'ലെസ്ബിയൻ ആണെന്നു പറഞ്ഞ് അവരെന്നെ പുറത്താക്കി, 10 വർഷം ജീവിച്ചിടത്ത് ഇന്ന് അന്യ'

Representative Image

''രണ്ടു പെൺകുട്ടികൾ ഒന്നിച്ചിരിക്കുകയോ വിഷമങ്ങൾ പങ്കുവയ്ക്കുകയോ ഒന്നിച്ചു കിടക്കുകയോ ചെയ്താൽ അവർ ലെസ്ബിയൻ ആകുമോ? സൗഹൃദങ്ങളെയെല്ലാം പ്രണയമെന്നു തീറെഴുതാമോ? കഴിഞ്ഞ പത്തു വർഷം ഞാൻ വീടായി കരുതിയിടത്തുനിന്ന്, ലെസ്ബിയൻ ആണെന്നു പറഞ്ഞ് അവരെന്നെ പുറത്താക്കി''- നെഞ്ചുരുകി പറയുകയാണ് വിതുര സ്വദേശി ശിൽപ. പതിനെട്ടു വയസ്സു പൂർത്തിയായ ശിൽപ തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ അന്തേവാസിയായിരുന്നു, ശിൽപയുടെ അനുജന്റെയും അനുജത്തിയുടെയും വീടും അതു തന്നെയാണ്. സാമ്പത്തിക പരാധീനതകളാണ് ശിൽപയെയും സഹോദരങ്ങളെയും ശ്രീചിത്രാഹോമിൽ എത്തിച്ചത്. എന്നാൽ ഇന്ന് തനിക്കു മനസ്സറിവില്ലാത്ത കാര്യത്തിന്റെ പേരിൽ ശിൽപ അവിടെ നിന്നു പുറംതള്ളപ്പെട്ടിരിക്കുകയാണ്. പുറത്താക്കലിലേക്ക് ഇടയാക്കിയെന്നു പറയപ്പെടുന്ന സാഹചര്യത്തെക്കുറിച്ചും തന്റെ നിലപാടിനെക്കുറിച്ചും മനോരമ ഓൺലൈനിനോട് ശിൽപ സംസാരിക്കുന്നു.

അവർ എനിക്കു സ്വന്തം ചേച്ചിയായിരുന്നു...

ലെസ്ബിയൻ എന്ന പദത്തിന്റെ അർഥം പോലും എനിക്കു മനസ്സിലായത് ഈ പ്രശ്നത്തോടെയാണ്. ഞാനും അവിടുത്തെ അന്തേവാസിയായിരുന്ന ഒരു ചേച്ചിയും തമ്മിലുള്ള സൗഹൃദം തെറ്റിദ്ധരിക്കപ്പെടുകയാണുണ്ടായത്. സത്യം പറഞ്ഞാൽ എനിക്കെന്റെ ചേച്ചിയെപ്പോലെയായിരുന്നു അവർ. പനി വരുമ്പൊഴും മറ്റും എന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ആ ചേച്ചിയായിരുന്നു. ഒന്നിച്ച് ഇരിക്കുകയും കിടക്കുകയും ചെയ്താൽ ലെസ്ബിയനാകുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. 

ഞങ്ങളെ തെറ്റിദ്ധരിച്ചതാണെന്നു പറഞ്ഞു മനസ്സിലാക്കാൻ ഒരുപാടു ശ്രമിച്ചിരുന്നു. പക്ഷേ അതൊന്നും കേൾക്കാൻ അവർ കൂട്ടാക്കിയിരുന്നില്ല. എന്റെ ഭാഗമാണു ശരിയെന്നു േബാധ്യപ്പെടുത്താനാണ് നിയമസഹായം തേടിയത്. കലക്ടറേറ്റിലും പരാതി സമർപ്പിച്ചിരുന്നു. കാരണം എനിക്കറിയാം ഞാൻ തെറ്റുകാരിയല്ലെന്ന്. കുഷ്ഠരോഗിയെപ്പോലെ മാറ്റി  നിർത്തുകയായിരുന്നു അവിടെ എല്ലാവരും. അന്ന് ആൺകുട്ടികളും പെൺകുട്ടികളും എല്ലാം നോക്കിനിൽക്കെയായിരുന്നു എന്നെ ചീത്തവിളിച്ചിരുന്നത്. എന്നെ മാത്രം വിളിച്ചായിരുന്നു ഇതെല്ലാം പറഞ്ഞിരുന്നതെങ്കിൽ ഇത്രയും വിഷമം തോന്നില്ലായിരുന്നു.

പത്തുവർഷം ജീവിച്ച ആ വീടിന് ഇന്നു ഞാൻ അന്യ

പത്തു വർഷമായി ഞാനവിടെയുണ്ട്. ഇതുവരെ എനിക്ക് അവിടെനിന്നു പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. ഒരു വർഷമായാണ് എനിക്കെതിരെ അവർ ആരോപണങ്ങൾ പറഞ്ഞു തുടങ്ങിയത്. പിന്നീട് കഴിഞ്ഞ ജൂൺ പതിനാറിന് അവിടെനിന്ന് ഇറക്കി വിടുകയായിരുന്നു. അന്നു ഞാൻ പേട്ട ഐടിഐയിൽ പഠിക്കുകയായിരുന്നു. പിറ്റേന്ന് ഞാൻ ക്ലാസിൽ പോവേണ്ടെന്നു സൂപ്രണ്ട് പറഞ്ഞിട്ടുണ്ടെന്ന് വാർഡൻ പറഞ്ഞു. ഞാൻ പോയതുമില്ല. പിറ്റേന്ന് ഒരു പതിനൊന്നു മണിയായപ്പോൾ വാർഡൻ എന്നെ കാണാന്‍ വന്നു. ഞാൻ വാർഡു മാറി കിടക്കണം എന്നു പറയാനായിരുന്നു അത്. പതിനേഴു വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ വാർഡിലേക്കു ശിൽപ  മാറിക്കിടക്കണമെന്ന് അവർ പറഞ്ഞു. എനിക്കു പതിനെട്ടു വയസ്സു പൂർത്തിയായതല്ലേ പിന്നെന്തിനാണ് ഞാൻ മാറിക്കി‌ടക്കുന്നതെന്ന് അവരോടു ചോദിച്ചു. മാത്രമല്ല, അവർ തന്നെയാണ് പതിനെട്ടു വയസ്സു പൂർത്തിയായവർ അതിനു താഴെയുള്ളവരുടെ വാർഡിൽ പോയി കിടക്കരുതെന്നു പറഞ്ഞിട്ടുള്ളത്. മാറുന്നില്ലെങ്കിൽ വീട്ടിൽ പോയ്ക്കോളൂ എന്ന നിലപാടിലായിരുന്നു അവർ. ഞാൻ കുറേ തർക്കിച്ചെങ്കിലും വേറെ വഴിയില്ലാതെ വന്നപ്പോൾ മാറാം എന്നു തന്നെ തീരുമാനിച്ചു.

പിന്നീടവർ പറഞ്ഞ കാര്യങ്ങളാണ് എന്നെ ശരിക്കും വിഷമിപ്പിച്ചത്. ഇനി ഒരിക്കലും ഞാൻ താമസിച്ചിരുന്ന വാർഡിലേക്കു വരികയോ അവരോടൊന്നും സംസാരിക്കുകയോ ചെയ്യരുതെന്നു പറഞ്ഞു. പക്ഷേ അതംഗീകരിക്കാൻ ഞാൻ തയാറായിരുന്നില്ല, കാരണം ഞാൻ എന്തു തെറ്റാണു ചെയ്തതെന്ന് എനിക്കു മനസ്സിലായിരുന്നില്ല. പിന്നീടു സൂപ്രണ്ട് നേരിട്ടു വിളിച്ച് എന്നേ കുറേ ചീത്തവിളിച്ചു. ഞാൻ നടക്കുന്നതും സംസാരിക്കുന്നതും ശരിയല്ല, എന്റെ വസ്ത്രധാരണം മോശമാണ് എന്നൊക്കെയായിരുന്നു ആരോപണം. ഹോസ്റ്റലിലെ ഏറ്റവും മോശം കുട്ടിയാണു ഞാനെന്നു വരെ അവർ പറഞ്ഞു. എനിക്കു മാനസിക രോഗമാണെന്നും ഞാൻ പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും പറഞ്ഞു. അങ്ങനെയെങ്കിൽ വിളിക്കാൻ തന്നെയാണു ഞാന്‍ ആവശ്യപ്പെട്ടത്, കാരണം അവർ എനിക്കു സുരക്ഷിതത്വം നൽകുമല്ലോ. പക്ഷേ പിന്നീടവർ പറഞ്ഞു, രണ്ടുപേരെ കൂട്ടിനുവിട്ട് എന്നെ വീട്ടില്‍ കൊണ്ടുപോയി വിടുകയാണെന്ന്. വാടക വീടായതുകൊണ്ടും വീട്ടിലെ ബുദ്ധിമുട്ടുകൾ കൊണ്ടുമാണ് ഞങ്ങൾ മാറിനിൽക്കുന്നത്. അതുകൊണ്ട് ഞാൻ സമ്മതിച്ചില്ല. പിന്നെ അവർ അമ്മയെ വിളിക്കുകയായിരുന്നു. എട്ടരയോടെ അമ്മയെത്തി. ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല, ഒരു തവണത്തേക്കു ക്ഷമിക്കൂ എന്നൊക്കെ അമ്മ അവരുടെ  കാലു പിടിച്ചു പറഞ്ഞു. പക്ഷേ എന്നെയും അമ്മയെയും ഇറക്കി വിടാനായിരുന്നു സൂപ്രണ്ടിന്റെ ഉത്തരവ്.

തിരിച്ചെടുത്താൽ രാജി വെക്കാൻ നിൽക്കുന്ന സൂപ്രണ്ട്

വഞ്ചിയൂർ കോടതിയിലാണ് ഞാൻ പരാതി നൽകിയത്. നാലുമാസമായി കേസ് നടക്കുകയാണ്. ഇതിനിടയിൽ പത്തോ പതിനഞ്ചോ വട്ടമെങ്കിലും കേസിനു വിളിച്ചു കാണും. മൂന്നോ നാലോ വട്ടം മാത്രമാണ് സൂപ്രണ്ട് ഹാജരായത്. ഇനിയെന്നെ അങ്ങോട്ടു തിരിച്ചെട‌ുക്കില്ലെന്ന വാശിയിലാണ് സൂപ്രണ്ട്. ഞാന്‍ തിരിച്ചു ചെന്നാൽ ജോലി രാജി വയ്ക്കും എന്നൊക്കെയാണു പറയുന്നത്. ഇനി അങ്ങോട്ടു ചെന്നാൽ എന്തു സുരക്ഷിതത്വമാണു ലഭിക്കുക എന്നും മഹിളാമന്ദിരത്തിലേക്കു മാറിക്കൂടേ എന്നും കോടതി ചോദിച്ചു. പക്ഷേ എന്റെ അനുജനും അനുജത്തിയും ശ്രീചിത്ര ഹോമിലാണുള്ളത്. അതുകൊണ്ട് എനിക്കവിടെത്തന്നെയാണു  പോകേണ്ടത്. മാത്രമല്ല ഈയൊരു പ്രശ്നത്തിന്റെ പേരിൽ ഞാൻ മറ്റൊരിടത്തേക്കു മാറിയാൽ അവർ ഏതു കണ്ണിലായിരിക്കും എന്നെ കാണുകയെന്നും ഭയമുണ്ട്. 

ഒന്നിച്ചിരുന്നു സംസാരിക്കാൻ പോലും ഭയം

ഞാൻ എല്ലാവരോടും എപ്പോഴും നല്ല രീതിയിൽ പെരുമാറിയിരുന്ന കുട്ടിയായിരുന്നു. മാനസികരോഗിയെന്നു വരെ വിളിച്ച് അധിക്ഷേപിച്ചപ്പോൾ സഹികെട്ടാണ് അന്ന് സൂപ്രണ്ടിനോട് എതിർത്തു സംസാരിച്ചത്. ഇപ്പോഴും ആ ഹോമിലെ കുട്ടികളിലാർക്കും എന്നോടു ദേഷ്യമില്ലെന്ന് അറിയാം. പക്ഷേ അവരെല്ലാം സൂപ്രണ്ടിനെ ഭയന്നു  മിണ്ടാതിരിക്കുകയാണ്. രണ്ടു പേർക്ക് ഒന്നിച്ചിരുന്നു സംസാരിക്കാൻ പോലും ഭയമായിരിക്കുന്ന അവസ്ഥയാണ് അവിടെ. സൗഹൃദങ്ങൾ പോലും തെറ്റിദ്ധരിക്കപ്പെടുന്നു.

ലെസ്ബിയൻ ആണെങ്കിൽ തന്നെ അവർക്കെന്ത്?

ഞാനിനി ലെസ്ബിയൻ ആണെങ്കിൽ പോലും അവർക്ക് ഇങ്ങനെ ഭ്രഷ്ട് കൽപിച്ചതുപോലെ മാറ്റി നിർത്തേണ്ട കാര്യമില്ല. ഞാൻ എങ്ങനെ ജീവിക്കണമെന്നത് എന്നെ മാത്രം ബാധിക്കുന്ന  കാര്യമാണ്. പിന്നെ ലെസ്ബിയൻ ആണെങ്കില്‍ത്തന്നെ അതു തുറന്നു പറയാനുള്ള ചങ്കൂറ്റവും എനിക്കുണ്ട്, അല്ലാതെ ഒളിച്ചു നടക്കില്ല. എന്തായാലും ഈ പ്രശ്നത്തോടെ ലെസ്ബിയൻ എന്ന വിഭാഗത്തെക്കുറിച്ചുതന്നെ നല്ല ധാരണയായി. അത്തരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ അതിനനുവദിക്കുകയാണ് വേണ്ടത്. മറ്റുള്ളവർ എന്തിനാണ് ആ  ജീവിതങ്ങളിൽ ഇടപെടുന്നത്?.

വീട്ടുകാർ കൂടെയുണ്ട്

വീട്ടുകാരുടെ പിന്തുണ എനിക്ക് ആവോളമുണ്ട്. എന്തു പ്രശ്നത്തിനും കൂ‌ടെയുണ്ടാകുമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് അതിന്റെ  പരിമിതികളുമുണ്ട്. അമ്മ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തുന്നത്, ആസ്മ രോഗിയായതിനാൽ ചിലപ്പോഴാക്കെ ജോലിക്കും പോകാൻ കഴിയാറില്ല. ഇതെന്റെ സ്വന്തം  വീടായിരുന്നെങ്കിൽ ഒരിക്കലും ഞാൻ ഹോമിലേക്കു തിരികെ പോകണം എന്നാഗ്രഹിക്കുമായിരുന്നില്ല. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുെമാക്കെ പിന്തുണയും ഉണ്ട്. സൂപ്രണ്ടിനു മാത്രമേ എന്നോടു വിരോധമുള്ളു എന്നാണു ഞാൻ വിശ്വസിക്കുന്നത്.

ഞാൻ പിന്മാറില്ല

ഇപ്പോൾ ഞാൻ ബേക്കർ ജംക്‌ഷനിൽ ഒരു ഒരു സെയിൽസ് ഫ്രീ കോഴ്സ് ചെയ്യുകയാണ്. ഇതു കഴിഞ്ഞാലുടൻ ഒരു ജോലി വേണം. ഹോമിലേക്കു തിരിച്ചു പോയി സഹോദരങ്ങൾക്കൊപ്പം തന്നെ കഴിയണം. അതിനു വേണ്ടി എന്തു നിയമനടപടിക്കു പോകാനും തയാറാണ്. അണുവിട അതിൽ നിന്നു പിന്നോട്ടു പോകാനില്ല. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam