കാടറിഞ്ഞ് കനവ് പോലൊരു പ്രണയം

ലീലയും സന്തോഷും, ഇരുവരും മക്കൾക്കൊപ്പം

കാടിന്‍റെ കരുത്തുമായി ട്രൈബല്‍ വിഭാഗത്തില്‍ നിന്നുള്ള  മലയാളസിനിമയിലെ ഏകസാന്നിദ്ധ്യമാണ് ലീലാ സന്തോഷ്‌. വയനാടന്‍ കാടുകളുടെ മുന്നേറ്റത്തിന്‍റെ ഊര്‍ജമായ കെ ജെ ബേബിയുടെ കനവിലെ ജീവിതത്തിനിടയിലാണ് ലീലയും സന്തോഷും ഇനി ഒരുമിച്ച് എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. കാടറിഞ്ഞുവളര്‍ന്ന കനവ്‌ പോലൊരു പ്രണയകാലം ഓര്‍ത്തെടുക്കുകയാണ് പ്രണയദിനത്തില്‍ ഇവര്‍.

“കനവിലെ അന്തേവാസികളായിരുന്നു ഞങ്ങള്‍ രണ്ടുപേരും. കുട്ടിക്കാലം മുതല്‍ കനവില്‍ ഒരു കോമണ്‍ ലൈഫ്  ആയിരുന്നു ഞങ്ങളുടേത്. അതിനിടയില്‍ എപ്പോഴോ പ്രണയമുണ്ടായി. 96ലാണ് പരസ്പരം പ്രണയം തിരിച്ചറിഞ്ഞു തുടങ്ങുന്നത്. പിന്നീടു നീണ്ട പത്തുവര്‍ഷത്തിനു ശേഷം 2006ലാണ് ചെറിയ ആചാരപ്രകാരം ചടങ്ങു നടത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ബന്ധുക്കള്‍ ആയിരുന്നു. പിന്നെ എനിക്കു സന്തോഷിനേക്കാള്‍ ഒരുവയസ്സോളം കൂടുതലുണ്ട്. അതുകൊണ്ട് വീട്ടുകാര്‍ ഈ ബന്ധത്തെ അംഗീകരിച്ചില്ല. ഒരു വര്‍ഷം ലിവിങ് ടുഗതര്‍ ആയി ജീവിച്ചു. ആദ്യത്തെ കുഞ്ഞുണ്ടായതിനു ശേഷമാണ് വീട്ടുകാര്‍ ഈ ബന്ധം അംഗീകരിച്ചു തുടങ്ങിയത്.

ആചാരപ്രകാരമുള്ള ചെറിയ ചടങ്ങ് നടത്തിയിരുന്നു. അതല്ലാതെ കോമണ്‍ ആയിട്ട് വലിയ ചടങ്ങുകളോടെ നടത്തുന്ന കല്യാണം വേറെയുണ്ട്. ഇവിടുത്തെ  സ്ത്രീധനസമ്പ്രദായം വേറൊരു തരത്തിലാണ്. ഒരു പുരുഷന്‍ സ്ത്രീയെ സ്വന്തമാക്കി ജീവിച്ച് തുടങ്ങണമെങ്കില്‍ അവളുടെ എല്ലാ ചിലവും വഹിക്കണം എന്നാണ് നിയമം. കല്യാണം ഉള്‍പ്പെടെ എല്ലാ ഉത്തരവാദിത്തവും  പുരുഷനാണ്. താലിക്കു പകരം മുത്തുമാല പോലെയുള്ള പണക്കച്ചം എന്നൊരു ട്രഡീഷണല്‍ ആഭരണമാന് ആചാരപ്രകാരമുള്ള ചടങ്ങിന്റെ അന്ന് അണിയിക്കുന്നത്. പിന്നീട് സാമ്പത്തികം ശരിയായതിനു ശേഷമാണ് ചടങ്ങുകളോടെയുള്ള കല്യാണം. നാലു കുഞ്ഞുങ്ങളായതിന് ശേഷവും ഞങ്ങള്‍ അതു നടത്തിയിട്ടില്ല.

കനവില്‍ എല്ലാവര്‍ക്കും അറിയുമായിരുന്നു ഞങ്ങളുടെ പ്രണയം. ബേബി മാഷ്‌ സ്കൂളില്‍ ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഒന്നും അനുവദിച്ചിരുന്നില്ല. റെഗുലര്‍  സ്കൂളുകളിലെ പോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കരുത് എന്നൊക്കെയുള്ള നിയമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കനവിന്‍റേതായ ഒരു സിസ്റ്റവും ചിട്ടയും ഉണ്ടായിരുന്നു. സന്തോഷിന്റെ ചേച്ചിമാരും കനവില്‍ തന്നെയായിരുന്നു. അപ്പോഴും ഞങ്ങള്‍ക്ക് കാണാനും സംസാരിക്കാനുമുള്ള  സാഹചര്യങ്ങള്‍ അവിടെ ഓപ്പണ്‍ ആയിരുന്നു.

ഇപ്പോള്‍ ഞങ്ങളുടെ സമുദായത്തിലും  പ്രണയ വിവാഹങ്ങളാണ് കൂടുതല്‍ .ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ ആചാരപ്രകാരം കല്യാണം പോലെയുള്ള ചടങ്ങു നടത്തും. അതു കഴിഞ്ഞാല്‍ ചിലപ്പോള്‍ ഇങ്ങോട്ടു വന്നു ചോദിക്കാം. അല്ലെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കാം. ആ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അതാത് സമുദായങ്ങളില്‍ നിന്ന് തന്നെ വേണമെന്നാണ് ചിട്ട. ട്രൈബ്  എന്ന് പൊതുവായി പറയുമ്പോഴും ഇവടെയും കാസ്റ്റ്  ഉണ്ട്. കുറിച്യര്‍,കുറുമര്‍ തുടങ്ങിയവരൊക്കെ ഉയര്‍ന്ന വിഭാഗമാണ്‌. ഞങ്ങള്‍ പണിയരൊക്കെ ഏറ്റവും താഴ്ന്ന സമുദായമാണ്. കാസ്റ്റ് മാറി കെട്ടിയാല്‍ ഭ്രഷ്ട് ഉണ്ട്. വീട്ടുകാര്‍ അകറ്റും. പൊതു സമൂഹത്തില്‍ നിന്നു മാറി നില്‍ക്കേണ്ടി വരും. ഇന്‍റര്‍ കാസ്റ്റ് വിവാഹങ്ങള്‍ നടക്കാറുണ്ട്. പക്ഷെ പ്രശ്നങ്ങളും ഭ്രഷ്ടും ഇപ്പോഴുമുണ്ട്. പണിയര്‍ക്കും അടിയര്‍ക്കും അത്ര വിഷയമല്ല. നായ്ക്കര്‍, കുറിച്യര്‍, കുറുമര്‍, ഊരാളികള്‍ ഇവര്‍ക്ക് വലിയ പ്രശ്നമുണ്ട്. ആജീവനാന്ത ഭ്രഷ്ട് വരെയുണ്ടാകും.

ഞങ്ങളുടെ പ്രണയകാലം മുഴുവന്‍ കനവിലായിരുന്നു. കനവില്‍ നിന്ന് അങ്ങനെ അധികം പുറത്തേക്കൊന്നും വിടില്ല. അവിടുത്തെ സിസ്റ്റത്തില്‍ തന്നെയുള്ള ചില നിയന്ത്രണങ്ങള്‍ ഉണ്ട്. ആരും അറിയാതെ ഞങ്ങള്‍  സിനിമയ്ക്കൊക്കെ പോയിട്ടുണ്ട്. പിന്നെ ഒരു  ബാംഗ്ലൂര്‍ യാത്ര പോയിട്ടുണ്ട്, കനവില്‍ എല്ലാവരും ഞങ്ങളുടെ പ്രണയം അക്സപ്റ്റ് ചെയ്തതിനു ശേഷമാണത്. അതല്ലാതെ ഞങ്ങള്‍ മാത്രമായി അധികം യാത്രകള്‍ ചെയ്തിട്ടില്ല. പ്രോഗ്രാമിന്റെ ഭാഗമായി ഗ്രൂപ്പ് യാത്രകള്‍ പോകുമായിരുന്നു. അപ്പോഴുംഞങ്ങള്‍ പ്രണയിക്കുന്നുണ്ടായിരുന്നു. ആരും അറിഞ്ഞിരുന്നില്ല എന്നു മാത്രം!!

താമരശ്ശേരി ചുരത്തിന്റെ പിന്നിലെ വയനാടന്‍ കരുത്തായ  കരിന്തണ്ടന്‍റെ കഥയുമായി ബിഗ്‌ സ്ക്രീനിലേയ്ക്കുള്ള വരവിനുള്ള തയ്യാറെടുപ്പിലാണ് ലീല.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam