രണ്ട് പേര്‍ തമ്മിലുള്ള ദാമ്പത്യജീവിതത്തില്‍ തകരാറുകള്‍ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് എന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അന്വേഷണം പോയി മിക്കപ്പോഴും അവസാനിക്കുന്നത് ആ രണ്ട് പേരില്‍ തന്നെയായിരിക്കും. വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലെ പുറത്ത് നിന്നുള്ള ആള്‍ ദാമ്പത്യബന്ധം തകരുന്നതിന് കാരണാകാറുള്ളു. പരസ്പരം മനസ്സിലാക്കി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയവര്‍ക്കിടയില്‍ ഈ പ്രശ്നങ്ങള്‍ പിന്നെ ഉടലെടുക്കുന്നത് എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ. സ്വയം വരുത്തി വയ്ക്കുന്ന തെറ്റുകളും അബദ്ധങ്ങളും തന്നെയാണ് എല്ലായ്പ്പോഴും ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറ്. ദാമ്പത്യം തകിടം മറിക്കുന്നതിന് പൊതുവായി കാരണമാകാറുള്ള ദമ്പതിമാരുടെ ഏഴ് പ്രവര്‍ത്തികള്‍ ഇവയാണ്.
1.ദാമ്പത്യത്തില്‍ സംഭവിച്ചേക്കാവുന്ന മോശം കാര്യങ്ങളക്കുറിച്ച് മാത്രം ചിന്തിക്കുക
പ്രശ്നങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല. പക്ഷെ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടുന്ന രീതി വളരെ പ്രധാനമാണ്. ഉദാഹരണത്തിന് തന്റെ ജീവിത പങ്കാളി തന്നോട് വഴക്കിടാന്‍ കാരണം മറ്റൊരാളോട് ഇഷ്ടമുള്ളതിനാലാകണം എന്ന് പെട്ടെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഏറ്റവും മോശം കാര്യങ്ങളില്‍ ഒന്നിലേക്ക് ചിന്ത പോകുന്നതിന് ഒരു ഉദാഹരണമാണ് ഇത്. ഇത്തരം ചിന്തകള്‍ മനസ്സിലെ ആശങ്ക വര്‍ദ്ധിപ്പിക്കും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളു.
എന്റെ ദാമ്പത്യം എപ്പോള്‍ വേണമെങ്കിലും പരാജയപ്പെടാം എന്ന ആശങ്കയാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്ക് നമ്മെ നയിക്കുന്നത്. തന്റെ ജീവിതപങ്കാളിയെ തുല്യമായി കാണാതെ അവരെ തന്നേക്കാള്‍ ഉയര്‍ന്നവരായി സങ്കല്‍പ്പിക്കുക, അവര്‍ക്ക് തന്നേക്കാള്‍ മെച്ചപ്പെട്ട ആളുകളെ ലഭിച്ചേനെ എന്ന ചിന്ത വച്ച് പുലര്‍ത്തുക ഇവയെല്ലാമാണ് എപ്പോഴും മോശം രീതിയില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്ന ആശങ്ക നമ്മില്‍ സൃഷ്ടിക്കുന്നത്.
2. ദാമ്പത്യത്തിനൊഴികെ മറ്റെല്ലാത്തിനും പ്രാധാന്യം നല്‍കുക
ദാമ്പത്യത്തിലേക്ക് പ്രവേശിക്കും മുന്‍പ് നമുക്കുള്ള സങ്കല്‍പ്പങ്ങളനുസരിച്ചേ ആയിരിക്കില്ല പിന്നീട് നമ്മള്‍ ജീവിക്കുക. നമ്മളിലുണ്ടായ മാറ്റം വിലയിരുത്തിയാല്‍ നാം തന്നെ അത്ഭുതപ്പെടും. ഇതിലൊന്നാണ് ജീവിതപങ്കാളിക്ക് വേണ്ടി നിറയെ സമയം മാറ്റി വക്കണം എന്ന ചിന്ത. ജീവിത പങ്കാളിയോടൊപ്പം ചിലവഴിക്കുന്ന സമയം സ്വപ്നം കാണുന്ന നമുക്ക് പക്ഷെ വിവാഹത്തിന് ശേഷം നേരെ തിരിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടി വരിക. തന്റെ പങ്കാളിക്ക് തന്നെ മനസ്സിലാക്കാനാകും, അല്ലെങ്കില്‍ അവര്‍ക്കും കൂടി വേണ്ടിയിട്ടല്ലെ താന്‍ ഈ പാട് പെടുന്നത്, അതുമല്ലെങ്കില്‍ അവര്‍ അവിടെ തന്നെ ഉണ്ടല്ലോ തിരക്കെല്ലാം കഴിഞ്ഞ് സമയം ചിലവഴിക്കാം. ഇങ്ങനെയുള്ള ചിന്തകളിലേക്ക് ദാമ്പത്യജീവിതത്തില്‍ ഭാര്യയും ഭര്‍ത്താം എത്തിച്ചേരുക സ്വാഭാവികമാണ്.
ഇത്തരം ചിന്തകള്‍ അത്ര മെച്ചപ്പെട്ട അവസ്ഥയിലേക്കല്ല നിങ്ങളുടെ ദാമ്പത്യത്തെ കൊണ്ടുചെന്നെത്തിക്കുക. ദാമ്പത്ത്യം ഉള്‍പ്പടെയുള്ള എല്ലാ ബന്ധങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടത് അവര്‍ക്ക് വേണ്ടി നാം മാറ്റി വയ്ക്കുന്ന സമയവും അവര്‍ക്ക് നാം നല്‍കുന്ന ശ്രദ്ധയും ആണ്.
3. ജീവിത പങ്കാളി നിങ്ങളോട് ആവശ്യപ്പെടുന്നതും സംസാരിക്കുന്നതുമായ കാര്യങ്ങളില്‍ അവരുടെ സ്വാര്‍ത്ഥത മാത്രം കാണുക
നിങ്ങളുടെ പങ്കാളിയുടെ പ്രവര്‍ത്തികളിലും വാക്കുകളും അവരുടെ സ്വാര്‍ത്ഥത കാണാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ സ്വാര്‍ത്ഥതയാണ്. ലളിതമായി പറഞ്ഞാല്‍ "നിന്റെ മനസ്സിലിരുപ്പ് എനിക്കറിയാം" എന്ന് പറഞ്ഞ് ഗൂഢമായി ആനന്ദിക്കാനുള്ള സ്വാര്‍ത്ഥത. നിങ്ങളുടെ ജീവിതപങ്കാളിയിലുള്ള നിങ്ങളുടെ വിശ്വാസക്കുറവ് കൂടിയാണ് ഇത്തരം ചിന്തകള്‍ ചൂണ്ടിക്കാണിക്കുന്നത്. അവരുടെ എല്ലാ പ്രവര്‍ത്തികളുടെയും ഉദ്ദേശം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവയിലെ സന്തോഷം അസ്വദിക്കാനുള്ള അവസരമാണ് നിങ്ങള്‍ ദയനീയമായി നഷ്ടപ്പെടുത്തുന്നത്.
4. എല്ലാ കാര്യത്തിലും പങ്കാളിയെ കുറ്റപ്പെടുത്തുക
സ്വന്തം പ്രവര്‍ത്തികള്‍ മൂലമുണ്ടാകുന്ന തെറ്റുകള്‍ ഏറ്റ് പറയാന്‍ ധൈര്യം ആവശ്യമാണ്. ദാമ്പത്യത്തില്‍ ഈ ധൈര്യത്തിന് നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ദാമ്പത്യജീവിതത്തില്‍ സ്വന്തം പിഴവുകള്‍ക്ക് പോലും പങ്കാളിയെ കുറ്റപ്പെടുത്തുന്നവര്‍ ധാരാളമാണ്. പങ്കാളികള്‍ തിരികെ പ്രതികരിക്കാത്തവരാണെങ്കില്‍ പ്രത്യേകിച്ചും. ഇക്കൂട്ടര്‍ ന്യായീകരിക്കുന്ന വിധം ഇങ്ങനെ ആയിരിക്കും "നിന്നോടല്ലെങ്കില്‍ പിന്നെ ആരോട് ദേഷ്യപ്പെടാനാ, അത് വിട്ട് കളയൂ " .
ഇത്തരം പ്രവര്‍ത്തികള്‍ സ്ഥിരമായി ചെയ്യുന്നത് ദാമ്പത്യത്തെ തകര്‍ക്കാന്‍ പോന്ന ശക്തിയേറിയ ഒന്നാണ്.
5. നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കുക
ദാമ്പത്യത്തില്‍ ഉള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ അസ്വസ്ഥരാണെങ്കില്‍ അക്കാര്യം തുറന്ന് സംസാരിച്ച് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ഇക്കാര്യം തുറന്ന് സംസാരിക്കുന്നതില്‍ പലപ്പോഴും ദമ്പതിമാര്‍ പരാജയപ്പെടുന്നു. ഇത് സംസാരിക്കുമ്പോള്‍ തങ്ങള്‍ അസ്വസ്ഥരാകുന്നത് ഒഴിവാക്കുന്നതിനായാണ് ഇക്കാര്യം സംസാരിക്കാതിരിക്കുന്നത്. അതേസമയം സംസാരിക്കാതെ മൂടിവക്കുന്നതിലൂടെ പ്രശ്നങ്ങള്‍ വഷളാവുകയെ ഉള്ളു എന്നതാണ് സത്യം.
6. ആരാണ് ശരി, ആരാണ് തെറ്റ്
തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ആരാണ് ശരി ആരാണ് തെറ്റെന്ന് ഉള്ളില്‍ സ്വയം വിലയിരുത്തലുകള്‍ നടത്തുക. ഒരു പ്രശ്നുണ്ടായാല്‍ അതിലെ ശരി തെറ്റുകളേക്കാള്‍ പ്രശ്നത്തിന്റെ കാരണം കണ്ട് പിടിച്ച് പരിഹരിക്കുന്നതിന് പ്രാധാന്യം നല്‍കുക. സ്വയം തെറ്റു ശരിയും വിലയിരുത്തുന്നതിന് പകരം പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കുക. അവരുടെ വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അതിലൂടെ പരസ്പരം മനസ്സിലാക്കാനും പ്രശ്നം ഒരുമിച്ച് പരിഹരിക്കാനും ഇരുവര്‍ക്കും കഴിയും.
7. ഉയര്‍ന്ന പ്രതീക്ഷകള്‍
ദാമ്പത്യത്തെക്കുറിച്ച് അമിത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നത് പലപ്പോഴും വലിയ നിരാശയ്ക്ക് വഴിയൊരുക്കും. നിങ്ങളുടെ ജീവിതപങ്കാളി സീരിയലിലോ സിനിമയിലോ കാണുന്ന കഥാപാത്രങ്ങളെപ്പോലെ പെരുമാറാത്തതിനെ ചൊല്ലി വിലപിച്ചിട്ട് കാര്യമില്ല. അത് അവരുടെ തെറ്റല്ല. അവര്‍ അങ്ങനെ പെരുമാറുമെന്നുള്ള നിങ്ങളുടെ പ്രതീക്ഷയുടെ കുഴപ്പമാണ്. അവരുടെ വ്യക്തിത്ത്വത്തെ അംഗീകരിച്ച് ദാമ്പത്യത്തില്‍ നേരിടാവുന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യബോധമുള്ളതാക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഇത്തരം പ്രതീക്ഷകള്‍ നടക്കാതെ പോയതിന്റെ പേരില്‍ വിഷമിക്കേണ്ടി വരില്ല. പ്രതീക്ഷക്കൊത്ത് ദാമ്പത്യം ഉയരാത്തതിനെ ചൊല്ലിയുള്ള പ്രശ്നങ്ങളും ഒഴിവാക്കാം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam