ഈ ദീപാവലിക്ക് കുഞ്ഞു ട്വിഷ ആദ്യമായി മധുരം നുണഞ്ഞു. അവൾക്കായി അമ്മ ഇഷ്ടമുള്ള എല്ലാ പലഹാരങ്ങളും ഉണ്ടാക്കി. ജിലേബിയുടെയും സോൺപാപ്പടിയുടെയും , ഐസ്ക്രീമിന്റെയും മധുരം അവൾ ആവോളം ആസ്വദിച്ചു. തന്റെ മകൾ വായിലൂടെ അവളുടെ ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതിലും വലിയ സന്തോഷം സ്വീറ്റി മക്വാന എന്ന ഈ അമ്മയ്ക്കില്ല.
പഞ്ചാബ് സ്വദേശിയും ഓസ്ട്രേലിയയിൽ താമസക്കാരിയുമായ സ്വീറ്റി മക്വാനയെയും മകൾ ട്വിഷ മക്വാനയെയും കുറിച്ച് പറയുമ്പോൾ, ഒരു മുഖവുരയുടെ ആവശ്യമില്ല. ജന്മനാ അപൂർണമായ അന്നനാളവുമായി ജനിച്ച ഈ കുഞ്ഞിനെ, അച്ഛനും മറ്റു ബന്ധുക്കളും കൈ ഒഴിഞ്ഞു. കോടിക്കണക്കിനു രൂപ ചെലവ് വരുന്ന ചികിത്സയിലൂടെ മാത്രമേ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവൂ എന്നുകണ്ട്, മകൾക്കായി സേവ് അവർ ട്വിഷ കാമ്പയിനുമായി സമൂഹത്തിലേക്കിറങ്ങിയ ഈ അമ്മയുടെയും മകളുടെയും കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നന്മ നിറഞ്ഞ മനസുകളുടെ പിൻബലത്തിൽ അമേരിക്കയിലെ ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിൽ വച്ചു കഴിഞ്ഞ വർഷം മെയ്മാസത്തിലാണ് അന്നനാളം ആമാശയവുമായി ബന്ധിപ്പിക്കുന്ന ശസ്ത്രക്രിയ നടന്നത് . അതുവരെ വയറിൽ ട്യൂബ് ഘടിപ്പിച്ച്, ആമാശയത്തിലേക്കു നേരിട്ട് ഭക്ഷണം എത്തിക്കുകയായിരുന്നു പതിവ്. ശസ്ത്രക്രിയക്കു ശേഷം ട്വിഷയ്ക്ക് പിന്നെ എന്തുസംഭവിച്ചു എന്നതായിരുന്നു ലോകം അറിയാനായി കാത്തിരുന്ന കാര്യം.
ശസ്ത്രക്രിയക്കു ശേഷം കുഞ്ഞു ട്വിഷയ്ക്ക് ആദ്യ ഒരു വർഷത്തേക്ക് പ്രത്യേക ശ്രദ്ധ വേണം എന്നതിനാൽ അമ്മ സ്വീറ്റി സോഷ്യൽ മീഡിയയിൽ നിന്നും മറ്റു വിട്ടു നിൽക്കുകയായിരുന്നു. ആദ്യമായി പാൽ നുണയുന്ന കുഞ്ഞിനെ പോലെ, ഭക്ഷണത്തിന്റെ ഓരോ രീതികളും ട്വിഷ പഠിച്ചു തുടങ്ങിയത് തന്റെ അഞ്ചാം വയസ്സിലാണ്. ഇപ്പോൾ ട്വിഷയ്ക്ക് ആറുവയസ്സു കഴിഞ്ഞു. ജനിച്ചിട്ട് ആദ്യമായി ഇക്കുറി അവൾ ദീപാവലി മധുരം കഴിച്ചു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമാണ് ഇക്കഴിഞ്ഞ ദീപാവലി എന്ന് സ്വീറ്റി മക്വാന പറയുന്നു.
'' ട്വിഷയുടെ ജീവിതം മറ്റേതൊരു സാധാരണ കുട്ടിയുടേതും പോലെയാകണം എന്ന് പ്രാർഥ്ച്ചിരുന്നെങ്കിലും, ഇത്രവേഹത്തിലുള്ള ഒരു മാറ്റം ഏറെ അത്ഭുതപ്പെടുത്തുന്നു. വായിലൂടെ ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ കഴിയാതിരുന്ന കുട്ടിക്ക് ഇപ്പോൾ, ഇഷ്ടമുള്ളത് എന്തും കഴിക്കാം എന്ന അവസ്ഥയായി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആനുവൽ ചെക്കപ്പ് കഴിഞ്ഞു. ട്വിഷ പൂർണ ആരോഗ്യവതിയാണ് എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ട്വിഷയുടെ ജീവൻ രക്ഷിക്കുന്നതിനായി കഷ്ടപ്പെട്ട എല്ലാവരോടും നന്ദിയുണ്ട്'' സ്വീറ്റി മക്വാന പറയുന്നു.
ട്വിഷ ഇപ്പോൾ മറ്റേതൊരു കുട്ടിയേയും പോലെ സ്‌കൂളിൽ പോകുന്നുണ്ട്. യുകെജിയിൽ ആണ് ഈ കൊച്ചു മിടുക്കി ഇപ്പോൾ പഠിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ ശേഷം സ്വീറ്റി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. ലോകത്തെവിടെയും കാണില്ല ഇത്രമേൽ പരസ്പരം അലിഞ്ഞു ചേർന്ന ഒരമ്മയും മകളും എന്നാണ് സ്വീറ്റിയെയും ട്വിഷയെയും കുറിച്ച് ലോകം പറയുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam