'അമ്മയുടെ മടിത്ത‌ട്ടിലിരിക്കവേയാണ് അതു സംഭവിച്ചത്, എന്നെ ഇരയെന്നു വിളിക്കരുത്'

ഷബ്ബു

ഒരു കുഞ്ഞിന്റെ ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ മടിത്തട്ടാണ്, അവിടെ നിന്നും ആർക്കും അതിനെ അപായപ്പെടുത്താനാകില്ല. എന്നാൽ ഈ വിശ്വാസത്തിന്റെ നേർവിപരീതമാണ് ഷബ്ബു എന്ന മുംബൈ സ്വദേശിനിയുടെ ജീവിതത്തിൽ സംഭവിച്ചത്. വെറും രണ്ടു വയസ്സു പ്രായമുള്ളപ്പോൾ ആ മൃദുവാർന്ന ശരീരം ആസിഡ് വീണ് വെന്തുരുകുകയായിരുന്നു. അമ്മയോടുള്ള ദേഷ്യം മൂത്താണ് അച്ഛൻ അന്നു വീട്ടിലേക്കു കയറിവന്നത്, കയ്യിലിരുന്ന കുപ്പിയിൽ നിന്ന് ആസിഡ് അമ്മയുടെ ശരീരത്തിലേക്ക് തൂവിയപ്പോൾ മടിത്തട്ടിലിരുന്ന കുഞ്ഞു ഷബ്ബുവിന്റെ ദേഹത്തേക്കും ആസിഡ് ഒലിച്ചു.

പക്ഷേ ആ കഥകളൊന്നും ഓർത്തെടുക്കാനുള്ള പ്രായത്തിലല്ല സംഭവിച്ചത് എന്നു പറയുന്നു ഷബ്ബു. പിന്നീട് തനിക്കെന്താണു സംഭവിച്ചതെന്നു വ്യക്തമാക്കിത്തന്നത് പരിചരിച്ച ഡോക്ടറായിരുന്നു. അനാഥാലയത്തിൽ വളർന്ന ആ കൊച്ചുമിടുക്കി പഠനവും കഴിഞ്ഞ് ഇന്ന് നല്ലൊരു ജോലിക്കായി കാത്തിരിക്കുകയാണ്. ഒപ്പം ഒരു കാര്യം കൂടി ഷബ്ബുവിന് ലോകത്തോടു പറയാനുണ്ട്, തന്നെ ഇര എന്നു വിളിക്കല്ലേ എന്നാണത്. തന്റെ ജീവിതവും സ്വപ്നങ്ങളും ഒക്കെ പങ്കുവച്ച് ഷബ്ബു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇന്ന് വൈറലാവുകയാണ്.

ഫേസ്ബുക് േപാസ്റ്റിലേക്ക്..

'' എനിക്കു രണ്ടു വയസ്സുള്ളപ്പോഴാണ് ആ സംഭവം ഉണ്ടായത്, അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്നു ഞാൻ, അച്ഛൻ കൊടുങ്കാറ്റുപോലെ വന്ന് അമ്മയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചു, അതിൽ പാതി എന്റെ ശരീരത്തിലും വീണു. ഈ കഥ ഞാനറിയുന്നത് എന്നെ പിന്നീടുള്ള വർഷങ്ങളിൽ പരിചരിച്ച ഡോക്ടറായ ഗോറിൽ നിന്നാണ്, എനിക്കൊന്നും ഓർമയില്ല, ആ വേദന പോലും. ആ അപകടത്തിൽ അമ്മയെ നഷ്‌ടമായി എന്നു മാത്രമാണ് എനിക്കു മനസ്സിലായത്, എന്റെ അവസ്ഥ അറിഞ്ഞതോടെ ബന്ധുക്കളും എന്നെ ഉപേക്ഷിച്ചു അച്ഛൻ എങ്ങോട്ടോ പോയി, പിന്നീടു ഞാൻ വളർന്നത് ഒരു അനാഥാലയത്തിലായിരുന്നു. 

സത്യം പറയട്ടെ, എന്റെ ഡോക്ടർ മുതൽ അനാഥാലയത്തിലുള്ളവർ വരെ വളരെയധികം ലാളിച്ചാണ് എന്നെ വളർത്തിയത്. അവർ എനിക്കു നൽകിയ നിരുപാധിക സ്നേഹത്തിന് എത്രനന്ദി പറഞ്ഞാലും മതിയാവില്ല. വിചാരിക്കുന്നത്ര മോശമായിരുന്നില്ല എ​ന്റെ ബാല്യകാലം. കോളജിലേക്കു കടന്നപ്പോഴാണ് ഞാൻ കുറച്ചെങ്കിലും ബുദ്ധിമുട്ടിയത്. അവിടെ എനിക്കൊരു സുഹൃത്തുക്കളും ഉണ്ടായിരുന്നില്ല, ഞാൻ തനിച്ചിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. 

അവസാനത്തെ ബെഞ്ചിൽ ഇരിക്കുമായിരുന്ന ഞാൻ പറ്റാവുന്നത്ര എല്ലാവരിൽ നിന്നും ഒളിക്കുകയായിരുന്നു, എന്റെ പാടുകളെക്കുറിച്ച് കൃത്യമായ ബോധമുണ്ടായിരുന്നതുകൊണ്ട് എല്ലാവരും എന്നെ തുറിച്ചു നോക്കുകയാണെന്നാണ് കരുതിയിരുന്നത്. പിന്നീടെല്ലാം തലതിരിഞ്ഞു, അതെല്ലാം എന്റെ മനസ്സിലെ ചിന്തകൾ മാത്രമാണെന്നു ബോധ്യമായി. കാരണം ഇന്ന് എ​ന്റെ സന്തോഷം നിറഞ്ഞ ഓര്‍മകൾ നൽകുന്ന ഒരുപാടു സുഹൃത്തുക്കളെ പിന്നീടു ലഭിച്ചു.

അക്കാലത്തെ ഒരു രസകരമായ കാര്യം ഇന്നും ഓർക്കുന്നു. ആ അപക‌ടത്തിനു ശേഷം എന്റെ കൺപോള ശരിയായി അടയ്ക്കാൻ കഴിയാറില്ല, പക്ഷേ എന്റെ സുഹൃത്തുക്കൾക്ക് ഇതെക്കുറിച്ച് അറിയില്ലായിരുന്നു. അവരെന്നോടു ഞാൻ ഉറങ്ങിയിട്ടുണ്ടാകില്ലെന്നു കരുതി സംസാരിച്ചു കൊണ്ടേയിരിക്കും പക്ഷേ ഞാൻ എപ്പോഴേ ഉറങ്ങിക്കാണും. ഒന്നാലോചിച്ചു നോക്കൂ അപ്പോൾ ബോറടിക്കുന്ന ക്ലാസ്സുകളിൽ ഞാൻ എത്ര കൂളായി ഉറങ്ങിക്കാണുമെന്ന്. എനിക്കൊരു അസാമാന്യ ശക്തി ഉള്ളതു പോലെയായിരുന്നു തോന്നിയിരുന്നത്. 

എപ്പോഴും സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു എനിക്കിപ്പോഴും അച്ഛനോട് വെറുപ്പുണ്ടോ എന്ന് പക്ഷേ യാതൊരു സംശയവുമില്ലാതെ ഞാൻ ഇല്ലെന്നു പറയും കാരണം ഞാൻ അദ്ദേഹത്തോടു ക്ഷമിച്ചു കഴിഞ്ഞു. എന്റെ ജീവിതത്തിൽ വെറുപ്പിനിടമില്ല, എന്റെ ശ്രദ്ധ മുഴുവൻ ഒരു ജോലി നേടുന്ന കാര്യത്തിലാണ്. എന്റെ അപ്പിയറൻസും ചെക്അപ് ചെയ്യാൻ ഇടയ്ക്കിടെ അവധി എടുക്കുന്നതും കാരണം മുമ്പു ജോലി ചെയ്തിരുന്ന സ്ഥലത്തു നിന്നും തിരികെ വിട്ടതാണ്. അധികം വൈകാതെ മറ്റൊരു ജോലി ലഭിക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്. 

തിരികെ നോക്കുമ്പോൾ ഞാൻ വെറുക്കുന്ന ഒരേയൊരു കാര്യം ഇപ്പോഴും ആളുകൾ എന്നെ ആസിഡ് ആക്രമണത്തിന്റെ ഇരയായി കണക്കാക്കുന്നതാണ്. ഞാനൊരിക്കലും ഒരു ഇരയല്ല, മറ്റെല്ലാവരെയും പോലെ ഒരു സാധാരണ പെൺകുട്ടിയാണ്. ഞാൻ എന്റെ പാടുകളെ പുണര്‍ന്നുകൊണ്ട് വരാനിരിക്കുന്ന ജീവിതത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. എനിക്കു ലക്ഷ്യങ്ങളും സ്വപ്നങ്ങളുമൊക്കെയുണ്ട്.''

ഒരിക്കലും നിരാശയില്ലാതെ ഒരുകുന്നോളം സ്വപ്നങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്ന ഷബ്ബുവിന്റെ ജീവിതം നൽകുന്ന പ്രചോദനം ചെറുതല്ല. ജീവിതം ആർക്കു മുന്നിലും തോൽക്കാനുള്ളതല്ല, തോൽവികളെപ്പോലും വിജയങ്ങളാക്കാനാണ് എന്നു പഠിപ്പിക്കുകയാണ് ഷബ്ബു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam