Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കാർ അപകടം തകർത്തത് നിന്റെ മുഖം മാത്രമാണ്, നമ്മുടെ പ്രണയമല്ല...'

Sunitha അപകടത്തിനു മുമ്പും ശേഷവുമുള്ള സുനിതയുടെ ചിത്രങ്ങൾ

പലപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെയാകില്ല ജീവിതത്തിന്റെ പോക്ക്. നാം സ്വപ്നം പോലും കാണാത്ത കറുത്ത വീഥികളിലൂടെ പോകേണ്ട സാഹചര്യങ്ങള്‍ വരാം. തിരിച്ചടികൾ നേരിടുമ്പോൾ പതറാനല്ല മറിച്ച് കരുത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്ന സുനിത അതിനസ് എന്ന യുവതിയുടെ കഥയും അതാണു പങ്കുവെക്കുന്നത്. സുനിതയുടെ ജീവിതകഥ നിങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല മറിച്ച് ഒന്നിനു മുന്നിലും തോറ്റുകൊടുക്കില്ലെന്ന ആത്മവിശ്വാസം കൂടി നൽകും. ‌

2011ലുണ്ടായ ഒരു കാറപക‌ടമാണ് സുനിതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്കു വരുന്നതിനി‌ടെ കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ മുഖം പൂർണമായും തകർന്ന സുനിതയെ പിന്നീട് കാത്തിരുന്നത് ആശുപത്രിയുടെ നാളുകളായിരുന്നു. താൻ പ്രതീക്ഷിച്ചതിനു നേർവിപരീതം ജീവിതത്തിൽ സംഭവിച്ചപ്പോഴും അവൾ തകരാതെ കരുത്തയായി മുന്നേറി. ആ ആത്മവിശ്വാസം ഒന്നു മാത്രമാണ് സുനിതയെ സഹപാഠിയായിരുന്ന ജയ് എന്ന യുവാവിന്റെ പ്രണയത്തെ തിരിച്ചറിയാൻ സഹായിച്ചതും കുടുംബ ജീവിതത്തിലേക്കു കാലെടുത്തു വെപ്പിച്ചതുമൊക്കെ. 

സുനിതയുടെ വാക്കുകളിലേക്ക്...

''എല്ലാവരും ആസൂയപ്പെട്ടിരുന്ന ഒരു പെൺകുട്ടിയായിരുന്നു അന്നു ഞാൻ, എനിക്ക് ആൺസുഹൃത്തുക്കളുമുണ്ടായിരുന്നു, എന്റെ ശ്രദ്ധ ലഭിക്കാൻ പിന്നാലെ നടന്നവരുമുണ്ട്, എനിക്കറിയാമായിരുന്നു ഞാൻ സുന്ദരിയാണെന്ന്. പക്ഷേ ജീവിതം റോസാപൂക്കളാൽ മനോഹരം മാത്രമാകില്ലല്ലോ. എന്റെ സഹോദരിയും മാതാപിതാക്കളും ഞാനും 250 സ്ക്വയർഫൂട്ടുള്ള ഒരു വീട്ടിലാണ് കഴിഞ്ഞു കൂടിയിരുന്നത്, അച്ഛൻ അമിത മദ്യപാനിയായിരുന്നു. ചിലപ്പോഴൊക്കെ മൂന്നുനേരവും ഭക്ഷണം കഴിക്കാൻ പോലും ഞങ്ങൾ പാടുപെട്ടു. നല്ലൊരു ജീവിതം കെട്ടിപ്പ‌ടുക്കണമെന്ന എന്റെ ആഗ്രഹമാണ് പ്ലസ്ടു കഴിഞ്ഞതോടെ എന്നെ ബാംഗ്ലൂരിലേക്കെത്തിച്ചത്. അവിടെ ഒരു ഫിസിയോതെറാപ്പി കോഴ്സിനു ചേരുകയും ജോലി ലഭിക്കുകയും ചെയ്തു. 

2011 ഓഗസ്റ്റ് 27 ശനിയാഴ്ച ഞാൻ എന്റെ കോയമ്പത്തൂരിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു. തിരുപ്പൂരിലേക്കു ഷോപ്പിങ്ങിനു പോകുന്ന സുഹൃത്തുക്കൾ എന്നെ ഡ്രോപ് ചെയ്യാമെന്നു പറയുകയായിരുന്നു. ഞങ്ങൾ കൃഷ്ണഗിരിയിൽ എത്താറായപ്പോഴാണ് അതു സംഭവിച്ചത്.  മാരുതി 800ൽ പുറകിൽ പാട്ടുംകേട്ട് ഉറങ്ങിയ ഞാൻ ആ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. പിന്നീടു സുഹൃത്തുക്കൾ പറഞ്ഞാണു ഞാനറിഞ്ഞത്, എന്റെ മുടിയാകെ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നുവെന്നും ഡിവൈഡറിൽ തട്ടി വാഹനം മൂന്നുതവണ മലക്കം മറിഞ്ഞ സമയത്ത് എന്റെ മുഖം വിൻഡോയ്ക്ക് പുറത്തായിരുന്നുവെന്നുമൊക്കെ. 

sunitha-1 ജയ് എന്ന ഭർത്താവിന്റെ സാന്ത്വനം ഒന്നു മാത്രമാണ് അവളെ നാൾക്കുനാൾ കരുത്തയാക്കുന്നത്. ഇന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് സുനിത...

എന്റെ മുഖം ആകെ മാറിയിരുന്നു, ഏതാണ്ട് മൂന്ന് ആഴ്ചയെങ്കിലും എടുത്താണ് ചർമം പൂർണമായും വൃത്തിയാക്കാൻ കഴിഞ്ഞതു തന്നെ. വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് എന്റെ ഇടത്തേ കൃഷ്ണമണി കവിളിലിരിക്കുന്നത് അവർ കണ്ടത്, ഡോക്ടർമാർ സശ്രദ്ധം അതു തൽസ്ഥാനത്തേക്കു നീക്കി. ട്യൂബിലൂടെയാണ് ആഹാരം കഴിച്ചിരുന്നത്. അവർ എന്നും എന്റെ കൈകൾ ബെഡിനു പുറകിൽ കെട്ടിയിരുന്നു, മുഖത്തിന്റെ അവസ്ഥ ഞാൻ തിരിച്ചറിയാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. എന്റെ കീഴ്ത്താടി അഞ്ചിടങ്ങളിൽ പൊട്ടിയിരുന്നു, മേൽത്താടിയാകട്ടെ പൂർണമായും തകർന്നിരുന്നു. ഒരു പല്ലു മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു, പിന്നീട് അവര്‍ കൃത്രിമപ്പല്ലു വെച്ചു തരികയായിരുന്നു. 

എന്റെ മുഖം കാണാതിരിക്കാൻ കുറേക്കാലത്തേക്ക് മുറിയിൽ കണ്ണാടികളൊന്നും വച്ചിരുന്നില്ല. കുറച്ചുകാലത്തിനിടെ ആദ്യമായി ഞാൻ എന്റെ മുഖം കാണുന്നത് എലിവേറ്റർ ഡോറിലൂടെയായിരുന്നു, അക്ഷരാർഥത്തിൽ നിരാശയായ ഞാൻ അന്നു ശരിക്കും നിലവിളിച്ചു. വിരൂപമായ മുഖത്തിന്റെ മധ്യഭാഗത്ത് ഒരു ദ്വാരവുമായൊരു രൂപം എന്നെ തുറിച്ചു നോക്കുന്നു. 2011നും 2014നും ഇടയിലുള്ള കാലങ്ങളിലായി 27ഓളം സർജറികൾ എന്നിൽ ചെയ്തു. ഇന്ന് എനിക്ക് രുചിയറിയാനുള്ള കഴിവോ കണ്ണുനീർ ഗ്രന്ഥിയോ ഇല്ല. മണക്കാനുള്ള കഴിവോ ഭക്ഷണം ചവയ്ക്കാനുള്ള കഴിവോ ഇല്ലെന്നു മാത്രമല്ല വായ അടയ്ക്കാനും കഴിയില്ല. 

ഈ യാത്ര എന്നെ ബന്ധങ്ങളെക്കുറിച്ച് ഒരുപാടു പഠിപ്പിച്ചു. ഒരു തൂണുപോലെ എനിക്കൊപ്പം ഉറച്ചുനിന്ന സഹോദരിയും എന്റെ ശബ്ദമാകാൻ മുന്നോട്ടുവന്ന സുഹൃത്തുക്കളും. ഒപ്പം എന്നെ വിട്ടുപോയവരുമുണ്ട്, എന്നെ കാണാൻ ധൈര്യമില്ലാത്തവരും തകർന്നു പോയവരുമൊക്കെ അക്കൂട്ടത്തിലുണ്ട്. 

ഡിസ്ചാർജ് ആയതോടെ ഞാൻ തമിഴ്നാട്ടിലേക്കു പോയിരുന്നെങ്കിലും വീണ്ടും ബാംഗ്ലൂരിലേക്കു തിരിച്ചുവന്നു. അന്നാണ് ഞങ്ങൾക്കു പതിനേഴു വയസ്സു പ്രായമുള്ളപ്പോൾ എന്നോടു പ്രണയം ഉണ്ടായിരുന്ന ആ സഹപാഠി എന്നെ കണ്ടതും പ്രണയാഭ്യർഥന നടത്തിയതും. 2012നു ശേഷം എന്റെ എല്ലാ സർജറികൾക്കും കൂട്ടായി അദ്ദേഹവും ഉണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം എന്റെ അപക‌ടമോ, സർജറികളോ, ദുരിതം നിറഞ്ഞ കുട്ടിക്കാലമോ ഒന്നും പ്രശ്നമല്ല. 2014ൽ ഞങ്ങൾ വിവാഹിതരായി. കുട്ടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം അവർക്ക് എന്റെ മുഖമായിരിക്കും എന്നു പറഞ്ഞവർ വരെയുണ്ട്. അതിനെയൊക്കെ ഞങ്ങൾ ചിരിച്ചു തള്ളിയിട്ടേയുള്ളു. 

ആദ്യമൊക്കെ എനിക്കു ദേഷ്യം തോന്നുകയും മടുപ്പു തോന്നുകയും ഒക്കെ ചെയ്യുമായിരുന്നു. എനിക്കെന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഇത് കർമഫലമാണോ? അതിന് ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ലല്ലോ, എന്നും എനിക്കൊരു നല്ല ജീവിതം വേണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുളളു. പക്ഷേ ജീവിതം ഒരിക്കലും എന്നെ നോക്കി കളിയാക്കിച്ചിരിക്കരുത് എന്നു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അതെല്ലാം മറികടന്നു.'' 

താങ്ങായി നിന്ന പ്രണയം

സുനിതയുടെയും ഭർത്താവ് ജയ്‌യുടെയും പ്രണയകഥ അന്നൊക്കെ വാർത്തകളിലും നിറഞ്ഞിരുന്നു. കാർ അപകടത്തിൽ മുഴുവനായി മുഖം തകർന്നിട്ടും പ്രണയത്തിനു മുന്നിൽ മുട്ടുമടക്കാതിരുന്ന ജയ് യഥാർഥ പ്രണയം എന്താണെന്നു കാണിച്ചു തരികയായിരുന്നു. 

പ്ലസ് ടു കാലത്തായിരുന്നു ജയ്‌യ്ക്ക് സുനിതയോടു പ്രണയം തോന്നിത്തുടങ്ങിയത്, പക്ഷേ പരീക്ഷയിൽ ഉഴപ്പാതിരിക്കാനും പ്രണയം പറഞ്ഞാൽ സുനിത സൗഹൃദം ഉപേക്ഷിച്ചേക്കുമോ എന്നു ഭയന്നും ജയ് അക്കാര്യം മറച്ചുവച്ചു. അന്നു പിരിഞ്ഞതിനു ശേഷം രണ്ടുവർഷത്തേക്ക് യാതൊരു ബന്ധവും ഇരുവരും തമ്മിലുണ്ടായില്ല. പിന്നീട് ജയ്‌യുടെ ഒരു പിറന്നാൾ ദിനത്തില്‍ സുനിത ഫോൺ വിളിച്ച് ആശംസ അറിയിച്ചതോടെയാണ് ആ പ്രണയം ജയ് വീണ്ടും തിരിച്ചറിയുന്നത്. അങ്ങനെ സുനിതയെ തന്റെ ഇഷ്ടം അറിയിക്കുയായിരുന്നു.

ആ ഇടയ്ക്കാണ് സുനിതയുടെ കാറപകടം സംഭവിക്കുന്നത്.  അപകടം അറിഞ്ഞ് ആശുപത്രിയിലെത്തിയ ജയ് തിരിച്ചറിയാനാകാത്ത വിധം മുഖം നഷ്ടമായ സുനിതയെ കണ്ടു ശരിക്കും തളർന്നു. എങ്കിലും ഒരിക്കലും അവളെ കൈവിടില്ലെന്ന് അന്നുതന്നെ ജയ് തീരുമാനമെടുത്തിരുന്നു. പിന്നീട് വിവാഹം ചെയ്യാൻ തയാറാണെന്ന് ജയ് അറിയിച്ചപ്പോൾ ആദ്യമേ സുനിത എതിർത്തിരുന്നു. പക്ഷേ ജയ്‌യുടെ ആത്മാർഥ പ്രണയമാണെന്നു മനസിലാക്കിയതോടെ വിവാഹത്തിനു സുനിതയും തയ്യാറാവുകയായിരുന്നു. 

വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ തുടക്കത്തിൽ എതിർപ്പുമായി നിന്നപ്പോഴും ജയ് പതറിയില്ല, അവരെയെല്ലാം സമ്മതിപ്പിച്ച് സുനിതയുടെ കഴുത്തിൽ താലി കെട്ടി. നിരവധി ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഇപ്പോഴും പഴയ അവസ്ഥയിലേക്ക് സുനിത എത്തിയിട്ടില്ല, ജയ് എന്ന ഭർത്താവിന്റെ സാന്ത്വനം ഒന്നു മാത്രമാണ് അവളെ നാൾക്കുനാൾ കരുത്തയാക്കുന്നത്. ഇന്ന് രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് സുനിത.

Read more: Lifestyle Malayalam Magazine