കാൻസർ എന്നത് ജീവിതത്തിന്റെ അവസാന വാക്കല്ല. ആത്മവിശ്വാസത്തിന്റെ ചിറകിലേറി കാൻസറിനോട് ബൈ പറഞ്ഞു ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ചങ്ങനാശ്ശേരിക്കാരി സ്റ്റെഫി എന്ന ഈ പെൺകുട്ടിക്ക് പ്രായം 23 വയസ്. നിരാശയുടെ ഗർത്തങ്ങളിലേക്ക് വീണു പോകാതെ, നിറഞ്ഞ ഊർജത്തോടെ , പുഞ്ചിരിയോടെ ചികിത്സയെ നേരിട്ട , കീമോയുടെ നാളുകൾ പിന്നിട്ട സ്റ്റെഫി കാൻസറിനോട് പോരാടുന്നവർക്ക് നൽകുന്ന ഊർജം ചെറുതല്ല. അർബുദത്തെ ചെറുത്ത ഈ ഫീനിക്സ് പക്ഷിയുടെ കഥയിങ്ങനെ...
23 വയസ് , ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങൾ കണ്ട് തുടങ്ങുന്ന പ്രായം. ഈ പ്രായത്തിൽ അർബുദം എന്ന വിപത്തിന്റെ പിടിയിലാണ് താൻ എന്ന് അറിയേണ്ടി വന്നാൽ ഒരു പെൺകുട്ടിക്കുണ്ടാകുന്ന മാനസിക അവസ്ഥ എന്തായിരിക്കും? ജീവിതത്തിന്റെ അവസാനം അത് തന്നെ എന്നവൾ വിശ്വസിക്കും. ഭാവി അവൾക്കു മുന്നിൽ ഇരുൾ അടഞ്ഞതു പോലെ തോന്നും. ലോകം തന്നെ കീഴ്മേൽ മറിഞ്ഞു പോകുന്നു എന്ന് തോന്നുന്ന മാനസിക അവസ്ഥയിൽ അവൾ ജീവിതത്തെ വെറുത്തു തുടങ്ങും. ആത്മവിശ്വാസം, വീട്ടുകാരുടെ പിന്തുണ എന്നീ രണ്ടു ഘടകങ്ങൾ ഇല്ലാതിരുന്നു എങ്കിൽ മൂന്നു വർഷങ്ങൾക്കു മുൻപ് സ്റ്റെഫി തോമസ് എന്ന ഈ പെൺകുട്ടിയുടെ ജീവിതത്തിലും അതൊക്കെ തന്നെ സംഭവിക്കുമായിരുന്നു.
ദുബായിൽ ഇലെക്ട്രിക്കൽ സൂപ്പർവൈസറായ തോമസ് കുട്ടിയുടെയും ചങ്ങനാശ്ശേരിക്കാരി ഷൈനി തോമസിന്റെയും രണ്ടു പെൺകുട്ടികളിൽ മൂത്തവളായ സ്റ്റെഫിക്ക് എംകോമിന് പഠിക്കുമ്പോഴാണ് കാൻസറിന്റെ ലക്ഷണങ്ങൾ ആദ്യമായി കണ്ട് തുടങ്ങുന്നത്. ഈ പ്രായത്തിൽ കാൻസറോ എന്നുചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പ്രായം ഈ രോഗത്തെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. അതിനാൽ ചേർത്തു നിൽപ്പിന് സജ്ജരാകുക എന്നതാണ് പ്രധാനം.
സ്റ്റെഫിക്ക് ഇടയ്ക്കിടെ വരുന്ന പനിയും അലർജിയും ഒന്നും ആദ്യമൊന്നും ആരും കാര്യമാക്കിയെടുത്തില്ല. സാധാരണ പനിക്കുള്ള മരുന്നുകൾ മാത്രം വാങ്ങി. പിനീട് ശരീരത്തിന് ഭാരം നഷ്ടപ്പെടാൻ തുടങ്ങി . അപ്പോഴും വീട്ടുകാർ കരുതിയത് എംകോം പഠനത്തിന്റെ തിരക്കും സ്‌ട്രെസും കൊണ്ട് മാത്രമാണെന്നാണ്. വീട്ടിലെ പൊന്നോമനയും എല്ലാ കാര്യങ്ങളിലും വളരെ ആക്റ്റീവുമായ സ്റ്റെഫിക്ക് പയ്യെ പയ്യെ ക്ഷീണം ബാധിക്കുന്നത് കണ്ടാണ് അമ്മ ഷൈനി മകളെ കൂടുതൽ ശ്രദ്ധിച്ചത്. തുടർച്ചയായി വയറിളക്കവും വയറു വേദനയും വരാൻ തുടങ്ങിയതോടെ ഷൈനിക്ക് മനസ്സിൽ ആശങ്കകൾ വന്നു. എന്നാൽ ഒരിക്കലും തന്റെ മകൾക്ക് വന്നു കൊണ്ടിരിക്കുന്നത് ഇത്തരം ഒരു രോഗമായിരിക്കും എന്ന ചിന്ത ആ അമ്മയ്ക്കില്ലായിരുന്നു.
ഒരു ദിവസം സ്റ്റെഫിയുടെ വയറിൽ വെറുതെ പരാതി നോക്കിയ അമ്മയ്ക്ക് മുഴ പോലെ എന്തോ വയറ്റിൽ ഉണ്ടെന്ന് തോന്നി. സംശയം തോന്നിയ ഷൈനി സ്റ്റെഫിയോട് ഡോക്ടറെ കാണുന്നതിനെക്കുറിച്ച് പറഞ്ഞു. അത് പ്രകാരം ബന്ധുവിനെയും കൂട്ടി അടുത്തുള്ള ആശുപത്രിയിൽ പോയ സ്റ്റെഫിക്ക് അൾസർ ആണ് എന്നാണ് ആദ്യം ടെസ്റ്റിൽ നിന്നും തെളിഞ്ഞത്. ഇത് പ്രകാരം അടുത്ത ദിവസം ഓപ്പറേഷൻ വേണം എന്നും പറഞ്ഞു. എന്നാൽ കുറച്ചു കൂടി നല്ല ചികിത്സ ലഭ്യമാക്കാം എന്ന് കരുതി, വീട്ടുകാർ സ്റ്റെഫിയെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ഓങ്കോളജി എന്തെന്നറിയാതെ ഓങ്കോളജി ഡിപ്പാർട്മെന്റിലേക്ക്
ലേക്ഷോർ ആശുപത്രിയിൽ എത്തിയ സ്റ്റെഫിയെ ആദ്യം പരിശോധിച്ചത് ഗൈനക്കോളജി വിഭാഗത്തിൽ ആയിരുന്നു. അവിടെ നിന്നും സ്കാനിംഗും ബയോപ്സിയും നടത്തിയ ശേഷം ഓങ്കോളജി വിഭാഗത്തിലെ ഡോക്ടറെ കാണുന്നതിനായി പറഞ്ഞയച്ചു. ഓങ്കോളജി എന്തെന്നറിയാതെയാണ് സ്റ്റെഫി ഓങ്കോളജി വിഭാഗത്തിൽ എത്തുന്നത്.
'' ടെസ്റ്റുകൾ പൂർത്തിയാക്കിയ ശേഷം , ഡോക്ടർ ഗംഗാധരനെ കാണാൻ ആയി ഞങ്ങൾ കാത്തിരുന്നു. ഓങ്കോളജി എന്നാൽ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട വിഭാഗമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഡോക്ടർ ഗംഗാധരനാണ്, എന്നോട് എന്റെ രോഗ വിവരം പറയുന്നത്. ഗർഭാശയത്തിൽ കാൻസർ ആണ് എന്നും ചികിത്സ കൊണ്ട് ഭേദമാക്കാം എന്നും അദ്ദേഹം പറഞ്ഞു. കീമോ തെറാപ്പി ചെയ്യണം, അപ്പോൾ നിന്റെ നീളമുള്ള ഈ മുടിയൊക്കെ പോകും കേട്ടോ എന്നദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതം കീഴ്മേൽ മറിയുന്ന അനുഭവം ആയിരുന്നു. ആശുപത്രിയുടെ ആറാം നിലയിൽ നിന്നും ഞാൻ ഇറങ്ങി ഓടി. എമർജൻസി വാതിൽ തുറക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ താഴേക്ക് ചാടുമായിരുന്നു'' സ്റ്റെഫി പറയുന്നു
ജീവിക്കണം , കാൻസറിനോട് പൊരുതണം അച്ഛനും അമ്മയ്ക്കും വേണ്ടി
ഇരുപത്തിമൂന്നാം വയസിൽ മകൾക്ക് കാൻസർ ബാധിച്ചുവെന്നറിഞ്ഞതോടെ ആ അച്ഛനും അമ്മയും ആകെ തകർന്നു. പത്രണ്ടാം ക്‌ളാസുകാരിയായിരുന്ന അനിയത്തി സ്റ്റെനിയെയും കെട്ടിപ്പിടിച്ചു കരഞ്ഞിരുന്ന സ്റ്റെഫിക്ക് പക്ഷെ തന്റെ അച്ഛനമ്മമാരുടെ ദുഃഖം താങ്ങാൻ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ വിഷമത്തിനു മുന്നിൽ സ്റ്റെഫി സ്വയം കരുത്താർജിക്കുകയായിരുന്നു. എന്ത് വന്നാലും ചികിത്സയുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. ആശുപത്രിവാസത്തിന്റെ നാളുകൾ അങ്ങനെ ആരംഭിക്കുകയായിരുന്നു.
''വീട്ടിൽ മുത്തച്ഛന്റെ സഹോദരങ്ങൾ കാൻസർ വന്നു മരിച്ച കഥ കേട്ടിട്ടുണ്ട്. ഒപ്പം നാട്ടിലുള്ളവർക്കും മറ്റു കാൻസർ വന്ന കാര്യങ്ങളും അറിയാം. എന്നാൽ ആരും കാൻസറിനോട് പോരാടി വിജയിച്ചതായി പറഞ്ഞു കേട്ടിരുന്നില്ല. അത്കൊണ്ട് ആദ്യം ഭയം തോന്നിയെങ്കിലും, അമ്മയുടെയും പപ്പയുടെയും മുഖം മനസ്സിൽ ഓർത്തപ്പോൾ എവിടെ നിന്നെല്ലാമോ ധൈര്യം കിട്ടി '' സ്റ്റെഫി പറയുന്നു.
ആറു കോഴ്സ് കീമോ തെറാപ്പിയും സർജറിയുമായിരുന്നു സ്റ്റെഫിക്ക് നിർദേശിച്ചിരുന്നത്. സർജറിക്ക് ശേഷം കീമോ തുടങ്ങി. കീമോ തെറാപ്പി വാർഡിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ഉണ്ടായിരുന്നു. തന്നെക്കാൾ വിഷമതയോടെ കാൻസറിനെ നേരിടുന്ന ആളുകളെ കണ്ടപ്പോൾ സ്റ്റെഫിക്ക് ജീവിതത്തോട് തന്നെ വാശിയയായി. ഏതു വിധേനയും കാൻസർ എന്ന രോഗത്തിൽ നിന്നും മുക്തി നേടണം എന്ന് ഉറപ്പിച്ചു.
രണ്ടാം കോഴ്സ് കീമോ തെറാപ്പി പൂർത്തിയാക്കിയപ്പോൾ തന്നെ മുടി പൂർണമായും കൊഴിഞ്ഞിരുന്നു. അരകേട്ട് വരെ കവിഞ്ഞു കിടന്നിരുന്ന തലമുടി പോയതിന്റെ വിഷമം ഒരു ഭാഗത്ത്, മറു ഭാഗത്ത് ചികിൽസിച്ചിട്ട് കാര്യമുണ്ടോ, എത്ര നാൾ ഉണ്ടെന്നാ ഡോക്ടർ പറഞ്ഞത്, രോഗം മാറിയാലും കല്യാണം നടക്കുമോ തുടങ്ങിയ നോവിക്കുന്ന ചോദ്യങ്ങളുമായി നാട്ടുകാർ. എന്നാൽ ഇതുകൊണ്ടൊന്നും സ്റ്റെഫിയും കുടുംബവും തകർന്നില്ല . വളരെ വിജയകരമായി തന്നെ ആറു കോഴ്സ് കീമോ തെറാപ്പി പൂർത്തിയാക്കി.
ജീവിതത്തിന്റെ പച്ചപ്പിലേക്ക്
സർജറിയും കീമോ തെറാപ്പിയും കഴിഞ്ഞു നടത്തിയ ടെസ്റ്റുകളിൽ നിന്നും കാൻസറിന്റെ വേരുകൾ സ്റ്റെഫിയുടെ ശരീരത്തിൽ നിന്നും പൂർണമായി അടർത്തി മാറ്റപ്പെട്ടു എന്ന് മനസിലായി. ജീവിതം തിരികെ കിട്ടി എന്നതിൽ ഉപരിയായി , രണ്ടാം ജന്മമാണ് ഇത് എന്ന് പറയാനാണ് സ്റ്റെഫിക്ക് ഇഷ്ടം. കാൻസറിനോട് പോരാടാൻ സ്റ്റെഫി കാണിച്ച ധൈര്യം ഒന്ന് മാത്രമാണ് സ്റ്റെഫിയെ ജീവിതത്തോട് അടുപ്പിച്ചത്. ഇപ്പോൾ ഏകദേശം മൂന്നു വർഷത്തോളമായി ഇടക്കിടയ്ക്ക് ചെക്കപ്പുകൾ നടത്തുന്നു. എല്ലാ പരിശോധനകളും നൽകുന്നത് സന്തോഷിപ്പിക്കുന്ന ഫലം തന്നെ. കാൻസർ എന്നെന്നേക്കുമായി ആ ശരീരത്തിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു.
കാൻസർ എന്നാൽ ജീവിതത്തിന്റെ അവസാനമല്ല !
അതെ കാൻസർ എന്നാൽ ജീവിതത്തിന്റെ അവസാനമല്ല, ഇതാണ് സ്റ്റെഫി തോമസ് എന്ന ഈ മിടുക്കിക്ക് സമൂഹത്തോട് പറയാനുള്ളത്. കൃത്യമായ സമയത്ത് കണ്ടെത്തുക, മികച്ച ചികിത്സ നൽകുക എന്നതാണ് പ്രധാനം. ഒപ്പം വീട്ടുകാരും നാട്ടുകാരും പൂർണ പിന്തുണയുമായി കൂടെയുണ്ടാകുക എന്നതും . ഇപ്പോൾ സ്റ്റെഫിയുടെ ജീവിതം കൂടുതൽ പോസിറ്റിവ് ആണ്. ജീവിതത്തിൽ പലവിധ അസുഖങ്ങൾ മൂലം തളർന്നു പോകുന്നു എന്ന് തോന്നുന്നവർക്ക് മുന്നിൽ, പോസറ്റിവ് ചിന്തകൾ മാത്രം നൽകുന്ന പാഠപുസ്തകമായി മാറുകയാണ് സ്റ്റെഫി എന്ന ഈ ഫീനിക്സ് പക്ഷിയുടെ ജീവിതം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam