'പ്രധാനമന്ത്രിയെ ക്രിസ്മസിനു ക്ഷണിച്ചതാണ്, പക്ഷേ...' ഷീല കണ്ണന്താനം

അൽഫോൻസ് കണ്ണന്താനവും ഭാര്യ ഷീല കണ്ണന്താനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനും ഭാര്യ ഷീല കണ്ണന്താനത്തിനും 2017 ഭാഗ്യവർഷമാണ്. ബിജെപി മന്ത്രിസഭയിൽ കേരളത്തിൽ നിന്നൊരു കേന്ദ്രമന്ത്രി മലയാളികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ഭാഗ്യവർഷത്തിന്റെ സന്തോഷത്തോടൊപ്പം ക്രിസ്മസ് ആഘോഷത്തിന്റെ വിശേഷങ്ങളും ഷീല കണ്ണന്താനം പങ്കുവെക്കുന്നു.

ഇത്തവണത്തെ ക്രിസ്മസ് എങ്ങനെ ആഘോഷിക്കാനാണ് വിചാരിക്കുന്നത്?

ആൽഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുൾപ്പടെയുള്ള എല്ലാമന്ത്രിമാർക്കും വീട്ടിൽ സ്നേഹവിരുന്നൊരുക്കാൻ പരിപാടിയുണ്ടായിരുന്നു. ഓരോരുത്തർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകണമെന്നുമുണ്ടായിരുന്നു. എന്നാൽ ഓഖി ദുരന്തത്തെതുടർന്ന് അത് വേണ്ടെന്നുവച്ചു. ഇത്രയും ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും വീട്ടിൽ ആശംസകൾക്കുമായി വരുന്നവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്ന പതിവ് രീതിയിൽ മാറ്റമില്ല. 

ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. പതിനഞ്ചുവർഷത്തിന് ശേഷം രണ്ടുമക്കളും മരുമക്കളും ഒരുമിച്ചുള്ള ക്രിസ്മസാണ്. രണ്ടുമക്കളും വിദേശത്ത് പഠിക്കാൻ പോയതിൽ പിന്നെ കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഒരാൾ വരുമ്പോൾ മറ്റെയാൾ കാണില്ല. ഇത്തവണ എല്ലാവരുമുള്ളതിന്റെ സന്തോഷമുണ്ട്. 

ആൽഫിക്ക് ഭക്ഷണകാര്യത്തിൽ യാതൊരു നിർബന്ധവുമില്ല. ഞാൻ എന്ത് ഉണ്ടാക്കികൊടുത്താലും കഴിക്കും. ക്രിസ്മസിന് വീട്ടിൽ എല്ലാത്തരം ...

എന്തൊക്കെയാണ് വീട്ടിലൊരുക്കുന്ന സ്പെഷ്യൽ ക്രിസ്മസ് വിഭവങ്ങൾ?

ആൽഫിക്ക് ഭക്ഷണകാര്യത്തിൽ യാതൊരു നിർബന്ധവുമില്ല. ഞാൻ എന്ത് ഉണ്ടാക്കികൊടുത്താലും കഴിക്കും. ക്രിസ്മസിന് വീട്ടിൽ എല്ലാത്തരം നോൺവെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ആൽഫിക്കെന്നാലും കൂടുതൽ ഇഷ്ടം അന്ന് ഉണ്ടാക്കുന്ന അപ്പവും സ്റ്റ്യൂവുമാണ്. പിന്നെ ഞാൻ ഉണ്ടാക്കുന്ന കപ്പയും മീനുമാണ് പ്രിയം. എരിവ് കുറച്ച് കൂടിയാൽ മാത്രം, ഇച്ചിരി കൂടുതലാണെന്ന് പറയും. അല്ലാതെ ഇതുവരെ ഒരു പരാതിയും പറയാറില്ല.

ഇത്തവണ മരുമക്കൾ ഉണ്ടാകുമല്ലോ. അവരും പാചകത്തിൽ വൈദഗ്ധ്യമുള്ളവരാണ്. അവരുടെ കൂടെ താൽപര്യം നോക്കിയായിരിക്കും ഇത്തവണത്തെ ക്രിസ്മസ് വിഭവങ്ങൾ തീരുമാനിക്കുന്നത്.

കോട്ടയത്തെ ക്രിസ്മസ് കാലമാണോ ഡൽഹിയിലെ ക്രിസ്മസാണോ നല്ലത്?

നാട്ടിലെ ക്രിസ്മസിന് അതിന്റേതായ പ്രത്യേകതയുണ്ടല്ലോ, പ്രത്യേകിച്ചും കോട്ടയത്തെ ക്രിസ്മസ്. ആൽഫി ഇടുക്കിയിൽ കലക്ടറായിരുന്ന സമയത്ത് എല്ലാക്രിസ്മസിനും ആൽഫിയുടെ വീട്ടിൽകൂടും. കുടുംബാംഗങ്ങളെല്ലാവരും ഒത്തുകൂടും, പിന്നെയൊരു ആഘോഷമാണ്. ഒരുമിച്ച് സിനിമ കാണാൻ പോക്കും പാചകവുമെല്ലാമായി സമയം പോകുന്നതേ അറിയാറില്ല.

ഡൽഹിയിൽ കുറച്ചുകൂടി ആഘോഷങ്ങളുണ്ട്. നാട്ടിന്റെ ശാന്തതയില്ല. പിന്നെ എല്ലാത്തരം വിഭവങ്ങളും നമുക്ക് പാചകം ചെയ്യാൻ പറ്റാറില്ലെന്ന പരിമിതിയുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ കുടുംബവുമൊന്നിച്ച് യാത്രകൾ പോകാറുണ്ട്. ആൽഫി അങ്ങനെ ലീവ് ഒന്നും എടുക്കാറില്ല. ജോലിയോട് അത്രയേറെ ആത്മാർഥതയുള്ളയാളാണ്.  കുട്ടികൾ ചെറുതായിരുന്നപ്പോൾ ജിംകോർബറ്റ് നാഷണൽ പാർക്കിൽ പോയത് മറക്കാനാവാത്ത അനുഭവമാണ്.  

 Read more: Lifestyle Malayalam Magazine, Beauty Tips in Malayalam