Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷേൽ, അന്ന് ഭയന്നുവിറച്ച് നിന്നവൾ ഇന്ന് അനേകർക്ക് പ്രചോദനം!

Michelle Poler ചെറുപ്പം മുതല്‍ മിഷേല്‍ പോളര്‍ എന്ന പെണ്‍കുട്ടിയ്ക്ക് എന്തിനോടും ഭയമായിരുന്നു

ഭയന്ന്  ജീവിക്കുന്നതില്‍ ഭേദം മരണമാണെന്ന് പഴമൊഴി. ഭയമില്ലാതെ നിങ്ങള്‍ക്ക് എത്ര ദിവസം ജീവിക്കാനാകും. ഇനി സ്വന്തം ജീവിതത്തില്‍ അലട്ടുന്ന വലിയ ഭയങ്ങളെ തരണംചെയ്യാന്‍ എത്രപേര്‍ക്ക് സാധിക്കും. എന്നാല്‍  മിഷേല്‍ പോളര്‍ എന്ന യുവതി തന്‍റെ ജീവിതത്തെ വരിഞ്ഞുമുറുക്കിയ ഭയമെന്ന നീരാളിപിടുത്തത്തില്‍ നിന്നും രക്ഷപ്പെട്ടത് വ്യത്യസ്തമായൊരു മാര്‍ഗ്ഗത്തിലൂടെയായിരുന്നു. 

ചെറുപ്പം മുതല്‍ മിഷേല്‍ പോളര്‍ എന്ന പെണ്‍കുട്ടിയ്ക്ക് എന്തിനോടും ഭയമായിരുന്നു. കളിയ്ക്കാന്‍ പുറത്തുപോകുന്നതും നീന്തുന്നതും അങ്ങനെ ദൈന്യംദിനത്തില്‍  കാണുന്ന പല കാര്യങ്ങളും ചെയ്യാന്‍ അവള്‍ ഭയപ്പെട്ടു. പലതും ചെയ്തെങ്കിലും തന്നെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ഭയത്തില്‍ നിന്നും അവള്‍ക്ക് രക്ഷപ്പെടാനായില്ല. എന്നാല്‍ ഇങ്ങനെ പേടിച്ച് ജീവിച്ച് മടുത്തുവെന്ന് തോന്നിയ നിമിഷം അവള്‍ ഒരു തീരുമാനത്തിലെത്തി. 

100 ദിവസം കൊണ്ട് പേടിമാറ്റുക. ഓരോ ദിവസവും താന്‍ ചെയ്യാന്‍ പേടിക്കുന്ന ഒരു കാര്യം ചെയ്യുക. അങ്ങനെ 100 ദിവസം നൂറ് പേടിയെ അകറ്റുക. കേള്‍ക്കുമ്പോള്‍ ഇതൊക്കെ നടക്കുമോ എന്ന് നമ്മള്‍ ചിന്തിക്കും. എന്നാല്‍ മിഷേല്‍ പിന്തിരിഞ്ഞില്ല. അങ്ങനെ ഭയത്തെ പേടിപ്പിച്ചോടിക്കാന്‍ മിഷേല്‍ ചെയ്തത് എന്തൊക്കെയാണെന്ന് അറിയുമോ. 

പാമ്പിനെ കഴുത്തില്‍ ചുറ്റുക, പ്രാണികളെ കഴിയ്ക്കുക. സ്കൈ ഡൈവിംഗ്, സര്‍ക്കസിലെ ട്രപ്പീസ് അങ്ങനെ പലതും. എന്നാല്‍ ഇനിയാണ് രസകരമായ കാര്യങ്ങള്‍ വരുന്നത്. പേടിയെ തന്‍റെ ജീവിതത്തില്‍ നിന്നും പമ്പ കടത്താന്‍ ഒരു ചിത്രകാരന്‍റെ മുമ്പില്‍ നഗ്നയായി വരെ മിഷേല്‍ നിന്നുകൊടുത്തു . ന്യൂയോര്‍ക്ക് സിറ്റിയിലൂടെ ബിക്കിനിയിട്ട് നടക്കാനും ടൈംസ്ക്വയറില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഡാന്‍സ് കളിയ്ക്കാനുമൊന്നും ഇവര്‍ മടിച്ചില്ല. 

ഒടുവില്‍ നൂറാമത്തെ ഭയത്തെയും അവള്‍ കീഴ്പ്പെടുത്തി. തന്‍റെ ഏറ്റവും വലിയ പേടിയായ സഭാകമ്പത്തെ അവള്‍ മറികടന്നത് ടെഡ് എക്സ് എന്ന ലോകോത്തര ടോക്ക് ഷോയില്‍ സംസാരിച്ചുകൊണ്ടായിരുന്നു. സ്വന്തം അനുഭവം തന്നെയാണ് മിഷേല്‍ അവിടെ പങ്കുവച്ചത്. ഈ പരിപാടിയിലൂടെ മിഷേല്‍ ലോകപ്രശസ്തയായി എന്നുവേണം പറയാന്‍. ഇന്ന് ഇന്‍റ്ഗ്രാമിലൂടയും ട്വിറ്ററിലൂടെയും പതിനായിരങ്ങളാണ് മിഷേലിനെ ഫോളോ ചെയ്യുന്നത്. പലര്‍ക്കും അവര്‍  സ്വന്തം ജീവിതം കൊണ്ട്  പ്രചോദനമാകുന്നു. 

ഭയത്തെ നേരിടേണ്ടത് എങ്ങനെയെന്ന് മിഷേലിനെ കണ്ടുപഠിക്കണം എന്നാണ് ട്വിറ്ററിലും മറ്റുമുള്ള അവരുടെ ആരാധകര്‍ പറയുന്നത്. പേടിയില്ലാതെ ജീവിക്കാന്‍ ഇത്രയും ഈസിയായ വഴി വേറെയില്ലെന്ന് മിഷേലും പറയുന്നു. 

Read more on : Lifestyle Magazine, Viral videos