ഇന്ത്യൻ ക്രിക്കറ്റിലെ പ്രണയ സീസൺ

വിരാട് കോഹ്‌ലിയും അനുഷ്കയും, രോഹിത് ശർമയും റിഥികയും

ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രണയ സീസണാണ് കടന്നുപോയത്. നാലു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഡിസംബറിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നടി അനുഷ്ക ശർമയെ താലിചാർത്തി. വിവാഹവാർഷിക ദിനത്തിൽ നേടിയ ഇരട്ട സെഞ്ചുറി ഗാലറിയിലിരുന്ന പങ്കാളിക്ക് സമർപ്പിച്ച രോഹിത് ശർമയുടെ പ്രണയവും ആരാധകരുടെ മനംകവർന്നു. 

പ്രണയത്തെക്കുറിച്ചുള്ള സസ്പെൻസ് അവസാനിപ്പിച്ച് യുവപേസർ ഭുവനേശ്വർ കുമാർ ബാല്യകാല സുഹൃത്ത് നൂപുർ നഗറിനെ വിവാഹം ചെയ്തതും നവംബറിലാണ്. രണ്ടു വർഷം മുൻപു വലന്റൈൻസ് ദിനത്തിലാണ് ഭുവി നൂപുറിനെ തന്റെ പ്രണയം അറിയിച്ചത്. സഹീർ ഖാൻ- സാഗരിക ഘാട്ഗെ പ്രണയ വിവാഹത്തിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. 

വിരുഷ്ക

ക്രിക്കറ്റിലെയും ബോളിവുഡിലെയും ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഡിസംബറിൽ‌ കോഹ്‍ലിയും അനുഷ്കയും ഒന്നായത്. പ്രണയത്തിന്റെ ആ സുന്ദര നിമിഷത്തെ ആരാധകർ ‘വിരുഷ്ക’ എന്ന പേരിട്ടു ലാളിച്ചു. ഇറ്റലിയിലെ മിലാനിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനുശേഷമുള്ള ആദ്യ വലന്റൈൻസ് ഡേ എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന് ഞങ്ങൾക്ക് എല്ലാ ദിവസവും വലന്റൈൻസ് ദിനമാണെന്നായിരുന്നു വിരാടിന്റെ മറുപടി.

റിഥിക, നിനക്കായി

മൊഹാലി സ്റ്റേഡിയത്തിൽ കരിയറിലെ മൂന്നാം ഇരട്ട സെഞ്ചുറി തികച്ചശേഷം രോഹിത് ശർമ ഗാലറിയിലിരുന്ന ഭാര്യ റിഥികയെ നോക്കി മോതിരവിരലിൽ ചുംബിച്ച് ഈ നേട്ടം നിനക്കുള്ളതാണെന്നു പ്രഖ്യാപിച്ചു. അതുകണ്ട് റിഥികയുടെ മിഴിയും മനവും നിറഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹ വാർഷിക ദിനമായിരുന്നു അതെന്നത് ഈ പ്രണയ വികാരപ്രകടനങ്ങളുടെ മാറ്റുകൂട്ടി.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam