നിങ്ങളാഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കാം, ഒരൊറ്റ കാര്യം!

‘‘എന്ത് തിരഞ്ഞെടുക്കണം എന്നുളളതാണ് ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യം.’’ ജോർജജ് മൂർ

നിങ്ങളാഗ്രഹിക്കുന്ന ജീവിതമില്ലേ? ആ ജീവിതം നിങ്ങൾ തന്നെ ഡിസൈൻ ചെയ്യാൻ ദൈവം നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും? നാം ആഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കുവാൻ നമുക്ക് സാധിക്കും. പക്ഷെ ഒരു കാര്യം. നമ്മൾ ചെറുതായി ഒന്ന് മനസ്സുവയ്ക്കണം.

പല വ്യക്തികളും തങ്ങളുടെ കരിയർ എങ്ങനെ വേണമെന്ന് മുൻകൂട്ടി ചിന്തിക്കുകയും, അതിനുവേണ്ട പദ്ധതികളൊരുക്കുകയും ചെയ്യുന്നവരാണ്. എന്നാൽ നിങ്ങളുടെ കരിയർ ഡിസൈൻ ചെയ്യുന്നതിലും എത്രയോ പ്രധാനപ്പെട്ട കാര്യമാണ് നിങ്ങളുടെ ജീവിതം ഡിസൈൻ ചെയ്യുക എന്നുളളത്.

പലയാളുകളും ജീവിതത്തിൽ ചെറിയ ചെറിയ ലക്ഷ്യങ്ങളാണ് മുന്നിൽ വച്ചിട്ടുളളത് കാരണം അതിനെക്കാൾ മുകളിൽ തങ്ങൾക്ക് എത്തിച്ചേരുവാനുളള കഴിവുണ്ടെന്ന കാര്യം അവർ വിസ്മരിക്കുന്നു. 

നിങ്ങളുടെ പരിമിതികൾക്കപ്പുറം ജീവിതത്തെക്കുറിച്ച് ഉയർന്നു ചിന്തിക്കേണ്ട സമയമാണിത്. പലരും തങ്ങളുടെ ജീവിതത്തെക്കുറിച്ചുളള സ്വപ്നങ്ങൾ നെയ്യുന്നത് തങ്ങൾ ചെയ്യുന്ന ജോലിയെ അടിസ്ഥാനമാക്കിയാണ്. ജീവിതത്തിൽ ഒരു മനുഷ്യൻ കാണിക്കുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളിലൊന്നാണിത്. 

ആദ്യം നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതത്തെക്കുറിച്ച് സ്വപ്നം കാണൂ. എന്നിട്ട് വേണം ഏത് തരത്തിലുളള ജോലി ചെയ്താലാണ് ആ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചാലോചിക്കാന്‍ .

പലപ്പോഴും എന്റെ ട്രെയിനിംഗുകളിൽ പങ്കെടുക്കുന്ന ക്ലയന്റ്സിനോട് തങ്ങളുടെ ആഗ്രഹത്തിലുളള ജീവിതം ഡിസൈൻ ചെയ്യാൻ പറയുമ്പോൾ അവർക്ക് അത് അത്ര എളുപ്പമുളള സംഗതിയായി മാറാറില്ല. ഞാൻ നിങ്ങൾക്ക് ശൂന്യമായ ഒരു സ്ലേറ്റ് നല്കുകയാണ്, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ആ സ്ലേറ്റിലെഴുതാം. നിങ്ങളാഗ്രഹിക്കുന്ന ജീവിതം അതിരുകളില്ലാത്തതാണ്. ഇന്നത്തെ നിങ്ങളുടെ ജീവിതം അതുമായി താരതമ്യം ചെയ്യുകയേ വേണ്ട.

നിങ്ങളാഗ്രഹിക്കുന്ന ജീവിതം ഡിസൈൻ ചെയ്യുന്നതിന് മുമ്പ് താഴെപറയുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ. 

1.നിങ്ങൾക്ക് എവിടെ ജീവിക്കണം

2.നിങ്ങൾക്ക് ആരാകണം? 

3.ആരോടൊപ്പം സമയം ചിലവഴിക്കുവാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

4.ഏതു തരത്തിലുളള വീടാണ് നിങ്ങള്‍ക്കു വേണ്ടത്? 

5.ഏതു തരത്തിലുളള ജോലി ചെയ്യുവാനാണ് നിങ്ങൾക്കിഷ്ടം?

6. ജീവിതം ആസ്വാദ്യമാക്കാൻ എന്തൊക്കെ ചെയ്യുവാനാണ് നിങ്ങൾക്കിഷ്ടം?

7.നിങ്ങളുടെ ഒരു ദിനം എങ്ങനെയാണ് ചിലവഴിക്കേണ്ടത്?

ഇപ്പോള്‍ നിങ്ങളുടെ ജീവിതം ഡിസൈൻ ചെയ്യുന്നതിനുവേണ്ട ഏതാനും ഘടകങ്ങൾ കിട്ടിയില്ലേ? അടുത്തതായി നിങ്ങളുടെ കൈവശം അഞ്ചു കോടി രൂപ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും എന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കൂ. വീട്, കാർ, ഫാം ഹൗസ്, പരിചാരകർ അങ്ങനെ നിങ്ങളുടെ ആഗ്രഹങ്ങൾ ഒന്നൊന്നായി എഴുതി വെയ്ക്കൂ.

മറ്റുളളവരിൽ നിങ്ങളെ അസൂയപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് കൂടി ചിന്തിക്കൂ. ഒഴിവുകാല വിദേശയാത്ര, ആരാലും വിലമതിക്കപ്പെടുന്ന ജോലി, മൂന്നാറിൽ ഒരു വേനൽകാലവസതി, ഉന്നതരുമായുളള വ്യക്തിബന്ധങ്ങൾ, സമൂഹത്തിൽ ആരാധിക്കപ്പെടുന്ന സ്ഥാനം, ടി.വി ചാനലുകള്‍ നിങ്ങളെ അതിഥിയായി വിളിക്കുന്നത്.... അങ്ങനെയങ്ങനെ ആ ആഗ്രഹങ്ങളുടെ പട്ടിക വലുതാകട്ടെ.

നിങ്ങളുടെ ആഗ്രഹങ്ങൾ ഒരു നോട്ട് ബുക്കിൽ കുറിച്ചിടുന്നതിനൊപ്പം അത് ചിത്രീകരിക്കുകയുമാവാം. പടം വരയ്ക്കുന്നത് നിങ്ങൾക്ക് അത്ര ഈസിയായി തോന്നുന്നില്ലായെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു ഫോൾഡർ‌ തുറന്ന് അതിൽ കട്ട് ആന്റ് പേസ്റ്റ് ചെയ്യുകയുമാവാം.

പേഴ്സണൽ കൺസൾട്ടേഷൻ തേടുന്ന ഒരു എം.ബി.എ വിദ്യാർത്ഥിനി ഇത്തരത്തിൽ  അവളുടെ ഭാവിജീവിതത്തെ ഡിസൈൻ ചെയ്തു. ഒരു നോട്ട് ബുക്കിൽ അവൾ താൻ ആഗ്രഹിക്കുന്ന ജീവിതത്തെക്കുറിച്ച് കുറിച്ചിട്ടു. ആ പേജിന്റെ വലത് വശത്തായി തന്റെ ആഗ്രഹങ്ങൾക്ക് യോജിച്ച പടങ്ങളും വെട്ടിയൊട്ടിച്ചു. 

ഒരു സ്യൂട്ടണിഞ്ഞ് കാറിൽ വന്നിറങ്ങുന്ന ഒരു എക്സിക്യൂട്ടീവ് വനിതയുടെ ചിത്രമാണ് അവൾ കരിയറിലെ തന്റെ ആഗ്രഹങ്ങളുടെ സ്ഥാനത്ത് വെട്ടിയൊട്ടിച്ചത്. കോൺഫറൻസുകളിലും മറ്റും സ്ഥിരമായി പങ്കെടുക്കുന്ന പവർഫുൾ ആയ ഒരു മാനേജരുടെ റോളിൽ തനിക്കെത്തിക്കണം എന്നതാണ് ഈ ചിത്രം കൊണ്ട് അവൾ ഉദ്ദേശിച്ചത്. 

ഏകദേശം രണ്ടു മാസത്തിനകം ഒരു മൾട്ടി നാഷണൽ എക്സ്പോർട്ടിംഗ് കമ്പനിയുടെ ഇന്റർവ്യൂവില്‍ പങ്കെടുക്കുവാൻ അവൾക്ക് അവസരം ലഭിക്കുകയും അവൾ ആഗ്രഹിച്ച തരത്തിലുളള കരിയർ അവൾക്ക് സ്വന്തമാക്കുവാനും കഴിഞ്ഞു.

വിവാഹ ജീവിതത്തിന്റെ കാര്യത്തിലും ഇതേ രീതി തന്നെയാണ് അവൾ തുടർന്നത്. തന്റെ ഡയറിയിൽ താൻ ഡയറിയിൽ താൻ ആഗ്രഹിക്കുന്ന കുടുംബജീവിതത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും വർണ്ണിച്ചശേഷം ഒരു മനോഹരമായ വീടിന്റെ ഉദ്യാനത്തിൽ വെള്ള നിറത്തിലുള്ള തൂക്കുകട്ടിലിൽ ഇരിക്കുന്ന ഭാര്യയും ഭർത്താവും രണ്ട് വയസ്സുളള കുഞ്ഞുമടങ്ങുന്ന, സന്തോഷചിത്തരായ ഒരു കുടുംബത്തിന്റെ ഫോട്ടോ അവൾ വെട്ടിയൊട്ടിച്ചു. ഏകദേശം ആറു മാസത്തിനകം മികച്ച ഒരു ജീവിതപങ്കാളിയെ കണ്ടെത്താൻ അവൾക്ക് കഴിഞ്ഞു. ഇന്ന് താൻ വെട്ടിയൊട്ടിച്ച ചിത്രത്തിലേതിന് സമാനമായ രീതിയിലുളള മനോഹരമായ ഉദ്യാനമുളള ഒരു വീട്ടിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അവള്‍ സുഖമായി കഴിയുന്നു.

ജീവിതം ഡിസൈൻ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് നമ്മുടെ ഒരു ദിനവും ഡിസൈൻ ചെയ്യുക എന്നുളളത്. 

ഇങ്ങനെ നാം നമ്മുടെ ജീവിതവും കരിയറും, ദിനവും ഒക്കെ ഡിസൈൻ ചെയ്തു കഴിയുമ്പോൾ നമ്മുടെ ജീവിതത്തിലേക്ക് വിജയങ്ങള്‍ പരമ്പരപോലെ കടന്നുവരുന്നതായി കാണാം. തടസ്സങ്ങള്‍ ഒരോന്നായി നീങ്ങുകയും വിജയത്തിന്റെ സുഹൃത്തുക്കളായി നമ്മൾ മാറുകയും ചെയ്യുന്നു.

ഇന്ന് സിംഗപ്പൂരിലോ, ലണ്ടനിലോ ഒരു ഹോളിഡേ നിങ്ങളുടെ സ്വപ്നം മാത്രമായിരിക്കാം. രാവിലെ നിങ്ങളെ സഹായിക്കുവാൻ വേലക്കാർ നിങ്ങളുടെ വീട്ടിലില്ലായിരിക്കാം. ഇന്നുതന്നെ നിങ്ങളുടെ ജീവിതം ഡിസൈൻ ചെയ്യൂ. നിങ്ങൾക്കില്ലാത്തവയൊക്കെ വരും കാലങ്ങളിൽ നിങ്ങളുെട സ്വന്തമാകും.

ലേഖകൻ

(ഇന്റർനാഷണൽ മോട്ടിവേഷണൽ സ്പീക്കറും, സൈക്കോളജിസ്റ്റും, മൈൻഡ് പവർ ട്രെയിനറുമാണ് ഇരുപത്തിയഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവായ ലേഖകൻ. ഫോൺ 9447259402,email: jskottaram@gmail.com,Website: www.starsofsuccess.com)