മകൾ ആരാധ്യയുടെ പിറന്നാൾ ആഘോഷത്തിന് ബോളിവുഡ് ലോകത്തെയാകെ വിരുന്നുവിളിച്ച് ലാവിഷ് പാർട്ടിയൊരുക്കിയിരുന്നു ഐശ്വര്യയും ഭർത്താവ് അഭിഷേക് ബച്ചനും. സിനിമാ താരങ്ങളും അവരുടെ മക്കളും ഉൾപ്പെട്ട പാർട്ടിയിലെ ഹൈലൈറ്റ് കുട്ടിക്കൂട്ടങ്ങൾ തന്നെയായിരുന്നു. ഇപ്പോഴിതാ അന്തരിച്ച പിതാവ് കൃഷ്ണരാജിന്റെ പിറന്നാളും ആഘോഷിച്ചിരിക്കുകയാണ് ആഷ്, അതും ഒരൽപം വ്യത്യസ്തമായി. എന്നാൽ പിറന്നാൾ ആഘോഷത്തേക്കാൾ ക്യാമറക്കണ്ണുകൾ പകർത്തിയത് നിറകണ്ണുകളോടെ നിൽക്കുന്ന ഐശ്വര്യയെയായിരുന്നു.
മുച്ചുണ്ടുമായി ജനിച്ച നൂറോളം കുട്ടികളുടെ സർജറിക്കായി പണം സ്പോൺസർ ചെയ്തുകൊണ്ടാണ് ആഷ് അച്ഛന്റെ പിറന്നാൾ ആഘോഷിച്ചത്. ഐശ്വര്യയും മകളും അതിനായി സ്മൈൽ ട്രെയ്ൻ ഫൗണ്ടേഷനിലേക്ക് കുട്ടികളെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തിരുന്നു. എന്നാൽ ആ അവസരത്തിൽ പാപ്പരാസികളെ കണ്ടത് ഐശ്വര്യയെ തെല്ലും സന്തുഷ്ടയാക്കിയില്ല. ക്യാമറക്കണ്ണുകൾ ഇടതടവില്ലാതെ ഐശ്വര്യയുടെ മുഖം പകർത്താൻ മൽസരിക്കുമ്പോൾ അതു നിർത്താനായി ഐശ്വര്യ അവരോട് അഭ്യർഥിച്ചിരുന്നു.
എന്നാൽ ഇതൊന്നും കൂസാക്കാതെ മൽസരിച്ചു ചിത്രം പകർത്തിക്കൊണ്ടിരിക്കുന്നവരിലേക്ക് ഞെട്ടിക്കുന്ന പ്രതികരണമാണ് ഐശ്വര്യയിൽ നിന്നും ഉണ്ടായത്. ക്ഷമ മുഴുവനായും നശിച്ച ഐശ്വര്യ കരച്ചിലിലേക്കു വഴിമാറുകയും വീണ്ടും ചിത്രം പകർത്തുന്നത് നിർത്താൻ അഭ്യര്‍ഥിക്കുകയുമായിരുന്നു. '' ദയവായി ഇതൊന്നു നിർത്തൂ, ഇതൊരു പ്രീമിയർ അല്ല. ഇതു മറ്റൊരു പൊതുപരിപാടിയും അല്ല. അൽപമെങ്കിലും മര്യാദ കാണിക്കൂ. നിങ്ങൾക്കെല്ലാം എന്താണു പറ്റുന്നത്? ''– എന്നാണ് വികാര വിക്ഷുബ്ധയായി ഐശ്വര്യ ചോദിച്ചത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam