സോഷ്യൽമീഡിയയിൽ ട്രോളുകൾ അൽപസ്വൽപം കാര്യമായി ശ്രദ്ധിക്കുന്നവർക്ക് പ്രത്യേക മുഖവുരയൊന്നും ആവശ്യമില്ലാത്ത ഒരു പേരാണ് ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്നത്. ആരാണെന്നോ , എന്താണെന്നോ പറയാതെ നമ്മുടെ പ്രിയപ്പെട്ട സലിംകുമാർ ചേട്ടന്റെ മുഖവുമായി ഫേസ്ബുക്കിലും യുട്യൂബിലും ട്രോൾ വിഡിയോകൾ പങ്കുവയ്ക്കുന്ന ക്രിസ്റ്റഫർ നോളൻ ട്രോൾ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടവനാണ്. ഒടുവിലിതാ മാത്തുകുട്ടിയുടെയും രജിഷയുടെയും ഇന്റർവ്യൂ ട്രോളിൽ മുക്കിക്കുളിപ്പിച്ച് എടുത്തതോടെ സോഷ്യൽ മീഡിയയിലെ ട്രോൾ ആസ്വാദകർ അല്‍പം കാര്യമായിത്തന്നെ പ്രിയപ്പെട്ട ട്രോളനായ ക്രിസ്റ്റർഫർ നോളനെ തേടുകയാണ്. എന്റെ പൊന്നു ട്രോളാ...നിന്റെ ട്രോളുകൾ കണ്ടു ചിരിച്ച് ചിരിച്ച് മണ്ണുകപ്പി, സലിം കുമാർ ചേട്ടന്റെ മുഖചിത്രത്തിന്റെ പിന്നിൽ നിന്നും ഒന്ന് വെളിച്ചത്തേക്ക് വരൂ.. ഞങ്ങൾക്ക് ഒന്ന് അഭിനന്ദിക്കാനാണ്..'' എന്ന് കാണികൾ പറയുമ്പോഴും വളരെ സൈലന്റ് ആയി തന്റെ സൈബർ ഇടത്തിൽ ഇരുന്നുകൊണ്ട് ജനങ്ങളെ ചിരിപ്പിക്കാനാണ് നമ്മുടെ ക്രിസ്റ്റഫർ നോളൻ ബില്ലുസിന് ഇഷ്ടം. എങ്കിൽ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ, എന്നാൽ ഇത്തരത്തിൽ കലക്കൻ ട്രോൾ വീഡിയോകൾ ഉണ്ടാക്കുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞു തന്നു കൂടെ..? ആ ചോദ്യത്തിൽ ക്രിസ്റ്റഫർ നോളൻ ബില്ലുസ് വീണു.അപ്പോൾ തന്നെ കിട്ടി ഒരു അഭിമുഖം...ഹാ ഒരു ട്രോൾ ജനിക്കുന്നത് ഇങ്ങനെയൊക്കെയാണ്.. ക്രിസ്റ്റഫർ നോളൻ ബില്ലുസ് പറയുന്നത് നോക്കാം....
ഒരു നല്ല ട്രോളൻ ആകാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?
സ്വയം പുകഴ്ത്തുകയാണ് എന്ന് കരുതരുത് പ്ലീസ്, ഒരു നല്ല ട്രോളൻ ആകണം എങ്കിൽ ആദ്യം ട്രോളുകൾ ആസ്വദിക്കാനുള്ള കഴിവുണ്ടാകണം. പിന്നെ അത്യാവശ്യം നല്ല ഹ്യൂമർ സെൻസ് വേണം, ഒപ്പം നമ്മുടെ സിനിമകളെ നല്ലപോലെ നിരീക്ഷിക്കാനും അതിലെ ഭാഗങ്ങൾ റിയൽ ലൈഫുമായി കോർത്തിണക്കാനും കഴിയണം.അതിനേക്കാൾ ഉപരിയായി ചെയ്യുന്ന കാര്യങ്ങളിൽ ഒക്കെ നല്ല ഡെഡിക്കേഷൻ വേണം.
ഇപ്പോൾ വിഡിയോ ട്രോളുകൾ ആണല്ലോ ട്രെൻഡ്, എങ്ങനെയാണ് അവ ഉണ്ടാക്കുന്നത് ?
ഇമേജ് ട്രോൾ ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് വിഡിയോ ട്രോൾ ഉണ്ടാക്കാൻ. സമയം കൂടുതൽ വേണം എന്നത് ഒരു കാര്യം. സിനിമകളെയും സാഹചര്യങ്ങളെയും നന്നായി നിരീക്ഷിക്കുക എന്നതാണ് പ്രധാനം. ഒരു സംഭവം നമ്മൾ കാണുമ്പോൾ അതിനു അനുയോജ്യമായ സിനിമയിലെ സീൻ മനസിലേക്ക് വരണം. കോമഡി കാരക്റ്ററുകൾ ആവണം നമ്മുടെ ഹീറോകൾ. സിസ്റ്റത്തിലും മൊബൈൽ ആപ്പ് വഴിയും എഡിറ്റിങ് നടത്തി ട്രോൾ വിഡിയോകൾ ഉണ്ടാക്കാം. ഞാൻ കൂടുതലായും ആപ്പുകൾ ആണ് ഉപയോഗിക്കുന്നത്.
ട്രോളുകളുടെ ലോകത്തുവന്നിട്ട് എത്രകാലമായി ?
രണ്ടു വർഷമായി ട്രോളുകളുടെ ലോകത്തേക്ക് വന്നിട്ട്. ആദ്യകാലത്ത് ഇമേജ് ട്രോളുകൾ ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്. വിഡിയോ ട്രോളുകൾ ചെയ്ത് തുടങ്ങിയിട്ട് ഇപ്പോൾ അഞ്ചു മാസമായി. സത്യം പറഞ്ഞാൽ ജോലി ഒന്നും ഇല്ല. അപ്പോൾ അതിന്റെ ഏകാന്തതയിൽ നിന്നും രക്ഷപ്പെടാനാണ് ട്രോളുകളുടെ ലോകത്തേക്കു വന്നത്. സ്വന്തം പേരിൽ പോസ്റ്റ് ചെയ്യുന്നതിലും നല്ലതാണ് ഇതുപോലൊരു കള്ളപ്പേര് എന്നുതോന്നി. അങ്ങനെയാണ് ക്രിസ്റ്റഫർ നോളൻ ജനിക്കുന്നത്.
ട്രോൾ ജീവിതത്തിൽ വന്നു ചേർന്ന ഏറ്റവും രസകരമായ സംഭവം ?
സംശയമെന്താ ഈ ഇന്റർവ്യൂ തന്നെ. നാട്ടുകാർക്കോ വീട്ടുകാർക്കോ അറിയില്ല ഞാൻ ട്രോളുകൾ ഉണ്ടാക്കുന്നത്. ഇങ്ങനെ കാണാമറയത്ത് ഇരുന്ന്, എന്റെ ട്രോളുകൾ ആസ്വദിക്കുന്നവർക്കായി ഒരു അഭിമുഖം നൽകാൻ പറ്റിയില്ല ..? അതു തന്നെയാണ് രസകരമായ സംഭവം.
ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്ന ഈ പേര് എങ്ങനെ കിട്ടി ?
ട്രോളിൽ സജീവമായപ്പോൾ , ഞാൻ എന്നെത്തന്നെ വിളിച്ചതാണ് ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്ന്. ജോലി ചെയ്യേണ്ട സമയത്ത് ട്രോൾ ഉണ്ടാക്കി നടക്കുന്നു എന്ന് ചീത്ത കേൾക്കാതിരിക്കണം എങ്കിൽ എന്തായാലും ഒരു കള്ളപ്പേര് വേണം. അങ്ങനെ ആകുമ്പോൾ കുറച്ച് കനം ഉള്ള പേരുതന്നെ ആയിക്കോട്ടെ എന്നു കരുതിയാണ് ക്രിസ്റ്റഫർ നോളൻ ബില്ലുസ് എന്ന പേരു തിരഞ്ഞെടുത്തത്. ഇതിൽ ക്രിസ്റ്റഫർ നോളൻ വളരെ പ്രശസ്തനായ, വ്യത്യസ്തങ്ങളായ സിനിമകൾ ചെയ്യുന്ന ഒരു സംവിധായകനാണ്. ട്രോളുകളുടെ ലോകത്തെ ഒരു വ്യത്യസ്ത സാന്നിധ്യം ആയേക്കാം എന്ന് കരുതിയാണ് ഇത്തരത്തിൽ ഒരു പേര് തെരെഞ്ഞെടുത്തത്.
സലിം കുമാർ പ്രേമം എപ്പോൾ തുടങ്ങി?
ട്രോളുകളുടെ ലോകത്തേക്ക് വരുന്നതിനും ഏറെ മുൻപ് തുടങ്ങിയതാണ് അത്. മുഖം കൊണ്ട് ഏറ്റവും മികച്ച കോമഡി എക്സ്പ്രഷൻസ് കാണിക്കാൻ കഴിയുന്ന ഒരേഒരു നടനാണ് അദ്ദേഹം. അതിനാൽ തന്നെ ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തോട്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam