വാട്സാപ്പിൽ ഏറ്റവും ശല്യപ്പെടുത്തുന്നവൾ : രൺബീര്‍

റിധിമ കപൂർ സാഹ്നി, രണ്‍ബീർ കപൂർ

ബോളിവുഡിലെ പേരുകേട്ട കുടുംബമാണ് കപൂർ ഫാമിലി. രക്തത്തിൽ തന്നെ സിനിമ അലിഞ്ഞു ചേർന്നിരിക്കുന്ന ആ കുടുംബത്തിലെ ഇളംതലമുറക്കാർ വരെ സിനിമാ മേഖലയിൽ പൊൻതൂവൽ ചാര്‍ത്തിക്കഴിഞ്ഞു. കുടുംബത്തെക്കുറിച്ചു പറയുമ്പോൾ നടൻ രൺബീർ കപൂറിനും ആയിരം നാവാണ്. എത്ര തിരക്കാണെങ്കിലും മിക്കവാറും കാണാൻ ശ്രമിക്കുന്ന തങ്ങൾ വാട്സാപ്പിലൂടെ എല്ലായ്പ്പോഴും ആശയവിനിമയം നടത്താറുണ്ടെന്നു പറയുന്നു രൺബീർ. തീർന്നില്ല വാട്സാപ്പിലെ ഫാമിലെ ഗ്രൂപ്പിൽ തന്നെ ഏറ്റവും ശല്യപ്പെടുത്തുന്നത് ആരാണെന്നും താരം വെളിപ്പെടുത്തി. 

മറ്റാരുമല്ല സഹോദരി റിധിമ കപൂർ സാഹ്നിയാണത്രേ തു‌ടരെത്തുടതെ മെസേജുകൾ അയച്ചു ശല്യപ്പെടുത്തുന്നത്. '' എനിക്കും ഫാമിലി വാട്സാപ് ഗ്രൂപ്പുണ്ട്, ഗ്രൂപ്പിൽ ഏറ്റവും പ്രകോപിപ്പിക്കുന്നയാൾ എന്റെ സഹോദരിയാണെന്നാണ് തോന്നിയിട്ടുള്ളത്. ഒരേ മെസേജിൽ തന്നെ എല്ലാ കാര്യങ്ങളും പറയാതെ ഒന്നിനു പുറകെ ഒന്നായിട്ടാണ് അവൾ അയക്കുക, അതായത് ഫോൺ ബീപ് ചെയ്തുകൊണ്ടേയിരിക്കും.  പോരാത്തതിന് ഒട്ടേറെ ഇമോജികളും അവൾ ഉപയോഗിക്കും. അച്ഛൻ ഒരു വാക്കിൽ തന്നെ കാര്യങ്ങൾ പറയും, അമ്മയാണ് ഏറ്റവും പോസിറ്റീവ് ആയ സ്വീറ്റ് ആയ മെസേജ് അയക്കുന്നയാൾ''- രൺബീർ പറയുന്നു. 

രൺബീർ കപൂർ കുടുംബത്തിനൊപ്പം

അമ്മൂമ്മയുടെ വീട്ടിൽ ഓരോ ഞായറാഴ്ച്ചയും ഞങ്ങൾ കുടുംബമമെല്ലാവരും ഒന്നിക്കാറുണ്ട്. ഒരുപാടു സ്നേഹത്തോടെയുള്ള കണ്ടുമുട്ടലാകും അത്, ഇടയ്ക്കു പിണങ്ങുകയും ചെയ്യും. പക്ഷേ ആ ദിവസം തീരുംമുമ്പുതന്നെ പ്രശ്നം പരിഹരിക്കപ്പെടും. പിണങ്ങിയവർ പരസ്പരം വിളിച്ചു ക്ഷമ പറയുകയോ സമ്മാനങ്ങൾ അയക്കുകയോ ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ കുടുംബബന്ധങ്ങളിലെ മൂല്യങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.

എത്രതന്നെ ഉയരത്തിലെത്തിയാലും കുടുംബത്തെയും ബന്ധങ്ങളെ‌യും മറക്കരുത് എന്ന സന്ദേശമാണ് രൺബീർ നൽകുന്നത്. റിഷി കപൂറിന്റെയും നീതു കപൂറിന്റെയും മക്കളാണ് രൺബീർ കപൂറും റിധിമയും. ജ്വല്ലറി ഡിസൈനർ ആയ റിധിമ ഭർത്താവ് ഭരത് സാഹ്നിക്കും ആറുവയസുകാരി മകൾ സമാരയ്ക്കുമൊപ്പം ന്യൂഡൽഹിയിലാണ് താമസം. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam