പ്രണയത്തെക്കുറിച്ച് എത്രതന്നെ പറഞ്ഞാലും തീരില്ല, ഒരിക്കലും അവസാനിക്കാത്ത ഒരു കഥ പോലെയാണ് ഓരോ പ്രണയവും. പ്രണയിക്കുമ്പോൾ അതു തുറന്നു പ്രകടിപ്പിക്കുക കൂടി വേണം. അല്ലാതെ എന്റെ സ്നേഹം മുഴുവൻ ഉള്ളിലാണെന്ന തരത്തിലുള്ള പഴഞ്ചൻ ന്യായങ്ങൾക്ക് ഇന്നു സ്ഥാനമില്ല. ആവോളം സ്നേഹിക്കുന്നുവെന്ന് അവളോടു തുറന്നു പറഞ്ഞു നോക്കൂ, ആ കണ്ണുകളിലെ തിളക്കം ഒന്നു വേറെയായിരിക്കും. ഇന്നു സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഒരു പോസ്റ്റിലും സ്നേഹം പ്രകടിപ്പിക്കുന്നതിനെ കുറിച്ചാണു പറയുന്നത്.
ഡേവിഡ് ബ്ലേക് ഡേവിസ് എന്നയാളുടെ ഫേസ്ബുക് പോസ്റ്റാണ് കാമുകിമാരെ പ്രണയിക്കുന്ന, ഭാര്യമാരെ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷന്മാർക്കെല്ലാം മാതൃകയാകുന്നത്. ഓരോരുത്തരും താൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് ആ ഇഷ്ടം തുറന്നു തന്നെ പ്രകടിപ്പിക്കണം എന്നു പറയുകയാണ് ഡേവിഡ് തന്റെ പോസ്റ്റിലൂടെ. ഡേവിഡിന്റെ ഫേസ്ബുക് പോസ്റ്റിലേക്ക്..
''സമയം ഒരുപാടു വൈകിയിരിക്കുന്നു. അവൾ കിടക്കുന്നതിനിടെ ഒരു സുഹൃത്തിനോടു സംസാരിക്കാനായി പുറത്തേക്കു പോയതായിരുന്നു ഞാൻ. ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും നല്ല സമയത്തെയും മോശം സമയത്തെയും കുറിച്ചുമൊക്കെ ഞങ്ങൾ സംസാരിച്ചു. എന്തൊക്കെ പ്രതിബന്ധങ്ങൾ വന്നാലും അതിനെയെല്ലാം അതിജീവിച്ചു കരുത്തരാകുന്നതിനെക്കുറിച്ചും സംസാരിച്ചു. തിരികെ വന്നു ബെഡ്റൂമിൽ എത്തിയപ്പോൾ അവൾ ഉറങ്ങുകയാണ്, എന്റെ ജീവിതം, എന്റെ ബെസ്റ്റ് ഫ്രണ്ട്, എന്റെ മാത്രമായ എന്റെ പ്രണയിനി.
അവളെത്തന്നെ നോക്കി ഞാൻ നിന്നു, അതെ അവൾ പെർഫെക്റ്റായിരുന്നു. മേക്അപ്പോ ലിപ്സ്റ്റിക്കോ ഇല്ലെങ്കിലും മുടി ചീകിയൊതുക്കിയില്ലെങ്കിലും അവൾ എത്ര പെർഫെക്റ്റാണ്. ഞാനൊരിക്കലും അവളെ വിട്ടു പോവുകയില്ലെന്നും തിരികെ വരുമെന്നുമുള്ള കരുതലോടെയാണ് അവൾ കിടന്നത്. തനിയെ തന്നെ എന്തും ചെയ്യാന്‍ കഴിവുള്ള കരുത്തയായ സ്ത്രീയാണവൾ.
എല്ലാ പുരുഷന്മാരുടെയും ശ്രദ്ധയ്ക്ക്, ഒരാൾക്കൊപ്പം ഏറെകാലം ജീവിക്കുന്നുവെന്നതു കാര്യമാക്കേണ്ട, ഒരു വർഷമോ മുപ്പതു വർഷമോ ആയിക്കൊള്ളട്ടെ, ആ തീനാളം ജ്വലിച്ചു കൊണ്ടിരിക്കണം, അപ്പോഴും അവളോടു നീയെത്ര സുന്ദരിയാണെന്നു പറയണം. അവൾക്ക് തീരെ സുഖകരമല്ലാത്ത ദിവസത്തിലൂടെ കടന്നുപോകുമ്പോൾ നീ കൂടെയുണ്ടെന്നും അൽപം സമയം വിശ്രമിക്കൂ എന്നും പറയാം. കരയണമെന്നു തോന്നുമ്പോൾ നിന്റെ തോളുകളിൽ ചാരിക്കിടക്കാനുണ്ടെന്നു പറയാം. അവളുടെ സ്ഥാനത്തു പകരം വെക്കാൻ മറ്റൊരു സ്ത്രീയും ഇല്ലെന്നു പറയാം.
ചിലപ്പോൾ അവർ ഹൃദയം തുറക്കാൻ അൽപസമയം എടുക്കുമായിരിക്കും, പക്ഷേ നിങ്ങൾ അത് ആഗ്രഹിക്കുന്നുവെങ്കിൽ അതിനായി പോരാടുക തന്നെ വേണം. അവളുടെ സ്നേഹത്തിനായി ഞാൻ എന്നും പരിശ്രമിക്കാറുണ്ട്. അവളുടെ നല്ല ദിനങ്ങളിൽ സ്നേഹിക്കുന്നതിനൊപ്പം ചീത്ത ദിനങ്ങളിൽ കൂടുതൽ സ്നേഹിക്കൂ. ജീവിതം അത്ര എളുപ്പമല്ല, സ്നേഹവും. മരണം വരെയും എന്റെ എല്ലാ സ്നേഹവും നൽകി ഞാൻ അവളെ സ്നേഹിച്ചു കൊണ്ടേയിരിക്കും.
വീട്ടിൽ ഞങ്ങൾ മാത്രമുള്ള സമയങ്ങളിൽ ഞാനവളുടെ കണ്ണുകളിലേക്കു നോക്കി ഗിറ്റാർ വായിച്ച് അവള്‍ക്കായി പാട്ടുപാടും. ഞാൻ എന്താണു പാടുന്നതെന്നു പോലും ധാരണയുണ്ടാകില്ല. അതൊന്നും അവൾക്കൊരു പ്രശ്നവുമല്ല. അവുടെ മുടിയിഴകളിലൂടെ വിരലോടിച്ച് നെറ്റിയിൽ ചുംബിച്ച് ചെവിയിൽ ഞാൻ മന്ത്രിച്ചു. ' ഐ ലവ് യൂ', അവൾ എന്റെ പെൺകുട്ടിയാണ്. നിങ്ങളുടെ പ്രണയികളോടും അവരെ സ്നേഹിക്കുന്നുവെന്നു പറയൂ..
Read more: Malayalam Lifestyle Magazine