Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയർനസ് ക്രീമുകളെ കണ്ണുമടച്ചു വിശ്വസിക്കല്ലേ!

cream

ഇന്ത്യയിൽ സൗന്ദര്യവർധക വസ്തുക്കളുടെ വിപണി ദിനംപ്രതി വളരുകയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ തന്നെ ഫെയർനസ് ക്രീമുകൾക്കാണ് ആവശ്യക്കാരധികവും. കത്രീനാ കൈഫോ സോനം കപൂറോ രണ്ടു ദിവസംകൊണ്ട് വെളുക്കാമെന്നു പറഞ്ഞാൽ ആരാണു വീണുപോകാത്തത്? എത്രയേറെ ഫെയർനസ് ക്രീമുകൾ വാരിത്തേച്ചാലും 20 ശതമാനത്തിൽ കൂടുതൽ നിറം വർധിക്കില്ലെന്നാണു ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. ക്രീമുകൾ പുരട്ടുമ്പോൾ നിറം വർധിച്ചെന്നു തോന്നുമെങ്കിലും ഇതു സ്ഥിരമായി നിലനിൽക്കില്ല. പാരമ്പര്യം ഒരാളുടെ നിറത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നിറത്തിൽ മാത്രം കാര്യമില്ല. തിളക്കവും ആരോഗ്യവുമുള്ള ചർമമാണ് എല്ലാവരേയും ആകർഷിക്കുക എന്നോർക്കുക.

ഫെയർനസ് ക്രീമുകളുടെ അമിത ഉപയോഗം ഗുരുതരമായ പല ചർമ പ്രശ്നങ്ങൾക്കും കാരണമാകും. ഇതിലടങ്ങിയിരിക്കുന്ന മെർക്കുറി, ലെഡ്, നിക്കൽ, ക്രോമിയം തുടങ്ങിയ രാസവസ്തുക്കൾ സ്കിൻ കാൻസറിനെ വരെ വിളിച്ചുവരുത്തും.

ഫെയർനസ് ക്രീമുകൾ ഉപയോഗിക്കണമെന്നു നിർബന്ധമുള്ളവർ കറ്റാർവാഴ പോലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ അടങ്ങിയവ മാത്രം ഉപയോഗിക്കുക. ഫെയർനസ് ക്രീമുകളുടെ ചില പ്രത്യാഘാതങ്ങൾ; ∙ ചർമം നേർത്തതാകുന്നു∙ നിറവ്യത്യാസം ∙ മുഖക്കുരു ∙ അമിത രോമവളർച്ച ∙ അലർജി ∙ സ്കിൻ കാൻസർ

നിറം വർധിപ്പിക്കണമെന്നു നിർബന്ധമുള്ളർക്ക് പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കാം. ∙ നാരങ്ങാനീര് സ്ഥിരമായി മുഖത്തു പുരട്ടുന്നതു നിറം വർധിപ്പിക്കാൻ സഹായിക്കും. ∙ ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ചതു വെള്ളത്തിലോ പാലിലോ ചേർത്തു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. ∙ പഴുത്ത പപ്പായ സ്ഥിരമായി പുരട്ടുന്നതും വെള്ളരിക്കാനീര് പുരട്ടുന്നതും നിറം വർധിപ്പിക്കാൻ നല്ലതാണ്. ∙ മുഖം മസാജ് ചെയ്താൽ രക്തയോട്ടം വർധിക്കുകയും സ്കിൻ ടോൺ മെച്ചപ്പെടുകയും ചെയ്യും. ∙ മഞ്ഞൾ പാലിലരച്ചു പുരട്ടുന്നതും ചന്ദനപ്പൊടി റോസ്‌വാട്ടറിൽ ചേർത്തു പുരട്ടുന്നതും ഗുണം ചെയ്യും. ∙ ചർമം വരണ്ടാൽ നിറം മങ്ങും. ദിവസവും രണ്ടു നേരം മോയിച്യുറൈസർ നിർബന്ധമായും ഉപയോഗിക്കണം. മുഖം കഴുകാൻ പയറുപൊടി ഉപയോഗിക്കാം. ∙ സ്ഥിരമായി വെയിലു കൊള്ളുന്നവരുടെ ചർമത്തിൽ കരുവാളിപ്പുണ്ടായി നിറം മങ്ങും. പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപ് എസ്പിഎഫ് 30 എങ്കിലുമടങ്ങിയ സൺസ്ക്രീൻ പുരട്ടണം. സൺസ്ക്രീൻ പുരട്ടിയാലും കുട ഉപയോഗിക്കാൻ മറക്കരുത്.