' സീരിയലുകളിൽ എന്തിനാണിത്ര കണ്ണീരും ദുരന്തവും ? '

ജിലു ജോസഫ്

സീരിയലുകളുടെ കാഴ്ചക്കാർ എന്നും കുടുംബ പ്രേക്ഷകരാണ്. വൈകുന്നേരങ്ങളിൽ പല വീടുകളുടെയും അകത്തളങ്ങളിൽ മുഴങ്ങി കേൾക്കുന്നതും സീരിയലുകളുടെ ശബ്ദങ്ങളായിരിക്കും. അന്നും ഇന്നും എ​ന്നും സീരിയലുകളെ സ്നേഹിക്കുന്ന കൂട്ടരുള്ളപ്പോൾ തന്നെ വിമർശിക്കുന്നവരും ഉണ്ടായിട്ടുണ്ട്. കലഹവും പോരും മൽസരങ്ങളുമൊക്കെ നിലനിൽക്കുന്ന സീരിയൽ രംഗത്തിന് മാറ്റം അനിവാര്യമാണെന്നു വിശ്വസിക്കുന്നവരാമണ് അവർ. കണ്ണീരും ദുരന്തവും വേദനകളും മാത്രം നിറഞ്ഞതല്ല, അതിനേക്കാളൊക്കെ എത്രയോ സുന്ദരമാണ് ജീവിതം എന്നു പറഞ്ഞുകൊണ്ട് നടിയും ഗാനരചയിതാവുമായ ജിലു ജോസഫ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

ജീൻസും ടോപ്പുമിടുന്ന ഉച്ചത്തിൽ സംസാരിക്കുന്ന, സ്വന്തമായി ചിന്തിക്കുന്ന പെൺകുട്ടികളെല്ലാം വില്ലത്തിമാരാണെന്ന ധാരണയാണ് ചില സീരിയലുകളുണ്ടാക്കുന്നതെന്ന് ജിലു പറയുന്നു. വാലിട്ടു കണ്ണെഴുതി പോരു സഹിച്ച് വീട്ടിലെ പണികളെല്ലാം എടുത്ത് തർക്കുത്തരം പറയാതെ ഇരിക്കുന്നവൾ നായികയുമായിരിക്കും,  മലയാള ടെലിവിഷനിൽ ഇന്നു നിറയുന്ന പരമ്പരകളെല്ലാം ഇങ്ങനെ വിഷം വമിക്കുന്നവയാണെന്നു പറയുന്നു ജിലു. 

'' ടെലിസീരിയൽ ഒരു കലയാണെന്നും, ആവിഷ്കാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും അറിയാവുന്ന ആളാണ്, പക്ഷേ മനുഷ്യനെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കുന്ന, ആൺപെൺ വേർതിരിവുകൾ ആഘോഷിക്കാത്ത സീരിയലുകൾ ഉണ്ടാക്കൂ. ഞങ്ങളും കാണാം. നിങ്ങളെന്തിനാണ് ജീവിതം ഇത്ര ദുരന്തഭരിതമാണെന്ന് ഞങ്ങളെ കാട്ടിക്കൊണ്ടിരിക്കുന്നത്‌.''-ജിലു പറയുന്നു..

'' ദിവസത്തിൽ രണ്ടു തവണ പ്രക്ഷേപണം ചെയ്ത്‌ ,ആയിരം എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കി, ഈയിടെ മലയാള ടെലിവിഷനിൽ ഒരു സീരിയൽ. 

ഇതു വായിക്കുന്നവരിൽ സമയമുള്ള ആരെങ്കിലും ആ സീരിയലിന്റെ ആദ്യത്തെ എപ്പിസോഡൊന്നു ക്ഷമയോടെ കാണണം.

നായികയെന്നും വില്ലത്തിയെന്നും വേർത്തിരിച്ച രണ്ടു പെൺകുട്ടികൾ. നായിക, ദാവണിയുടുത്ത്‌, നീണ്ട മുടിയിൽ മുല്ലപ്പൂ ചാർത്തി, വാലിട്ട്‌ കണ്ണെഴുതി....രണ്ടാനമ്മയുടെ പോരും സഹിച്ച്‌, വീട്ടിലെ സകല പണിയുമെടുത്ത്‌, തർക്കുത്തരം പറയാതെ, കണ്ണീരു ചിന്തി, ശാലീനയായി ,സർവ്വംസഹയായ ഭൂമിയായി വീട്ടിലിരിക്കുന്നു. വില്ലത്തി , ജീൻസും ടോപ്പുമിട്ട്‌, തോന്നുമ്പോള്‍ എണീറ്റ്, തോന്നുന്നത്‌ കഴിച്ച്‌, തോന്നിയതെല്ലാം സംസാരിച്ച് , നായികയോട്‌ പോരുംകുത്തി‌ ജീവിതം ആഘോഷിക്കുന്നു. അവിടെ തന്നെ കഥാപാത്രരൂപീകരണം നടന്നിരിക്കുകയാണ്. ഇത്‌ ഒന്നാം എപ്പിസോഡ്‌ ആണെന്നു മറക്കരുത്‌. ഇതിന്റെ ആയിരം എപ്പിസോഡ്‌ കണ്ട്‌ ആസകലം ധൃതംഗ പുളകിതരായിരിക്കുകയാണ് നമ്മളിലെ ഒരു വലിയ സമൂഹമെന്നതാണ് സത്യം. ഒരു ഐഡിയൽ സ്ത്രീ ഇങ്ങനെയാവണം എന്ന് നമ്മളിൽ സ്ലോ പോയിസൺ കണക്കെ വിശ്വസിപ്പിച്ചിരിക്കുകയാണ് ആരെല്ലാമോ. ജീൻസും േടാപ്പുമിടുന്ന , ഉച്ചത്തിൽ സംസാരിക്കുന്ന, ജീവിക്കാൻ പഠിച്ച, സ്വന്തമായി ചിന്തിക്കുന്ന പെൺകുട്ടികളെല്ലാം അവിടെ വില്ലത്തിമാരാണ്.

മലയാളിയുടെ ഐഡിയൽ ഭർത്താവും അമ്മായി അമ്മയും മരുമകളും എങ്ങനെയാവണമെന്ന് അറിയണമെങ്കിൽ അതിനുമുണ്ട്‌ മലയാള സീരിയലുകളിൽ റെഫറൻസുകൾ. ഐഡിയൽ അമ്മയുടെയും ഐഡിയൽ IPS ഭാര്യയുടെയും ഇടയിൽപ്പെട്ട്‌ നട്ടം തിരിയുന്ന ഐഡിയൽ നായകന്മാരിൽനിന്നും മലയാളിക്കു രക്ഷയില്ല.

പെണ്ണു കറുത്തതായതകൊണ്ട മാത്രം സമൂഹത്തിൽ “അവൾക്കുണ്ടാവേണ്ടുന്ന” ദുരിതങ്ങൾ ‌, അവൾക്ക്‌ ഔദാര്യമെന്നോണം "ജീവിതം വച്ച നീട്ടുന്ന” സമ്പന്നനും വെളുത്തവനും സർവ്വോപരി ഷണ്ഠനുമായ "ഡോക്ടർ". മകളെ തിരിച്ചറിയാത്ത അച്ഛൻ , അമ്മയെ തേടി നടക്കുന്ന മകൾ. എന്തൊരു ദുരന്തമാണിതെല്ലാം. ഇതൊക്കെ കണ്ട്‌ നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്‌ ??

വൈകുന്നേരം ആറു മണിക്കു തുടങ്ങുന്ന സീരിയലുകളുടെ അങ്കം പതിനൊന്നു മണി വരെ നീളുന്നു. മലയാള ടെലിവിഷനിൽ ഇന്നു നിറയുന്ന പരമ്പരകളെല്ലാം ഇങ്ങനെ വിഷം വമിക്കുന്നവയാണ്. അത്‌ അവർ ആസ്വദിച്ചിരുന്ന് കാണുന്നു. എവിടെയൊക്കെയോ നമ്മൾ അകപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നില്ലേ? നമ്മുടെ സമാധാനപൂർണ്ണതയിലെ ശാപമല്ലേ ഇത്‌?

ആണിനും പെണ്ണിനും തമ്മിൽ ഒരേയൊരു ബന്ധം മാത്രമേ അവർക്കു ചിന്തിക്കാനാവൂ. കാരണം അവർക്കുള്ളിൽ എങ്ങിനെയൊക്കെയോ വേർത്തിരിവുകളുടെ ,അനാവശ്യ മതിലുകളുടെ വലിയ വിടവുകൾ ആരൊക്കെയോ കെട്ടിവച്ചിരിക്കുന്നു. ഒറ്റക്ക്‌ തന്റേടത്തോടെ നിൽക്കുമ്പോൾ കാലിടറി വീഴുമെന്ന് അവരെ മെല്ലെ പഠിപ്പിക്കുന്നു. മനുഷ്യൻ എന്ന പൊതുബോധത്തിൽ നിന്നും അവർ വളരെയകലെയാണ്. നമ്മുടെ സംസ്‌കാര രൂപീകരണത്തിൽ ഇത്തരത്തിലുള്ള സീരിയലുകൾക്കു വലിയ പങ്കാണുള്ളത്‌ എന്നാണ് ഞാൻ വിശ്വസിക്കുന്നത്‌.

ഇതു വായിക്കുന്ന നമ്മളിൽ പലരും സീരിയൽ കാണാത്തവരാണ്. അങ്ങനെയുള്ളവർ, ആ തിരിച്ചറിവുള്ളവർ സീരിയലിന്റെ പരിസരത്തേക്കു പോവാറില്ല. അതുകൊണ്ടു തന്നെ കുട്ടികളടങ്ങുന്ന നമ്മുടെ വീടുകളിലെ ഏഴുമണികളിലൂടെ അരിച്ചിറങ്ങുന്ന ഈ മഹാവിപത്തിനെക്കുറിച്ച്‌ നമ്മൾ ബോധവാന്മാരല്ല. എന്നാൽ അനുദിനം കാത്തിരുന്ന് , സമയം കണ്ടുപിടിച്ച്‌, ഈ നായികാ നായകന്മാരെ അത്രമേൽ നെഞ്ചേറ്റുന്ന ഒരു വലിയ സമൂഹം ഉണ്ടെന്നതിനു തെളിവാണല്ലോ, ആയിരം എപ്പിസോഡ്‌ “വിജയദൗത്യം" നടത്തിയെന്നുള്ള സത്യം.

ടെലിസീരിയൽ ഒരു കലയാണെന്നും, ആവിഷ്കാരസ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും അറിയാവുന്ന ആളെന്ന നിലയിൽ തന്നെ, ആത്മാർഥമായി ആഗ്രഹിക്കുകയാണ്. മനുഷ്യനെ മനുഷ്യരായി ജീവിക്കാൻ പഠിപ്പിക്കുന്ന, ആൺപെൺ വേർതിരിവുകൾ ആഘോഷിക്കാത്ത സീരിയലുകൾ ഉണ്ടാക്കൂ. ഞങ്ങളും കാണാം. നിങ്ങളെന്തിനാണ് ജീവിതം ഇത്ര ദുരന്തഭരിതമാണെന്ന് ഞങ്ങളെ കാട്ടിക്കൊണ്ടിരിക്കുന്നത്‌. അതിനെ വളരെ ലഘുവായി ആനന്ദത്തോടെ സമീപിക്കാമെന്ന് കാട്ടിത്തരൂ. നമ്മുടെ സീരിയലുകൾക്ക്‌ എന്തിനാണിത്രയേറെ കണ്ണീരും ദുരിതവും അന്ധവിശ്വാസങ്ങളും കുശുമ്പും വേദനയും. ജീവിതം അതിലൊക്കെ എത്രയോ സുന്ദരമാണ്. അതു നിങ്ങൾക്ക് അറിയാഞ്ഞിട്ടാണോ?

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam