ഇന്നത്തെ സമൂഹത്തില്‍ ഇരുപതുകളാണ് ഒരു മനുഷ്യന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന ഘട്ടമായി കണക്കാക്കുന്നത്. അത് വരെയുള്ള ശീലങ്ങള്‍ മാറ്റി, പുതിയ ജീവിത സാഹചര്യങ്ങളും ജീവിതരീതിയും ആരംഭിക്കുന്ന കാലം. ജോലിയോ , ബിസിനസ്സോ ആരംഭിച്ച് നിര്‍ണ്ണായക സമയമെല്ലാം അതില്‍ നേട്ടമുണ്ടാക്കാന്‍ മാറ്റി വയ്ക്കുന്ന കാലം. . ഈ തിരക്കുകള്‍ക്കപ്പുറം മറ്റ് ചില കാര്യങ്ങള്‍ക്ക് കൂടി സമയം കണ്ടത്താന്‍ തുടങ്ങേണ്ടത് മുപ്പതുകളിലാണ്. ഈ 9 കാര്യങ്ങള്‍ പിന്തുടരുന്നത് നിങ്ങളുടെ പിന്നീടുള്ള ജീവിതത്തിന്റെ ഗുണമേന്‍മ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തെയും പ്രഫഷണല്‍ ജീവിതത്തെയും കൂടുതല്‍ വിജയകരമാക്കാനും ഈ ശീലങ്ങള്‍ ഉപകരിക്കും
1. ലഹരികളിലുള്ള അടിമത്ത്വം ഒഴിവാക്കുക
ഇരുപതുകള്‍ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ സമയം കൂടിയാണ്. സ്വന്തമായി അദ്ധ്വാനിക്കുന്ന പണം കയ്യിലേക്കെത്തുമ്പോള്‍, വീട്ടില്‍ നിന്ന് മാറി തനിയെയോ, സുഹൃത്തുക്കള്‍ക്ക് ഒപ്പമോ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ മറ്റ് ചിലതിലേക്ക് കൂടി വഴുതി വീഴാന്‍ സാദ്ധ്യതയുണ്ട്. മദ്യപാനവും, പുകവലിയും എല്ലാം സാധാരണ എല്ലാവരിലേക്കും എത്താന്‍ സാദ്ധ്യതയുള്ള ലഹരികളാണ്. മുപ്പതുകളില്‍ ഇവയെ ഒഴിവാക്കിയാല്‍ രണ്ട് ഗുണങ്ങളാണ്. ഒന്ന് നിങ്ങളുടെ ശാരീരിക ആരോഗ്യം നിങ്ങള്‍ക്ക് വീണ്ടെടുക്കാന്‍ സമയം ലഭിക്കും. രണ്ടാമത്ത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കുകയും നിങ്ങളുടെ ജീവിത ശൈലിയിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ നിങ്ങളുടെ ജോലിയിലും സാമൂഹിക ഇടപെടലിലും മെച്ചപ്പെട്ട മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
2. കൃത്യമായ ഉറക്കം ശീലമാക്കുക
ചിട്ടയില്ലാത്ത ജീവിതത്തില്‍ നിന്ന് ചിട്ടയൊപ്പിച്ച് തുടങ്ങേണ്ട സമയമാണ് മുപ്പതുകള്‍. ഇതില്‍ ഏറ്റവും പ്രധാനമാണ് കൃത്യമായ ഉറക്കം. ശാരീരിക ആരോഗ്യ ഉച്ചസ്ഥായില്‍ നില്‍ക്കുന്നതിനാല്‍ ഇരുപതുകളില്‍ ഉറക്കക്കുറവ് നിങ്ങളെ സാരമായി ബാധിച്ചേക്കില്ല. എന്നാല്‍ ആരോഗ്യം ക്ഷയിക്കും മുന്‍പെ ശരീരത്തിനെ സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ കൃത്യസമയത്തുള്ള ഉറക്കം ശീലമാക്കാം ഇതോടൊപ്പം കൃത്യസമയത്ത് എണീക്കുന്നതും.
3. കൃത്യമായ വ്യായാമം
ശരീരം ഇഷ്ടത്തിന് വഴങ്ങാതായി തുടങ്ങുന്നതും ഏതാണ്ട് മുപ്പതുകളോട് കൂടിയാണ്. ശരീരത്തെ വരുതിക്ക് നിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വ്യായാമമാണ്. മുപ്പതുകളില്‍ കൃത്യമായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല പിന്നീട് നിങ്ങളെ ദുരതിത്തിലേക്ക് തള്ളിവിട്ടേക്കാവുന്ന ജീവിത ശൈലീ രോഗങ്ങളെ വലിയൊരു അളവ് വരെ അകറ്റി നിര്‍ത്താനും വ്യായാമം സഹായിക്കും.
4. ഡയറി എഴുത്ത് ഒരു ശീലമാക്കാം,
ജീവിതത്തിലെ ഓരോ കാര്യവും കഴിയുന്ന ദിവസങ്ങളിലെല്ലാം രേഖപ്പെടുത്തി വയ്ക്കുക. ഇത് ഭാവിയില്‍ നിങ്ങള്‍ സന്തോഷിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ നല്‍കും. നിങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും എല്ലാം ഈ ഡയറിയുടെ ഭാഗമാക്കാം. ഇതെല്ലാം നിങ്ങളുടെ ചിന്തകളെയും അത് വഴി നിങ്ങളുടെ വ്യക്തിത്ത്വത്തെയും ശുദ്ധീകരിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.
5. സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റി വയ്ക്കരുത്
നിങ്ങള്‍ ജീവിതത്തില്‍ കൊണ്ട് നടക്കുന്ന ലക്ഷ്യങ്ങളുടെയും സ്വപ്നങ്ങളുടെയും കണക്കെടുക്കുക. അത് സ്വന്തം വീട് വാങ്ങുന്നത് മുതല്‍, ഒരു ബുക്ക് പ്രസിദ്ധീകരിക്കുന്നതോ , യാത്ര പോകുന്നതോ, സിനിമ എടുക്കുന്നതോ വരെ ആകാം. ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ഉറപ്പാക്കുക. ഉണ്ടെങ്കില്‍ അതിന് വേണ്ടിയുള്ള ശ്രമം പതിയെ ആരംഭിക്കുക.
6. ഉള്ള കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക.
സ്വന്തം ഉള്ളില്‍ സന്തോഷം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ സന്തോഷം ലോകം മുഴുവന്‍ അന്വേഷിച്ചാലും ലഭിക്കില്ല. നാം ജീവിക്കുന്ന സാഹചര്യത്തിലെ സന്തോഷങ്ങള്‍ തിരിച്ചറിയുക. അവയ്ക്ക് നാം നമ്മളോട് തന്നെ നന്ദി പറയുക. നിലവിലായിരിക്കുന്ന സന്തോഷങ്ങളോട് കടപ്പെട്ടിരിക്കുക. ഇവയെല്ലാം നിങ്ങളുടെ അനാവശ്യ ആശങ്കകള്‍ അകറ്റാനും , ജീവിതം കൂടുതല്‍ ലളിതമാക്കാനും സഹായിക്കും.
7. എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക
ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ മറ്റുള്ളവരെ കാണിക്കാനോ, ബോദ്ധ്യപ്പെടുത്താനോ, സന്തോഷിപ്പിക്കാനോ വേണ്ടി ചെയ്യുന്നവരാണ് നമ്മള്‍. ഇത്തരം ശ്രമങ്ങള്‍ നിര്‍ത്തുക. സ്വയം ആഗ്രഹിക്കുന്നതും നമുക്ക് സന്തോഷിക്കാന്‍ കഴിയുന്നതും ആയ കാര്യങ്ങള്‍ ചെയ്യുക. ചെയ്ത കാര്യങ്ങളുടെ കണക്ക് പുസ്തകം ആരെയും കാണിച്ച് ഒപ്പിടീക്കേണ്ട ബാദ്ധ്യത നമുക്ക് ജീവിതത്തില്‍ ഇല്ല. നമ്മുടെ ജീവിതസന്തോഷങ്ങളോട് പൊരുത്തപ്പെടുന്നവരെ മാത്രം കൂടെ കൂട്ടുക.
8. മറ്റുള്ളവരുമായി നമ്മെ താരതമ്യപ്പെടുത്തുന്നത് അവസാനിപ്പിക്കുക
മുപ്പതുകളിലെത്തുമ്പോഴുള്ള പ്രധാന പ്രതിസന്ധിയാകും മറ്റുള്ളവരുമായി നാം സ്വയം താരതമ്യപ്പെടുത്താന്‍ നോക്കുന്നത്. കൂടുതല്‍ ശമ്പളം വാങ്ങുന്ന സുഹൃത്തിനോട്, മെച്ചപ്പെട്ട ജീവിത ശൈലി ഉള്ള സുഹൃത്തിനോട്, കൂടുതല്‍ അധികാരത്തിലിരിക്കുന്ന സമപ്രായക്കാരോട് ഇവരോടെല്ലാം നാം നമ്മെ താരതമ്യപ്പെടുത്തേണ്ടതില്ല. ഓരോ വ്യക്തിയും വ്യത്യസ്ഥരാണ്. കൂടുതല്‍ സമ്പന്നതയോ, അധികാരമോ ഒന്നുമല്ല ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നതെന്ന് തിരിച്ചറിയുക. നിങ്ങള്‍ അവരുടെ സ്ഥാനത്തെന്ന് സങ്കല്‍പ്പിക്കുക. എന്നിട്ട് അവര്‍ക്ക് അവരിലും മെച്ചപ്പെട്ടവരെന്ന് തോന്നുന്നവരോട് ഉണ്ടാകാവുന്നതും സമാനമായ വികാരങ്ങളെന്ന് മനസ്സിലാക്കുക. നാം ജീവിക്കുന്ന ജീവിതത്തിലെ സന്തോഷങ്ങളെ തിരിച്ചറിയുകയാണ് ഏറ്റവു നല്ല കാര്യമെന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയും.
9. നിങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ തന്നെ ക്ഷമിക്കുക
നിങ്ങളോട് സ്വയം ദയ കാണിക്കുക എന്നതാണ് ജീവിത വിജയത്തിലെ ഏറ്റവും മികച്ച ഘടകം. നാം വരുത്തിയ തെറ്റുകളെ അംഗീകരിക്കുകയും അവയോട് നമ്മള്‍ തന്നെ ക്ഷമിക്കുകയും ചെയ്യുക. അത് തിരുത്താന്‍ കഴിയുന്നവയാണെങ്കില്‍ അതിന് വേണ്ടി ശ്രമിക്കുക. ഇങ്ങനെ സ്വയം ക്ഷമിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ വികാരങ്ങളെയും നമുക്ക് അംഗീകരിക്കാനും തിരിച്ചറിയാനും ഒപ്പം നിയന്ത്രിക്കാനും സാധിക്കും. ഇത് ഭാവി ജീവിതത്തിലെ പല തെറ്റുകളില്‍ നിന്നും നമ്മെ പിന്‍തിരിപ്പിച്ചേക്കാം.
Read More on Lifestyle Magazine