‘നെഞ്ചിനകത്ത് ദശമൂലം, നെഞ്ചു വിരിച്ച് ദശമൂലം. മീശ പിരിച്ച് ദശമൂലം, മുണ്ടു മടക്കി ദശമൂലം’. തരംഗങ്ങൾ മാറി മറയുന്ന ട്രോളുകളുടെ ലോകത്ത് ദശമൂലം ദാമു തരംഗം തുടരുന്നു. വിഷയം ഏതായാലും മീമം ദാമു മതിയെന്നാണു ട്രോളന്മാരുടെ തീരുമാനം. വെറുതെ ദശമൂലം ദാമുവിനെ ഇട്ടാലും 1k ലൈക്കുമായി പോകാമെന്നാണു ട്രോളന്മാർക്കിടയിലെ സംസാരം.
മൂന്നു ദിവസം വരെ ഉപയോഗിച്ചാൽ പുതിയ മീമിലേക്കു മാറുകയാണ് ട്രോൾ ലോകത്തെ പതിവ്. ട്രോൾ ലോകത്തെ നിത്യഹരിത നായകനായ മണവാളനും രമണനും മാത്രമാണ് പതിവ് തെറ്റിച്ചിട്ടുള്ളവർ. എന്നാൽ ഇവരെ പോലും പിൻതള്ളി കൊണ്ടുള്ള ദശമൂലത്തിന്റെ കുതിപ്പ് പോലും ട്രോളുകളായി.
മണവാളനേയും രമണനേയും ഇപ്പോള്‍ കാണാനേയില്ലല്ലോ?. കാണാതായതല്ലല്ലോ, അങ്ങനെ ആക്കിയതല്ലേ ? ആര്? ‘ദശമൂലം ദാമു’
തന്റെ കണ്ണുകൾ കൊണ്ടു പോലും ട്രോൾ ലോകത്ത് തരംഗം സൃഷ്ടിക്കാൻ കെൽപ്പുള്ള ദശമൂലം ദാമു ആരാണെന്നു അറിയാത്തവർക്കു നൽകാനും ട്രോളന്മാർക്കു മറുപടിയുണ്ട്.
‘ലഹരിക്ക് അടിമപ്പെടാതെ അരിഷ്ടം കുടിച്ച് ആരോഗ്യം സംരക്ഷിക്കുന്നവൻ, പണം സമ്പാദിക്കാൻ എളുപ്പവഴി സ്വീകരിക്കാത്തവൻ, കുളിക്കാത്തവരെ ഉപദേശിക്കുന്നവൻ, സ്ത്രീകൾക്ക് മാപ്പ് കൊടുക്കുന്നവൻ, അന്തവിശ്വാസികളെ നിശിതമായി വിമർശിക്കുന്നവൻ, തന്റെ ദൗത്യം നിറവേറ്റാൻ എന്തും സഹിക്കുന്നവൻ, തന്നെ തല്ലിയ പൊലീസിനു മാപ്പു കൊടുത്തവൻ, അമേരിക്കയെ വെറുക്കുന്ന തികഞ്ഞ ദേശ സ്നേഹി’.
ലോകകപ്പും മഴയും ട്രോളായപ്പോൾ ദാമുവിന് വിശ്രമമില്ലാത്ത ദിവസങ്ങളായിരുന്നു. നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ രൂപം ദശമൂലം ദാമുവിൽ നിന്നും പ്രചോദനം ഉൾകൊണ്ടുള്ളതാണെന്നും പറഞ്ഞു ട്രോളന്മാർ. മമ്മൂട്ടി ചിത്രം പേരൻപിന്റെ ദാമു വേർഷനും ഇറക്കിയിട്ടുണ്ട്.
മമ്മൂട്ടി നായകനായി 2009ൽ പുറത്തിറങ്ങിയ ചട്ടമ്പിനാടിലെ എന്ന ചിത്രത്തിലെ ‘പേറെടുത്ത ഗുണ്ടയായാണ്’ ദാമു എത്തുന്നത്. തിയേറ്ററുകളിൽ ചിരിപടർത്തിയ സുരാജ് വെഞ്ഞാറമൂട് കഥാപാത്രം ട്രോൾ ലോകത്തും തരംഗമായി തീർക്കുമ്പോൾ സലീം കുമാറിന്റെ മണവാളനും ഹരിശ്രീ അശോകന്റെ മണവാളനും ഒരു തിരിച്ചു വരവുണ്ടാകുമോയെന്നു കാത്തിരുന്നു കാണാം.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam