സമൂഹമാധ്യമത്തെ ഗുണകരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കാൻ ശ്രമിക്കുന്നവർ ഉള്ളപ്പോൾ തന്നെ അതിനെ ദോഷപരമായി ഉപയോഗിക്കുന്നവരും ഉണ്ട്. നടിമാരുടെയും പെൺകുട്ടികളുടെയുമൊക്കെ ചിത്രങ്ങൾ അവർ പോലുമറിയാതെയാണ് പലപേജുകളിലും പ്രത്യക്ഷപ്പെടുന്നത്. അവയിൽ പലതും എഡിറ്റ് ചെയ്ത് മോശം ചിത്രങ്ങളാക്കിയാകും പ്രചരണം. അതിന്റെ ഏറ്റവും പുതിയ ഇരയായിരിക്കുകയാണ് അവതാരകയായ അശ്വതി ശ്രീകാന്ത്.
ടിവിഷോകളിലൂടെ പ്രശസ്തയായ അശ്വതിക്കാണ് ദുരനുഭവമുണ്ടായത്. താൻ മുമ്പ് ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തൊരു ഫോട്ടോ ആരൊക്കെയോ എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി പല പേജുകളിൽ അപ്ലോഡ് ചെയ്യുന്നുവെന്നാണ് അശ്വതി പറയുന്നത്. അതു ചെയ്തവരോടു തനിക്കൊന്നും പറയാനില്ലെങ്കിലും അശ്വതി എന്തിനാ ഇങ്ങനൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്നു ചിന്തിക്കുന്നവരോട് ചില കാര്യങ്ങൾ പറയാനുണ്ടെന്നും അശ്വതി പറയുന്നു. സോഷ്യൽ മീഡിയയിലെ ശ്രദ്ധയ്ക്കോ ലൈക്കുകൾക്കോ വേണ്ടി അന്തസ്സു കളയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അശ്വതി പറഞ്ഞു. ഫേസ്ബുക് പേജിലൂടെയായിരുന്നു അശ്വതിയുടെ പ്രതികരണം. അശ്വതിയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്....
''രണ്ടുകൊല്ലം മുമ്പ് ഇതേ പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇതു വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളിൽ അപ്ലോഡ് ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. അതുചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല... മറിച്ച് അതു കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓർക്കുന്ന, എന്നെ ഇഷ്ടപ്പെടുന്നവരോട് പറയാനുണ്ട്... സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കോ ലൈക്കുകൾക്കോ വേണ്ടി എന്റെ അന്തസ്സു കളയാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല...അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക...
സ്നേഹപൂർവം
അശ്വതി ''
അവതാരക എന്ന നിലയിൽ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വതി റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. ചിരിച്ചും ചിന്തിപ്പിച്ചും ഒപ്പം ചേർന്ന അശ്വതി അടുത്തിടെ '' ഠാ ഇല്ലാത്ത മുട്ടായികൾ'' എന്ന പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിരുന്നു. പ്രവാസ ലോകത്തെത്തിയതിനു ശേഷമായിരുന്നു അശ്വതി എഴുത്തിലേക്കു തിരിഞ്ഞത്. ഭർത്താവ് ശ്രീകാന്ത് ദുബായിയിൽ സ്വന്തമായൊരു സ്ഥാപനം നടത്തുന്നു, നാലു വയസ്സുകാരി പത്മയാണ് മകൾ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam