പലരും ചെറിയ ദു:ഖങ്ങൾ വരുമ്പോള്‍ പോലും എങ്ങനെ നേരിടണമെന്നറിയാതെ പതറിപ്പോകുന്നവരാണ്. പക്ഷേ നമുക്കു ചുറ്റുമുള്ള പലരും സമാധാനമായൊന്ന് അന്തിയുറങ്ങാനുള്ള സാഹചര്യം പോലുമില്ലാത്തവരാണ്. അത്തരത്തിൽ ഒരു ജീവിതമായിരുന്നു ഫാത്തിമ എന്ന ഒമ്പതു വയസുകാരിയും നയിച്ചിരുന്നത്. കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്തം മുഴുവൻ ചുമലിലേറ്റിയവളാണ് ഫാത്തിമ.
ജിഎംബി ആകാശ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് ഫാത്തിമയുടെ കഥ ലോകത്തോടു പങ്കുവച്ചത്. അന്തിയുറങ്ങാൻ ഒരു വീടില്ലാതിരുന്ന ഫാത്തിമയും അനുജനും അമ്മയും ഒരു മരച്ചുവട്ടിലാണ് കഴിഞ്ഞിരുന്നത്. അമ്മ മാനസിക രോഗിയായ നാൾതൊട്ട് കുടുംബത്തിന്റെ ഉത്തരവാദിത്തമെല്ലാം ഫാത്തിമ ഏറ്റെടുക്കുകയായിരുന്നു. ഒമ്പതു വയസേ ഉള്ളുവെങ്കിലും പക്വതയാർന്ന പെൺകുട്ടിയെപ്പോലെയാണ് അവൾ കാര്യങ്ങൾ നടത്തിയിരുന്നത്, അതുകൊണ്ടുതന്നെ തന്നെ ആരെങ്കിലും കുട്ടി എന്നു പറയുന്നതും അവൾക്കിഷ്ടമല്ല. ഫാത്തിമയുടെ വാക്കുകളിലേക്ക്.
''എന്നെ ഒരു കുട്ടിയായി ആരെങ്കിലും കരുതുന്നത് എനിക്കിഷ്ടമല്ല. എനിക്ക് ഒമ്പതു വയസുണ്ട്. എന്റെ ഇളയ സഹോദരൻ രണ്ടരവയസുകാരനാണ്, അവൻ ഒരു കുഞ്ഞാണ് പക്ഷേ ഞാൻ കുട്ടിയല്ല. ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വർഷമായി. അമ്മയ്ക്ക് മാനസിക രോഗം ആയതുമുതൽ ഞാൻ പണിക്കു പോകുന്നുണ്ട്. അച്ഛൻ ഞങ്ങളെ വിട്ടുപോയതു മുതൽ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഉറങ്ങാനൊരിടമോ പോകാനൊരു സ്ഥലമോ കഴിക്കാൻ ഭക്ഷണമോ ഞങ്ങൾക്കില്ല. ഗ്രാമം വിട്ട് ഞങ്ങളുടെ പഴയ വീടിനടുത്തുള്ള മരച്ചുവട്ടിലേക്കാണ് അമ്മ ഞങ്ങളെ െകാണ്ടുപോയത്. അന്നുതൊട്ട് അവിടെയായിരുന്നു ജീവിതം.
അവിടം നല്ല സ്ഥലമായിരുന്നെങ്കിലും ഒട്ടേറെ ഉറുമ്പുകൾ ഉണ്ടായിരുന്നു, എനിക്കും സഹോദരനും രാത്രി ഉറുമ്പുകൾ കടിക്കുന്നതു കൊണ്ട് ഉറങ്ങാനേ കഴിയുമായിരുന്നില്ല. എല്ലാദിവസവും അമ്മ അസാധാരണമായി പെരുമാറും. ഒരേവാക്കു തന്നെ വീണ്ടും വീണ്ടും പുലമ്പിക്കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ അവിടെയുള്ള കുളത്തിൽ കല്ലുകൾ പെറുക്കിയിടുമായിരുന്നു. പേടികൊണ്ട് പലപ്പോഴും സഹോദരനെ ഞാൻ അമ്മയെ ഏൽപ്പിക്കാറില്ലായിരുന്നു. കാരണം അമ്മ ചിലപ്പോൾ ഞങ്ങളെ െകാല്ലുമെന്ന് ഗ്രാമവാസികൾ പറഞ്ഞിരുന്നു. കുളത്തിലേക്ക് എന്തിനാണ് കല്ലുകൾ എറിയുന്നതെന്നു ചോദിച്ചാൽ അപ്പോൾ അമ്മ ഇങ്ങനെയാണ് മറുപടി നൽകിയിരുന്നത് '' ഈ കല്ലുകള്‍ ഞാനാണ്, ഞാൻ വെള്ളത്തിൽ മുങ്ങുന്നത് എങ്ങനെയാണെന്ന് നോക്കൂ'' .
പതുക്കെ ആ മരച്ചുവടിൽ നിന്നും മാറാൻ ഞങ്ങൾ തീരുമാനിച്ചു. ആ മരത്തിൽ പ്രേതങ്ങൾ ഉണ്ടായിരുന്നെന്ന് ഞാൻ കേട്ടിരുന്നു ചിലപ്പോൾ അതിലൊരു പ്രേതമാകാം എന്റെ അമ്മയിലും കയറിക്കൂടിയത്. അങ്ങനെയാണ് ഞങ്ങൾ നഗരത്തിലേക്കു വരുന്നത്. അവിടെ ഗ്രാമവാസിയായ ഒരു ആന്റിയാണ് ഞങ്ങൾക്ക് തുടക്കത്തിൽ താമസം തന്നത്. അവർ തന്നെ ഒരു ഹോസ്പിറ്റൽ അഡ്രസ് വച്ച് അമ്മയെ ഞാൻ ചികിൽസയ്ക്കായി കൊണ്ടുപോയി. ആദ്യകാഴ്ചയിൽ തന്നെ രോഗിയുടെ ഗാർഡിയൻ എവിടെയെന്നു ഡോക്ടർ ചോദിച്ചു. ഞാനാണെന്നു പറഞ്ഞപ്പോൾ ഡോക്ടർ ചിരിച്ചു. അവർ എന്റെ അമ്മയെ ചികിൽസിച്ചു. ഇന്ന് അമ്മയുടെ പൂർണ ആരോഗ്യവതിയാണ്. ഇന്ന് ഞങ്ങൾക്കൊരു വീടുമുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഞാൻ ആ മരച്ചുവട്ടിൽ ഉറുമ്പു കടി കൊണ്ടു കിടന്നിരുന്നതോർക്കും.
കളിപ്പാട്ടങ്ങൾ കിട്ടാതാകുമ്പോൾ പോലും വാശിപിടിച്ചു കരയുന്ന പല കുട്ടികൾക്കും മാതൃകയാണ് ഫാത്തിമ. കുഞ്ഞുനാൾ തൊട്ടേ തന്റെ ഇഷ്ടങ്ങളെ കൈവിട്ട് അമ്മയ്ക്കും അനുജനും വേണ്ടിയാണ് അവൾ ജീവിച്ചു കാണിച്ചത്. ആ പക്വതയാർന്ന മനോഭാവം തന്നെയാണ് ഫാത്തിമയുടെ ജീവിതം ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കു നയിച്ചതും.
Read more:Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam