വീണ്ടും ദൂരൂഹ മരണം, കൊടനാടിന്റെ പേരില്‍ ഇനിയാരുടെ രക്തം?

ജയയുടെ സ്വപ്നഭൂമിയായിരുന്നു നീലഗിരി മലനിരകളിലെ സദാ കോട പൊതിഞ്ഞ കൊടനാട് എസ്റ്റേറ്റ്. കോടയല്ല, ക്രെയ്ഗ് ജോൺസിന്റെയും കുടുംബത്തിന്റെയും കണ്ണീരുവീണ് മൂടിയതാണെന്ന് അടക്കംപറയാൻപോലും പേടിച്ചു നാട്ടുകാർ...

നാൽപതോളം മരണങ്ങൾ, അതിൽ പത്തിലേറെ ആത്മഹത്യകൾ..വ്യത്യസ്ത സമയങ്ങൾ, സ്ഥലങ്ങൾ, വെവ്വേറെ സാമൂഹിക ചുറ്റുപാടിൽനിന്നുള്ളവർ.. ഒന്നുപോലും സാധാരണ മരണമല്ലെന്ന് സാമാന്യബോധമുള്ള ആർക്കും ബോധ്യമുള്ളപ്പോഴും ഉറപ്പിച്ച് ഒന്നിലേക്കും വിരൽ ചൂണ്ടാനാകാത്ത അവസ്ഥ. കൊലപാതകമെങ്കിൽ തെളിവെവിടെ?..സ്വന്തം വീട്ടിൽ അടച്ചിട്ട മുറിക്കുള്ളിൽ മരിച്ചു കിടന്നവരെയൊക്കെ കൊന്നതെന്ന് പറയാനാകുന്നതെങ്ങനെ? 

മധ്യപ്രദേശിലെ വ്യാപം അഴിമതി പുറത്തുവന്നതിനെ തുടർന്നുണ്ടായ ചോദ്യങ്ങളാണ്.. ഇനിയും ഉത്തരമായിട്ടില്ല..എങ്കിലും ഭീതിയുണർത്തി ഓരോ മനസ്സിലും ഒരു ചോദ്യംകൂടി ബാക്കിയുണ്ട്.. കൊലപാതകമെങ്കിൽ ഇത്ര ആസൂത്രിതമായെങ്ങനെ?

ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിനെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹതകൾ വ്യാപത്തെ ഓർമിപ്പിക്കുന്നു..എസ്റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്ററായ യുവാവ് കഴിഞ്ഞ ദിവസം മരിച്ചു. 28കാരൻ ദിനേശ് കുമാർ.. കോത്തഗിരിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. കാഴ്ച പൂർണമായും ലഭിക്കാത്തതു മൂലമുള്ള മനോവിഷമമെന്ന് പൊലീസ് ഭേദപ്പെട്ടൊരു കാരണം കണ്ടെത്തിയുണ്ട്. 

ജയയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങളടങ്ങിയ രഹസ്യരേഖകൾ തേടിയാണു മോഷ്ടാക്കൾ കൊടനാട് എസ്റ്റേറ്റിലെത്തിയതെങ്കിൽ ആ ‘ക്വട്ടേഷൻ’ ഉന്നതങ്ങളിൽനിന്നുള്ളതാണ്. ഉന്നതർക്ക് ആവശ്യമുള്ള വിലപ്പെട്ട രേഖകൾ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ ജയയുടെയും ശശികലയുടെയും മുറികളിലായുണ്ടായിരുന്നു...

കാഴ്ച നഷ്ടമായതെങ്ങനെയെന്ന് ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. അരുതാത്തതു വല്ലതും കണ്ടതിനുള്ള ശിക്ഷയാണോ എന്നൊക്കെ സംശയിച്ചുപോകുന്നത് കൊടനാട് എസ്റ്റേറ്റ് ആയതുകൊണ്ടാണ്.. ഇതിലും വിചിത്രമായ കാരണങ്ങളോടെ എസ്റ്റേറ്റുമായി ബന്ധമുള്ളവരുടെ മരണങ്ങൾ നടന്നിട്ടുള്ളതുകൊണ്ടാണ്.. 

എസ്റ്റേറ്റിൽ ഒരു മോഷണം നടക്കുന്നു. മോഷണത്തിനിട‌െ കാവൽക്കാരൻ കൊല്ലപ്പെടുന്നു, ദിവസങ്ങൾക്കകം മുഖ്യപ്രതി ബൈക്ക് അപകടത്തിൽ മരിക്കുന്നു. ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ മറ്റൊരിടത്ത് രണ്ടാംപ്രതിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നു, ഭാര്യയും മകളും മരിക്കുന്നു, പ്രതിക്കു ഗുരുതരമായി പരുക്കേൽക്കുന്നു.. ഇതൊക്കെയായിട്ടും പൊലീസ് പറയുന്നു, മണിക്കൂറുകൾക്കിടയിൽ രണ്ടു പ്രതികൾ രണ്ടിടത്തായി അപകടം നേരിട്ടതും യാദൃച്ഛികമെന്ന്.. വ്യാപത്തിലെന്നപോലെ, വിശ്വസിക്കാൻ സാമാന്യബുദ്ധി കൂട്ടാക്കുന്നില്ലെങ്കിൽ എന്തു ചെയ്യാൻ.. 

ജയയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങളടങ്ങിയ രഹസ്യരേഖകൾ തേടിയാണു മോഷ്ടാക്കൾ കൊടനാട് എസ്റ്റേറ്റിലെത്തിയതെങ്കിൽ ആ ‘ക്വട്ടേഷൻ’ ഉന്നതങ്ങളിൽനിന്നുള്ളതാണ്...

കോടയിൽ മറഞ്ഞ് സത്യങ്ങൾ 

ജയയുടെ സ്വപ്നഭൂമിയായിരുന്നു നീലഗിരി മലനിരകളിലെ സദാ കോട പൊതിഞ്ഞ കൊടനാട് എസ്റ്റേറ്റ്. കോടയല്ല, ക്രെയ്ഗ് ജോൺസിന്റെയും കുടുംബത്തിന്റെയും കണ്ണീരുവീണ് മൂടിയതാണെന്ന് അടക്കംപറയാൻപോലും പേടിച്ചു നാട്ടുകാർ. ബ്രിട്ടീഷുകാരുണ്ടാക്കിയ എസ്റ്റേറ്റിന്റെ അവസാന വിദേശി ഉടമയായിരുന്നു ക്രെയ്ഗ് ജോൺസ്. തുച്ഛവിലയും ഗുണ്ടായിസവുമായി ശശികലയും കൂട്ടരും തട്ടിയെടുക്കുകയായിരുന്നു എസ്റ്റേറ്റ് എന്ന് കൈവിട്ട് 25 വർഷത്തിനിപ്പുറവും തോരാത്ത കണ്ണീരോടെ ആ കുടുംബം പറയുന്നുണ്ട്.. ദുരൂഹത മഞ്ഞുമൂടിത്തുടങ്ങുന്നത് അവിടെയാണ്. 

ഏപ്രിൽ 24നു കൊടനാട് എസ്റ്റേറ്റിൽ നടന്നത് പണത്തിനുവേണ്ടി മാത്രമായിരുന്നില്ലെന്ന് ഉറപ്പ്. മലയാളികൾക്കുൾപ്പെടെ ക്വട്ടേഷൻ നൽകിയുള്ള പദ്ധതിയായിരുന്നു അതെന്നു കണ്ടെത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും. കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ ജയലളിതയുടെയും ശശികലയുടെയും മുറികളാണു മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. പ്രധാനപ്പെട്ട ചില രേഖകൾ കൂടി മോഷ്ടാക്കൾ ഇവിടെനിന്നു കടത്തിയെന്നാണു സംശയിക്കുന്നത്. 

ജയയുടെയും ശശികലയുടെയും സ്വത്തുവിവരങ്ങളടങ്ങിയ രഹസ്യരേഖകൾ തേടിയാണു മോഷ്ടാക്കൾ കൊടനാട് എസ്റ്റേറ്റിലെത്തിയതെങ്കിൽ ആ ‘ക്വട്ടേഷൻ’ ഉന്നതങ്ങളിൽനിന്നുള്ളതാണ്. ഉന്നതർക്ക് ആവശ്യമുള്ള വിലപ്പെട്ട രേഖകൾ കൊടനാട് എസ്റ്റേറ്റ് ബംഗ്ലാവിലെ ജയയുടെയും ശശികലയുടെയും മുറികളിലായുണ്ടായിരുന്നു. ജയയുടെ വിൽപത്രവും ഇവിടെ സൂക്ഷിച്ചിരുന്ന രേഖകളിൽ ഉണ്ടായിരുന്നുവെന്നാണു കരുതുന്നത്.

ശശികലയും ജയലളിതയും. ഇന്‍സെറ്റിൽ പീറ്റർ കാൾ എഡ്വേർഡ് ക്രെയ്ഗ് ജോൺസ്

എസ്റ്റേറ്റ് കാവൽക്കാരൻ നേപ്പാൾ സ്വദേശി റാം ബഹദൂറിനെ കൊന്ന ശേഷമായിരുന്നു കവർച്ച. കേസിൽ പത്തു മലയാളികൾ അറസ്റ്റിലായി. അന്വേഷണം നടക്കവേ ഏപ്രിൽ 28ന് രാത്രി ഒന്നാം പ്രതി എടപ്പാടി സ്വദേശി കനകരാജ് (36) ചെന്നൈ–ബെംഗളൂരു ദേശീയ പാതയിൽ സേലത്തിനടുത്ത് ആത്തൂരിൽ ബൈക്ക് അപകടത്തിൽ മരിക്കുകയായിരുന്നു. 

മണിക്കൂറുകൾക്കകം രണ്ടാം പ്രതി കോയമ്പത്തൂർ മധുക്കര സ്വദേശി കെ.വി.സയനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പാലക്കാട് കണ്ണാടിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ഇടിച്ചു കയറി. സയനെ ഗുരുതരമായി പരുക്കേറ്റ നിലയിലും ഭാര്യ ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ (28) മകൾ നീതു (അഞ്ച്) എന്നിവരെ കഴുത്തിന് ആഴത്തിൽ മുറിവേറ്റു മരിച്ച നിലയിലും കാറിൽ കണ്ടെത്തി. 

 2007 മുതൽ അഞ്ചുവർഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു കനകരാജ്. വിശ്വസ്തനായ ഇയാൾക്ക് കൊടനാട് എസ്റ്റേറ്റിൽ എപ്പോൾ വേണമെങ്കിലും കയറാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എഐഎഡിഎംകെ സേലം ജില്ലാ സെക്രട്ടറിയായിരുന്ന കെ.ശരവണനാണ് കനകരാജിനു ജയലളിതയുടെ ഡ്രൈവറായി ജോലി വാങ്ങി നൽകിയത്. 2011ലുണ്ടായ വാഹനാപകടത്തിൽ ശരവണൻ മരിച്ചശേഷം ജില്ലാ സെക്രട്ടറിയായി നിയമിതനായ ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി കനകരാജിനെ മാറ്റി മറ്റൊരാളെ നിയമിച്ചു. കനകരാജിന്റെയും അകന്ന ബന്ധുവായ പളനിസാമിയുടെയും കുടുംബങ്ങൾ തമ്മിൽ നേരത്തേതന്നെ ശത്രുത ഉണ്ടായിരുന്നതായും പറയുന്നു.  ഏപ്രിൽ 29ന് രാവിലെ ഉണ്ടായ അപകടത്തിൽ കനകരാജ് മരിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലേന്നു രാത്രി മരണം സംഭവിച്ചുവെന്നു പറയുന്നു. ഇതിലെ അലംഭാവത്തെ തുടർന്ന് ആത്തൂർ സിഐയെ സ്ഥലം മാറ്റി.

ജയലളിത മരിച്ചതോടെ ആയിരം ഏക്കറോളം വരുന്ന എസ്റ്റേറ്റ് ഏറെക്കുറേ പൂർണമായും ശശികലയുടെയും ബന്ധുക്കളുടെയും പേരിലാകേണ്ടതാണ്. എന്നാൽ അവകാശം സ്ഥാപിക്കാനുള്ള നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല...

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കാറപകടം ഉണ്ടായതെന്നായിരുന്നു സയന്റെ മൊഴി. ചികിൽസയ്ക്കു ശേഷം ജയിലിൽ ഒറ്റയ്ക്കൊരു മുറിയിലേ കഴിയൂ എന്നു വാശി പിടിച്ച സയനെ പല തവണ ആശുപത്രിയി‍ൽ പ്രവേശിപ്പിക്കേണ്ടിവന്നു. അസുഖ ബാധിതനായതിനാൽ ഒറ്റയ്ക്കു കഴിയണമെന്നാണ് ആവശ്യം. 

ആൾക്കൂട്ടത്തിൽ ഉറങ്ങാൻ സയന് പേടിക്കാൻ കാരണമേറെയുണ്ട്. സയൻ ആശുപത്രിയിൽ കഴിയവേ ചെന്നൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അജ്ഞാത സംഘം ആശുപത്രിയിൽ എത്തിയിരുന്നു. ഇതിൽ നീലഗിരിയിൽ നിന്നുള്ള രണ്ട് എഐഎഡിഎംകെ നേതാക്കളുമുണ്ടായിരുന്നുവെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. ഇവർ വന്ന കാർ വ്യാജ നമ്പർപ്ലേറ്റുമായി ഊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി പിന്നീട്. സയൻ ചികിൽസയിൽ കഴിഞ്ഞ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയുടെ മതിൽ ചാടി അകത്തു കടക്കാൻ ശ്രമിച്ച യുവാവ് ഷോക്കേറ്റു വീണ സംഭവവുമുണ്ടായി. കാവൽക്കാരൻ കണ്ടതും തിരിച്ചു ചാടാൻ ശ്രമിച്ചപ്പോൾ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. 

 ജയലളിത മരിച്ചതോടെ ആയിരം ഏക്കറോളം വരുന്ന എസ്റ്റേറ്റ് ഏറെക്കുറേ പൂർണമായും ശശികലയുടെയും ബന്ധുക്കളുടെയും പേരിലാകേണ്ടതാണ്. എന്നാൽ അവകാശം സ്ഥാപിക്കാനുള്ള നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. ക്രെയ്ഗ് ജോൺസിന്റെ മകൻ  പീറ്റർ ക്രെയ്ഗ് ജോൺസ് നിയമ നടപടിക്കുള്ള ഒരുക്കത്തിലുമാണ്. ഇതിന്റെയെല്ലാംകൂടെ അണ്ണാ ഡിഎംകെയിൽ ആധിപത്യം സ്ഥാപിക്കാ‍ൻ രംഗത്തുള്ള വിഭാഗങ്ങളുടെ പലവിധ താൽപര്യങ്ങൾകൂടിയാകുന്നതോടെ കോടനാട് എസ്റ്റേറ്റ് ഇനിയും പല നടുക്കങ്ങളും ബാക്കിവച്ചിട്ടുണ്ടെന്നു വിശ്വസിക്കാതെവയ്യ. 

Read more: Trending News in Malayalam, Beauty Tips in Malayalam