400കുഞ്ഞുങ്ങളെ രക്ഷിക്കാന്‍, 10 കിലോ ഭാരമുള്ള ബോംബുമായി ഒരു കിലോമീറ്റർ ഓടിയ പൊലീസുകാരൻ !

500  മീറ്റർ അകലെവരെ ബോംബിന്റെ പ്രസരണം എത്തുന്നതിനാൽ അതിനും അകലെയായി കൊണ്ടുപോയി ബോംബ് നിർവീര്യമാക്കി കുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം...

പോലീസുകാരുടെ ജീവിതം സുഖമുള്ള ഒന്നാണ് എന്നു കരുതിയതെങ്കിൽ തെറ്റി. എപ്പോഴാണ് ഏതു വഴിക്കാണു പ്രശ്നങ്ങൾ തേടിയെത്തുന്നത് എന്ന് ഒരു ധാരണയും ഉണ്ടാകില്ല. ചിലപ്പോൾ അവർക്കു ദൈവത്തിന്റെ മുഖച്ഛായയാണ്. മധ്യപ്രദേശിൽ അടുത്തിടെ നടന്ന ഈ സംഭവം, ഏതൊരു വ്യക്തിയെക്കൊണ്ടും അങ്ങനെ ചിന്തിപ്പിച്ചു പോകും. ബോംബ് ഭീഷണിയെത്തുടർന്ന്  ഒരു പ്രദേശത്തുനടത്തിയ തിരച്ചിലിനൊടുവിലാണ് ബോംബ് കണ്ടെടുക്കുന്നത്. 

12  ഇഞ്ച് നീളവും ഏകദേശം 10  കിലോ ഭാരവും ഉള്ള ബോംബ് കണ്ടെടുത്തതാകട്ടെ ഗ്രാമത്തിലെ ഒരു സ്‌കൂളിനടുത്തു നിന്നും. ഏകദേശം 400ൽപരം കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് അരികിൽ വച്ച് ആ ബോംബ് നിർവീര്യമാക്കുക അസാധ്യം. എപ്പോൾ പൊട്ടും എന്നുറപ്പില്ലാത്ത ആ ബോംബ് മുന്നിൽ വച്ചുകൊണ്ട് ഒരു ഭാഗ്യപരീക്ഷണത്തിനു നിൽക്കാൻ കോൺസ്റ്റബിൾ അഭിഷേക് പട്ടേലും കൂട്ടരും തയ്യാറല്ലായിരുന്നു. 

രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ അഭിഷേക് പട്ടേൽ ബോംബും കയ്യിൽ എടുത്ത് ഓടി. ദൂരെ തുറസ്സായ സ്ഥലത്തു കൊണ്ടുപോയി ബോംബ് നിർവീര്യമാക്കുകയായിരുന്നു ലക്ഷ്യം. 500  മീറ്റർ അകലെവരെ ബോംബിന്റെ പ്രസരണം എത്തുന്നതിനാൽ അതിനും അകലെയായി കൊണ്ടുപോയി ബോംബ് നിർവീര്യമാക്കി കുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു അഭിഷേകിന്റെ ലക്ഷ്യം. 

എന്തായാലും ലക്ഷ്യത്തിൽ വിജയിച്ച അഭിഷേക് പട്ടേൽ വിദ്യാർഥികളെ ബാധിക്കാത്ത രീതിയിൽ തന്നെ ബോംബ് നിർവീര്യമാക്കി. ജീവൻ പണയപ്പെടുത്തി കുട്ടികളുടെ ജീവൻ രക്ഷിച്ച അഭിഷേകിനും സംഘങ്ങങ്ങൾക്കും പോലീസ് സേന പ്രത്യേക പാരിതോഷികം ഏർപ്പാടാക്കിയിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine