പറയും, വൗ! എന്തു ഭംഗി!

Your Rating: