അന്ന് നിറത്തിന്റെ പേരിൽ പിരിഞ്ഞു, 40 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിച്ചു !!

ഫോസ്റ്ററും മിറയും നാൽപത്തിമൂന്നു വർഷങ്ങൾക്കു മുമ്പും ഇപ്പോഴും

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ പരസ്പരം പോരാടുന്നവരുണ്ട്, എന്നാൽ അതിനേക്കാളെല്ലാമുപരി മനുഷ്യത്വമാണു വേണ്ടത്. ആത്മാർഥമായ സ്നേഹവും സഹജീവിയോടുള്ള കരുണയുമൊക്കെയാണ് ജീവിതത്തിൽ അ‌ടിസ്ഥാനമായി വേണ്ടത്. സ്നേഹം ആത്മാർഥമാണെങ്കിൽ എന്തിന്റെ പേരില്‍ പിരിഞ്ഞാലും അവര്‍ ഒരുകാലത്ത് ഒരുമിക്കുമെന്നു വ്യക്തമാക്കുന്ന ഒരുകഥയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ ചർച്ചയാവുന്നത്. നിറത്തിന്റെ പേരിൽ പിരിഞ്ഞവർ നാൽപതു വർഷങ്ങൾക്കിപ്പുറം ഒരുമിച്ചുവെന്ന സന്തോഷം പകരുന്ന ഒരു വാർത്ത.

വിർജീനിയ സ്വദേശികളായ ഹൊവാർഡ് ഫോസ്റ്ററും മിറ ക്ലാർക്കുമാണ് കഥയിലെ നായകനും നായികയും. ഹൈസ്കൂൾ കാലത്ത് പരസ്പരം ജീവനു തുല്യം പ്രണയിച്ച ഇരുവരും പിന്നീട് വർണ വിവേചനത്തിന്റെ പേരിൽ പിരിയുകയായിരുന്നു. ഫോസ്റ്റർ കറുത്ത വർഗക്കാരനും മിറ വെളുത്ത വർഗക്കാരിയും ആയതായിരുന്നു ഇരുവരുടെയും പിരിയലിനു കാരണം. എന്നാൽ നാൽപത്തിമൂന്നു വർഷങ്ങൾക്കിപ്പുറം തങ്ങളുടെ അറുപതുകളിൽ എത്തി നില്‍ക്കുമ്പോൾ അവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്, ഒരു വിധിക്കു വേണ്ടിയും ഇനി പിരിയാൻ ഉദ്ദേശമില്ലെന്ന ഉറപ്പോടെ. 

ഒരിക്കലും യാഥാർഥ്യമാവില്ലെന്നു കരുതിയ സ്വപ്നം സത്യമായതിന്റെ ആഹ്ലാദത്തിലാണ് താനിപ്പോൾ എന്ന് ഫോസ്റ്റർ പറയുന്നു. ക്ലാസ്മേറ്റ്സായിരുന്ന ഇരുവരും അറുപതുകളിലാണ് പ്രണയിച്ചിരുന്നത്. നിറമോ മറ്റെന്തെങ്കിലും ഘടകങ്ങളോ സാരമാക്കാതെ പ്രണയിച്ച ഇരുവരും പിന്നീടാണ് കാലം കരുതിവച്ച വിധിയെ തിരിച്ചറിഞ്ഞത്. 

തന്നെ സംബന്ധിച്ചിടത്തോളം മിറയെ എന്നും സന്തുഷ്ടയാക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടു കൂടുതലൊന്നും ആലോചിക്കാതെ പിരിയാൻ തീരുമാനിക്കുകയായിരുന്നു...

നിറത്തിന്റെ പേരിൽ മാത്രം ഫോസ്റ്റർ പാഠ്യമേഖലകളിൽ പലപ്പോഴും തഴയപ്പെട്ടിരുന്നു. എത്രത്തോളം മികവു കാണിച്ചാലും തനിക്കു മാത്രം എന്നും മാർക്കു വളരെ കുറവായിരുന്നു കിട്ടിയിരുന്നതെന്ന് ഫോസ്റ്റർ ഓർക്കുന്നു. ഈ സാഹചര്യങ്ങളിലൂടെ കടന്നു പോയപ്പോഴാണ് തങ്ങളുടെ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന തോന്നലുണ്ടായതെന്ന് ഫോസ്റ്റർ പറയുന്നു. സമൂഹം തങ്ങളെ ഒരുമിക്കാൻ അനുവദിക്കില്ലെന്നും അഥവാ ഒന്നിച്ചാൽ തന്നെ മിറ സന്തുഷ്ടയായിരിക്കില്ലെന്നും ഫോസ്റ്റർ മനസ്സിലാക്കി. 

തന്നെ സംബന്ധിച്ചിടത്തോളം മിറയെ എന്നും സന്തുഷ്ടയാക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതുകൊണ്ടു കൂടുതലൊന്നും ആലോചിക്കാതെ പിരിയാൻ തീരുമാനിക്കുകയായിരുന്നു. താൻ അനുഭവിക്കുന്ന വേർതിരിവുകൾ മിറയും അനുഭവിക്കേണ്ടതില്ലെന്ന തോന്നലാണ് പിരിയാൻ പ്രേരിപ്പിച്ചതെന്നു പറയുന്നു ഫോസ്റ്റർ. ആ വേർപിരിയലിനു ശേഷം പിന്നീട് ഒരു സുഹൃത്തു വഴി 2013ലാണ് മിറയും ഫോസ്റ്ററും വീണ്ടും കണ്ടുമുട്ടുന്നത്. 

ആ കാഴ്ചയിൽ തന്നെ ഇനിയൊരിക്കലും പിരിയില്ലെന്ന് രണ്ടുപേരും തീരുമാനിച്ചു. അങ്ങനെ 2015ൽ ഹോവാർഡും മിറയും വിവാഹിതരായി ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ചു.  നഷ്ടപ്പെട്ട കാലത്തെക്കുറിച്ചോർത്ത് ഇവർ ഇപ്പോൾ വിഷമിക്കുന്നില്ല, മറിച്ച് വരാനിരിക്കുന്ന ദിനങ്ങളോരോന്നും പരസ്പരം സന്തുഷ്ടരായി ജീവിക്കാൻ ആഗ്രഹിക്കുകയാണ്. കൗമാരത്തിൽ സ്വപ്നം കണ്ട ജീവിതത്തെ വാർധക്യത്തിനോടടുത്തെത്തി നിൽക്കുമ്പോൾ സ്വന്തമാക്കിയതിന്റെ ആഹ്ലാദം ഇരുവരുടെയും കണ്ണിൽ കാണാം. ഒരിക്കൽ ഞാൻ അദ്ദേഹത്തെ വിട്ടുപോയതാണ്, ഇനിയൊരിക്കലും അങ്ങനെയൊന്നുണ്ടാവില്ലെന്ന് മിറ പ്രണയാതുരയായി പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam