Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു താലിയിലെന്തിരിക്കുന്നു; ഞാനവളെ ഇത് വരെ താലി കെട്ടിയിട്ടില്ല '

Irish Hitha ഐറിഷും ഹിതയും

കഴിഞ്ഞ വര്‍ഷം നടന്നതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു വിവാഹമായിരുന്നു കുന്നുമ്മല്‍ വീട്ടില്‍ ഹിതയുടെയും ഐറിഷിന്‍റെതും. സാമ്പ്രദായികമായ യാതൊരു ചടങ്ങുകളുമില്ലാതെ  മരത്തൈകള്‍ നട്ടും വിതരണം ചെയ്തും എല്ലാവരും ചേര്‍ന്ന് നാടന്‍ ഭക്ഷണമുണ്ടാക്കി പങ്കുവച്ചും ഒരു തരി പൊന്നോ പണ്ടമോ പട്ടുവസ്ത്രങ്ങളുടെ ആർഭാടമോ ഇല്ലാതെ നടന്ന ആ വിവാഹം ഒരുപാടു പേരെ സ്പര്‍ശിച്ച കാഴ്ചയും ചിന്തയുമായി മാറി. ഒരു വര്‍ഷം കഴിയുമ്പോഴും പരസ്പരം അടിച്ചേൽപ്പിക്കുന്ന ഭാര്യയും ഭര്‍ത്താവുമാകാതെ തങ്ങളുടെ വഴികളിലൂടെ ചിലപ്പോള്‍ ഒറ്റയ്ക്കും ഒരുമിച്ചും യാത്രകള്‍ തുടരുകയാണ് ഇവർ‍. പച്ച തൊട്ട ആ പ്രണയത്തിന്റെ വിശേഷങ്ങളിലേക്ക്... 

“നമ്മുടെ  ചിന്താഗതികള്‍ക്കു ചേരുന്ന ഒരാള്‍ എന്ന തോന്നല്‍ വന്നപ്പോള്‍ ഒരു ആലോചന പോലെ വന്നതാണ്. ഒന്നിച്ച് ജീവിക്കാം എന്നൊരു തോന്നല്‍. ഹിതയുടെ ലൈഫ് വച്ച് ഇഷ്ടമുള്ള ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ഒരു സ്വാതന്ത്ര്യം അച്ഛന്‍ കൊടുത്തിട്ടുണ്ട്. ഗ്രീന്‍ കമ്മ്യൂണിറ്റി എന്നൊരു ടീം ഉണ്ടായിരുന്നു. ആ ഗ്രൂപ്പിന്‍റെ പരിസ്ഥിതി ക്യാമ്പില്‍ വന്നു കണ്ടുമുട്ടിയതാണ് ഞങ്ങള്‍. നല്ല സൗഹൃദമായി ആ പരിചയം തുടര്‍ന്നു.. ഒരിക്കൽ വെറുതെ സംസാരിച്ചപ്പോള്‍ ഒരുമിച്ചു ജീവിച്ചാലോ എന്നൊരു തോന്നല്‍ വന്നതാണ്. പ്രണയം ആണോ എന്നൊന്നും അന്നു തിരിച്ചറിഞ്ഞില്ല. ഹിത വീട്ടില്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ വീട്ടില്‍ ചെന്നുചോദിച്ചു. കുന്നുമ്മലെ തുറന്ന ചിന്തകളുടെ ഇടമായ സമം എന്ന വീട്ടിലെ മകളാണ് ഹിത. അവിടെ നിന്ന് ഒരു എതിര്‍പ്പ് ഒരിക്കലുമുണ്ടാവില്ല എന്നുറപ്പായിരുന്നു. പെട്ടെന്നുതന്നെ കല്യാണം തീരുമാനമായി.

അതിനു ശേഷമാണ് എങ്ങനെ വേണം എന്നു ചിന്തിച്ച് തുടങ്ങിയത്. പഴയ രീതികള്‍ ഒന്നും വേണ്ട എന്ന് ആലോചന വന്നു. താലി കെട്ടണ്ട എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. തുറന്ന ഒരു രീതി എന്ന് പറയുമ്പോള്‍ താലികെട്ട് ഒഴിവാക്കുന്നതാണ് നല്ലതെന്ന് തോന്നി. കാലാകാലങ്ങളായി ആണുങ്ങള്‍ പെണ്ണുങ്ങളെ താലി കെട്ടി കൊണ്ടുവരുന്ന ഒരു ചടങ്ങിനോട് താല്‍പര്യം തോന്നിയില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോഴും ആ തിരിച്ചറിവ് പൂര്‍ണ്ണമാണ്. താലിയിലൊന്നും ഒരു കഥയുമില്ല. മതപരമായി ഏറ്റവും കാര്‍ക്കശ്യത്തോടെ ജീവിക്കുന്ന ആളുകള്‍ പോലും ഞങ്ങള്‍ അവരുടെ വീട്ടില്‍ കേറി ചെന്നാല്‍ ഞങ്ങളെ ഭാര്യാഭര്‍ത്താക്കന്മാരായി കാണുന്നുണ്ട്. അവര്‍ ഞങ്ങളെ അക്സപ്റ്റ് ചെയ്യുന്നുണ്ട്. അത് ഞങ്ങള്‍ക്ക് പോലും അത്ഭുതമാണ്. കാരണം ഞങ്ങള്‍ ലിവിംഗ് ടുഗദര്‍ ആണ്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. അങ്ങനെ ജീവിക്കുന്നവരെ മോശക്കാരായി കാണുന്ന ഒരു രീതിയാണ് പൊതുവേ. പക്ഷേ അത്തരത്തില്‍ ഒരു അനുഭവവും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല.. താലി എന്നുമാത്രമല്ല. ഒരു കെട്ടും പരസ്പരം കെട്ടാന്‍ ഞങ്ങള്‍ക്കു താല്‍ര്യമില്ല എന്ന് ഐറിഷ് പറയുന്നു.

irish-1 ഐറിഷും ഹിതയും

“എന്റെ പേര് അവളുടെ പേരിന്റെ കൂടെ ചേര്‍ത്തത് കൊണ്ട് ഒന്നും നേടാന്‍ പോണില്ല. ഇന്‍ എ റിലേഷന്‍ഷിപ്പ് എന്ന ഫെയ്സ്ബുക്ക് സ്‌റ്റാറ്റസ്‌ ചേഞ്ച് പോലും വരുത്തിയിട്ടില്ല. അതിന്റെയൊന്നും ആവശ്യമില്ല. കല്യാണം കഴിഞ്ഞാല്‍ അവള്‍ എന്റെ കൂടെ. ഞാന്‍ ഹസ്ബന്റ്,അവള്‍ വൈഫ് എന്നൊന്നുമില്ല. ഇമോഷണല്‍ ആയിട്ട് ആഴത്തിലുള്ള ബന്ധമുണ്ട്. പക്ഷേ  ഞങ്ങള്‍  ഭാര്യ, ഭര്‍ത്താവ് എന്ന് പരസ്പരം കണ്ടിട്ടില്ല. അവള്‍ എന്ത് ചെയ്യുന്നു എന്ന് അന്വേഷിച്ച് ഞാനോ എന്റെ പിന്നാലെ അവളോ നടക്കാറില്ല. പക്ഷേ പരസ്പരം ഏതു സാഹചര്യത്തിലും സഹായവും സപ്പോര്‍ട്ടും ഉണ്ടാവും. എന്ന ഉറപ്പുണ്ട്. അതുപോരേ? അവള്‍ വിവാഹശേഷവും പഠനം തുടര്‍ന്നു പരീക്ഷ പാസ്സായി ഇന്റേൺഷിപ്പ് ചെയ്യുന്നു. അതുകഴിഞ്ഞും അവള്‍ക്ക് ആഗ്രഹമുണ്ടേല്‍ പഠിക്കാം,ജോലി ചെയ്യണമെങ്കില്‍ അങ്ങനെയും...

മിക്കപ്പോഴും യാത്രകളില്‍ കൂട്ടുകാര്‍ കൂടെയുണ്ടാവും. ഞങ്ങള്‍ മാത്രമായി ഒരു സ്ഥലത്തേക്കു പോയിട്ടില്ല. എന്നു മാത്രമല്ല ഒരു യാത്രയ്ക്കായിട്ട് എങ്ങോട്ടെങ്കിലും പോയിട്ടില്ല. എവടെയെങ്കിലും പോകുമ്പോള്‍ അതിന്‍റെ തുടര്‍ച്ചയായിട്ടു പോയ യാത്രകളാണ് എല്ലാം. ഹണിമൂണ്‍ യാത്ര എന്നൊരു കൺസപ്റ്റിൽ വിശ്വാസമില്ല. ജീവിതം മുഴുവന്‍ പ്രണയമല്ലേ. വളരെ ഇന്റിമേറ്റായ ഒരു ഫ്രണ്ട്ഷിപ്പ് തന്നെയാണ് ഞങ്ങള്‍ക്കിടയില്‍ ഫീല്‍ ചെയ്യുന്നത്. അവള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ കണ്ടുപിടിച്ച് അത് പരസ്പരം ചെയ്ത് കൊടുക്കാറുണ്ട്. അടുത്തിടെ പാരാഗ്ലൈഡിങ് ചെയ്തിരുന്നു.

പ്രണയദിനം ഞാന്‍ ചിന്തിക്കാറില്ല ഇപ്പോൾ‍. പണ്ട് ഗ്രീന്വേയിന്‍ കൂട്ടായ്മയുടെ ഭാഗമായി മരം നടുന്ന സമയത്ത് പരിസ്ഥിതി ദിനത്തിനും പ്രാധാന്യം തോന്നിയിരുന്നു. ഓര്‍ക്കാന്‍ ഒരു സമയം എന്ന നിലയ്ക്ക്. പക്ഷേ ഇപ്പോള്‍ അതില്‍ ഒരു അര്‍ഥവും തോന്നുന്നില്ല. ഫ്രണ്ട്ഷിപ്പ് ദിനമൊക്കെ വരുമ്പോള്‍ ഒരു പരിചയവും ഇല്ലാത്തവര്‍ പോലും മെസേജ് ഫോര്‍വേഡ് ചെയ്യും. വെറുതെ ഫോര്‍വേഡ് ചെയ്യൽ ആണ്. ഫീലൊന്നും ഇല്ല. കുറെയൊക്കെ ഷോ ഓഫ്‌ ആയി മാറി.ഫോര്‍വേഡ് മെസേജ് വരുമ്പോഴാണ് ആ ദിനമാണ് എന്നറിയുന്നത് തന്നെ.

പ്രണയം പോലും അത്ര ഓപ്പണ്‍ അല്ലാത്ത ഒരു ചിന്തയായി മാറിയോന്ന് തോന്നുകയാണ്. ട്രാൻസ്ജെന്ററുകൾ ഉള്‍പ്പെടെയുള്ളവര്‍ ജീവിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പക്ഷേ അവരോടോക്കെയുള്ള മനോഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പുറമേ കാണിക്കുമ്പോഴും ആ വിവേചനം ഉള്ളില്‍ കത്തി നില്‍ക്കുന്നുണ്ട്. എല്ലാം കാട്ടിക്കൂട്ടലുകള്‍ ആണ്. പിന്നെ ഒരു ദിവസം മാത്രം മരം നടുമ്പോള്‍ അന്നെങ്കിലും നടുമല്ലോ എന്നു പറയുന്നത് പോലെ ഒരു ദിവസമെങ്കിലും പ്രണയിക്കുന്നവർ പ്രണയിക്കട്ടെ."

ഒറ്റയ്ക്കും ഒന്നിച്ചും പറന്നും പറക്കാന്‍ സഹായിച്ചും കൈ ചേര്‍ത്തു പിടിച്ചും പരസ്പരം വിട്ടു കൊടുത്തുമെല്ലാം ഇവര്‍ യാത്ര ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഈ യാത്ര തന്നെയാണ് ഇവരുടെ  പ്രണയം. അതൊരു ദിവസത്തില്‍ ഒതുങ്ങുന്നില്ലല്ലോ..

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam