''സെറിബ്രൽ പാൾസി ബാധിച്ച ഒരു കുട്ടി ജനിച്ചാൽ മാതാപിതാക്കളുടെ മനസ്സിൽ പിന്നെ ആധിയാണ്. സ്വന്തം കുഞ്ഞ് എന്ന നിലയിൽ ഏറെ സ്നേഹം ഉണ്ടെങ്കിലും ആ കുട്ടി ഒരു ഭാരമായി പലഘട്ടത്തിലും തോന്നിയേക്കാം. എന്നാൽ ഈ തോന്നൽ ഉണ്ടാകാതിരുന്നതാണ് എന്റെ മാതാപിതാക്കളുടെയും എന്റെയും വിജയം.'' പറയുന്നത് ദൃഢനിശ്ചയം കൊണ്ട് സെറിബ്രൽ പാൾസി എന്ന രോഗത്തെയും ശാരീരിക വൈകല്യങ്ങളെയും മറികടന്ന് ഐ എ എസ് എന്ന സ്വപ്ന നേട്ടം കൈവരിച്ച ഇറ സിംഗാൾ ആണ്.
ഡല്‍ഹി സഫ്‌തര്‍ജംഗ് എന്‍ക്ലേവ് കൃഷ്‌ണനഗറില്‍ താമസിക്കുന്ന ഇറ സിംഗാളിനു ജന്മനാ ഇരുകൈകള്‍ക്കും സ്വാധീനമില്ലായിരുന്നു. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച ഇറയ്‌ക്കു മറ്റുകുട്ടികളെ പോലെ ക്ലാസില്‍ ഇരിക്കാനും യാത്ര ചെയ്യാനും സാധിക്കുമായിരുന്നില്ല. ഈ അവസ്ഥയിലും അവൾ ഐ എ എസ് എന്ന സ്വപ്നം മുറുകെ പിടിച്ചു. യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ 2014 ൽ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ഇറ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ വലിയൊരു സ്വപ്നം യാഥാർഥ്യമാവുകയായിരുന്നു. ഐ എ എസ് സ്വന്തമാക്കി മൂന്നു വർഷത്തെ ഭരണമികവോടെ ഡൽഹി സാകേതിൽ ഭരണം നടത്തുന്ന ഇറ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
* സിവിൽ സർവീസ് നേടുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്തിനായി എടുത്ത ശ്രമങ്ങളെപ്പറ്റി ?
ചെറുപ്പത്തിൽ എപ്പോഴോ മനസ്സിൽ വന്ന് ഉറച്ചതാണ് സിവിൽ സർവീസ് സ്വന്തമാക്കുക എന്ന ആഗ്രഹം. സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്നു മനസ്സിൽ തോന്നിയ കാലം മുതൽക്ക്, സർക്കാർ സർവീസിൽ കയറണം എന്ന് ആഗ്രഹിച്ചാണ് മുന്നോട്ടു പോയത്. സിവിൽ സർവീസ് സ്വന്തമാക്കിയാൽ ലക്ഷ്യങ്ങൾ എളുപ്പമാകും എന്നു തോന്നി. പിന്നെ ആ വഴിക്കായി ശ്രമങ്ങൾ. 9 വയസുമുതൽ ഐ എ എസ് എന്ന സ്വപ്നം എന്റെ കൂടെയുണ്ട്. എന്റെ ശാരീരികാവസ്ഥ ഒരിക്കലും അതിനു പ്രതികൂലമായി തോന്നിയിട്ടില്ല.
* ഒരു സിവിൽ സെർവന്റിന് ഏറ്റവും അനിവാര്യം എന്നു താങ്കൾ കരുതുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
സത്യസന്ധതയോടെയുള്ള പെരുമാറ്റം നിസ്വാർഥമായ സേവനം ചെയ്യുന്ന കാര്യത്തോടുള്ള പൂർണമായ അർപ്പണമനോഭാവം തുടങ്ങിയവ ഐ എ എസ് എന്ന ലേബൽ ആഗ്രഹിക്കുന്നവർക്ക് അനിവാര്യമാണ്. ചെറുപ്പം മുതൽ ഇത്തരം ശീലങ്ങളിൽ അടിയുറച്ചു വളരുക.
* സിവിൽ സർവീസ് ജയിക്കുന്നതിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
പരീക്ഷയ്ക്കായി തയ്യാറടുക്കുക എന്നതു തന്നെയായിരുന്നു ആദ്യത്തെ വെല്ലുവിളി. പിന്നെ എന്റെ സ്വന്തം തെറ്റുകൾ സ്വയം കണ്ടെത്തുക എന്നത്. ഇതിൽ രണ്ടിലും ഞാൻ സാവധാനം വിജയിച്ചു, അതോടെ ആത്മവിശ്വാസവും വർധിച്ചു. നമ്മുടെ കഴിവുകേടുകൾ കണ്ടെത്തുന്നതിനൊപ്പം കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക
* ഐ എ എസ് എന്ന ടാഗിനു പുറത്തെ ഇറ എങ്ങനെയാണ്?
എനിക്ക് ഒരുപാടു സുഹൃത്തുക്കൾ ഉണ്ട്. യാത്രകൾ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. സ്‌കൂളിലും മറ്റും കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളുമായുള്ള സൗഹൃദം ഇന്നും നിലനിർത്തുന്നു. അത് ഒരു പോസറ്റിവ് എനർജി പ്രദാനം ചെയ്യുന്നു.
* സോഷ്യൽ മീഡിയയിൽ ആക്റ്റിവ് ആണല്ലോ?
തീർച്ചയായും, നമുക്കു പറയാനുള്ള നല്ലകാര്യങ്ങൾ വലിയൊരു ജനവിഭാഗത്തിന് മുന്നിൽ തുറന്നു പറയുന്നതിന് സോഷ്യൽ മീഡിയ സഹായകമാണ്. സോഷ്യൽ മീഡിയക്ക് അതിരുകളില്ല. സോഷ്യൽ ഗവേർണൻസ് വിജയകരമായി ചെയ്യൻ നമുക്ക് ഈ സാഹചര്യം ഉപയോഗിക്കാം
* മറ്റു വിനോദങ്ങൾ?
വായന, പാചകം , സിനിമകാണൽ ഇതൊക്കെയാണ് ഐ എ എസിനു പുറത്ത് ഇഷ്ടമുള്ള കാര്യങ്ങൾ.
Read more: Lifestyle Malayalam Magazine