ഏഴാം വയസ്സുമുതൽ പീഡിപ്പിക്കുന്ന അച്ഛനെ കുടുക്കാൻ ഒരു മകൾ ചെയ്തത്.. !

ലെയ്‌ല ബെൽ, ചിത്രം: ഫേസ്ബുക്

അമ്മമാരെപ്പോലെ സ്നേഹം ആവോളം പ്രകടിപ്പിക്കുന്നതിൽ ഒരിത്തിരി പിന്നിലാണ് അച്ഛന്മാരെങ്കിലും അവരോളം കരുതല്‍ ആർക്കുമുണ്ടാകില്ല. തന്റെ മക്കളുടെ കാലൊന്ന് ഇടറിയാല്‍ കൂടെനിന്ന് ആശ്വസിപ്പിക്കും ഒരച്ഛൻ. എന്നാൽ അതിൽ നിന്നെല്ലാം വിപരീതമായ ഒരച്ഛന്റെ കഥയാണ് ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. സ്വന്തം ചോരയിൽ പിറന്ന മകള്‍ക്കുമേൽ കാമവെറി തീർക്കുന്ന ഒരച്ഛന്റെ കഥയാണത്. നോട്ടിങാം സ്വദേശിയായ സിക് റേയ്മണ്ട് പ്രസ്കോട്ട് എന്ന അമ്പത്തിനാലുകാരനാണ് ക്രൂരനായ ആ അച്ഛൻ. ലെയ്‌ല ബെൽ എന്ന മകളാണ് ഇരുപതുവർഷത്തോളം നീണ്ട ക്രൂര പീഡന കഥ നാടാകെ അറിയിച്ചത്. 

അച്ഛന്റെ പ്രിയപ്പെട്ടവൾ

അഞ്ചു മക്കളിൽ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ലെയ്‌‌ലയുടെ വിശ്വാസം. പക്ഷേ പക്വതയെത്തും മുമ്പെ തന്റെ ശരീരമായിരുന്നു അച്ഛനു പ്രിയപ്പെട്ടതെന്ന് മനസിലാക്കാൻ അവള്‍ വൈകിപ്പോയി. ലെയ്‌ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്കോട്ട് ആദ്യമായി അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. എല്ലാവരും വീട്ടിൽ നിന്നു പോയിക്കഴിയുമ്പോഴാണ് തന്നെ പീഡിപ്പിക്കുന്നത്. അന്ന് എന്താണു സംഭവിക്കുന്നതെന്ന് തനിക്കു വ്യക്തമായി അറിഞ്ഞിരുന്നില്ലെങ്കിലും അച്ഛൻ ചെയ്യുന്നത് ചീത്തകാര്യമാണെന്ന് തോന്നിയിരുന്നുവെന്ന് ലെയ്‌ല പറയുന്നു. പിന്നീടു പലതവണ ഇതാവർത്തിച്ചു. താൻ അച്ഛന്റെ പ്രിയപ്പെട്ട മകളാണെന്നും ഇക്കാര്യം നമുക്കിടയിലെ രഹസ്യമാണെന്നും പറഞ്ഞു പഠിപ്പിച്ചു. ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ എന്നു തോന്നുന്ന നിമിഷത്തിൽ നിന്നും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അയാൾ അക്രമിയാകുന്നത്. 

മദ്യപാനത്തെ ആശ്രയിച്ച നാളുകൾ

പതിനാലാം വയസു മുതൽ ലെയ്‌ല മദ്യപിച്ചു തുടങ്ങിയിരുന്നു, അതു കുട്ടിക്കാലം തൊട്ടേ ശീലമാക്കിയതും പ്രസ്കോട്ട് തന്നെയായിരുന്നു. അച്ഛൻ മദ്യം തന്നിരുന്നതും തന്നോടുള്ള ഇഷ്ടക്കൂ‌ടുതൽ കൊണ്ടാണെന്നാണ് കരുതിയിരുന്നത്. പതിനാറാം വയസ്സെത്തിയപ്പോഴേക്കും സംഭവിക്കുന്നതെല്ലാം തുറന്നു പറയമണമെന്ന ചിന്ത ലെയ്‌‌ലയിൽ ഉടലെ‌‌ടുത്തു. എന്നാൽ വീട്ടുകാർ തന്നെ അവൾക്കെതിരാവുകയായിരുന്നു. അമ്മ തന്നെ വിശ്വസിച്ചിരുന്നുവെങ്കിലും അത്രയും നാൾ അതറിഞ്ഞില്ലല്ലോ എന്ന ഷോക്കിലാകണം ഒന്നും പ്രതികരിച്ചില്ല. ആ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കാൻ ശ്രമിക്കുന്നത്. പക്ഷേ അന്ന് അച്ഛൻ അതെല്ലാം നിഷേധിക്കുകയും അദ്ദേഹത്തിന്റെ കുടുംബക്കാരിൽ നിന്നും തനിക്കു ഭീഷണി ഉണ്ടാവുകയും ചെയ്തു. താൻ ശ്രദ്ധ കിട്ടാൻ വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം എന്നാണ് അവർ പറഞ്ഞത്. നിവൃത്തിയില്ലാതെ കേസിൽ നിന്നും അന്നു പിൻവാങ്ങി. 

അച്ഛനെ കുടുക്കിയ റെക്കോർഡിങ്

ഒമ്പതു മാസം കഴിഞ്ഞപ്പോൾ വീണ്ടും അച്ഛൻ പീഡിപ്പിച്ചു. എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ താൻ പീഡനങ്ങൾക്കിരയായി. 27ാം വയസിലാണ് അവസനമായി ഉപദ്രവിച്ചത്. മദ്യപിച്ച് ആസക്തനായിരുന്ന അച്ഛനെ ബെഡ്റൂമിലേക്കു കൊണ്ടുപോവുകയായിരുന്നു താനും സുഹൃത്തും. അന്ന് തന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അടുത്തേക്കു വിളിച്ചു, ഉദ്ദേശം മറ്റു പലതുമായിരുന്നു. അപ്പോൾ തന്നെ മുറിയിൽ നിന്നും ഇറങ്ങിയോടിയ താൻ സുഹൃത്തിനു മുന്നിൽ വച്ച് പൊട്ടിക്കരഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ അവൾ പറഞ്ഞ പോംവഴിയാണ് വഴിത്തിരിവായത്. അച്ഛനരികിലേക്കു ചെന്ന് നല്ലരീതിയിൽ സംസാരിച്ച് അദ്ദേഹം പറയുന്നതൊക്കെ റെക്കോർഡ് ചെയ്യാനാണ് അവൾ പറഞ്ഞത്. അങ്ങനെ പുറംലോകത്തിനു മുന്നിൽ സത്യം വിളിച്ചോതാൻ.

അവിടെവച്ച് അച്ഛൻ ചെയ്യുന്നത് തെറ്റാണെന്നും അതറിയില്ലേയെന്നും ചോദിച്ചു. എന്നാൽ ഇതാരും അറിയില്ലെന്നും നമുക്കു രഹസ്യമായി സൂക്ഷിക്കാമെന്നുമായിരുന്നു മറുപടി. തനിക്കു മറ്റാരുമായും ലൈംഗികമായി ബന്ധപ്പെടാൻ ഇഷ്ടമില്ലെന്നും ലെയ്‌ലയ്ക്കൊപ്പം മാത്രമേ പറ്റൂ എന്നും പറഞ്ഞു. ലെയ്‌‌ല മകൾ ആയിരുന്നില്ലെങ്കിൽ എന്ന് ആഗ്രഹിക്കുകയാണെന്നും എന്നാൽ തനിക്കൊരിക്കലും ലെയ്‌ലയെ മകളായി മാത്രം കാണാൻ കഴിയില്ലെന്നും പ്രസ്കോട്ട് പറഞ്ഞു. സംഭാഷണങ്ങളെല്ലാം തന്റെ സത്യം ജയിക്കാനുള്ള ലെയ്‌ലയുടെ ഏക കച്ചിത്തുരുമ്പായിരുന്നു. ശേഷം 2013ലാണ് അവൾ റെക്കോർഡ് ചെയ്ത ഫൂട്ടേജ് പൊലീസിനെ ഏൽപ്പിക്കുന്നത്. അങ്ങനെ കഴിഞ്ഞ വർഷം മേയിലാണ് പ്രസ്കോട്ട് വിചാരണകൾക്കൊടുവിൽ  അറസ്റ്റിലാകുന്നത്. പന്ത്രണ്ടു വർഷത്തെ തടവാണ് പ്രസ്കോട്ടിന് ലഭിച്ചത്. 

സ്വന്തം അച്ഛന്റെ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടിവന്ന നിസ്സഹായതയാണ് ലെയ്‌ലയുടെ ജീവിതകഥ സൂചിപ്പിക്കുന്നത്.