ആഭരണങ്ങളില്ല, പട്ടുപുടവയില്ല, മാതൃകയായി ഒരു വിവാഹം; വൈറൽ പോസ്റ്റ്

തസ്നിം ഭർത്താവ് ഖാലിദിനൊപ്പം

പൊന്നിൽ തിളങ്ങുന്ന മേനി, കളര്‍ഫുൾ പട്ടുപുടവ, ആവശ്യത്തിലും അധികം ഭാരവും പേറിയാണ് പല വധുമാരും വിവാഹ വേദിയിലേക്ക് നടന്നെത്തുന്നത്. കഴുത്തു നിറഞ്ഞു കിടക്കുന്ന ആഭരണങ്ങളും പട്ടുസാരിയുമൊന്നുമില്ലാതെ എന്തു കല്യാണം എന്ന നിലയിലേക്കു തന്നെ എത്തി കാര്യങ്ങൾ. ​എന്നാൽ വിവാഹത്തിൽ ആഡംബരത്തിനു വലിയ സ്ഥാനമില്ലെന്നും ലാളിത്യമാണ് മഹത്തരം എ​ന്നും തെളിയിക്കുന്ന ഒരു ബംഗ്ലാദേശി യുവതിയുടെ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. 

ആഭരണങ്ങളോ മേക്അപ്പോ ഇല്ലാതെ വെറും കോട്ടൺ സാരി മാത്രം ധരിച്ച് വിവാഹ ചടങ്ങിനെത്തിയ ആ പെൺകുട്ടിയുടെ പേര് തസ്നിം ജാറ. പരമ്പരാഗത വിവാഹ സങ്കൽപങ്ങളെ തകിടം മറിച്ചുകൊണ്ടാണ് തസ്നിം തന്റെ വിവാഹ സൽക്കാരത്തിന് എ​ത്തിയത്. എന്തുകൊണ്ടാണ് താൻ അത്തരം ഒരു രീതി സ്വീകരിച്ചതെന്നും തസ്നിം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറയുന്നുണ്ട‌്. തസ്നിമിന്റെ വാക്കുകളിലേക്ക്....

'' തരിമ്പും മേക്അഇപ് ഇല്ലാതെ ആഭരണങ്ങൾ ഒന്നും അണിയാതെ മുത്തശ്ശിയുടെ വെള്ള നിറത്തിലുള്ള കോട്ടൺ സാരി ധരിച്ചാണ് ഞാൻ എന്റെ വെഡ്ഡിങ് റിസപ്ഷന് എത്തിയത്. പലരും അതെന്തുകൊണ്ടാണെന്നു ചോദിച്ചിരുന്നു, അതിനുള്ള കാരണമാണ് ഇവിടെ പറയുന്നത്. 

ടണ്‍ കണക്കിനു മേക്അപ്പും ഭാരമേറിയ വസ്ത്രവും ആഭരണങ്ങളുമൊക്കെ ധരിച്ചുള്ള സമൂഹത്തിലെ സോകോൾഡ് വധൂസങ്കൽപങ്ങളില്‍ ഞാൻ വളരെ അസ്വസ്ഥയായിരുന്നു. ഇതവരു‌ടെ സാമ്പത്തിക ഭദ്രതയെയല്ല സൂചിപ്പിക്കുന്നത്, പലപ്പോഴും അവരുടെ കൂടി താല്‍പര്യങ്ങൾ ഇതിനു വിരുദ്ധവുമാകും. വധു സുന്ദരിയാണോ, അവൾക്കെത്ര സ്വർണം കൊടുത്തിട്ടുണ്ട്, അവളുടെ വസ്ത്രത്തിന് എത്ര ചിലവായി തുടങ്ങിയ ഗോസിപ് ചോദ്യങ്ങൾ കേട്ടു വളരുന്ന പെൺകുട്ടികളിൽ സമ്മർദ്ദം ഉയരുകയാണ്. നഗരത്തിലെ മികച്ച മേക്അപ് ആർട്ടിസ്റ്റിനെ തന്നെ വലിയൊരു പ്രതിഫലം നൽകി തയ്യാറാക്കും, പണവും ഊര്‍ജവുമൊക്കെ അവസാനിക്കുന്നത് ആ പെൺകുട്ടിയേ അല്ലെന്ന തോന്നലിൽ അവളെ ഒരുക്കി ഇറക്കുമ്പോഴാണ്. അവളുടെ യഥാർഥ നിറം വിവാഹദിനത്തിനു ചേരുന്നതല്ലെന്ന ഓർമപ്പെടുത്തലാണ് സമൂഹത്തിന്റെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

ആഭരണങ്ങളില്ലാതെ വധു അപൂർണയാണെന്ന തോന്നലാണ് ആന്റിമാരിൽ നിന്നും സമപ്രായക്കാരിൽ നിന്നുമൊക്കെ അവൾ പഠിച്ചെടുക്കുന്നത്. വിവാഹ ദിവസത്തിൽ എത്രത്തോളം സ്വർണം അണിയുന്നുവോ അതിനെ അടിസ്ഥാനപ്പെ‌ടുത്തിയാണ് കുടുംബത്തിന്റെ സ്റ്റാറ്റസ് നിലനിൽക്കുന്നത് എന്നാണ് ധാരണ. വധുവാണെന്ന തോന്നലിനായി ശരിയായി നടക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള വിലകൂടിയ വസ്ത്രങ്ങളും ധരിക്കണം, വിവാഹം കഴിഞ്ഞാൽ പിന്നെ ആ വസ്ത്രംകൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നത് ഒരു സത്യം. 

ഒരു പെൺകുട്ടിക്ക് മേക്അപ് ചെയ്യണമെന്നോ ജ്വല്ലറി ഇടണമെന്നോ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കണമെന്നോ ആഗ്രഹമുണ്ടെങ്കിൽ ഞാൻ അതിനെ കുറ്റപ്പെടുത്തില്ല, പക്ഷേ തന്റെ വിവാഹ ദിനത്തിൽ എന്തു ധരിക്കണം തുടങ്ങിയ കാര്യങ്ങളിൽ സ്വാതന്ത്രം നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത്. സ്ത്രീയുടെ ശരിയായ രൂപത്തിൽ അവതരിക്കാതെ മറ്റൊരാളായി  ഒരുങ്ങിയിറങ്ങണം എന്ന സന്ദേശമാണ് സമൂഹത്തിന്റെ സമ്മര്‍ദ്ദത്താൽ ഉണ്ടാകുന്നത്. 

ഈ ചിന്താഗതിയിൽ മാറ്റം വരണമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. വിവാഹ ദിനത്തിൽ ആത്മവിശ്വാസമുള്ളവളാകാൻ വൈറ്റ്നിങ് ലോഷനോ, സ്വർണ നെക്‌ലേസോ വില കൂടിയ സാരിയോ വേണ്ട.അതുകൊണ്ടാണ് എന്റെ വിവാഹത്തിന് മുത്തശ്ശിയുടെ സാരി ധരിച്ച് മേക്അപ്പും ആഭരണങ്ങളുമില്ലാതെ ഞാൻ എത്തിയത്. ഈ ഒരു തീരുമാനം എടുക്കുമ്പോൾ പലരിൽ നിന്നും എനിക്കു പ്രതിരോധങ്ങൾ ഉണ്ടായിരുന്നു. എ​ന്നെ ഒരു വധുവിനെപ്പോലെ തോന്നിച്ചില്ലെങ്കിൽ ഒന്നിച്ചു നിന്നു ഫോ‌ട്ടോ എടുക്കാൻ വരില്ലെന്നു പോലും പറഞ്ഞവരുണ്ട്. അതിനൊപ്പം ഈ തീരുമാനത്തിനു സർവ പിന്തുണയുമായി നിന്ന ചില കുടുംബക്കാരെയും ഓര്‍ക്കുന്നു, ഒപ്പം എ​നിക്കരികിൽ ഇരിക്കുന്ന ഖാലിദ് എന്ന എ​ന്റെ ഭർത്താവിനെയും, പിന്തുണയ്ക്കുക മാത്രമല്ല അഭിമാനത്തോടെ സമൂഹത്തിലെ ഈ സ്റ്റീരിയോടൈപ്പുകൾക്കെതിരെ നിലപാടെടുക്കാൻ കൂടെ നിൽക്കുക കൂടി ചെയ്തു അദ്ദേഹം. ''

എന്തായാലും തസ്നിമിന്റെ വാക്കുകൾ യുവതലമുറയിൽ ചിലർക്കെങ്കിലും പ്രചോദനമാകുന്നതാണെന്നു പറയാതെവയ്യ. ആ സ്വീകാര്യതയാണ് എണ്ണിയാലൊടുങ്ങാത്ത ലൈക്കുകളുടെയും മൂവായിരത്തിൽപ്പരം ഷെയറുകളുടെയും രൂപത്തില്‍ തസ്നിമിന്റെ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്. 

Read more: Malayalam Lifestyle Magazine