ഒരു കാറ്റു വീശിക്കടന്നുപോകുന്നതു പോലെയായിരുന്നു സന്തോഷ് ജോഗിയുടെ ജീവിതം. ഒരിക്കലും നിലയ്ക്കാത്ത ഒരു പൊട്ടിച്ചിരിയുടെ മുഴക്കങ്ങള്‍ പോലെ ഇപ്പോഴും കടന്നുവരാറുണ്ട് ആ പ്രതിഭയുടെ, പ്രണയിയുടെ ഓര്‍മകള്‍.. പ്രണയം നിങ്ങളെ വിളിക്കുമ്പോള്‍ അതിനെ പിന്തുടരുക എന്നു തുടങ്ങുന്ന പ്രണയത്തിന്‍റെ പ്രവാചകവചനം ജോഗിക്കും ജോഗിയുടെ പ്രണയിനിയും ജീവിതപങ്കാളിയുമായ ജിജിക്കും വേണ്ടി എഴുതിയതാണ് എന്നുതോന്നും..പ്രണയദിനത്തില്‍ ആ ഓര്‍മ്മകളെ വീണ്ടും വീണ്ടും തന്നോടു ചേര്‍ത്തു നിര്‍ത്തുകയാണ് ജിജി...
പ്രണയദിനം
എനിക്കു പൊതുവേ ഈ ദിവസങ്ങള്‍ ആഘോഷിക്കുന്ന പരിപാടിയോട് താല്‍പര്യമില്ല. മരം നടാന്‍ ഒരു ദിനം, ജലത്തിനായൊരു ദിവസം, പ്രണയത്തിനൊരു ദിവസം ഇങ്ങനെ ആ ദിവസം മാത്രം അത് ഓര്‍മ്മിക്കുക എന്ന രീതിയോട് താൽപര്യമില്ലാത്ത ആളാണു ഞാന്‍. പ്രണയ ദിനം എന്ന ദിവസം ഉള്ളത് കൊണ്ട് അതിനെ പ്രത്യേകമായിട്ട് ഓര്‍ക്കുക എന്നൊരു പതിവില്ല. മറ്റുള്ള ദിവസങ്ങളേക്കാള്‍ ആ ദിവസം ഞാന്‍ മറന്നു പോവാറാണു പതിവ്. വാലന്റൈൻസ് ദിനത്തില്‍ എന്റേതായിട്ട് ആശംസകളോ സോഷ്യല്‍ മീഡിയ എഴുത്തോ ഒന്നും ഉണ്ടാകാറില്ല. ഫെബ്രുവരി പതിനാലു മാത്രമല്ല, എല്ലാ ദിവസവും മറ്റാര്‍ക്കും ഇല്ലാത്ത പോലെ വാലന്റൈന്‍സ് ഡേ ആണ് എനിക്ക്. പൊതുവേ എന്റെ പ്രണയം എന്റെ ഒപ്പം, എന്റെ മനസ്സില്‍ ചിന്തകളില്‍, എന്റെ പ്രവൃത്തികളില്‍ ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ദിവസമാണ് എന്നെ സംബന്ധിച്ച് വാലന്റൈന്‍സ് ഡേ.. എന്റെ പ്രണയത്തിന് അതിന്‍റെ എല്ലാ തരത്തിലുമുള്ള അനുഭവങ്ങള്‍ക്കും എന്‍റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് എന്നെ പൂര്‍ണ്ണമായും വിട്ടുകൊടുക്കുന്നതാണ് എന്‍റെ ആഘോഷം.
പ്രണയ സമ്മാനം
ഞാന്‍ ജോഗിയെ പരിചയപെട്ട സമയത്ത്, അതായത് എനിക്കു പതിനേഴു വയസ്സ് ആകാന്‍ പോകുന്ന സമയം. ആ പരിചയപ്പെടല്‍ കഴിഞ്ഞുള്ള എന്റെ ആദ്യത്തെ പിറന്നാള്‍. സാധാരണ എന്റെ പിറന്നാളിനു വല്യ ആഘോഷങ്ങള്‍ ഒന്നുമുണ്ടാവാറില്ല. ആ പിറന്നാളിന് ഞാന്‍ രാവിലെ ആറര മണിക്കു കോളിങ് ബെല്‍ കേട്ടു വാതില്‍ തുറന്നു നോക്കുമ്പോള്‍ മുന്നില്‍ ജോഗി. ഞാന്‍ സിനിമയില്‍ മാത്രമേ അതിനു മുന്‍പും അതിനു ശേഷവും അങ്ങനെയൊരു കാഴ്ച്ച കണ്ടിട്ടുള്ളൂ. വലിയ ഒരു ബൊക്കെ..നിറച്ച് ചെമ്പരത്തിയും ചെമ്പകവും ഒക്കെ പോലെയുള്ള നാടന്‍ പൂക്കളും ഡാലിയയും എല്ലാം നിറച്ച ഒരു വലിയ ഒരു പൂച്ചെണ്ടുമായി മുന്നില്‍ നില്‍ക്കുകയാണ്. എന്റെ അന്നത്തെ പ്രായം, പ്രണയത്തിന്റെ ആ അവസ്ഥയില്‍ എനിക്കു തോന്നിയത് , അല്ലെങ്കില്‍ ജീവിതത്തില്‍ എന്നെ അത്രത്തോളം സന്തോഷിപ്പിച്ചിട്ടുള്ള ഒരു സര്‍പ്രൈസ് അല്ലെങ്കില്‍ ഗിഫ്റ്റ് പിന്നീട് കിട്ടിയിട്ടില്ല. ഞങ്ങള്‍ പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചു. എന്താ അങ്ങനെ തോന്നിയെ എന്നൊക്കെ. എന്നോടു പറഞ്ഞു. വേണേ സാരിയോ പോലെ എന്തെങ്കിലും സമ്മാിനിക്കാം. കുറേക്കൂടി ലാസ്റ്റ് ചെയ്യുന്ന ഒന്ന്. ജോഗി പറയാതെ തന്നെ എനിക്കറിയാം ജോഗിയുടെ ഇഷ്ടങ്ങളില്‍ അങ്ങനെ മറ്റീരിയലിസ്റ്റിക്ക് ആയ ഒന്നുമില്ല. ജീവിതത്തിലുടനീളം അങ്ങനെ ഒരു ഫോര്‍മാലിറ്റി ഞങ്ങള്‍ വച്ചിട്ടില്ല. പിറന്നാളാണ്, വിവാഹവാർഷികമാണ് എന്തെങ്കിലും കൊടുക്കണമല്ലോ എന്നുള്ള ഒരു പരസ്പര ബാധ്യതകളും ഞങ്ങള്‍ പുലര്‍ത്തിയിട്ടില്ല. ഇത് അപ്പോള്‍ തോന്നിയ പ്രണയം കൊണ്ടു മാത്രം എനിക്ക് തന്നിട്ടുള്ള സമ്മാനമാണ്. ഞാന്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു സമ്മാനം.
പരസ്പരം ബോറടിപ്പിക്കാത്ത പ്രണയം
ജോഗി മരിച്ചിട്ട് ഏപ്രിലില്‍ എട്ടു വര്‍ഷമാകുന്നു. എനിക്ക് ഇരുപത്തഞ്ചുവയസ്സുള്ളപ്പോഴാണ് ജോഗി പോകുന്നത്. അതിനു മുന്‍പുള്ള ഒരു സമയമുണ്ട്. ചെറിയ തോതിലെങ്കിലും എഴുതുന്ന ഒരാള്‍ എന്നോ ക്രിയേറ്റീവ് ആയ ആളെന്നോ ഞാന്‍ അറിയപ്പെടുന്നതിനു മുന്‍പുള്ള ഒരു സമയം. ഒരാളെ മാത്രം ചുറ്റിപ്പറ്റി അതിന്‍റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മാത്രം നോക്കി ഒരു ജീവിതം. ഒരാളില്‍ തന്നെ വളരെ സാറ്റിസ്ഫൈഡായിട്ടുള്ള ഒരു ലൈഫ് സ്റ്റൈല്‍ ആയിരുന്നു. വേറൊന്നും ചിന്തിക്കുന്നില്ല. ചിന്തിക്കാനില്ല. ഒപ്പമുള്ളത് അതിഭ്രാന്തനായിട്ടുള്ള, എല്ലാം കൊണ്ടും അങ്ങേയറ്റത്തെ ക്രിയേറ്റീവ് ആയ, വികാരജീവിയായ, അതുല്യപ്രതിഭയായ ഒരാള്‍ ആണ്. ആ മനുഷ്യനെ ആസ്വദിക്കാന്‍ തന്നെ എനിക്കു സമയം തിഞ്ഞിരുന്നില്ല. എനിക്ക് ആളോട് പ്രണയവും ആരാധനയും എല്ലാമുണ്ടായിരുന്നു. ഇത്രേം വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് പരസ്പരം ബോറടിക്കാത്തതിന് കാരണം ജോഗിയെ ഒരിയ്ക്കലും കുടുംബത്തിന്റെതായ ഒരു ബാധ്യതകളിലേക്കു ഞാന്‍ വലിച്ചിഴച്ചില്ല എന്നതായിരിക്കാം. നമുക്ക് ഒരു അസുഖം വന്നാല്‍ ഭര്‍ത്താവ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം, ജോലിക്കു പോയി വരുമ്പോൾ ബൈക്കില്‍ കൊണ്ടുവരണം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ എനിക്കുണ്ടായിരുന്നില്ല. വീടുമായി ബന്ധപ്പെട്ട് ബാധ്യതകളുടെ ഒരു ലിസ്റ്റ് ഉണ്ട്. ഈ വശവും ജോഗിയുടെ ക്രിയേറ്റീവ് ആയ വശവും ഒരു തരത്തിലും കൂട്ടി മുട്ടിക്കാതിരിക്കാന്‍ അന്നേ എനിക്കു തോന്നിയിരുന്നു. കാരണം ഈ മനുഷ്യന്‍ അതിനുള്ള ആളല്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ആ ഒരു രീതിയില്‍ അദ്ദേഹത്തെ പ്രതീക്ഷിക്കാത്തതു കൊണ്ടുതന്നെ ആ രീതിയിലുള്ള അസംതൃപ്തിയും ക്ലാഷുകളും ഞങ്ങള്‍ക്കിടയില്‍ കുറവായിരുന്നു.
ജോഗിയെ പോലെ ഒരാളെ ഹാന്‍ഡില്‍ ചെയ്യേണ്ടത്, അല്ലെങ്കില്‍ ആദ്ദേഹത്തിന്റെ ഒപ്പം ആയിരിക്കേണ്ടത് അങ്ങനെതന്നെ ആയിരുന്നു എന്നു തന്നെയാണ് എനിക്കിപ്പോഴും തോന്നുന്നത്. ജോഗി മരിച്ചു കഴിഞ്ഞും പലരും പറഞ്ഞിട്ടുണ്ട്. അവനെ പുറകെ നടന്നു സാധാരണ നിലയിലേക്കു നീ കൊണ്ടുവരേണ്ടതായിരുന്നു, തിരുത്തേണ്ടതായിരുന്നു എന്നൊക്കെ. ആളുകളുടെ നോട്ടത്തില്‍ ജോഗി ഒരുപക്ഷെ ഭ്രാന്തനായിട്ടുള്ള ഒരാള്‍. അല്ലെങ്കില്‍ മദ്യപാനി. അതുകൊണ്ട് മാത്രം ആത്മഹത്യ ചെയ്ത ആള്‍. എന്റെ മനസ്സില്‍ അങ്ങനെയല്ല. ജോഗി എങ്ങനെ ആഗ്രഹിച്ചോ അതുപോലെ മാത്രം ജീവിച്ച്, മരണം പോലും സ്വന്തമായിട്ട് തിരഞ്ഞെടുത്ത് ആസ്വദിച്ച് മരിച്ച ഒരാളായിട്ടാണ് എന്റെ മുന്നില്‍. അതങ്ങനെ നിലനിര്‍ത്തുക എന്നതില്‍ കവിഞ്ഞ് എനിക്കോ നമ്മുടെ ആരാധനയില്‍ ഭ്രിമിച്ചിരിക്കുക എന്നതില്‍ക്കവിഞ്ഞ് ജോഗിക്കോ ഒന്നും ചെയ്യേണ്ടിയിരുന്നില്ല. ജോഗിയും പ്രണയിയായിരുന്നു. പ്രണയങ്ങള്‍, ബന്ധങ്ങള്‍ ഒന്നില്‍ ഒതുങ്ങി നില്‍ക്കുകയുമില്ല. പൂവും പൂമ്പാറ്റയും പോലെ അവിടേം സുഗന്ധം പരത്തി, വര്‍ണ്ണങ്ങള്‍ ചാലിച്ചു പോകുന്ന പോലെയുള്ള ഒരു ലൈഫ് ആയിരുന്നു. അതിന്‍റെ ഒപ്പം നിന്ന് അത് ആസ്വദിച്ച് പോകുകയാണ് ഞാനും ചെയ്തത്.
ഗസലില്‍ ഒഴുകിയ പ്രണയം
ഞങ്ങള്‍ രണ്ടുപേരും പ്രൊഫഷണല്‍ ഗാനമേളകളില്‍ പാടിയിരുന്ന സമയത്താണ് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ഒരേ പുസ്തകങ്ങള്‍ വായിച്ചാണ് പരസ്പരം പരിചയപ്പെടുന്നത് തന്നെ. അന്നു ജോഗി സിനിമയില്‍ വന്നിട്ടില്ല. പാട്ടുകാരനായിട്ടാണ് അറിയപ്പെടുന്നത്. അന്ന് ഞാന്‍ ചെറിയ പ്രായം ആണെങ്കിലും ആ സ്പാര്‍ക്ക് അന്നുതന്നെ പരസ്പ്പരം ഫീല്‍ ചെയ്തിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടു കുറച്ച് കഴിഞ്ഞാണ് എന്റെ വീട്ടില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ കിട്ടുന്നത്. ഞാന്‍ ആദ്യം നമ്പര്‍ കൊടുത്തു വിളിക്കുന്നത് ജോഗിയെയാണ്. അന്ന് ഫോണില്‍ക്കൂടി എനിക്കു പാടിത്തന്നത് ഹരിഹരന്റെ ഒരു ഗസലാണ്.”ഫൂല്‍ ഹേ,ചാന്ദ് ഹേ ക്യാ ലഗ്താ ഹേ എന്നുതുടങ്ങുന്ന മനോഹരമായ ഒരു ഗസല്‍. എനിക്ക് അന്ന് ഹിന്ദിയോ ഉര്‍ദുവോ മനസ്സിലാവില്ല. ജോഗി എനിക്ക് ഓരോ വരിയും പാടിത്തന്ന് അര്‍ഥം പറയുകയാണ്.”പൂവാണോ ചന്ദ്രനാണോ എന്നെനിക്കറിയില്ല,ആള്‍ക്കൂട്ടത്തില്‍ നീ വ്യത്യസ്തയാണ്..” എന്ന് ജോഗി പറയുമ്പോള്‍ എന്നെ സംബന്ധിച്ച് അത് അത്രയും എന്നെ ആവശ്യമുണ്ട്, നിന്നെ എനിക്കു വേണം എന്ന് ഓരോ വരിയും എന്നോട് പറയുകയാണ് എന്നാണ് തോന്നിയത്. എന്നോട് എന്നോട് എന്ന് മാത്രം പറയുന്ന പോലെ..
കൊതിപ്പിക്കുന്ന പ്രണയം
ഞാന്‍ എന്ന വ്യക്തി ജോഗിയെ പ്രണയിക്കുന്നത് പോലെയാവില്ല ഒരുപക്ഷേ വേറൊരാള്‍ പ്രണയിക്കുന്നത്. പ്രണയത്തിനു പൊതു സ്വഭാവങ്ങള്‍ ഇല്ല. നമ്മുടെ മുന്നില്‍ ആരാണ്, അവരുടെ സ്വഭാവം, റെസ്പോന്‍സ് എന്താണ്, സാഹചര്യങ്ങള്‍ ഇതിനെയൊക്കെ ബെയ്സ് ചെയ്ത് അതിന്‍റെ എക്സ്പീരിയന്‍സ് വ്യത്യസ്ഥമായിരിക്കും. മറ്റൊരു പ്രണയം കണ്ടിട്ട് ഇതുപോലെ പ്രണയിക്കണം എന്നൊരു സ്വാധീനം ഉണ്ടായിട്ടില്ല. ഒരുപക്ഷെ അങ്ങനെ ചിന്തിക്കുന്നതിനു മുമ്പ് ഈ പ്രണയം വന്നതു കൊണ്ടായിരിക്കും. ചിലപ്പോള്‍ ഇപ്പോഴുള്ള ഈ പ്രായത്തിലാണ് ഞാന്‍ പ്രണയിക്കുന്നത് എങ്കില്‍ ഒരുപാട് ഇമേജുകള്‍ ഉണ്ടായിപ്പോയേനെ. അതല്ലാത്തതു കൊണ്ട് എനിക്കുണ്ടായ എക്സ്പീരിയന്‍സ് എന്റെ മാത്രമായ ഒരു കലര്‍പ്പില്ലാതെ രീതിയിലാണ്.
എന്റെ പ്രണയം എന്നു പറഞ്ഞാല്‍ ഒരു വ്യക്തി എങ്ങനെയാണോ അങ്ങനെ തന്നെ ഉള്‍ക്കൊണ്ടു പ്രണയിക്കുക എന്നാണ്. എനിക്കു വേണ്ടി അവരുടെ സ്വഭാവം, രീതികള്‍ മാറ്റുക. അവരുടെ വ്യക്തിത്വത്തില്‍ കൈ കടത്തിയിട്ട് ഒരു പാത്രത്തില്‍ നിന്ന് വേറൊരു പത്രത്തിലേക്കു വെള്ളം ഒഴിച്ചു െവയ്ക്കുന്ന പോലെ ഒരാളെ മാറ്റിക്കൊണ്ടുള്ള പ്രണയത്തില്‍ എനിക്കു വിശ്വാസമില്ല. എങ്ങനെയാണോ അവര്‍ അതാണ് എനിക്ക് അവരോടുള്ള പ്രണയം. എനിക്കു വേണ്ടി ആത്മത്യാഗം ചെയ്യുന്ന ഒരാളോടു പോലും ഒരുപക്ഷെ എനിക്കും പ്രണയം തോന്നില്ല. അവര്‍ എന്താണോ ആ നിമിഷത്തില്‍ അതിനോടാണ്എന്‍റെ പ്രണയം. അത് മാറ്റിക്കഴിഞ്ഞാല്‍ എനിക്കു പ്രണയം തോന്നില്ല. എന്റെ ലൈഫില്‍ എനിക്ക് അത് കിട്ടിയിട്ടുള്ളതു കൊണ്ടും ഞാന്‍ അതങ്ങനെ തന്നെ അങ്ങേയറ്റം ആസ്വാദിച്ചിട്ടുള്ളതു കൊണ്ടും ഇതേവരെ മറ്റൊരു പ്രണയവും എന്നെ ഇതുപോലെ കൊതിപ്പിച്ചിട്ടില്ല..
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam