ഒടുവിൽ നക്ഷത്രങ്ങളിലേക്ക് അവൾ യാത്രയായി

മരിക്കുന്നതിനു മുമ്പ് കളിക്കൂട്ടുകാരനെ സ്വന്തമാക്കിയ അഞ്ചു വയസ്സുകാരിക്കു വാൽസല്യത്തോടെ ലോകം വിട ചൊല്ലി. ചിത്രങ്ങൾക്ക് കടപ്പാട് - ഫെയ്സ്ബുക്

കുഞ്ഞുപൂക്കളുടെ ഇടയിൽ തുടുത്തു നിന്ന അവളുടെ മുഖത്ത് ആ മാലാഖച്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല.  രണ്ടാഴ്ച മുമ്പ് തന്റെ ‘വിവാഹദിനത്തിൽ’ ആത്മസുഹൃത്തിന്റെ കൈപിടിച്ച് ഒരു രാജകുമാരിയെപ്പോലെ പടവുകളിറങ്ങി വന്ന അഞ്ചു വയസ്സുകാരി നക്ഷത്രങ്ങളിലൊരാളായത് ചുറ്റും കൂടി നിന്നവർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. സ്കോട്‌ലന്റിലെ ഫോറസ് എന്ന സ്ഥലത്താണ്  ലോകത്തെ കണ്ണീരണിയിച്ച അവിശ്വസനീയ സംഭവങ്ങൾ നടന്നത്.

ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ കാൻസറിന്റെ രൂപത്തിൽ മരണം പിന്നോട്ടു വലിച്ചപ്പോഴും ഏലി പാറ്റേഴ്സൻ എന്ന അഞ്ചു വയസ്സുകാരിയുടെ  ഏറ്റവും വലിയ ആഗ്രഹം തന്റെ ആത്മസുഹൃത്തായ ഹാരിസൻ ഗ്രയറിനെ വിവാഹം കഴിക്കുകയെന്നതായിരുന്നു. ഹാരിസന് ആറു വയസ്സു മാത്രം പ്രായം. ഏലിയുടെ അമ്മ ഗെയ്ൽ മുൻകൈയെടുത്ത് ആർഭാടമായി തന്നെ അവരുടെ വിവാഹച്ചടങ്ങുകൾ നടത്തി. ജൂൺ 18 നായിരുന്നു അത്. എന്നാൽ ജൂലൈ ഒന്നിനു പുലർച്ചെ അവൾ മരണത്തിനു കീഴടങ്ങി.

ഏലിയും ഹാരിസനും വിവാഹ നാളിൽ

രണ്ടു വയസ്സുള്ളപ്പോോഴാണ് ഏലിക്കു കാൻസർ സ്ഥിരീകരിച്ചത്. തന്റെ പൊന്നോമനയെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാൻ ഗെയ്ൽ ആവുന്നത്ര ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടൊക്കെ പണം ശേഖരിച്ച് മികച്ച ചികിത്സ തന്നെ നൽകി. ഒട്ടേറെ കീമോതെറാപ്പികളും ശസ്ത്രക്രിയകളും കാരണം ഏലിയുടെ തലമുടിയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഡോക്ടർമാർ അവസാന പ്രതീക്ഷയും കൈവിട്ടതോടെ ഏലിയുടെ ആഗ്രഹങ്ങൾ ഏതു വിധേനെയും സാധിച്ചു കൊടുക്കണമെന്നുള്ള ചിന്ത മാത്രമായിരുന്നു ഗെയ്‌ലിന്. മകളോടു ചോദിച്ച് അവളുടെ ആഗ്രഹങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അതിനു വേണ്ടി അവർ തയ്യാറാക്കി. അതിൽ ഏറ്റവും ആദ്യത്തേത് ശൈശവം മുതൽക്കു തന്നെ തന്റെ കൂടെയുള്ള ഹാരിസനെ വിഹാഹം കഴിക്കുക എന്നതായിരുന്നു. 

പ്രത്യേകം തയ്യാറാക്കിയ വിവാഹപന്തലിൽ പിങ്ക്, വെള്ള നിറങ്ങളിലുള്ള വിവാഹ വസ്ത്രമണിഞ്ഞ് ഏലിയെത്തി. ഡിസ്നി ചിത്രമായ പിനാക്യോയിലെ ഗാനം പാടി സഹോദരൻ ഏലിയെയും ഹാരിസനെയും എതിരേറ്റു. കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് തേങ്ങലടക്കിയും നൂറു കണക്കിനു പേർ വിവാഹവേദിയിലെത്തിയത്. ഏലിയും ഹാരിസനും കഥാപാത്രങ്ങളാക്കി ഗെയ്ൽ തന്നെ എഴുതിയ അത്ഭുത കഥ അവിടെ വച്ചു വായിച്ചു. വിവാഹ മോതിരത്തിനു പകരം നെക്ക്‌ലേസുകളാണ് അവർ കൈമാറിയത്. ചടങ്ങുകൾക്കൊടുവിൽ ഏലിയും ഹാരിസനും ‘ലൈഫ് ലോങ് ബെസ്റ്റ് ഫ്രണ്ട്സ്’ ആണെന്നു പ്രഖ്യാപിക്കപ്പെട്ടു. സൈയുടെ ഗഗ്‌നം സ്റ്റൈൽ എന്ന ഗാനത്തിനൊപ്പം ചുവടു വച്ചാണ് വധുവും വരനും വിവാഹപാർട്ടി ആരംഭിച്ചത്. രക്തം മാറ്റിയതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ട ദിനം ആസ്വദിക്കാൻ അവൾ മറന്നില്ല.

ജൂൺ 29നാണ് ഏലിയുടെ രോഗം മൂർച്ഛിച്ചത്. മരണ സമയം മുഴുവൻ കുടംബാംഗങ്ങളും അവൾക്കു ചുറ്റും നിന്ന് യാത്രാമൊഴിയേകി. വേദനകൾക്കിടയിലും ഭൂമിയിൽ തനിക്കു ലഭിച്ച കുറച്ചു നാളുകൾ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കിയാണ് ഏലി മടങ്ങിയത്.

Read more- Lifestyle Wedding