ഒരു പ്രണയദിനം കൂടി ഇങ്ങെത്തിയിരിക്കുകയാണ്. ട്രാൻസ്ജെൻഡേഴ്സ് പങ്കുവയ്ക്കുന്നു, പ്രണയസങ്കൽപങ്ങളും പ്രണയാനുഭവങ്ങളും. മാറ്റിനിർത്തി ചർച്ചയാക്കേണ്ടതോ വിചാരണയ്ക്കെടുക്കേണ്ടതോ അല്ല, തങ്ങളുടെ പ്രണയമെന്ന് അവർ ഉറക്കെപ്പറയുന്നു...
∙ ലയ മരിയ ജയ്സൺ
പ്രണയം എല്ലാവരിലും ഒരുപോലെയാണ്, മാറ്റമൊന്നുമില്ല. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പ്രണയാഭ്യർഥനകൾ വരാറുണ്ട്. ഞാനിപ്പോൾ ഒരാളുമായി പ്രണയത്തിലാണ്. മനസ്സിലാക്കി കൂടെ നിൽക്കാൻ ഒരാളുള്ളതു നല്ലതാണെന്നാണ് എന്റെ അഭിപ്രായം. സങ്കടം പറയാനും വിഷമങ്ങളിൽ ആശ്വാസമാകാനുമൊക്കെ ഒരാൾ കൂടെയുള്ള മനോഹരമായ അനുഭവം. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയുമൊക്കെ മുന്നോട്ടു കൊണ്ടുപോകേണ്ട ഒന്നാണു പ്രണയം. അതിനാൽത്തന്നെ എന്റെ കുറവുകളും കുറ്റങ്ങളുമൊക്കെയറിയുന്ന, അതൊക്കെ പരിഹരിക്കാൻ സഹായിക്കുന്ന ഒരാളെയാണ് ഞാനിപ്പോൾ പ്രണയിക്കുന്നത്.
∙ സി.എ. ഗീതു
നമ്മെ മനസ്സിലാക്കാനും ശ്രദ്ധിക്കാനുമൊക്കെ പ്രണയിക്കുന്ന ആൾക്കു കൂടുതൽ കഴിയുമെന്നാണ് എന്റെ അഭിപ്രായം. എന്തും തുറന്നുപറയാൻ കഴിയണം, നമ്മുടെ സങ്കടങ്ങളും സന്തോഷവും അറിഞ്ഞു പെരുമാറണം... ഇതൊക്കെയാണു പ്രണയിക്കുന്ന ആളിൽനിന്നു ഞാൻ പ്രതീക്ഷിക്കുന്നത്. പ്രണയാഭ്യർഥനകൾ വരാറുണ്ട്. ഫെയ്സ്ബുക്, വാട്സാപ് എന്നിവ വഴിയാണു കൂടുതൽ പ്രണയാഭ്യർഥനകളും. ഞാനൊരു ട്രാൻസ്ജെൻഡർ ആണെന്നു പറയുമ്പോൾ ഒഴിവാക്കുന്നവരും ഇതേക്കുറിച്ചു കൂടുതൽ അറിയാത്ത ആൾക്കാരുമാണു നല്ലൊരു ശതമാനവും.
∙ അവന്തിക വിഷ്ണു
ട്രാൻസ്ജെൻഡർ ആയതിനാൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടയാളാണു ഞാൻ. ജീവിതകാലം മുഴുവൻ മാനസിക പിന്തുണ നൽകാൻ കഴിയുന്ന ഒരാളെ കണ്ടെത്തി പ്രണയിക്കണമെന്നാണ് അഭിപ്രായം. പ്രണയം നടിച്ച് ഞങ്ങളുടെ അടുത്തെത്തുന്നവരാണ് കൂടുതലും. അത്തരമൊരു അനുഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഇത്തരം കാപട്യങ്ങളിൽ ചെന്നുപെടാതിരിക്കാനായി എന്റെ അനുഭവം ഞാൻ കൂട്ടുകാരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഞാനൊരാളുമായി പ്രണയത്തിലാണ്. വിവാഹം കഴിച്ച് ഒരുമിച്ചു ജീവിക്കാനാണു തീരുമാനം.
∙ അനു അൻസൽ
ഞാൻ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. എന്തു പ്രശ്നവും നേരിടാൻ എനിക്കിപ്പോൾ കൂട്ടുണ്ട്. ഞാൻ സ്റ്റേജ്ഷോകൾ ചെയ്യാറുണ്ട്. ആദ്യമായി ഞങ്ങൾ തമ്മിൽ കാണുന്നത് അത്തരമൊരു പരിപാടിയിൽവച്ചാണ്. ഞങ്ങൾ രണ്ടുപേരും വ്യത്യസ്ത മതവിഭാഗത്തിൽപെട്ടവരായതിനാൽ വീട്ടുകാരെല്ലാം എതിർത്തു. പ്രണയം എന്നും നല്ലതു തന്നെയാണ്. അതിൽ സത്യസന്ധതയുണ്ടെങ്കിൽ വിജയിക്കും. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇപ്പോഴത്തെ ഞങ്ങളുടെ ജീവിതം. പ്രണയിക്കുന്ന എല്ലാവരും ഒരുമിക്കണമെന്നാണ് എന്റെ പ്രാർഥന.
∙ ശ്രേയ ലക്ഷ്മി
എനിക്ക് ഒരാളോടു പ്രണയമുണ്ട്. പലരും അതിനോട് എതിർപ്പു പ്രകടിപ്പിച്ചു. എന്നാൽ, എന്റെ പ്രണയത്തിൽ എനിക്കു വിശ്വാസമുണ്ട്. അതു മറ്റൊരാളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. എന്നെ ‘ഞാനായി’ അംഗീകരിക്കുന്ന, മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന ആളെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. അച്ഛന്റെ മരണശേഷം, രോഗിയായ അമ്മയെ നോക്കുന്നത് ഉൾപ്പെടെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഭംഗിയായി നിർവഹിക്കുന്നു. സാഹചര്യങ്ങളോടു പോരാടി ജീവിക്കാൻ ശ്രമിക്കുന്നു. അവസ്ഥകളെല്ലാമറിഞ്ഞ് എന്നെ സ്നേഹിക്കാൻ തയാറായ ആളെ, വേണ്ടെന്നുവയ്ക്കുന്നത് എങ്ങനെ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam