കൊച്ചി മെട്രോയിലെ ജോലി ഉപേക്ഷിക്കാനുള്ള കാരണം ഇതാണ്, ട്രാൻസ്‌ജെൻഡർ മോഡൽ തൃപ്തി പറയുന്നു 

തൃപ്തി ഷെട്ടി

കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കു ജോലി നൽകുന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെയാണ് കേരളം ഏറ്റുവാങ്ങിയത്. ഇതു പ്രകാരം, ഹൗസ് കീപ്പിങ് , ടിക്കറ്റിങ് സെക്ഷനുകളിലായി 23 ട്രാൻസ്ജെൻഡേഴ്സിനെ ജോലിക്കായി തെരെഞ്ഞെടുത്തു. ഇതിൽ 12 പേര്‍ മാത്രമേ ജോലിയിൽ പ്രവേശിച്ചുള്ളു എന്നതു മറ്റൊരു സത്യം. എന്തുകൊണ്ടാണ് കൊച്ചി മെട്രോയിലെ സ്വപ്ന ജോലി ഇവർ വേണ്ടെന്നു വച്ചത്, ഉത്തരം പറയുന്നു ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റും മോഡലുമായ തൃപ്തി ഷെട്ടി.

മെട്രോയിൽ ഹൗസ് കീപ്പിങ് സെക്ഷനിലാണ് തൃപ്തിക്കു ജോലി ലഭിച്ചത്. വളരെ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ പണവുമായാണ് ട്രെയ്‌നിങ് പൂർത്തിയാക്കിയത്. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ തൃപ്തിക്കായില്ല. മെട്രോയിലെ ജോലി എന്ന് ആരംഭിക്കും എന്ന അനിശ്ചിതത്വമായിരുന്നു ഒരു കാരണം. അടുത്ത കാരണം, 9000  രൂപയെന്ന ശമ്പളം ഒരു ട്രാൻസ്ജെൻഡറുടെ താമസ സൗകര്യം എന്ന ആവശ്യത്തെ സഫലീകരിക്കുന്നില്ല. 

'' മെട്രോയിൽ ജോലി നൽകി എന്നതു നല്ലകാര്യം തന്നെ. എന്നാൽ ട്രാന്‍സ്ജെന്‍ഡറുകൾക്ക് താമസിക്കാൻ സുരക്ഷിതമായ ഒരിടം ലഭ്യമല്ലാത്ത അത്രയും കാലം, മെട്രോയിലെ വരുമാനം കൊണ്ടു മാത്രം പിടിച്ചു നില്‍ക്കാൻ ആവില്ല. ട്രാൻസ്ജെൻഡേഴ്സിനു വീടു വാടകയ്ക്ക് നൽകുവാൻ ആളുകൾ മടിക്കുന്നു. അപ്പോൾ, ലോഡ്ജ് , ഹോട്ടൽ മുറികൾ എന്നിവയിൽ അഭയം പ്രാപിക്കുന്ന ഞങ്ങൾക്ക് പ്രതിദിനം 600 മുതൽ 800 രൂപ വരെ ചെലവഴിക്കേണ്ടതായി വരുന്നു. ജോലി നൽകുന്നതോടൊപ്പം താമസത്തിനായി ഒരു സൗകര്യം കൂടി സർക്കാർ ഏർപ്പെടുത്തി നൽകിയിരുന്നു എങ്കിൽ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേനെ'' തൃപ്തി പറയുന്നു. 

ട്രാൻസ്ജെൻഡേഴ്സ് കൂടുതലായി താമസിക്കുന്ന എറണാകുളം പോലൊരു സ്ഥലത്ത് അവർക്കായി തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടു എന്ന് തൃപ്തി പറയുന്നു. നിലവിൽ സഹജ ഇന്റർനാഷണൽ പോലുള്ള സംഘടനകൾ ട്രാന്സ്ജെന്‍ഡറുകൾക്ക് താമസ സൗകര്യം നൽകാൻ മുന്നോട്ടു വന്നിട്ടുണ്ട് എങ്കിലും, ഇതൊരു ശാശ്വത പരിഹാരമല്ല എന്നു തൃപ്തി വ്യക്തമാക്കുന്നു. 

മെട്രോയിലെ ജോലി വേണ്ടെന്നു വച്ചെങ്കിലും, പകരം മികച്ചൊരു വരുമാനം മാർഗം തൃപ്തി കണ്ടെത്തിക്കഴിഞ്ഞു. മുത്തുകളും കല്ലുകളും മറ്റും ഉപയോഗിച്ച് 50  രൂപ മുതൽ 750  രൂപ വരെ വിലവരുന്ന ആഭരങ്ങൾ നിർമ്മിച്ച് ആവശ്യക്കാർക്ക് നൽകുകയാണ് തൃപ്തിയിപ്പോൾ. ഇതിനു പുറമെ, തന്റെ ആഭരണങ്ങളുടെ ഒരു എക്സിബിഷനും ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ വച്ച് തൃപ്തി നടത്തി. 

മോഡലിങിൽ സജീവമായ തൃപ്തി ദ്വയ 2017 ന്റെ ഭാഗമായിരുന്നു.  ഇതിനു പുറമെ, തൃപ്തി സിനിമയിലും സജീവമാകുകയാണ്. കള്ളന്മാരുടെ രാജാവ് എന്ന സിനിമയിൽ അഭിനയിക്കുന്ന തൃപ്തി, മറ്റൊരു മലയാള സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് വരുന്നത്. ട്രാൻസ്ജെൻഡേഴ്സ് ആയവരെ ആദ്യം ഉൾക്കൊള്ളേണ്ടത് സ്വന്തം വീട്ടുകാരാണ് എന്ന് പറയുന്നു കാസർഗോഡ് സ്വദേശിനിയായ തൃപ്തി. വീട്ടുകാർ ഉൾക്കൊള്ളുന്ന പക്ഷം, പതിയെ സമൂഹം ഉൾക്കൊള്ളും, പിന്നെ ഇത്തരം വേർതിരിവ് ഉണ്ടാകില്ലെന്ന് അവർ പറയുന്നു. 

Read more: Love n LIfe, Glitz n Glamour