മാലിയില്‍ പോയി മറിയം റഷീദയെയും ഫൗസിയെയും ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റുമോ?’’നമ്പി നാരായണന്റെ ആത്മകഥ റിലീസായി കഷ്ടിച്ച് ഒരാഴ്ചയേ ആയിട്ടുണ്ടായിരുന്നുള്ളൂ, ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് ഇറങ്ങാന്‍ നേരം എഡിറ്റര്‍ വിളിച്ച്, യാതൊരു മുഖവുരയുമില്ലാതെ ചോദിച്ച ചോദ്യം കേട്ട് ഒന്നു അമ്പരന്നു. സീരിയസായിട്ട് തന്നെ ചോദിച്ചതായിരിക്കുമോ?പോകാമെന്ന് മറുപടി നല്‍കി. മറിയം എവിടെയാണെന്ന് കണ്ടു പിടിക്കണം.ഇന്റര്‍വ്യൂവിന് സമ്മതിപ്പിക്കണം. മാലി വരെ പോകണം. ഇന്ന് തന്നെ നമ്പി നാരായണന്റെ ആത്മകഥ വാങ്ങി വായിക്കണം... നിർദേശങ്ങളങ്ങനെ നീളുകയാണ്.
നടക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഇന്റര്‍വ്യൂവിനെക്കുറിച്ചു വലിയ ആശങ്കയൊന്നും ഇല്ലാതിരുന്നതിനാല്‍ എല്ലാം തലയാട്ടി സമ്മതിച്ചു. അവസാനം പറഞ്ഞ നിര്‍ദേശം മാത്രം അന്നു തന്നെ പാലിച്ചു. ‘ഓര്‍മകളുടെ ഭ്രമണപഥം’ വായിച്ചു തുടങ്ങിയപ്പോഴാണ് ചാരക്കേസിനു ശേഷം മറിയത്തിന്റെയും ഫൗസിയയുടെയും ജീവിതം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ എന്റെ മനസ്സില്ലും നിറഞ്ഞത്. അപ്പോള്‍ മുതല്‍ ഞങ്ങള്‍ മറിയത്തെയും ഫൗസിയയെയും തിരയുകയായിരുന്നു. മറിയം ശ്രീലങ്കയിലാണെന്നാണ് ആദ്യം അറിഞ്ഞത്. ഫൗസിയ മാലിയിലും ശ്രീലങ്കയിലുമായി കഴിയുകയാണെന്നും കേട്ടു.
മാലിയിലെയും ശ്രീലങ്കയിലെയും സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ കണ്ടെത്താന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ എഡിറ്റര്‍ പറഞ്ഞുകൊണ്ടിരുന്നു: ഒന്നുകൂടി ശ്രമിച്ചു നോക്കൂ. ഒടുവില്‍ ഒരു മാസത്തിനു ശേഷം ഫൗസിയ ഹസനെ പരിചയമുള്ള ഒരു മാലി സ്വദേശിയെ തിരുവനന്തപുരത്തുള്ള ഞങ്ങളും സഹപ്രവര്‍ത്തകന്റെ സഹായത്താല്‍ കണ്ടെത്തി. യാദൃച്ഛികമാവാം, ഫൗസിയയുടെ പരിചയക്കാരനെ കണ്ടത്തിയത് നവംബര്‍ 30 നായിരുന്നു. ആ ദിവസത്തിനു വേറൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു –23 വര്‍ഷങ്ങള്‍ക്കു മുന്‍പു നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് ഇതേ ദിവസമായിരുന്നു.
ഡിസംബര്‍ ഒന്‍പതാം തീയതി മാലിയിലേക്കു പുറപ്പെടുമ്പോള്‍ തിരുവനന്തപുരത്തുള്ള മാലി സ്വദേശിയുടെ രണ്ട് ആണ്‍മക്കള്‍, ഹസനും ഇസഹാക്കും തന്ന വാക്കു മാത്രമായിരുന്നു ഒരേയൊരു പ്രതീക്ഷ. ‘‘ഇങ്ങോട്ട് വന്നോളൂ. നമുക്കു ശ്രമിച്ചു നോക്കാം. ’’തിരുവനന്തപുരത്തു നിന്നുള്ള സ്പൈസ് ജെറ്റ് എയർവേസിലായിരുന്നു മാലിയിലെത്തിയത്. റിസീവ് ചെയ്യാന്‍ എയര്‍പോര്‍ട്ടില്‍ത്തന്നെയുണ്ടാവുമെന്ന് ഇസഹാക്കിന്റെ മെസേജുണ്ടായിരുന്നു. ഇമിഗ്രേഷന്‍ കൗണ്ടറിലെ ക്യൂവില്‍ ഏറ്റവും അവസാനമായി പോയി നില്‍ക്കുമ്പോള്‍ അവിടെ ഒരു പരീക്ഷണം നേരിടേണ്ടി വരുമെന്ന് കരുതിയതേയില്ല.
പാസ്‌പോര്‍ട്ടും യാത്രാരേഖകളും കാണിച്ചിട്ടും ടൂറിസ്റ്റ് ആണെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും വീസ സ്റ്റാംപ് ചെയ്തു തരാതെ ഓഫിസര്‍ ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു, ‘‘എന്തിനാണ് ഇവിടെ വന്നത് ?’’ഓഫിസറുടെ ശബ്ദം കനത്തു.ഒടുവില്‍ മാലിയിലെ പരിചയക്കാരുടെ നമ്പര്‍ ആവശ്യപ്പെട്ടു. ഹസന്റെ നമ്പരിലേക്ക് ഒാഫിസര്‍ വിളിച്ച് ദിവേഹി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുന്നതു കേട്ടു. ഫോണ്‍ വച്ചതും ഓഫിസര്‍ കടുത്ത ഭാഷയില്‍ ചോദിക്കാന്‍ തുടങ്ങി. ‘‘നിങ്ങള്‍ ആരെ ഇന്റര്‍വ്യൂ ചെയ്യാനാണ് വന്നിരിക്കുന്നത്? ആരാണ് ഫൗസിയ?’’
യാത്രയുടെ ഉദ്ദേശ്യം ഹസന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു എന്നു മനസ്സിലായി. ടൂറിസ്റ്റായിട്ടാണ് വന്നത് എന്ന വാദത്തില്‍ ഉറച്ചു നിന്നെങ്കിലും ഓഫിസര്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു.
ദൂരെ ഒരു കസേര കാണിച്ച് അവിടെ പോയിരിക്കാന്‍ പറഞ്ഞു.പുറത്തു കാത്തു നില്‍ക്കുകയായിരുന്ന ഇസഹാക്കിനെ വൈഫൈ കണക്ട് ചെയ്ത് വൈബര്‍ കോളില്‍ വിളിച്ച് കാര്യം പറഞ്ഞു. ‘‘ഇന്റര്‍വ്യൂവിന്റെ കാര്യം ഒരു കാരണ വശാലും പറയാന്‍പാടില്ലായിരുന്നു. പറഞ്ഞത് അബദ്ധമായി. ടൂറിസ്റ്റ് വീസയില്‍ വന്ന് വേറൊന്നും ചെയ്യാന്‍ പാടില്ല. ചിലപ്പോള്‍ ഡീപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.’’
ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടിട്ട് മാലി എയര്‍പോര്‍ട്ടിനു പുറത്തിറങ്ങാന്‍ പോലും പറ്റാതെ തിരിച്ചു പോകേണ്ടി വരിക ! ഒപ്പം പാസ്‌പോര്‍ട്ടില്‍ ഡീപ്പോര്‍ട്ടഡ് സീലും. ആലോചിക്കാൻ പോലും പറ്റാത്ത കാര്യം. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പൂരിപ്പിച്ചു നല്‍കുന്ന എംബാര്‍ക്കേഷന്‍ കാര്‍ഡില്‍ കാണാറുള്ള ആ പതിവ് ചോദ്യം മനസ്സില്‍ വന്നു നിറഞ്ഞു. Have you ever been deported in any country? ഇനി ഏതൊക്കെ രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഏതൊക്കെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും?
ആകെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു ഓഫിസര്‍ വന്നു വിളിക്കുന്നത്.‘‘ആകെ അഞ്ചു ദിവസം മാത്രം, അതില്‍ കൂടുതല്‍ ഇവിടെ സ്റ്റേ ചെയ്യാന്‍ പാടില്ല. റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്ത അന്നു തന്നെ തിരിച്ചു പോകണം. ബുക്ക് ചെയ്ത അതേ ഹോട്ടലില്‍ത്തന്നെ താമസിക്കുകയും വേണം.’’എല്ലാം സമ്മതിച്ചു. പുറത്തിറങ്ങിയപ്പോള്‍ അറിഞ്ഞു, മുൻപ് ഇമിഗ്രേഷന്‍ ഓഫിസറായി ജോലി ചെയ്തിരുന്ന ഇസ്ഹാക്കിന്റെ ഇടപെടല്‍ മൂലംകഷ്ടിച്ച് രക്ഷപ്പെട്ടതാണെന്ന്. എന്തു സംഭവിച്ചാലും ഉത്തരവാദിത്തം ഏറ്റെടുത്തോളാമെന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടാണ് ഇസ്ഹാക്ക് എന്നെ രക്ഷപ്പെടുത്തിയത്.
ഇതിനു മുൻപ് യുഎൻഡിപി (യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം) യ്ക്കു വേണ്ടി സൂനാമി സംബന്ധമായ ഒരു ഡോക്യുമെന്ററി ഫിലിം ഷൂട്ട് ചെയ്യാൻ വന്ന ക്രൂവിലെ മുഴുവൻ പേരെയും ഡീപ്പോർട്ട് ചെയ്ത കഥ ഇസഹാക്ക് പറഞ്ഞതോടെ കാര്യം മനസ്സിലായി. എയര്‍പോര്‍ട്ടില്‍ വച്ചു നടന്ന സംഭവം ചെറിയൊരു ഭയം മനസ്സിലുണ്ടാക്കിയതിനാല്‍ ഫൗസിയയെ ഇന്നു തന്നെ കണ്ടെത്തി സംസാരിച്ചേ പറ്റൂ എന്ന് ഉറപ്പിച്ചു. എത്രയും വേഗം വന്ന ജോലി തീർക്കണം.
മാലി സഹോദരന്‍മാരുടെ അന്വേഷണത്തില്‍ ഫൗസിയ എവിടെയുണ്ടെന്ന് വൈകുന്നേരത്തോടെ അറിയാന്‍ കഴിഞ്ഞു.മാലിയിൽ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് ഫൗസിയ. ഇന്നു രാത്രി വൈകും വരെ ഷൂട്ടിങ് ഉണ്ടെന്നും നാളെ കാണാമെന്ന് ഫൗസിയ സമ്മതിച്ചിട്ടുണ്ടെന്നും ഇസഹാക്ക് അറിയിച്ചു. ഹുലുമാലി എന്ന ചെറിയ ദ്വീപിലാണ് ഷൂട്ടിങ്. ഇന്നു തന്നെ പോകാന്‍ പറ്റിയാല്‍ നന്നായിരുന്നു. യാത്രാക്ഷീണമില്ലെങ്കിൽ രാത്രി ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാമെന്ന് ഇസ്ഹാക്കും ചോദിച്ചതോടെ ആവേശമായി.
മാലിയില്‍ നിന്നു രാത്രി ഒന്‍പതു മണിയുടെ ബോട്ടില്‍ ഞങ്ങള്‍ ഹുലുമാലിയിലെത്തി. മാലി പോലെ തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും വീതി കുറഞ്ഞ ഇടുങ്ങിയ റോഡുകളുമുള്ള സ്ഥലമല്ല. സിംഗപ്പൂരിനെ ഓര്‍മ്മിപ്പിക്കുംവിധം വൃത്തിയുള്ള വിശാലമായ റോഡുകളും ഉയര്‍ന്ന കെട്ടിടങ്ങളുമുള്ള മനോഹരമായ സ്ഥലമാണ്. രാത്രിയിലും ഹുലുമാലി അതീവ ചാരുതയോടെ തിളങ്ങിനിന്നു.
ഈസ്റ്റേണ്‍ ബീച്ചില്‍ ഹിരുന്ദു മഗു റോഡിന്റെ അറ്റത്തായി കടലിനോട് ചേര്‍ന്നാണ് ഷൂട്ടിങ് നടക്കുന്നത്. നിരനിരയായി സ്ഥിതി ചെയ്യുന്ന റസ്റ്ററന്റുകളിലെല്ലാം നിറയെ ആള്‍ക്കാരാണ്. കൂടാതെ റസ്റ്ററന്റുകളിലൊന്നിലെ ഓപ്പണ്‍ പ്ലേസില്‍ വച്ച് ഒരു വിവാഹസല്‍ക്കാരവും നടക്കുന്നുണ്ട്. അലങ്കരിച്ച സീറ്റില്‍ വരനും വധുവും. അവര്‍ക്ക് ആശംസ അര്‍പ്പിച്ചു പോകുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ബീച്ചിലും പരിസരത്തും ഒട്ടേറെ ജനങ്ങളുണ്ടായിരുന്നിട്ടും അവിടെ ഒരു സിനിമാഷൂട്ടിങ് നടക്കുന്നത് ആരും ശ്രദ്ധിക്കുന്നതു പോലുമില്ലായിരുന്നു. ചെറിയ ക്യാമറാ യൂണിറ്റ്. സംവിധായകന്‍ എംജെ നടീനടന്‍മാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ബീച്ച് സൈഡിലെ ഫേണ്‍ ബീ്ച്ച് റസ്റ്ററന്റില്‍ നായകനോടൊപ്പം ഇരിക്കുന്ന നായിക എന്തോ കണ്ട് ഭയന്നു നിലവിളിച്ച് അലറുന്ന രംഗമാണു ചിത്രീകരിക്കുന്നത്. ദിവേഹി ഭാഷയില്‍ സംവിധായകന്‍ എന്തോ വിളിച്ചു പറഞ്ഞു. ‘അലര്‍ച്ച കൊള്ളാം ,അഭിനയം വേണ്ടത്ര നന്നായില്ല എന്നാണ് സംവിധായകന്‍ പറഞ്ഞത്. ' ഇസഹാക്ക് പരിഭാഷപ്പെടുത്തി. സിനിമയുടെ വിശദാംശങ്ങള്‍ സെറ്റില്‍ കണ്ട ഒരാളോടു ചോദിച്ചറിഞ്ഞു. ഫുറേത്ത എന്നാണ് സിനിമയുടെ പേര്. ഫുറേത്ത എന്ന ദിവേഗി വാക്കിന്റെ അര്‍ഥം പ്രേതം എന്നാണ്.
‘‘ആരാണ് പ്രേതമായി അഭിനയിക്കുന്നത്?’’‘‘
"
"ഫൗസിയ ഹസന്‍ !’’
ദൂരെ ബീച്ചിലെ ഇരുട്ടില്‍ പ്രേതത്തിന്റെ കോസ്റ്റ്യൂമില്‍ അവ്യക്തമായ ഒരു രൂപം കണ്ടു. നാളെ രാവിലെ കാണാമെന്നു പറഞ്ഞ സ്ഥിതിക്കു ജോലി തടസ്സപ്പെടുത്തി പരിചയപ്പെടാന്‍ അടുത്തേക്കു പോയില്ല. ദൂരെ നിന്ന് ഷൂട്ടിങ് ലൊക്കേഷന്റെ ഒരു ഫോട്ടോ മൊബൈലില്‍ എടുത്തു മടങ്ങി. പിറ്റേ ദിവസം രാവിലെ ഒന്‍പതരയ്ക്കാണ് ഫൗസിയ കാണാമെന്നു സമ്മതിച്ചത്. വീട്ടിലേക്കു വരണ്ട, താമസിക്കുന്ന ഹോട്ടലില്‍ വന്നു കണ്ടോളാമെന്നായിരുന്നു അറിയിച്ചിരുന്നത്. എട്ടര മുതല്‍ റിസപ്ഷനില്‍ കാത്തിരുന്നു. ഒന്‍പതേ മുക്കാല്‍ കഴിഞ്ഞിട്ടും ഫൗസിയ എത്തിയില്ല.
ഒരു മാസമായി എവിടെയാണെന്നു തിരഞ്ഞു നടന്ന വ്യക്തി, ഇന്റര്‍വ്യൂ തരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് മാലിയിലെ അറിയാവുന്ന മലയാളികളെല്ലാം പറഞ്ഞ വ്യക്തി, ഇങ്ങോട്ടു കാണാന്‍ വരാമെന്നു പറഞ്ഞപ്പോള്‍് വിശ്വസിച്ചത് മണ്ടത്തരമായി. ഇന്നലെ രാത്രി ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഇടിച്ചു കയറി സംസാരിക്കാമായിരുന്നു. വലിയൊരു ചാന്‍സാണ് മിസ്സാക്കി കളഞ്ഞത്. ഞാൻ സ്വയം ശപിച്ചു.ഇനി വരാന്‍ ഒരു സാധ്യതയുമില്ല. പത്തു മണി ആയപ്പോള്‍ നിരാശയോടെ മുറിയിലേക്കു മടങ്ങി.
അറിഞ്ഞതു ശരിയാണെങ്കില്‍ ഫൗസിയ നാളെ ശ്രീലങ്കയിലേക്കു പോകും. പിന്നെ ഒരു മാസം കഴിഞ്ഞാലാണ് തിരിച്ചു മാലിയിലേക്കു വരിക. ഇന്നു കണ്ടില്ലെങ്കില്‍ ഇവിടം വരെ വന്നതു പാഴായതു തന്നെ. വീടു കണ്ടുപിടിച്ച് അങ്ങോട്ടു പോകാന്‍ തീരുമാനിച്ചു. എവിടെയാണെന്നു വച്ചാണ് തപ്പി കണ്ടുപിടിക്കേണ്ടത്? സഹായിക്കാമെന്നേറ്റ മാലി സഹോദരന്‍മാരെ വിളിക്കാന്‍ ഫോണ്‍ എടുത്ത ആ സമയത്താണ് ഇസഹാക്ക് ഇങ്ങോട്ടു വിളിക്കുന്നത്. 'ഫൗസിയ കൃത്യം ഒന്‍പതരയ്ക്കു തന്നെ റിസപ്ക്ഷനില്‍ എത്തി കാത്തിരിക്കുന്നുണ്ട്, നിങ്ങള്‍ എവിടെയാണ്? '‘‘
"
"എട്ടരമുതല്‍ അവിടെ തന്നെ ഉണ്ടായിരുന്നല്ലോ. ഞാന്‍ ആരെയും കണ്ടില്ല. പത്തു മണിവരെ കാത്തിരുന്ന് കാണാതായപ്പോ റൂമിലേക്ക് പോന്നു.’’
‘‘അതിന് ഇപ്പോ ഒന്‍പതര കഴിഞ്ഞതല്ലേയുള്ളൂ.’’
കയ്യിൽ കെട്ടിയിരിക്കുന്ന വാച്ചില്‍ ഇന്ത്യന്‍ സമയമാണെന്നും അത് മാലിദ്വീപിലെ സമയത്തേക്കാള്‍ അര മണിക്കൂര്‍ ഫാസ്റ്റാണെന്നും ബോധ്യമായത് അപ്പോള്‍ മാത്രമാണ്. റിസപ്ഷനിലേക്ക് ഓടുമ്പോള്‍ ഫൗസിയയോട് മനസ്സില്‍ മതിപ്പു തോന്നി. പറഞ്ഞ വാക്കും സമയവും കൃത്യമായി പാലിച്ചിരിക്കുന്നു. ചുവപ്പു ഷര്‍ട്ടും നീല പാന്‍സും ധരിച്ച് സണ്‍ഗ്ലാസ് വച്ച് ഫൗസിയ അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
മുഖത്തു ഗൗരവമാണ്. ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും വായിച്ചെടുക്കാന്‍ പറ്റാത്ത ഭാവം. തുറന്നു സംസാരിക്കാന്‍ തയാറാകുമോ എന്നുപോലും മുഖഭാവം കണ്ടിട്ട് ഉറപ്പിക്കാനാവുന്നില്ല. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അധ്യായമാണ് വീണ്ടും തുറക്കേണ്ടത്. കൈകൊടുത്ത് സ്വാഗതം ചെയ്യുമ്പോള്‍ ഫൗസിയയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായ സിനിമയില്‍നിന്നു തന്നെ സംഭാഷണം തുടങ്ങാമെന്നു കരുതി.
"ഇപ്പോള്‍ സിനിമാതാരമാണല്ലേ?'' ''അതെ'' - അല്‍പം പോലും ചിരിയില്ലാത്ത മുഖത്തോടെ അവര്‍ പറഞ്ഞു. 'എത്ര സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്?'' "നൂറിലേറെ സിനിമകളില്‍’’
"മാലിയിലെത്തിയപ്പോ ആദ്യ ദിവസം തന്നെ കണ്ടത് ഒരു സിനിമാ ഷൂട്ടിങ്ങാണ്. ഇന്നലെ ഹുലുമാലിയില്‍ വച്ച്.’’ ഫൗസിയയുടെ മുഖം വിടര്‍ന്നു. "ഞാനുണ്ടായിരുന്നല്ലോ അവിടെ. ആ സിനിമയില്‍ ഞാനും അഭിനയിക്കുന്നുണ്ട്– പ്രേതമായിട്ട്.’’ ‘‘ദൂരെ നിന്നായതുകൊണ്ട് പ്രേതത്തിനെ ശരിക്ക് കാണാന്‍ പറ്റിയില്ല.’’ അപരിചിതത്വം മറന്ന് ഫൗസിയ ചിരിച്ചു.
കേരളത്തില്‍നിന്നു തിരിച്ചു വന്നതിനു ശേഷമായിയിരുന്നോ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്ന ചോദ്യത്തിന് ഫൗസിയ പറഞ്ഞു:‘‘അല്ല. 1985 ൽ ആണ് ഞാന്‍ അഭിനയരംഗത്തേക്കു വന്നത്. അന്നു മുതല്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാറുണ്ടായിരുന്നു. ഈ വര്‍ഷം മൂന്നു സിനിമകളില്‍ അഭിനയിച്ചു. പതിനേഴാമത്തെ വയസ്സില്‍ മാലിയില്‍ വച്ചു നടന്ന ഒരു ഫാഷന്‍ ക്യൂന്‍ മത്സരത്തില്‍ വിജയിയായതിനു ശേഷമാണ് സിനിമയില്‍ അഭിനയിക്കണമെന്ന മോഹം ആരംഭിക്കുന്നത്. മൂത്ത കുട്ടി ജനിച്ചതിനു ശേഷമായിരുന്നു ഫാഷന്‍ ക്യൂന്‍ മത്സരത്തില്‍ വിജയിയായത്.’’
ഫാഷന്‍ ക്യൂനായിരുന്ന സമയത്തെ ഫോട്ടോ മൊബൈലിലെ ഗാലയറില്‍ നിന്നു തിരഞ്ഞെടുത്തു കാണിച്ചു തന്നു. മെലിഞ്ഞ് സുന്ദരിയായ ചെറിയൊരു പെണ്‍കുട്ടി. ഒരു കുട്ടിയുടെ അമ്മയാണെന്ന് ഫോട്ടോ കണ്ടാല്‍ പറയില്ല. ‘‘കുട്ടിക്കാലം മുതല്‍ ഞാന്‍ ഹിന്ദി സിനിമകള്‍ കാണാറുണ്ടായിരുന്നു. നടിയാവണമെന്നു തോന്നിയത് ഹിന്ദി സിനിമകള്‍ കണ്ടപ്പോഴാണ്. ഹിന്ദിഫിലിം സ്റ്റാര്‍സിനെയും ഇഷ്ടമാണ്.’’ ‘‘ആരെയൊക്കെയാണിഷ്ടം’’
‘‘ഓരോ കാലത്തും ഒരോ നടീനടന്മരാരോടായിരുന്നു ഇഷ്ടം.ദിലീപ് കുമാര്‍, രാജേഷ് ഖന്ന, ഷാറുഖ് ഖാന്‍ തുടങ്ങി ഇപ്പോ റിത്വിക് റോഷന്‍ വരെ.ഹിന്ദി ഭാഷ ഞാന്‍ പഠിച്ചതും സിനിമ കണ്ടു കണ്ടാണ്. ഇന്ത്യയില്‍ വരണമെന്ന് ആഗ്രഹം തോന്നിയതും അപ്പോഴാണ്. ’’
"ആദ്യമായി ഇന്ത്യയില്‍ വന്നത് എപ്പോഴാണെന്ന് ഓര്‍ക്കുന്നുണ്ടോ?’’
"വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ശ്രീലങ്കക്കാരിയായ ഒരു ഫ്രണ്ടിനോടൊപ്പം സാരിയും ആഭരണങ്ങളുമൊക്കെ വാങ്ങാന്‍ തമിഴ്‌നാട്ടില്‍ വന്നതായിരുന്നു. ഫ്ലൈയിറ്റ് ലാൻഡ് ചെയ്യുമ്പോള്‍ താഴെ ഇന്ത്യ കണ്ടപ്പോള്‍ എനിക്കു സന്തഷം അടക്കാനായില്ല. അത്രയ്ക്ക് ആഗ്രഹമായിരുന്നു ഇന്ത്യയില്‍ വരാന്‍.
‘‘ ഇപ്പോള്‍ ദേഷ്യം തോന്നുന്നുണ്ടോ, ഇന്ത്യയോടും ഇന്ത്യക്കാരോടുമൊക്കെ?’’
അല്‍പനേരത്തെ മൗനത്തിനു ശേഷം ഫൗസിയ പറഞ്ഞു . ‘‘ഇല്ല. ആരെങ്കിലും കുറച്ചു പേര്‍ എന്തെങ്കിലും ചെയ്തതിന് ഒരു രാജ്യത്തെ വെറുക്കുന്നത് എന്തിനാണ്?’’ ‘‘പത്തു വര്‍ഷം മുന്‍പ് ഒരു സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും ഇന്ത്യയില്‍ വന്നിരുന്നില്ലേ?’’
അതെ 2008 ല്‍. ചാരക്കേസുമായി ബന്ധപ്പെട്ട ഒരു സിനിമയായിരുന്നു. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. മലയാളിയായ സംവിധായകന് ഇങ്ങനെ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹമുണ്ടെന്നു പറഞ്ഞ് എന്നെ സമീപിച്ചത് മാലിക്കാരനായ സംവിധായകനായിരുന്നു. കഥ നേരത്തേ വായിക്കാന്‍ തന്നിരുന്നു. എനിക്ക് താല്‍പര്യം തോന്നി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒരു മാസം ഞാന്‍ കേരളത്തില്‍ താമസിച്ചിരുന്നു.അതിനെ തുടര്‍ന്നും ചില പ്രശ്‌നങ്ങളൊക്കെയുണ്ടായി. തിരിച്ചു വരുമ്പോ പാസ്‌പോര്‍ട്ടില്‍ എന്റെ പേരും ഫോട്ടോയും കണ്ട് തിരുവനന്തപുരം എയര്‍പ്പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഓഫിസര്‍ തടഞ്ഞു നിര്‍ത്തി, ചോദ്യം ചെയ്യാനായി ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. വേറെ രണ്ടു പേര്‍ കൂടി വന്ന് എന്നെ ചോദ്യം ചെയ്തു. ആരാണ് ഇന്ത്യയില്‍ വരാന്‍ നിങ്ങള്‍ക്ക് പെര്‍മിഷന്‍ തന്നത് എന്നു അവര്‍ ചോദിച്ചു. എനിക്കു എന്തിനാണ് പെര്‍മിഷന്‍, ഞാന്‍ ഇന്ത്യയില്‍ നിന്ന് ഡീപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലല്ലോ, എപ്പോള്‍ വേണമെങ്കിലും എനിക്ക് വരാമല്ലോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. കുറേ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം അവര്‍ എന്നെ പോകാന്‍ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാലിക്കാരനായ സംവിധായകന്‍ എന്നെ വിളിച്ചു പറഞ്ഞു, കേരള പൊലീസ് അദ്ദേഹത്തെ വിളിച്ച്, ഞാന്‍ എവിടെ ആയിരുന്നു താമസിച്ചത് എന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന്. ഇനി വിളിച്ചിട്ടുണ്ടെങ്കില്‍ എന്റെ നമ്പര്‍ കൊടുക്കാന്‍ ഞാന്‍ പറഞ്ഞു. പൊലീസ് എന്നെ വിളിച്ച് ചോദിച്ചു, എവിടെയായിരുന്നു താമസിച്ചിരുന്നത് എന്ന്.’’
‘‘I will never tell. അത് അന്വേഷിച്ച് കണ്ടു പിടിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. നിങ്ങള്‍ ഓരോ വീട്ടിലും കയറി ഇറങ്ങി ഇവിടെ ഫൗസിയ ഹസന്‍ താമസിച്ചിരുന്നോ എന്ന് ചോദിച്ചു നോക്കൂ’’ എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അതു കഴിഞ്ഞ് വീണ്ടും ഒരു ഫോണ്‍ കോള്‍ വന്നു. പൊലീസ് കമ്മിഷണര്‍ ആണു വിളിക്കുന്നത് എവിടെയാണ് താമസിച്ചിരുന്നത് എന്നു കമ്മിഷണറും ചോദിച്ചു.
‘‘കേരളത്തില്‍ വരുന്ന എല്ലാ ഫോറിനേഴ്‌സിനെയും വിളിച്ച് എവിടെയാണ് താമസിച്ചിരുന്നത് എന്ന് നിങ്ങള്‍ ചോദിക്കുമോ? ഇല്ലല്ലോ? ഫൗസിയ ഹസന്‍ കെയിം ടു ഇന്ത്യ - അതല്ലേ നിങ്ങളുടെ പ്രശ്‌നം. ചെയ്യാത്ത കുറ്റം ചുമത്തി എന്നെ മൂന്നു വര്‍ഷം ജയിലില്‍ പിടിച്ച് ഇട്ടതിന് നിങ്ങള്‍ക്കൊക്കെ എതിരെ കേസ് കൊടുത്തിരുന്നെങ്കില്‍ ഞാന്‍ ജയിക്കുമായിരുന്നു.’’ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അതിനുശേഷം കോള്‍സ് ഒന്നും വന്നില്ല.
ഫൗസിയ മനസ് തുറന്നു സം സാരിക്കുമെന്നു തോന്നി. ആള്‍ക്കാര്‍ വന്നും പോയും കൊണ്ടിരുന്ന റിസപ്ഷനും, റസ്റ്ററന്റും അതിനു പറ്റിയ സ്ഥലമല്ല. ‘‘നമുക്ക് റൂമില്‍ പോയിരുന്ന് സംസാരിച്ചാലോ?’’ ഫൗസിയ സന്തോഷത്തോടെ സമ്മതിച്ചു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam