ഒരു തുള്ളി ശരീരം, അതിലൊരു കടലോളം മനസ്സ്. ചിത്രത്തിലെ ഇരുപത്തഞ്ചുകാരൻ അൽഫോൻസോ മെൻഡോസോയുടെ കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കൂ. കലർപ്പില്ലാത്ത ഇച്ഛാശക്തിയെന്തെന്ന് അനുഭവിക്കാം. ലോകമെങ്ങുമുള്ള അഭയാർഥികളുടെ പുതുപ്രതീകമാണിപ്പോൾ ജന്മനാ കാലുകളില്ലാത്ത അൽക എന്ന വിളിപ്പേരുള്ള അൽഫോൻസോ.
തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥ ഏൽപിച്ച അരക്ഷിതാവസ്ഥ മറികടക്കാൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നിന്ന് അയൽരാജ്യമായ കൊളംബിയയിലേക്കു പലായനം ചെയ്ത ലക്ഷക്കണക്കിനു പേരിലൊരാൾ. (റെഡ്‌ക്രോസിന്റെ കണക്കുപ്രകാരം 2017നു ശേഷം മാത്രം പത്തുലക്ഷത്തിലേറെ വെനസ്വേലക്കാരാണു കൊളംബിയയിലേക്കു പലായനം ചെയ്തത്). സാധാരണയൊരാൾ വീടിനുള്ളിലോ ചക്രക്കസേരയിലോ കെട്ടിയിടപ്പെട്ടുപോകുന്ന തരത്തിലുള്ള ശാരീരിക ദൗർബല്യത്തെ അൽക മറികടന്ന രീതികളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ചക്രക്കസേര ഉപേക്ഷിച്ചു സഞ്ചാരം സ്കേറ്റിങ് ബോർഡിലാക്കിയതോടെയാണ് അൽക്കയുടെ ജീവിതം തന്നെ മാറിയത്. സ്കേറ്റിങ് ബോർഡിൽ അൽക പോകാത്ത ഇടങ്ങളില്ല. റോഡുകൾ, ബസുകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങി സകലയിടത്തും സഞ്ചാരം ബോർഡിലാണ്. ബസിലൊക്കെ നിമിഷനേരം കൊണ്ടു കയറാനും ഇറങ്ങാനും നടപ്പാതകളിലെ കൈവരികളിലൂടെ സർക്കസ് അഭ്യാസിയുടെ വഴക്കത്തോടെ സ്കേറ്റ് ചെയ്തു നീങ്ങാനുമൊക്കെ വിദഗ്ധൻ.
അൽക മനോഹരമായി പാടും. ബസുകളിൽ റാപ് സംഗീതം ആലപിച്ചാണു ഭാര്യ മിലേഡി പെനയ്ക്കും രണ്ടു മാസം മാത്രം പ്രായമുള്ള മകൾ ഔറാലിസിനും ജീവിക്കാൻ വേണ്ടതു സമ്പാദിക്കുന്നത്. നല്ലൊരു ദിവസമാണെങ്കിൽ ബസുകളിൽ നിന്ന് അൽക ശരാശരി 30,000 പെസോ സമ്പാദിക്കും. 10 ഡോളർ അഥവാ 740 രൂപ. മാതൃരാജ്യമായ വെനസ്വേലയിൽ ശരാശരി മാസവേതനം വെറും 30 ഡോളറാണ്.
അൽകയ്ക്ക് അഭയം നൽകിയ കൊളംബിയയിലെ ബാരൻക്വില കടൽത്തീര നഗരമാണ്. ബീച്ചിലെത്തിയാൽ സ്കേറ്റിങ് ബോർഡ് ഒതുക്കിവച്ച് അൽക സർഫിങ് ബോർഡിലേക്കു മാറും. ഏതൊരു കഴിവുറ്റ സർഫറെയും അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെ തിരമാലകൾ മുറിച്ചുകടന്നു പായും ഈ അദ്ഭുത മനുഷ്യൻ. മറ്റൊരവതാരം പ്രചോദനാത്മക പ്രഭാഷകന്റേതാണ്. ചില ദിവസങ്ങളിൽ തേച്ചുമിനുക്കിയ ഷർട്ടണിഞ്ഞ അൽകയെ സമീപത്തെ ഏതെങ്കിലുമൊരു സ്കൂളിൽ കാണാം. വിദ്യാർഥികൾക്കു ജീവിതവിജയത്തിന്റെ പാഠങ്ങൾ പകരുകയായിരിക്കും അവിടെയദ്ദേഹം. സ്വന്തം ജീവിതം തന്നെ നേരിട്ടു പറയുന്നതിനേക്കാൾ പ്രചോദനം മറ്റെന്തിനു നൽകാനാകും. അപ്പോൾ പിറകിലെ ബോർഡിൽ വലിയ അക്ഷരങ്ങളിൽ തെളിയുന്നതു രണ്ടു വാക്കുകളാകും: നിങ്ങളിൽ വിശ്വസിക്കുക. Believe in yourself.