മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഡൗൺ സിൻഡ്രോം ബാധിതനായ കൈക്കുഞ്ഞിനെ ദത്തെടുത്തുകൊണ്ട് വാർത്തകളിൽ നിറഞ്ഞ മഹാരാഷ്ട്ര സ്വദേശിയായ ആദിത്യ തിവാരി എന്ന യുവാവിനെ ഓർമ്മയില്ലേ? അവിവാഹിതനായ ഒരു യുവാവിന് കുഞ്ഞിനെ ദത്തെടുക്കാൻ നിയമം ഇല്ലാത്ത നമ്മുടെ നാട്ടിൽ കുഞ്ഞിനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം ഏറെ കടമ്പകൾ കടന്നാണ് ആദിത്യ തന്റെ മകനെ സ്വന്തമാക്കിയത്.
അവിനാശ് തിവാരി എന്നു പേരിട്ട് അവി എന്ന് വിളിക്കപ്പെട്ട ആ കുഞ്ഞും അച്ഛനും പിന്നെ വളരെ പെട്ടന്നാണ് വാർത്തകളിൽ ഇടം പിടിച്ചത്. കുഞ്ഞു അവിയെ കളിച്ചും കളിപ്പിച്ചും അവനൊപ്പം ആദിത്യയും വളരുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സിംഗിൾ പേരന്റ് എന്ന ബഹുമതിക്ക് അർഹനായ ആദിത്യ ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് സമൂഹത്തിനു പഠിപ്പിച്ചു കൊടുക്കുകയായിരുന്നു.
എന്നാൽ ഈ അടുത്ത് ആദിത്യയും അവിയും വീണ്ടും വാർത്തകളിൽ നിറഞ്ഞു. എന്താണ് കാര്യമെന്നല്ലേ? കുഞ്ഞു അവിയ്ക്ക് മന്ത്രാലയം പാസ്പോർട്ട് നിഷേധിച്ചു എന്ന കാരണത്താൽ. പാസ്പോര്‍ട്ട് ലഭിക്കണം എങ്കിൽ അതിൽ അമ്മയുടെ പേരിനു നേരെയുള്ള കോളം ഫിൽ ചെയ്യണമായിരുന്നു. എന്നാൽ മാതാപിതാക്കൾ ഉപേക്ഷിച്ച അവിക്ക് അതിന്റെ അനിവാര്യത എന്ത് എന്നായി ആദിത്യയുടെ ചോദ്യം. ആ കോളത്തിൽ ആദിത്യയുടെ ഭാര്യയുടെ പേര് ചേർക്കാൻ കഴിയില്ല, കാരണം ആദിത്യ സിംഗിൾ പാരന്റ് ആയാണ് കുഞ്ഞിനെ ദത്തെടുത്തത്.
തോറ്റുപിന്മാറാൻ ആദിത്യ തയ്യാറല്ലായിരുന്നു. നിയമപരമായി തന്നെ ഇതിനെതിരെ പോരാടി. വസ്തുതകൾ മന്ത്രാലയം മുൻപാകെ നിരത്തി. ഒടുവിൽ സുഷമ സ്വരാജ് കേസിൽ നേരിട്ട് ഇടപെട്ടു. ഭോപ്പാൽ പാസ്പോർട്ട് ഓഫീസ് തടഞ്ഞു വച്ചിരുന്ന അവിയുടെ പാസ്പോർട്ട് ഫയലുകൾ രണ്ടു മാസങ്ങൾക്കു ശേഷം ചലിച്ചു. ഈ അച്ഛന്റെയും മകന്റെയും സ്നേഹത്തിനും ആവശ്യങ്ങൾക്കും മുന്നിൽ നിയമം ഒന്നുകൂടി മാറ്റി എഴുതപ്പെട്ടു.
അങ്ങനെ സ്വന്തം അമ്മയുടെ പേര് എഴുതാതെ തന്നെ അവിക്ക് പാസ്പോർട്ട് അനുവദിക്കപ്പെട്ടു. സിംഗിൾ പാരന്റിന്റെ പേരോടെ ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് പാസ്പോർട്ട് അനുവദിക്കാനുള്ള നിയമം വരേണ്ടത് അനിവാര്യമാണെന്ന് ആദിത്യ തിവാരി പറഞ്ഞു. എന്തായാലും അവിയും അച്ഛനും ഇപ്പോൾ ഹാപ്പിയാണ്
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam