ഒറ്റക്കൈ കൊണ്ട്  റിക്ഷ ഓടിക്കുക ശ്രമകരമാണ്, പക്ഷെ എന്റെ മക്കൾക്കായി ഞാനത് ചെയ്യും, ഒരച്ഛന്റെ തുറന്നു പറച്ചിൽ 

ഏതുവിധേനയും മുന്നോട്ടു പോകണം, മക്കൾക്കായി ജീവിക്കണം. അതെ ഇതൊരച്ഛന്റെ മനഃസാന്നിധ്യമാണ്. ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്

എത്ര വലിയ സ്വപ്‌നങ്ങൾ നാം കണ്ടാലും അത് യാഥാർഥ്യമാകണം എങ്കിൽ വിധികൂടി അനുകൂലമായി നിൽക്കണം, എന്നാൽ ഏതു പ്രതികൂല സാഹചര്യത്തിലും അനുകൂലമായ വിധി നേടിയെടുക്കുന്നവരല്ലേ യഥാർത്ഥ വിജയികൾ? അവരല്ലേ, ജീവിതം യഥാർത്ഥത്തിൽ ജീവിച്ചു തീർക്കുന്നത്? ഓരോ കഷ്ടപ്പാടുകൾക്കിടയിലും, സ്വന്തം ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിനുള്ള നെരിപ്പോടുകൾ കണ്ടെത്തുന്നവർക്ക് മാതൃകയാക്കാവുന്ന വ്യക്തിയാണ് ബംഗ്ലാദേശ് സ്വദേശിയായ ഡിലോയർ ഹൊസൈൻ . 

36  വയസ്സാണ് ഹൊസൈനിന്റെ പ്രായം. ബംഗ്ളാദേശിലെ ധാക്കയിൽ നിന്നും വന്ന്, ഷെർപൂരിൽ താമസമാക്കിയ ഇദ്ദേഹത്തെ, ഷെർപൂർ വീഥികളിൽ കാണാം. ഇടത്തെ കൈ ഇല്ലാതെ, ഒറ്റ കൈ കൊണ്ട് ബാലൻസ് ചെയ്‌തത്‌ സൈക്കിൾ റിക്ഷ ചവിട്ടി ഉപജീവനമാർഗം കണ്ടെത്തുന്ന ഹൊസൈൻ നമുക്ക് ഒരു അത്ഭുതമായി തോന്നിയേക്കാം എങ്കിലും ഷെർപൂർകാർക്ക്  അതൊരു നിത്യകാഴ്ചയാണ്. ഒറ്റക്കൈകൊണ്ട് റിക്ഷ ചവിട്ടി അദ്ദേഹം നേടുന്ന പണമാണ് രണ്ടു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഒരേയൊരു വരുമാനം. 

തൊഴിൽ തേടി, ധാക്കയിൽ നിന്നും ഷെർപൂരിൽ എത്തി പന്ത്രണ്ടാം ദിവസമാണ് ഹൊസൈനു തന്റെ ഇടത്തെ കൈ നഷ്ടമാകുന്നത്. രാത്രി രണ്ടു മണിവരെ റിക്ഷ ഓടിച്ചശേഷം, വഴിവക്കിൽ നിർത്തിയിട്ട റിക്ഷയിൽ തളർന്നു കിടന്നു മയങ്ങുകയായിരുന്നു അദ്ദേഹം. പെട്ടന്ന് നിയന്ത്രം വിട്ട ഒരു പച്ചക്കറി വാൻ റിക്ഷയിലേക്ക് ഇടിച്ചു കയറി. പിന്നീട്, ഹൊസൈനിനു ബോധം തെളിയുന്നത് 25  ദിവസങ്ങൾ കഴിഞ്ഞിട്ടാണ് . അപകടം നടന്നു രക്തത്തിൽ കുളിച്ചു കിടന്ന അയാളെ സമീപത്തെ മാർക്കറ്റിലുള്ള തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കായി പണം നൽകിയതും അവർ തന്നെ. 

ബോധം തെളിഞ്ഞപ്പോഴാണ് തന്റെ ഇടതു കൈ നഷ്ട്ടപ്പെട്ട കാര്യം ഹൊസൈൻ അറിയുന്നത്. '' കൈ നഷ്ടമായപ്പോൾ, ജീവിതം അവസാനിച്ചു എന്ന് കരുതിയതാണ്. എന്നാൽ എനിക്ക് ജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. ഭാര്യയും മക്കളും പട്ടിണികിടന്നു മരിക്കുന്നതിന് പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നില്ല . എന്റെ ചികിത്സയ്ക്കായി ഞങ്ങളുടെ മൂന്നു വർഷത്തെ സമ്പാദ്യവും ഭാര്യയുടെ സ്വർണവും ആകെ ഉണ്ടായിരുന്ന രണ്ടു പശുക്കളെയും വിറ്റിരുന്നു. ഏതു വിധേനയും ജീവിക്കാൻ പണം കണ്ടെത്താതെ വേറെ മാർഗം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒറ്റക്കൈകൊണ്ട് സൈക്കിൾ റിക്ഷ ബാലൻസ് ചെയ്ത ഓടിക്കാൻ പഠിച്ചത്. 

ചികിത്സ പൂർത്തിയാക്കി വീട്ടിലെത്തിയ ഹൊസൈൻ ഷെർപൂരിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. ഒറ്റ കൈ ഉപയോഗിച്ച് റിക്ഷ ഓടിച്ചു വരുമാനം കണ്ടെത്താൻ ആയിരുന്നു തീരുമാനം. ദിവസം 6  മണിക്കൂർ മാത്രമേ അങ്ങനെ തൊഴിൽ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. കൂടുതൽ ആയാസപ്പെട്ടാൽ ശരീരം തളരും, പേശികൾ വേദനിക്കും. എന്നാലും, ഹൊസൈൻ തൊഴിൽ തുടരുന്നു. ഇടക്ക് സൈക്കിളിന്റെ വാടക കഴിച്ചാൽ പിന്നെ, കൈയ്യിൽ ഒന്നും ബാക്കി കാണില്ല, എന്നാലും തൊഴിൽ ചെയ്യുന്നു. ഏതുവിധേനയും മുന്നോട്ടു പോകണം, മക്കൾക്കായി ജീവിക്കണം. അതെ ഇതൊരച്ഛന്റെ മനഃസാന്നിധ്യമാണ് , അവസാന വിജയം അദ്ദേഹത്തിന്റേതാകട്ടെ...

Read more: Viral stories in Malayalam