Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാടിന്റെയും അനുഷ്കയുടെയും വിവാഹം അടുത്തയാഴ്ച !

Anushka Virat വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും

ക്രിക്കറ്റ് മൈതാനത്ത് റണ്ണുകൾ വാരിക്കൂട്ടുന്ന വിരാട് കോഹ്‌ലിയും ബിടൗണിലെ തിളങ്ങുംതാരം അനുഷ്ക ശർമയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരുന്ന ആരാധകർക്കിതാ ഒരു സന്തോഷവാർത്ത. ഇരുവരും ഉടൻ വിവാഹിതരാകുവാൻ പോവുകയാണ്. അടുത്തയാഴ്ച ഇറ്റലിയിൽ വച്ചാണ് വിവാഹം നടക്കുന്നതെന്നാണ് സൂചന. ഡിസംബർ പന്ത്രണ്ടിനായിരിക്കും ആർഭാടപൂർണമായ വിവാഹം നടക്കുക എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. 

വിവാഹത്തിനായി വിരാട് വൈകാതെ ഇറ്റലിയിലേക്കു പറക്കുമെന്നാണ് അറിയുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് അനുഷ്കയുടെ വിവാഹവസ്ത്രം ഡിസൈൻ ചെയ്യുന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹത്തിനു വേദിയാകുന്നത് ഇറ്റലിയിലെ മിലൻ ആണ്. ശേഷം ഡിസംബർ 21ന് ഇരുവരുടെയും സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. 

അതിനിടെ വിവാഹവാർത്തയെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോൾ അത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്നാണ് അനുഷ്കയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ വാര്‍ത്തകൾ പുറത്തു വന്നിരുന്നു. ഡിസംബർ പന്ത്രണ്ട് എന്ന തീയതിയായിരിക്കും അനുഷ്ക തിരഞ്ഞെടുക്കാൻ സാധ്യതയെന്നും പ്രചരിച്ചിരുന്നു. 2008 ഡിസംബർ പന്ത്രണ്ടിനാണ് അനുഷ്ക രബ്നേ ബനാദേ ജോഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഈ ദിവസത്തോടുള്ള പ്രിയം കൊണ്ടുകൂടിയാണ് വിവാഹതീയതിയും അതു തന്നെയാക്കാൻ തീരുമാനിച്ചതെന്നും പ്രചാരണമുണ്ടായിരുന്നു. 

ഡിസംബർ പത്തുമുതൽ ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ കോഹ്‌ലിക്കു വിശ്രമം അനുവദിച്ചത് വിവാഹത്തിനെ മുന്‍നിർത്തിയാണെന്നാണ് സൂചന. അനുഷ്കയും പുതിയ സിനിമകളുടെ കാര്യത്തിൽ ചെറിയൊരു ഇടവേളയെടുത്തിട്ടുണ്ടെന്നാണ് കേൾക്കുന്നത്. 2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം വവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. 

ശേഷം യുവരാജിന്റെ വിവാഹത്തിനു കൂടി ഒന്നിച്ചെത്തിയതോടെ ആരാധകർ അതു വെറുമൊരു സംശയമല്ലെന്നു മനസ്സിലാക്കി. തുടർന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു അനുഷ്ക. എന്തായാലും കണ്ണുപൊത്തിക്കളി േപാലെ വിരാടും അനുഷ്കയും കൊണ്ടുനടന്ന പ്രണയം സഫലമാകുന്ന ആ ദിനത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam