Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അഭിനയിക്കുന്ന സമയത്ത് എല്ലാരുമുണ്ടായിരുന്നു, ഇപ്പോൾ ആരുമില്ല' കണ്ണ് നിറയും ആ പഴയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ!

Thodupuzha Vasanthy ചികിത്സിക്കാൻ പണമില്ലാതെ, ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി തൊടുപുഴയിലെ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് തൊടുപുഴയുടെ ഈ സ്വന്തം കലാകാരി.

ഒരിക്കൽ ചിലങ്കയണിഞ്ഞ കാലുകളിലൊന്നിന്റെ മുട്ടിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയതിന്റെ തുന്നൽപ്പാടുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല....റേഡിയേഷന്റെ പൊള്ളൽച്ചൂട്  കഴുത്തിനെ വരിഞ്ഞു മുറുക്കിയതു പോലെ....ഭക്ഷണം ദ്രവരൂപത്തിലാക്കി ഇറ്റിച്ചു കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കുത്തിയുടെ തൊട്ടടുത്ത് ഞാന്നു കിടക്കുന്നു... ആർക്ക് ലൈറ്റിന്റെ വെള്ളി വെളിച്ചത്തിൽ ഒരിക്കൽ തിളങ്ങിയിരുന്ന തൊടുപുഴ വാസന്തി (65) യുടെ മുഖത്ത് ഇപ്പോൾ നിരാശയുടെ നിഴൽചിത്രങ്ങൾ മാത്രം... നെറ്റിയിലെ വട്ടപ്പൊട്ടിൽ പോലും നിരാശയുടെ കണികകൾ.. പ്രായാധിക്യവും രോഗവും അവശയാക്കുമ്പോൾ നിശബ്ദമായി കരയുകയാണ് തൊടുപുഴ വാസന്തിയെന്ന നടി. ചികിത്സിക്കാൻ പണമില്ലാതെ, ജീവിതം സമ്മാനിച്ച ദുരിതങ്ങൾ ഉള്ളിലൊതുക്കി തൊടുപുഴയിലെ കൊച്ചു വീട്ടിൽ ഒതുങ്ങിക്കൂടുകയാണ് തൊടുപുഴയുടെ ഈ സ്വന്തം കലാകാരി. 

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നു ഓഗസ്റ്റ് 17 നാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചു തൊടുപുഴ വാസന്തിയുടെ വലതു കാൽ മുറിച്ചു മാറ്റിയത്. മുട്ട് ഭാഗത്തു വച്ച് ആദ്യം മുറിച്ചെങ്കിലും, പഴുപ്പു കയറിയതിനെ തുടർന്നു മുട്ടിനു മുകളിൽ വച്ച് വീണ്ടും മുറിച്ചു. കാൽ മുറിച്ചു മാറ്റിയതിനു മാത്രം നാലു ലക്ഷം രൂപ ചെലവായി.  ‘‘തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്നു അതിനായിരുന്നു അടുത്ത ചികിത്സ.  ഇതു വരെയായി 20 റേഡിയേഷൻ കഴിഞ്ഞു. ഒരു മാസം കഴിഞ്ഞ് വീണ്ടും എത്തണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. കീമോ തെറപ്പി ചെയ്യേണ്ടി വരുമെന്നു ഡോക്ടർ പറഞ്ഞു. പക്ഷേ അതിനുള്ള കാശില്ല.  എന്റെ വൃക്കകളിലൊന്നു കരാറിലാണ്....കേൾവിക്കുറവുമുണ്ട്.... തുടർ ചികിത്സ നടത്തണമെങ്കിൽ കുറഞ്ഞത് ഏഴു ലക്ഷം രൂപയെങ്കിലും വേണ്ടി വരും. പക്ഷേ ആ തുക എങ്ങനെ കണ്ടെത്തുമെന്ന് എനിക്കറിയില്ല...ആരും എന്നെ സഹായിക്കാനില്ല. ഒരു കൊച്ചു വീടു മാത്രമാണു സിനിമയിൽ നിന്നുള്ള എന്റെ ഏക സമ്പാദ്യം’’–  40 വർഷം മുൻപു പണിത, ചോർന്നൊലിക്കുന്ന കോൺക്രീറ്റ് കെട്ടിടം ചൂണ്ടി വാസന്തി പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. 

   

ഓർമകളിലെ നഷ്ട വസന്തകാലം

കലാപാരമ്പര്യമുള്ള കുടുംബത്തിലാണു ഞാൻ ജനിച്ചത്. പിതാവ് കെ.ആർ. രാമകൃഷ്ണൻ നായർ നാടക നടനായിരുന്നു. മാതാവ് പി. പങ്കജാക്ഷി അമ്മ തിരുവാതിരക്കളിയുടെ ആശാട്ടിയും.  അച്ഛൻ, ‘ജയ്ഭാരത്’ എന്ന പേരിൽ ബാലെ ട്രൂപ്പ് നടത്തിയിരുന്നു.  പ്രീ–ഡിഗ്രിക്കു പഠിക്കുമ്പോൾ തന്നെ ഞാൻ അറിയപ്പെടുന്ന കലാകാരിയായി. പതിനാറു വയസ്സുള്ളപ്പോൾ ഉദയായുടെ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രേ’യിൽ ഒരു നൃത്തം അവതരിപ്പിച്ചു. ആദ്യ സിനിമയ്‌ക്ക് നൂറു രൂപയായിരുന്നു പ്രതിഫലം. പി. വസന്തകുമാരി എന്നാണു എന്റെ യഥാർഥ പേര്. അടൂർ ഭവാനിയാണ് എന്നെ തൊടുപുഴ വാസന്തിയാക്കിയത്.  ‘പീനൽകോഡ്’ എന്ന നാടകത്തിൽ അഭിനയിക്കാൻ എത്തിയ എന്നോട്, പേരിനൊപ്പം സ്ഥലപ്പേരു കൂടിച്ചേർത്താൽ നല്ലതായിരിക്കുമെന്നു അടൂർ ഭവാനി പറഞ്ഞു. അങ്ങനെയാണു തൊടുപുഴയെ എന്റെ പേരിനൊപ്പം ചേർത്തു വച്ചത്.  ‘എന്റെ നീലാകാശം’ എന്ന സിനിമയിലാണ് ആദ്യമായി ക്യാരക്‌ടർ വേഷം അവതരിപ്പിച്ചത്. തുടർന്ന് മദ്ധ്യവയസ്‌കയുടെ ഇമേജിൽ ഞാൻ കുരുങ്ങിപ്പോയി. അപൂർവ്വമായി മാത്രം മികച്ച വേഷങ്ങൾ കിട്ടി. ഇതു വരെയായി 450 ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു.  

‘ആലോല’ത്തിലെ ജാനകി

1982-ൽ പുറത്തിറങ്ങിയ ‘ആലോലം’ എന്ന ചിത്രത്തിലെ ജാനകിയെ മറക്കാനാകില്ല. കെ. ആർ. വിജയയും ഞാനുമായിരുന്നു ചിത്രത്തിലെ നായികമാർ. സ്‌ഥിരം ശൈലിയിൽ മോഹൻ ഒരുക്കിയ ഈ സീരിയസ് ചിത്രത്തിൽ കെ. ആർ. വിജയക്കൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ എനിക്കു കഴിഞ്ഞു.  നിർഭാഗ്യവശാൽ പിന്നീടൊരിക്കലും ജാനകിയുടെ റേഞ്ചിൽ നിൽക്കുന്ന ഒരു കഥാപാത്രം എന്നെ തേടിയെത്തിയില്ല. 2016 ൽ ‘ഇതു താൻടാ പൊലീസ്’ എന്നതാണു ഒടുവിലത്തെ ചിത്രം. 16 ൽപ്പരം സീരിയലുകളിലും 100 ൽപ്പരം നാടകങ്ങളിലും വേഷമിട്ടു. നാടകാഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. 

സിനിമയല്ല, ജീവിതം

‘‘ സിനിമ എനിക്ക് ഉപജീവന മാർഗം കൂടിയായിരുന്നു.  2007 വരെ ദിവസം തന്നെ രണ്ടോ അതിലധികമോ ചിത്രങ്ങളിൽവരെ അഭിനയിച്ചിരുന്നു. തുടർന്നാണ് പിതാവ് രാമകൃഷ്‌ണൻ നായരെ കാൻസർ രോഗം പിടികൂടുന്നത്. ഒരു വർഷം നീണ്ട ചികിൽസയ്‌ക്കും അച്ഛനെ രക്ഷിക്കാനായില്ല. സിനിമയിലേക്ക് കൈപിടിച്ചിറക്കിയ അച്‌ഛന്റെ മരണത്തോടെ സിനിമയിൽനിന്നു കുറച്ചു കാലം അകന്നു നിന്നു. മൂന്ന് വർഷത്തിനു ശേഷം സിനിമയുടെ ലോകത്തേക്കു തിരിച്ചെത്താൻ തുടങ്ങിയപ്പോഴാണ് ഭർത്താവ് രജീന്ദ്രനെയും, അച്‌ഛനെ ബാധിച്ച അതേ രോഗം കുടുക്കിട്ടുപിടിച്ചത്. സിനിമയിൽ സജീവമായിരിക്കുമ്പോൾ തന്നെയായിരുന്നു എന്റെ വിവാഹം. കലാസ്വാദകനായ രജീന്ദ്രനുമൊത്തുള്ള ദാമ്പത്യം എനിക്ക് സ്വർഗതുല്യമായിരുന്നു. പക്ഷേ, അർബുദം രജീന്ദ്രനെ കീഴടക്കി. ജീവച്‌ഛവമായി എന്റെ കണ്ണീരിന് സാക്ഷിയായി രജീന്ദ്രൻ ഏറെ നാൾ കിടന്നു. ഇതോടെ ഞാൻ  സിനിമകൾ കുറച്ചു.  രോഗക്കിടക്കയിലായിരുന്ന ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു.  2010 ഓഗസ്റ്റിൽ രജീന്ദ്രൻ വാസന്തിയെ തനിച്ചാക്കി വിടപറഞ്ഞു. തൊട്ടു പിന്നാലെ അമ്മയും മരിച്ചതോടെ ഞാൻ ഒറ്റപ്പെട്ടു.  13 വർഷം ഞാനും രജീന്ദ്രനും സന്തോഷത്തോടെ ജീവിച്ചു. ഈ ബന്ധത്തിൽ മക്കളില്ല’’– വാസന്തിയുടെ വാക്കുകൾ മുറിയുന്നു...

‘ഈ തണുത്ത വെളുപ്പാൻകാലത്ത്’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ വീട്ടിലേക്കു കാറിൽ വരുമ്പോൾ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റു. വലതു കൈ രണ്ടായി ഒടിഞ്ഞു. പിന്നെ ചികിത്സയുടെ നീണ്ട നാളുകൾ....സിനിമയിലേക്കുള്ള തിരിച്ചുവരവിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നിമിത്തമായി. എന്നാൽ ഹൃദയത്തിനും കണ്ണിനെയുമൊക്കെ ബാധിച്ച രോഗങ്ങൾ സിനിമയിൽ സജീവമാകുന്നതിൽനിന്നു വീണ്ടും വിലക്കി. ഹൃദയത്തിനുണ്ടായ തകരാറിനെ ആൻജിയോ പ്ലാസ്‌റ്റിയിലൂടെയും കണ്ണിനെ ബാധിച്ച ഗ്ലൂക്കോമിയ എന്ന രോഗത്തെ ശസ്‌ത്രക്രിയയിലൂടെയും മറി കടന്നു. രോഗാവസ്‌ഥയിൽ അഭിനയിച്ച ‘പറുദീസ’യിലെ വേഷമാണു അഭിനയത്തിലേക്കുള്ള മടങ്ങിവരവിന് നിമിത്തമായത്. എന്നാൽ വീണ്ടും രോഗങ്ങൾ എന്നെ കീഴ്പ്പെടുത്തി....

മൂന്നു മുറികളുള്ള ചോരുന്ന വീട് – ഏക സമ്പാദ്യം

തൊടുപുഴയ്ക്കു സമീപം മണക്കാട് ആർ.കെ. ഭവൻ എന്നൊരു കൊച്ചു വീടുണ്ട്. നീല പെയിന്റിൽ വെള്ള അക്ഷരങ്ങളിൽ വസന്തകുമാരി പി. എന്നു കുറിച്ചിരിക്കുന്നു. ചായം മങ്ങിയ, ചോർന്നൊലിക്കുന്ന വർഷങ്ങൾ പഴക്കമുള്ള വീട്... ഒരു സിനിമാ നടിയുടെ വീടാണിതെന്നു പറഞ്ഞാൽ ആരും അത്ഭുതപ്പെടും. 

‘‘സിനിമയിൽ നിന്നു എന്തു നേടിയെന്നു ചോദിച്ചാൽ തൊടുപുഴ മണക്കാട് ഒരേക്കർ സ്ഥലം വാങ്ങി, അവിടെ മൂന്നു മുറികളുള്ള ഒരു കൊച്ച് വീടു പണിതു.  മഴ പെയ്താൽ ഈ വീട് ചോർന്നൊലിക്കും.  എന്റെ ഭർത്താവിന്റെ ചികിത്സയ്ക്കായി 43 സെന്റ് വിറ്റു. 10 സെന്റ് പണയപ്പെടുത്തി. എന്റെ സഹോദരങ്ങൾക്ക് നല്ല ജീവിതം നൽകാൻ കഴിഞ്ഞു. അതിലെനിക്ക് അഭിമാനമുണ്ട്.  സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ വീടിനോടു ചേർന്ന് നൃത്ത വിദ്യാലയം തുടങ്ങി. രോഗങ്ങൾ എന്നെ വിടാതെ പിൻതുടർന്നതോടെ നൃത്ത വിദ്യാലയം രണ്ടു വർഷം മുൻപു അടച്ചിട്ടു. നൃത്ത വിദ്യാലയത്തിൽ നിന്നു ലഭിക്കുന്ന തുച്‌ഛമായ തുക കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നു. പക്ഷേ രോഗങ്ങൾ പിൻതുടർന്നതോടെ എന്റെ ജീവിതം നടുക്കടലിലായി.  എന്റെ വീടിന്റെ ഒരു ഭാഗത്ത് കറി പൗഡർ നിർമാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. എന്റെ സഹോദരൻ സുരേഷ് കുമാറാണു ഇതു നടത്തുന്നത്.  കാൻസർ രോഗത്തിന് എനിക്കു റേഡിയേഷൻ ചെയ്യുന്നതിനാൽ പൊടി ശല്യമുണ്ടാകാതിരിക്കാൻ ഇപ്പോൾ എന്നെ ഇപ്പോൾ തൊട്ടടുത്തുള്ള മൂത്ത സഹോദരി രാധാമണിയുടെ വീട്ടിലാക്കിയിരിക്കുകയാണ്. താര സംഘടനയായ അമ്മയിൽ നിന്നുള്ള പ്രതിമാസ കൈനീട്ടമായ 5000 രൂപ കൊണ്ടാണു ഞാൻ ജീവിക്കുന്നത്. അമ്മയുടെ കലാകാരൻമാർക്കായി ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പ്രകാരം 70000 രൂപ അനുവദിച്ചു.  കാൽ മുറിച്ചു മാറ്റിയ സമയത്തായിരുന്നു തുക അനുവദിച്ചത്.  നാട്ടുകാരും അടുത്ത ബന്ധുക്കളുടെയും സഹായത്താലാണു ഇതു വരെ ചികിത്സ നടത്തിയത്.  ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ല. മരുന്നുകുപ്പികളുടെ എണ്ണം ഓരോ ദിവസവും പെരുകുകയാണ്. വിലക്കൂടുതലുള്ളയാണ് എല്ലാ മരുന്നുകളും. മിക്സിയിൽ അരച്ച് ഇടതു മൂക്കിൽ ഘടിപ്പിച്ച റെയ്ൽ ട്യൂബിലൂടെയാണു ഭക്ഷണം ഉള്ളിലാക്കുന്നത്..‘‘

ആരും തിരിഞ്ഞു നോക്കിയില്ല, സഹായിച്ചില്ല...

നല്ലകാലത്ത് എനിക്കൊപ്പമുണ്ടായിരുന്ന ആരും ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. ചിലർ ഫോണിലൂടെ വിളിച്ചു വിവരം തിരക്കി, ചിലർ അക്കൗണ്ട് നമ്പർ വാങ്ങി, ‘ചടങ്ങ്’ പൂർത്തിയാക്കി.  ഇവരൊന്നും എന്നെ സഹായിച്ചില്ല. സിനിമാ രംഗത്തെ പ്രമുഖരിൽ പലരും തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനുകളിൽ വന്നു മടങ്ങും. ആരും എന്നെ സഹായിക്കാറില്ല, ആരും എന്റെ വീട്ടിൽ വരാറുമില്ല.  എനിക്ക് ആരോടും പരാതിയില്ല, കാരണം സിനിമയല്ല, ജീവിതം എന്നെനിക്കറിയാം.. പ്രായത്തിന്റെ അവശതകളുണ്ടെന്ന് എനിക്കു നന്നായി അറിയാം. പക്ഷേ ക്രച്ചസിൽ താങ്ങി അഭിനയിക്കാനുള്ള അവസരം കിട്ടിയാൽ ഞാൻ ഇനിയും അഭിനയിക്കാൻ ഒരുക്കമാണ്, ജീവിക്കാൻ വേണ്ടി...’’– പറഞ്ഞു നിർത്തുമ്പോൾ വാസന്തിയുടെ നിറ കണ്ണുകൾ പതിഞ്ഞത് ചുമരിൽ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്ന തന്റെ പഴയ ചിത്രത്തിലേക്ക്....

(  സഹായിക്കാൻ താത്പര്യമുള്ളവർക്ക് ഇതാ തൊടുപുഴ വാസന്തിയുടെ അക്കൗണ്ട് നമ്പർ:   11210100032566

ഫെഡറൽ ബാങ്ക്, തൊടുപുഴ ശാഖ  IFSC CODE FDRL0001121.) 

Read more: Lifestyle Magazine