ആരാധാനലയങ്ങൾക്കു സമീപവും വഴിയോരങ്ങളിലും ബസിലും ട്രെയിനിലുമൊക്കെ ഭിക്ഷ യാചിച്ചു നടക്കുന്നവരെ നാം ധാരാളം കണ്ടിട്ടുണ്ട്. പലപ്പോഴും ഉള്ളിലെ സഹതാപം തികട്ടി നാമവർക്കു നാണയത്തുട്ടുകൾ നൽകാറുമുണ്ട്. അവരില്‍ പലരുടെയും കൈകളിൽ തളർന്നു കിടക്കുന്ന കുരുന്നുകളുമുണ്ടാകാം. പലയിടങ്ങളിലും ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ വച്ചുള്ള ഭിക്ഷാടനം കൺമുന്നിൽ കണ്ടാൽ അപ്പോൾ തന്നെ ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിക്കണമെന്നുമൊക്കെ ധാരണയുണ്ടെങ്കിലും പലകാരണങ്ങളാൽ പ്രതികരിക്കാൻ മടിയുള്ളവരാണ് ഏറെയും. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും അതിലെ കുരുന്നുമുഖവും ആരുടെയും ഹൃദയം തൊടുന്നതാണ്.
മലയാളിയും ഡൽഹി സ്വദേശിയുമായ ദീപ മനോജ് എന്ന യുവതിയാണ് തനിക്കു മുന്നിൽ കണ്ട ഈ ദയനീയ കാഴ്ച പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത്. ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന ഒരാൺകുട്ടിയുടെ മടിയിൽ തളർന്നു കിടന്നുറങ്ങുന്ന പെൺകുട്ടിയെ ദീപ എന്നും കാണാറുണ്ടായിരുന്നു. പ്രഭാതത്തിലും നട്ടുച്ചയിലും വൈകുന്നേരവും പാതിരാത്രിയിലുമൊക്കെ ആ കുഞ്ഞിനെ ഉറങ്ങിയേ കണ്ടിട്ടുള്ളു, ഓരോ സമയവും പലരുടെ മടിയിൽ. അതിൽ അപാകത തോന്നിയാണ് ദീപ വിഡിയോ എടുക്കാൻ തീരുമാനിച്ചതും ആൺകുട്ടിയോട് വിവരങ്ങൾ ചോദിക്കാൻ തുനിഞ്ഞതും.
ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷനിൽ വച്ച് രാത്രി പത്തരയോടെയാണ് ദീപ ഇവരെ കാണുന്നത്. രണ്ടോ മൂന്നോ വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ ദേഹത്താകെ വടുക്കളായിരുന്നു, അതെങ്ങനെ സംഭവിച്ചതാണെന്നു ചോദിച്ചപ്പോൾ തീപ്പെട്ടി തന്നെത്താൻ ഉരച്ച് ആ കുഞ്ഞ് സ്വയം പൊള്ളിക്കുകയായിരുന്നുവെന്നാണ് ആണ്‍കുട്ടി നൽകിയ മറുപടി. കുഞ്ഞിന്റെ പ്രായത്തെക്കുറിച്ചും പേരുമൊക്കെ ചോദിച്ചപ്പോൾ ആലോചിച്ചാണ് പയ്യൻ മറുപടി പറയുന്നത്. തന്റെ ചോദ്യങ്ങൾ തുടർന്നപ്പോൾ കുട്ടിയെയുംകൊണ്ടു പോയി ഒരുപറ്റം മറ്റു കുട്ടികളുമായി വരികയായിരുന്നു അവൻ എന്നും ദീപ പറയുന്നു. ദീപയുടെ ഫേസ്ബുക് പോസ്റ്റിലേക്ക്...
''വയ്യ.. ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറം.. ഞാൻ എപ്പോഴും കാണുന്നു.. ഈ കുഞ്ഞ് ഉറക്കത്തിലാണ്.. പ്രഭാതത്തിലും നട്ടുച്ചക്കും പ്രേദോഷത്തിലും രാത്രിയിലും പാതിരാത്രിക്കും.. എല്ലാം.. ഞാൻ പല സമയങ്ങളിലും ഈ കുട്ടിയേ പലരുടെ മടിയിൽ ഉറങ്ങുന്ന രീതിയിൽ കണ്ടിരിക്കുന്നു.. ഒരിക്കലും അവളെ ഉണർന്നു കണ്ടിട്ടില്ല.. ഇതിനു മുൻപും ഞാൻ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്.. അവർ എനിക്കു മറുപടി തന്നില്ല.. ഇന്നു രാത്രി 10. 30 നു ദിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷനിൽ വച്ചു വീണ്ടും ഞാൻ അവളെ കണ്ടു..
ശരീരമാസകാലം വടുക്കൾ ഉണങ്ങിയ പാടുകൾ... ഏകദേശം 2 അല്ലെങ്കിൽ 3 വയസ്സ് തോന്നിക്കുന്ന ആ കുട്ടിയുടെ യഥാർത്ഥ രക്ഷിതാക്കൾ ആരായിരിക്കും.. എന്തിനാവാം ആ കുട്ടി എപ്പോഴും ഉറങ്ങുന്നത്.. തീപ്പെട്ടി തന്നെത്താൻ ഉരച്ചു ആ കുഞ്ഞ് തന്നെ പൊള്ളിച്ചു ഉണ്ടാക്കിയ മുറിവുകൾ ആണത്രേ. എന്തോ എനിക്കു വിശ്വാസം വരുന്നില്ല... നിങ്ങൾക്കോ..
അവരുടെ വീടിനെ കുറിച്ചു ചോദിച്ചു.. അവൻ ആ കുട്ടിയെ കുലുക്കി ഇളക്കി മറിച്ചു പുറത്തേക്കു പോയി ഒരു വലിയ പറ്റം കുട്ടികളെ വിളിച്ചു സംഘടിപ്പിച്ചു.. 7 -8 കുട്ടികൾ പല വലിപ്പത്തിലുള്ളവർ... എന്നെ വെല്ലുവിളിക്കും പോലെ തോന്നി.. ആന്റി ഞങ്ങളുടെ വീട്ടിലേക്കു വാ.. കാട്ടി തരാം ആരുടെ കുട്ടിയാണെന്ന്... എന്നൊക്കെ കുറെ നേരത്തേക്ക് വിളിച്ചു കൂവുന്നുണ്ടായിരുന്നു... ധർമക്കാരുടെ ഇടി മേടിക്കണ്ടല്ലോ എന്ന് കരുതി ഞാനും എന്റെ കൂടണയാൻ നോക്കി... ഇതൊരു മാഫിയ ആണെന്ന് ആർക്കാ അറിവില്ലാത്തത്...''
വിഡിയോ വൈറലായതോടെ പലരും ദീപ എന്തുകൊണ്ട് പൊലീസിൽ അറിയിച്ചില്ലെന്നും മറ്റും പലരും പരാതി പറഞ്ഞിരുന്നു. അതിനും വിശദീകരണം നൽകി ദീപ മറ്റൊരു പോസ്റ്റിട്ടു.
ഭിക്ഷാടനത്തിൽ നിന്നു കുട്ടികളെ മോചിപ്പിക്കാനുള്ള യുദ്ധത്തിന് താൻ തയാറാണെന്നും അതിനായി ഒരു സൈറ്റോ പേജോ തുടങ്ങാമെന്നും ദീപ വ്യക്തമാക്കി. ഇന്ത്യയിൽ കാണാതാകുന്ന കുട്ടികളുടെ ഫോട്ടോയും മേൽവിലാസവും അതിൽ നൽകി ഒന്നിച്ചൊരു ഓപറേഷൻ തുടങ്ങാമെന്നും ദീപ പറയുന്നു.
''എല്ലാവരും ആ കുഞ്ഞിനെകുറിച്ചു ചോദിക്കുന്നു.. എന്നെ പോലെ നിങ്ങളും അവളെ സ്നേഹിച്ചു എന്ന് എനിക്ക് മനസ്സിലായി.. തീർച്ചയായും ഞാനും നിങ്ങളെ പോലെ വിശ്വസിക്കുന്നു ആ കുഞ്ഞിനെ എവിടെന്നോ തട്ടി എടുത്തതാണെന്നു... അതിനെ പീഡിപ്പിക്കുന്നു എന്ന്.. എന്നാൽ നിങ്ങൾ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. നമ്മുടെ കയ്യിൽ തെളിവില്ല.. Missing cases... അല്ലെങ്കിൽ ഏതെങ്കിലും സാമ്യമുള്ള കുഞ്ഞിന്റെ ഫോട്ടോയോ കുറിപ്പോ ഇല്ലാതെ ഞാൻ പോലീസിനോട് എന്താ പറയേണ്ടത് ?? അവന്റെ സഹോദരന്റെ കുഞ്ഞാണെന്നു അവൻ പറഞ്ഞു.. എന്നെ അവൻ വെല്ലുവിളിച്ചു.. അവന്റെ വീട്ടിലേക്കു ചെല്ലാൻ.. ഒറ്റ നിമിഷം കൊണ്ട് അവൻ അവന്റെ സംഘത്തിലെ മറ്റു കുട്ടികളെ വിളിച്ചു കൂട്ടി.. അവന്റെ കയ്യിൽ ഇരുന്നതിലും കുറച്ചു കൂടി പ്രായം കുറഞ്ഞ ഒരു കുഞ്ഞ് അവന്റെ സംഘത്തിലെ മറ്റൊരു ആൺ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നു.. അവർ ഒന്നിച്ചു ചേർന്നു എനിക്കെതിരെ പലതും പുലമ്പി..
ഈ സാഹചര്യത്തിൽ നമുക്ക് ഒന്നേ ചെയ്യാനുള്ളൂ.. ഇന്ത്യയിൽ യാചകരെ നിരോധിച്ചത് നിങ്ങൾ അറിഞ്ഞില്ല എന്നാണ് അവർക്കു തുട്ടുകൾ എറിഞ്ഞു കൊടുക്കുക വഴി എനിക്ക് മനസ്സിലായത്.. നമുക്ക് നിയമത്തിന്റെ വഴിയിലൂടെ അധികാരികളുടെ കണ്ണു തുറപ്പിക്കാം.. യാചകരുടെ കയ്യിൽ ഉള്ള എല്ലാ കുട്ടികളെയും മോചിപ്പിക്കണം.. അവരെ എവിടെയെങ്കിലും child കെയർ ടീം നെ ഏൽപ്പിക്കണം.. അതിനു അധികാരികളുടെയും നിയമ പാലകരുടെയും കൂട്ടായ പരിശ്രമമവും ഉത്തരവാദിത്തവും ഉണ്ടാവണം.. ഞാൻ പോലീസിന്റെ ഉപദേശം തേടിയില്ല എന്ന് പറഞ്ഞു നിങ്ങൾ എന്നെ ചീത്ത വിളിച്ചതും കണ്ടു... ഞാൻ എന്റെ സുഹൃത് വലയത്തിലെ വേണ്ടപ്പെട്ടവരുമായി സംസാരിച്ചിരുന്നു...
ഇനി ഒരു യുദ്ധം തന്നെ ആവശ്യമാണ്... അതിനു മുൻപ് നമുക്ക് ഒരു site.. അല്ലെങ്കിൽ പേജ് തുറക്കാം... ഇന്ത്യയിൽ ആകമാനം missing ആവുന്ന കുട്ടികളുടെ ഫോട്ടോയും മേൽവിലാസവും അതിൽ ഉൾപ്പെടുത്താം... അതോടൊപ്പം യാചകരോടൊപ്പമുള്ള കുട്ടികളുടെ സാധ്യമെങ്കിൽ അവരുടെ ഫോട്ടോയും add ചെയ്യാം.. എന്നിട്ട് നമ്മുടെ open operation start ചെയ്യാം... ഞാൻ ഈ സംരഭത്തിലേക്കു നിങ്ങളുടെ ഓരോരുത്തരുടെയും സഹായം പ്രതീക്ഷിക്കുന്നു... ഞാൻ post ചെയ്ത വീഡിയോ 10. 5 ലക്ഷത്തിൽ അധികം ആളുകൾ ഒറ്റ ദിവസം കൊണ്ട് കണ്ടു കഴിഞ്ഞു... ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉള്ളവർ എന്നെ contact ചെയ്തു.. അവൾ എനിക്കും നിങ്ങൾക്കും വേദനയാണ്... അവളെ പോലെ ഒത്തിരി കുഞ്ഞുങ്ങൾ മോചിതരാകേണ്ടി ഇരിക്കുന്നു..
എന്റെ ദൗത്യം ആരംഭിച്ചു.. ധാരാളം കൂട്ടുകാരും ഞാൻ അംഗവും നേതൃത്വം വഹിക്കുന്നതുമായ പല സംഘടനകളും എനിക്ക് പിന്തുണ അറിയിച്ചു കഴിഞ്ഞു.. ഇന്നലെ മാക്സിമം മീഡിയകളും എന്റെ fb പോസ്റ്റ് വീഡിയോയും ചിത്രങ്ങളും വർത്തയാക്കിയിരുന്നു. ഇനി നമുക്ക് എല്ലാവർക്കും ഒന്നു ചേർന്നു മുന്നോട്ടു പോകണം.. എല്ലാവർക്കും നന്ദി.. ഈ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ നമുക്ക് കഴിയുമെന്ന പൂർണ ആത്മ വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ദീപ...''
യാചകർക്കുള്ള ഓരോ നാണയങ്ങളും ആ മാഫിയയെ പടർന്നു പന്തലിക്കാനുള്ള വഴിയൊരുക്കൽ കൂടിയാണെന്ന് നാം ഓരോരുത്തരും ഓർക്കേണ്ടതുണ്ടെന്നാണ് ദീപയുടെ അനുഭവം സൂചിപ്പിക്കുന്നത്. യാചകർക്കൊപ്പം കുരുന്നുകളെ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ കണ്ടാൽ ഉടൻതന്നെ നിയമപാലകരെ അറിയിക്കാൻ ശ്രമിക്കുക. കുരുന്നുകൾ ഭിക്ഷാടന മാഫിയകളിൽ തളർന്നു കിടന്നുറങ്ങാതിരിക്കട്ടെ......
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam