അന്ന്, 2000 ഒക്ടോബർ 21. പാറക്വാറിയിലും മറ്റും കൂലിപ്പണി കഴിഞ്ഞ് പതിവുപോലെ മദ്യപിച്ചവർ വീട്ടിലെത്തിയത് പതിവിലേറെ ക്ഷീണിതരായാണ്. മരണം വേട്ടയ്ക്കിറങ്ങുകയായിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിലായി പലരും പലയിടങ്ങളിൽ കുഴഞ്ഞുവീണു. കല്ലുവാതുക്കൽ നടുങ്ങി, കേരളവും. ഉൾക്കിടിലത്തോടെ നാട് ചോദിച്ചുകൊണ്ടിരുന്നു; അടുത്തത് ആര്...? മരണം പെരുകിപ്പെരുകി വന്നു. നാടൊന്നാകെ റോഡിലേക്ക് ഇറങ്ങി. ചികിത്സ തേടാൻ മടിച്ചവരെ ഉറ്റവർ ഉന്തിത്തള്ളി ആശുപത്രിയിലാക്കി. വാഹനങ്ങൾ മെഡിക്കൽ കോളജിലേക്കു പാഞ്ഞു. ഇവിടെയും പട്ടാഴി, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, പള്ളിപ്പുറം എന്നിവിടങ്ങളിലുമായി 31 പേരാണു മരിച്ചത്.
കേസിൽ ഒന്നാം പ്രതിയായത് കവറു താത്ത എന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയാണ്. കല്ലുവാതുക്കലിൽ പൊലീസ് കയറാതിരിക്കാൻ രണ്ടരയാൾ പൊക്കത്തിൽ മതിൽ കെട്ടിയ, ഔട്ട്ഹൗസും എസിയും എല്ലാ സൗകര്യങ്ങളുമുള്ള ഇരുനിലവീട്ടിൽ മദ്യക്കച്ചവടം നടത്തിയിരുന്ന ഹയറുന്നിസ. സ്‍റ്റേഷനിൽനിന്നു പൊലീസുകാർക്കു പാഞ്ഞെത്താൻ മാത്രം ദൂരമുള്ള ആ വീട്ടിലായിരുന്നു കച്ചവടം. പരസ്യമായ രഹസ്യം തന്നെ. ഉദ്യോഗസ്ഥരടക്കം പലരും കണ്ണടച്ചു. ആ അനാസ്ഥയ്ക്കു പക്ഷേ വലിയ വില കൊടുക്കേണ്ടിവന്നു. കല്ലുവാതുക്കലിന് എന്നും ചരിത്രത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്നു.
നാട്ടിലെ സമ്പന്നയായിരുന്നു താത്ത. സ്വത്തുക്കളും വാഹനങ്ങളും അനവധി. രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമെന്ന് ആരോപണം. പക്ഷേ, ഒരു ദുരന്തമുണ്ടാകേണ്ടിവന്നു, ആ സമ്പത്തിന്റെ അണിയറക്കഥകൾ നാടറിയാൻ. ഒടുവിൽ കേസിൽ അറസ്റ്റിലായി, ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഹയറുന്നിസ കരൾ രോഗത്തോടും ജയിൽജീവിതത്തിലെ ദുരിതത്തോടും മല്ലടിച്ച് 2009 ൽ മരിച്ചു.
പരവൂർ സ്വദേശിയായ അവർ ദുരന്തമുണ്ടാകുന്നതിനും രണ്ടു പതിറ്റാണ്ടുമുൻപാണ് ഭർത്താവ് രാജനൊപ്പം കല്ലുവാതുക്കലിൽ എത്തുന്നത്. പരവൂരിൽ ഹോട്ടൽ നടത്തിയ പരിചയം മാത്രമായിരുന്നു കൈമുതൽ. പിന്നീട് വീട്ടിൽ മദ്യക്കച്ചവടം തുടങ്ങിയതു നാട്ടുകാരും അറിഞ്ഞു. കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടുമെന്നതിനാൽ, കൂലിപ്പണിക്കാരും മറ്റും ഇവിടേക്കൊഴുകി. സമീപത്തെ പാറക്വാറിയിൽ ജോലിചെയ്യുന്നവർക്ക് അൽപം ലഹരി വേണമായിരുന്നു, അത്യധ്വാനം ചെയ്യാൻ. ഇതു ഹയറുന്നിസയുടെ വളർച്ചയ്ക്കു വളമായി. ബസുകളും സമാന്തരസർവീസ് നടത്തുന്ന വണ്ടികളും അടക്കം ഒട്ടേറെ വാഹനങ്ങളും വീടുകളും അവർ വാങ്ങിക്കൂട്ടി.
പരിശോധനയുണ്ട്, തൊണ്ടിമുതലില്ല
വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്താറുണ്ടായിരുന്നു. പക്ഷേ, തൊണ്ടിമുതൽ കിട്ടാറില്ല. പരിശോധനയ്ക്ക് ആളെത്തുന്നു എന്നറിഞ്ഞാലുടൻ വീട്ടിൽ സൂക്ഷിച്ച മദ്യം ശുചിമുറിയിൽ ഒഴുക്കിക്കളയുകയായിരുന്നു പതിവ്. പിന്നീട് റോഡിൽനിന്നു വീട്ടിലേക്കുള്ള ചെറുവഴിയിൽ ആർക്കും കയറാൻ പറ്റാത്തത്ര പൊക്കത്തിൽ മതിൽ കെട്ടി. ഗേറ്റിനും ഉണ്ടായിരുന്നു പ്രത്യേകതകൾ. മുഴുവൻ മറഞ്ഞ നീല ഗേറ്റ്. അകത്തുനിന്ന് ഇരുമ്പു തകിടു നീക്കിയാൽ മാത്രം കാണാവുന്ന ചെറുദ്വാരം. അതിലൂടെ നോക്കിയാണ് പുറത്തുള്ള ആളെ തിരിച്ചറിഞ്ഞിരുന്നത്. ഗേറ്റിനു താഴ്‍വശത്ത് ചെറിയ അഴികളുണ്ട്. പരിശോധനയ്ക്കു വരുന്നവർ പൊലീസുകാരാണോ എന്നറിയാൻ ഷൂസ് കാണാനാണ് ആ അഴികൾ സ്ഥാപിച്ചിരുന്നത്രെ. ടാങ്കിൽ ശേഖരിച്ച മദ്യമെടുക്കാനായി ടാപ്പുകളും വീട്ടിലുണ്ടായിരുന്നു. ഒഴിഞ്ഞ കന്നാസുകൾ കഴുകി വൃത്തിയാക്കി വഴിയരികിൽ ഉപേക്ഷിക്കുമായിരുന്നു. വീടിനുള്ളിൽ കന്നാസുകളുടെ ശേഖരം ഒഴിവാക്കാൻ കണ്ടുപിടിച്ച മാർഗമായിരുന്നു ഇത്.
ദുരന്തമുണ്ടായശേഷം ഹയറുന്നിസയും രാജനും ഒളിവിൽപോയി. ആ വീട്ടിൽനിന്നു പൊലീസിനു തെളിവുകളൊന്നും കിട്ടിയില്ല. വീടാകെ കഴുകിത്തുടച്ചു വൃത്തിയാക്കിയിരുന്നു. പക്ഷേ, എവിടെനിന്നാണു മദ്യം കഴിച്ചതെന്ന ആളുകളുടെ മരണമൊഴി അവർക്കെതിരെ നിർണായക തെളിവായി.
ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽനിന്നാണ് ഇവിടേക്കും മദ്യമെത്തിയിരുന്നത്. ഒടുവിലെത്തിയത് മീതൈൽ ആൽക്കഹോൾ അമിതമായി കലർന്ന വിഷമദ്യവും. മണിച്ചൻ കേസിൽ ഏഴാം പ്രതിയായി. ഭർത്താവ് രാജനും വിഷമദ്യം കഴിച്ച് അസ്വസ്‌ഥതകളുണ്ടായിരുന്നതിനാൽ ഹയറുന്നിസയ്ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടില്ല. പിന്നീട് അവർക്കും മണിച്ചനും ജീവപര്യന്തം ശിക്ഷ ലഭിച്ചു. മണിച്ചൻ ഇപ്പോഴും ജയിലിൽത്തന്നെ. 2011 ൽ രാജനും മരിച്ചു.
ശിക്ഷ തന്നെ
ജയിൽജീവിതം തന്നെയായിരുന്നു ഹയറുന്നിസയ്ക്കുള്ള യഥാർഥ ശിക്ഷ. രോഗത്തിന്റെ വേദന തിന്ന്, അവസാനകാലത്തെങ്കിലും വീട്ടിലെത്തണമെന്ന ആഗ്രഹം സാധിക്കാതെയാണ് 2009 ൽ അവരുടെ മരണം. ജയിലിൽ കഴിയുമ്പോഴാണു രോഗം തിരിച്ചറിയുന്നത്. പിന്നീട് മൂർച്ഛിച്ചു. കിടന്നാൽ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയുമായിരുന്നില്ല. മകൾ മാത്രം കൂട്ട്. സർക്കാർ മികച്ച ചികിത്സയും പരിചരണവും അവർക്കു നൽകിയിരുന്നു.
സ്വന്തം വീട്ടിൽ കിടന്നു മരിക്കണമെന്നായിരുന്നു അവസാന ആഗ്രഹം. ജയിൽ മെഡിക്കൽ ബോർഡിന്റെ ശുപാർശ ലഭിച്ചാൽ അതു സാധിക്കുമെന്ന വിശ്വാസത്തിലുമായിരുന്നു. ബോർഡിന് അപേക്ഷ നൽകി കാത്തിരുന്നെങ്കിലും അതിനുമുൻപേ മരണമെത്തി. പരോൾ കഴിഞ്ഞ് തിരികെ ജയിലിലെത്തി, ആശുപത്രിയിലായിരുന്നു മരണം. കേസ് നടത്താനായി വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ടു. ആഡംബരജീവിതത്തിൽനിന്നു ദുരിതങ്ങളിലേക്കു വീണ അനിവാര്യമായ വിധി.
ഗേറ്റുണ്ട്, കാവൽക്കാരില്ലാതെ
കല്ലുവാതുക്കലിൽ ഹയറുന്നിസയുടെ വീട് ഇന്നുമുണ്ട്. റോഡിനോടു ചേർന്നു കഷ്ടിച്ചു രണ്ടുപേർക്കു കടന്നുപോകാവുന്ന ചെറു ഇടനാഴി. ഇടനാഴി അവസാനിക്കുന്നത് പഴയതുപോലെ രണ്ടരയാൾ പൊക്കത്തിലുള്ള ഇടുങ്ങിയ മതിലിലെ ഗേറ്റിനുമുൻപിൽ. അവിടെ പക്ഷേ പഴയതുപോലെ കാവൽക്കാരില്ല. ഗേറ്റ് പാടെ പൊളിഞ്ഞിളകിയിട്ടുണ്ട്. മുറ്റം കാണാം. മതിലിലെ കോളിങ് ബെൽ തകർന്ന നിലയിലാണ്. വീടിന്റെ ഔട്ട്ഹൗസ് തകർന്ന് ഉപയോഗശൂന്യമായി കിടക്കുന്നു. ചായം മങ്ങിയ വീട് പഴയതുപോലെതന്നെ. ഇപ്പോൾ അവിടെ ഹയറുന്നിസയുടെ മകൾ ഷീബയും കുടുംബവുമാണു താമസം.
പഴയകാലത്തെക്കുറിച്ച് ഒന്നും പറയാൻ താൽപര്യമില്ലെന്നു പറഞ്ഞ് ഷീബ ഗേറ്റ് അടഞ്ഞുനിന്നു– ‘ഇതൊന്നും പറഞ്ഞിട്ട് ഇപ്പോൾ ആർക്കും പ്രയോജനമില്ലല്ലോ’.
കണ്ണീരുറഞ്ഞ വീടുകൾ
മരിച്ചവരൊക്കെ കൂലിപ്പണിക്കാരായിരുന്നു. അന്നന്നത്തെ അന്നത്തിനായി ജോലി ചെയ്ത്, രാത്രി അൽപം മദ്യപിച്ച് വീട്ടിലെത്തിയിരുന്നവർ. കുടുംബം നോക്കിയിരുന്നവർ. പതിനേഴുകൊല്ലങ്ങൾക്കിപ്പുറവും ഓർമകൾക്കു കണ്ണീരിനൊപ്പം കയ്പ്പുമുണ്ട്. കുടുംബത്തിന്റെ നെടുംതൂൺ തകർത്ത, തങ്ങളുടെ തലമുറകളെപ്പോലും മാനംകെടുത്തിയ ദുരന്തം.
അന്ന്, അപകടത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടവരിൽ ഏറെപ്പേരും ഇന്നില്ല. കാഴ്ചയില്ലാത്തവർ, ആരോഗ്യം നഷ്ടപ്പെട്ടവർ, അങ്ങനെ ജീവിതത്തോടു പൊരുതിത്തോറ്റവർ. അവരുടെ കുടുംബങ്ങളിലൂടെ ഒരു യാത്ര...
ഇരുൾവീണത് ജീവിതത്തിലും
കല്ലുവാതുക്കലിൽ പ്ലാവർകുന്ന് എന്ന കൊച്ചുഗ്രാമത്തിലേക്കു പരിചയമില്ലാത്തവർക്ക് അത്രയെളുപ്പത്തിൽ എത്താനാവില്ല. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള, ചെറുവഴികളാണ് കൂടുതലും. പക്ഷേ ദുരന്തം വളരെയെളുപ്പത്തിലാണു പ്ലാവർകുന്ന് കയറിവന്നത്, ജോയിയെത്തേടി. മദ്യദുരന്തത്തിൽ കാഴ്ച നഷ്ടപ്പെട്ട ജോയി പിന്നീട്, ആറുകൊല്ലത്തിനുശേഷം ജീവനൊടുക്കി.
17 കൊല്ലം മുൻപുള്ള ആ ദിവസത്തെക്കുറിച്ചു പറയുമ്പോൾ ജോയിയുടെ മകൻ സജിന് ഇന്നും അന്നത്തെ ഒൻപതാംക്ലാസുകാരന്റെ പകപ്പുണ്ട്. ‘അപ്പൻ പെയിന്റിങ് പണിക്കു പോകുമായിരുന്നു. ജോലി കഴിഞ്ഞ് മദ്യപിച്ച് രാത്രി പത്തുമണിയോടെ വീട്ടിലെത്തി. പിറ്റേന്ന് എട്ടൊൻപത് മണിയായിട്ടും ഉണർന്നില്ല. പള്ളിയിലെ അച്ചനാണ് എന്നോട് പറഞ്ഞത്, വേഗം പോയി അപ്പനെ നോക്കാൻ....
’
അപ്പോഴേക്കും വിഷമദ്യത്തിന്റെ വാർത്ത കാറ്റിലെന്ന പോലെ പരന്നിരുന്നു. ഓടിച്ചെന്നപ്പോഴാണ്, കുടിച്ചതിന്റെ ക്ഷീണത്തിലല്ല, വിഷത്തിന്റെ കാഠിന്യത്തിലാണ് അപ്പൻ മയങ്ങിക്കിടക്കുന്നതെന്ന് അറിഞ്ഞത്. രണ്ടാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടമായി. പിന്നീട് ആറേഴു മാസം കഴിഞ്ഞ് ഒരു കണ്ണിന്റെ കാഴ്ച തിരികെ കിട്ടി.
എങ്കിലും ജീവിതം പഴയപോലെയായില്ല, ജോയിയുടെ ആരോഗ്യവും. പ്രഖ്യാപിച്ച നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. ജോയിക്കു തുടർചികിത്സയും വേണമായിരുന്നു. ഇതോടെ സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കി. സജിന്റെ പഠനം പത്താം ക്ലാസിൽ നിലച്ചു. സഹോദരിയുടെ വിവാഹം നടത്താൻ 20 സെന്റ് വസ്തുവും വീടും വിറ്റു.
‘വേറെ വഴിയില്ലായിരുന്നല്ലോ. പിന്നെ ഞാൻ ജോലിക്കിറങ്ങി. ഇപ്പോൾ ഡ്രൈവറാണ്. ദുരന്തം കഴിഞ്ഞ് രണ്ടുകൊല്ലത്തിനുശേഷം അപ്പൻ വീണ്ടും കുടിച്ചുതുടങ്ങി. പഴയപോലെയല്ല, വല്ലാതെ വഴക്കിടുമായിരുന്നു. ഒരു ദിവസം അങ്ങനെയൊരു വഴക്കിനുശേഷം വീട്ടിൽനിന്ന് എല്ലാവരെയും ഇറക്കിവിട്ടു. അതിനുശേഷമാണു ജീവനൊടുക്കിയത്. അമ്മയും പിന്നീടു മരിച്ചു..’ സജിൻ പറഞ്ഞുനിർത്തി. തന്റെ ഫോട്ടോ എടുക്കരുതെന്നു പറഞ്ഞൊഴിഞ്ഞു. വിവാഹിതനായ സജിൻ കുടുംബത്തോടൊപ്പം പിന്നീടു വാങ്ങിയ വസ്തുവിൽ വീടുവച്ചാണു താമസം. അല്ലലുകൾ കടന്ന് ജീവിതത്തിലേക്കു പിടിച്ചുകയറിയ ആശ്വാസമുണ്ട് ഇപ്പോൾ ഈ കൊച്ചു കുടുംബത്തിന്.
അച്ഛനെന്ന തണലില്ലാതെ...
ടാർപ്പായ പുതച്ച, മൺകട്ടകൾ അടുക്കിയ ചെറിയ വീട്. അതിന്റെ ചുമരിൽനിന്നു പൊടിയന്റെ ചിത്രം മകൻ തുളസി ഇളക്കിയെടുത്തപ്പോൾ മൺതരികൾ ഇടറിവീണു, ഓർമകൾപോലെ. തുളസിയുടെ വാക്കുകളും ഇടറി: ‘അച്ഛനുണ്ടായിരുന്നെങ്കിൽ എന്തിനും ഒരു തണലായേനെ.....’ മീൻകാരനായിരുന്നു പൊടിയൻ. ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം. അന്നു മൂത്തമകൻ തുളസി മാത്രമാണു വിവാഹിതൻ. ഇളയ ആൺമക്കളുടെയും സഹോദരിയുടെയും ജീവിതത്തെ സ്തംഭിപ്പിച്ചാണ് വിഷമദ്യദുരന്തം കയറിവന്നത്.
‘അന്ന് അച്ഛൻ ജോലികഴിഞ്ഞു മദ്യപിക്കുമായിരുന്നു. കച്ചവടം കഴിഞ്ഞുവന്ന് വീണ്ടും പുറത്തേക്കു പോയി. തിരിച്ചു വീട്ടിലെത്തി ഒന്നു കിടക്കണം എന്നു പറഞ്ഞു. അൽപനേരം കഴിഞ്ഞു വിളിച്ചപ്പോൾ അനക്കമില്ല’– തുളസി ഓർക്കുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. കല്ലുവാതുക്കലിൽ പാറയിൽ ജംക‍്ഷനിൽ കോളനിയിലെ ചെറിയ വീട് അനാഥമായി. എങ്കിലും മക്കളാരും വേർപിരിഞ്ഞുപോയില്ല. ദുരിതങ്ങൾക്കിടയിലും അവർ മുന്നോട്ടു തുഴഞ്ഞു. സഹോദരിയുടെ വിവാഹം നടത്തി. അമ്മ പിന്നീടു മരിച്ചു. ഇപ്പോൾ മക്കൾ ആകെയുള്ള കുറച്ചു വസ്തുവിൽ മൂന്നു കൊച്ചുവീടുകളിലായി ജീവിതം തുടരുന്നു. കൂലിപ്പണിയെടുത്തു കുടുംബം പുലർത്തുന്നു.
മരിച്ചവർക്കു ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നെങ്കിലും പൊടിയന്റെ ആശ്രിതർക്ക് 50000 രൂപയിൽ താഴെയേ ലഭിച്ചുള്ളൂ. പിന്നീട് അക്കാര്യമൊന്നും അന്വേഷിച്ചില്ലേ എന്നു ചോദിച്ചപ്പോൾ തുളസി നിസ്സഹായതയോടെ കൈമലർത്തി:‘ ഇതിനൊക്കെ ഞങ്ങൾ എന്തുചെയ്യാനാ? ഒന്നാമത്, ഞങ്ങൾക്ക് ഇതിനെപ്പറ്റിയൊന്നും അറിഞ്ഞുകൂടാ. പിന്നെ കുടുംബം നോക്കണ്ടേ, ജോലിക്കു പോകണ്ടേ, പിന്നെ എപ്പഴാ....?’
കൗസല്യ, ആദ്യത്തെ ഇര
കല്ലുവാതുക്കൽ മദ്യദുരന്തത്തിൽ ആദ്യം മരണത്തിലേക്കു വീണത് കൗസല്യയായിരുന്നു. ഹയറുന്നിസയുടെ വീട്ടുജോലിക്കാരി. കൗസല്യ ഹയറുന്നിസയുടെ ടെസ്റ്റർ ആയിരുന്നോ എന്നു ചോദിച്ചപ്പോൾ അജയൻ എതിർത്തു; ‘അല്ലല്ല, അമ്മാമ്മ അവിടെ വീട്ടുജോലിക്കു പോയതാണ്.’ കല്ലുവാതുക്കലിൽ ദുരന്തത്തിന്റെ ഇരകളെ തേടിയുള്ള യാത്രയിൽ വഴി കാണിച്ചുതന്നത് അജയനാണ്.
പിന്നീട്, മുത്തശ്ശിയുടെ മരണത്തെക്കുറിച്ചും ചിതറിപ്പോയ കുടുംബത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി; അന്നെനിക്ക് 20 വയസ്സാണ്. അമ്മാമ്മയ്ക്ക് 65. രാവിലെ ക്രിക്കറ്റ് കളിക്കാനായി നിൽക്കുമ്പോഴാണ് അമ്മാമ്മ ഹയറുന്നിസയുടെ വീട്ടിലെ ജോലി കഴിഞ്ഞു വരുന്നത്. ‘എനിക്കു തലകറങ്ങുന്നു’ എന്നു പറഞ്ഞാണു വീട്ടിലേക്കു കയറുന്നത്. ‘തിണ്ണയിലോട്ട് കിടക്ക് അമ്മാമ്മേ..’ എന്നു ഞാൻ പറഞ്ഞു. അവിടെ കിടക്കുന്നതു കണ്ടാണ് പുറത്തേക്ക് ഇറങ്ങിയത്. പിന്നെ മൈതാനത്തു നിൽക്കുമ്പോൾ ആളുകൾ ഓടിവന്നു പറഞ്ഞു, ആശുപത്രിയിലേക്കു കൊണ്ടുപോയെന്ന് ’.
പെട്ടെന്നായിരുന്നു കൗസല്യയുടെ മരണം. എന്താണു സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. അപ്പോഴാണ് അടുത്ത മരണവാർത്തയെത്തുന്നത്. അതോടെ , കൗസല്യയുടെ മക്കൾ ഉറപ്പിച്ചു, അമ്മയും വിഷമദ്യം കഴിച്ചിരിക്കാം. അമ്മയില്ലാത്തതിന്റെ വേദനയ്ക്കൊപ്പം സമൂഹത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിയും വന്നു കുടുംബത്തിന്. പിന്നീടു വീടു പണയത്തിലായി. നഷ്ടപരിഹാരമായി 30,000 രൂപയോളമാണു കിട്ടിയത്.
കടബാധ്യതകൾക്കിടയിൽ അതു കടലിൽ കായം കലക്കിയതുപോലെയായി. ‘നമ്മുടെ ഓഫിസുകളല്ലേ. അന്ന് ഞങ്ങൾ ചെല്ലുമ്പോഴെല്ലാം സമയമായില്ല എന്നു പറഞ്ഞു മടക്കും. ഞങ്ങൾക്ക് ഇതേപ്പറ്റി ധാരണയൊന്നുമില്ലായിരുന്നു. പിന്നെ നഷ്ടപരിഹാരം ചോദിച്ചുപോകുന്നതു തന്നെ മടുത്തു’– അജയൻ പറയുന്നു. കൗസല്യയുടെ ആറു മക്കളും പിന്നീടു പല വഴിക്കു പിരിഞ്ഞു. അജയന്റെ അമ്മയും മരിച്ചു. ഇപ്പോൾ പാറയിൽ ജംക‌്ഷനിൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ് അജയന്റെ താമസം. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam