സാമ്പത്തിക കുറ്റകൃത്യത്തിനു ദുബായ് ജയിലിൽ കഴിയുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ എം.എം.രാമചന്ദ്രന്റെ മോചനം സംബന്ധിച്ച് ഇടയ്ക്കിടെ വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിൽ കുറച്ചു ദിവസം മുൻപ്, മോചനത്തിനു കേന്ദ്ര സർക്കാർ ഇടപെടുന്നതായും ഇനി അധികം വൈകില്ലെന്നുമുള്ള പ്രതീക്ഷാനിർഭരമായ വാർത്തയും പരന്നു. എന്നാൽ, മോചനത്തെക്കുറിച്ചു തങ്ങൾക്കൊന്നും അറിയില്ലെന്ന്, എഴുപത്തിയാറുകാരനും രോഗിയുമായ രാമചന്ദ്രനുവേണ്ടി വിലപിച്ചുകൊണ്ട് ദുരിത ജീവിതം നയിക്കുന്ന ഭാര്യ ഇന്ദിരയുടെ പ്രതികരണം.
മലയാളികൾക്ക് അറ്റ്ലസ് രാമചന്ദ്രൻ വെറുമൊരു ബിസിനസുകാരനല്ല, സാഹിത്യവും സിനിമയും ഇഷ്ടപ്പെടുന്ന നല്ലൊരു സഹൃദയൻ കൂടിയാണ്. തിരക്കിട്ട ജീവിതത്തിനിടയിലും സിനിമകൾ നിർമിക്കാനും അഭിനയിക്കാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹം യുഎഇയിലെ സാംസ്കാരിക സദസ്സുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. തന്റെ സ്വന്തം വീട്ടിൽ പോലും സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ ജന്മദിനത്തിലും രാമചന്ദ്രന്റെ ദുബായിലെ വീട്ടിലെത്തിയിരുന്നത് ഒട്ടേറെ പേർ. പക്ഷേ, അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എല്ലാവരും ദുഃഖിതരും അതേസമയം, നിസ്സഹായരുമാണ്. കാരണം, യുഎഇയിലെ നിയമത്തിന്റെ കരങ്ങളിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ച് അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമം എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടായാൽ അത്, ആ സഹൃദയനായ മനുഷ്യനോടു കാണിക്കുന്ന നന്ദിയായിരിക്കും.
തൃശൂർ മധുക്കര മൂത്തേടത്ത് രാമചന്ദ്രൻ (എം.എം.രാമചന്ദ്രൻ) എന്ന അറ്റ്ലസ് രാമചന്ദ്രൻ 1970കളിലാണ് ജോലി തേടി ഗൾഫിലെത്തിയത്. അതിനു മുൻപ് അദ്ദേഹം നാട്ടിൽ ബാങ്ക് ജീവനക്കാരനായിരുന്നു. കുവൈത്തില്‍ ബാങ്ക് ജീവനക്കാരനായിട്ടായിരുന്നു തുടക്കം. 1980കളുടെ അവസാനത്തിൽ ആ ജോലി ഉപേക്ഷിച്ച് സ്വർണ വ്യാപാരത്തിലേക്കു പ്രവേശിച്ചു– അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ്. അങ്ങനെ മൂത്തേടത്ത് രാമചന്ദ്രൻ ‘അറ്റ്ലസ് രാമചന്ദ്രൻ’ എന്ന് അറിയപ്പെടാൻ തുടങ്ങി. കുവൈത്തിനെ ഇറാഖ് ആക്രമിച്ചതോടെ ബിസിനസ് തകർച്ചയിലേക്കു നീങ്ങിയപ്പോൾ ബിസിനസ് ആസ്ഥാനം ദുബായിലേക്കു മാറ്റി. പിന്നെ, ബിസിനസിൽ തിളക്കമാർന്ന കുതിപ്പായിരുന്നു. ‘ ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന് പരസ്യങ്ങളിലൂടെ സ്വയം പ്രത്യക്ഷപ്പെട്ട്, വിളിച്ചുപറഞ്ഞ് ഖ്യാതി നേടിയ അറ്റ്ലസ് രാമചന്ദ്രന്റെ സ്വർണ ബിസിനസ് ഗൾഫിൽ എല്ലായിടത്തും പടർന്നുപന്തലിച്ചു. മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകൾ. കേരളത്തിലും ശാഖകളുണ്ട്. 3.5 ബില്യനായിരുന്നു ഗ്രൂപ്പിന്റെ വാർഷിക വിറ്റുവരവ്.
അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യക്തിത്വം
വെള്ള കോട്ടും സ്യൂട്ടും ധരിച്ച്, കീശയിൽ ചുവന്ന റോസാപ്പൂ വച്ച് ബിസിനസ് ചടങ്ങുകളിൽ നിറപുഞ്ചിരിയുമായി പ്രത്യക്ഷപ്പെടാറുള്ള രാമചന്ദ്രന്റെ ഉള്ളിലെ കലാകാരൻ എപ്പോഴും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമാ ലോകത്തെത്തുന്നത്. ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’ എന്ന അതിമനോഹര ചിത്രമായിരുന്നു രാമചന്ദ്രൻ ആദ്യമായി നിർമിച്ചത്. ചിത്രം കലാപരമായും സാമ്പത്തികമായും വൻ വിജയം നേടിയപ്പോൾ ആത്മവിശ്വാസം കൂടി. ഷാജി എൻ.കരുൺ ഒരുക്കിയ വാസ്തുഹാര, സിബി മലയിൽ – മോഹൻലാൽ ടീമിന്റെ ധനം, ഹരികുമാർ–മമ്മുട്ടി– എം.ടി എന്നിർ ഒന്നിച്ച സുകൃതം എന്നിവയായിരുന്നു രാമചന്ദ്രൻ നിർമിച്ച മറ്റു ചിത്രങ്ങൾ. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്, തത്ത്വമസി, ബോംബെ മിഠായി തുടങ്ങി ബാല്യകാല സഖി എന്ന ചിത്രത്തിലെത്തി നിൽക്കുന്നു അദ്ദേഹത്തിലെ അഭിനേതാവ്. പക്ഷേ, ബിസിനസിലും കലാരംഗത്തും കത്തിജ്വലിച്ചു നിൽക്കെ അറ്റ്ലസ് രാമചന്ദ്രൻ എന്ന സമ്പന്നന്റെ പതനം അപ്രതീക്ഷിതമായിരുന്നു.
എന്താണു സംഭവിച്ചത്?
സ്വർണ വ്യാപാരത്തിൽ നിന്ന് വൻ തുക ഒാഹരി വിപണിയിലേക്കു വകമാറ്റി നിക്ഷേപിച്ചതാണ് അറ്റ്ലസ് രാമചന്ദ്രന്റെ പെട്ടെന്നുണ്ടായ പതനത്തിനു കാരണമെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. റിയൽ എസ്‍റ്റേറ്റ് മേഖലയിലും കോടികൾ മുടക്കിയിരുന്നു. അതും നഷ്ടത്തിലായതോടെ, സ്വർണ വ്യാപാരത്തിൽ പിടിച്ചുനിൽക്കാൻ യുഎഇയിലെ പതിനഞ്ചിലേറെ ബാങ്കുകളിൽനിന്ന് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിർഹം (ആയിരം കോടിയോളം രൂപ) വായ്‌പ എടുത്തു. എന്നാൽ, അവ കൃത്യ സമയത്തു തിരിച്ചടയ്ക്കാനായില്ല. അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതിൽ ഒന്ന് 3.4 കോടി ദിർഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകൾക്കു പുറമേ, ദുബായിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽനിന്നും വായ്‌പ എടുത്തിരുന്നു. ഈ പണം ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും മറ്റും നിക്ഷേപത്തിനു വകമാറ്റിയതാണു പ്രശ്നമായതെന്നും പറയുന്നു.
വായ്‌പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്നു ബാങ്കുകൾ രാമചന്ദ്രനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, 15 ബാങ്കുകളുടെയും അധികൃതർ യോഗം ചേർന്ന്, യുഎഇ സെൻട്രൽ ബാങ്കിനെ സമീപിക്കാനും പൊലീസിൽ പരാതിപ്പെടാനും തീരുമാനിച്ചു. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ 2015 ഓഗസ്റ്റ് 23നാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീ പൊലീസ് സ്‍റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു അറസ്‍റ്റ്. ദുബായ് അവീർ ജയിലിൽ പതിനെട്ടു മാസം പിന്നിട്ടപ്പോൾ കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയാറായെന്ന വാർത്ത പ്രചരിച്ചു. എന്നാൽ അതു സത്യമായിരുന്നില്ല. പിന്നീടും ഇടയ്ക്കിടെ ഇത്തരം ഉൗഹാപോഹങ്ങൾ വന്നുകൊണ്ടിരുന്നു. രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചതായും ഒമാനിലെ അറ്റ്ലസിന്റെ രണ്ട് ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുകയില്‍നിന്ന് ആദ്യഗഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പു നടത്താൻ ശ്രമിക്കുന്നതായും പിന്നീടു പറഞ്ഞുകേട്ടു. പ്രമുഖ വ്യവസായി ബി.ആര്‍. ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഗ്രൂപ്പ് ആശുപത്രികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നായിരുന്നു തുടർന്നു വന്ന വാർത്തകൾ. എന്നാൽ ഇതിനൊന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടുമെന്ന വാർത്തയും പുറത്തുവന്നു. രാമചന്ദ്രന്റെ പേരിലുള്ള വസ്തുക്കൾ വിറ്റ് പണം തിരിച്ചടയ്ക്കാൻ വായ്പ എടുത്ത ബാങ്കുകളോട് സാവകാശം ആവശ്യപ്പെട്ടതായും അത് രണ്ടു ബാങ്കുകളൊഴികെ അംഗീകരിച്ചെന്നുമായിരുന്നു വാർത്തകൾ. എന്നാൽ, ഇതു സ്ഥിരീകരിക്കാനും രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയോ മറ്റു കുടുംബാംഗങ്ങളോ തയാറായിട്ടില്ല.
ഒരു കേസിലെ ശിക്ഷയായ മൂന്നു വർഷം തടവാണ് രാമചന്ദ്രൻ ഇപ്പോൾ അനുഭവിക്കുന്നത്. തുടർന്ന് മറ്റു കേസുകളിലും ഇതുപോലെ വിധി വരികയാണെങ്കിൽ അദ്ദേഹം വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരും. എന്നാൽ, രണ്ടു വർഷമായി ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മോചനത്തിനായി ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും അതിനായി പ്രാർഥിക്കുകയും ചെയ്യുന്ന ഒരാൾ ഭാര്യ ഇന്ദിര തന്നെയായിരിക്കും. ഭർത്താവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വീൽചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങൾ ഇൗയിടെ ഇന്ദിര ഒരു ഇംഗ്ലിഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഭർത്താവും മകളും മരുമകനും ജയിലിലാണ്. ഞാൻ ഒറ്റയ്ക്കു ഭയന്നാണ് ദുബായിലെ വീട്ടിൽ കഴിയുന്നത്. എനിക്കെതിരെയും നിയമ നടപടിയുണ്ടാകുമോ എന്ന പേടിയുമുണ്ട്– ഇന്ദിര പറഞ്ഞു. അറ്റ്ലസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലതും നഷ്ടത്തിലാണ്. ജീവനക്കാർ ശമ്പളം കിട്ടാതെ പലപ്പോഴും എന്നെ സമീപിക്കുന്നു. പക്ഷേ, ഞാൻ നിസ്സഹായയാണ്. മകളെയും മരുമകനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇരുട്ടടിയായെന്നും ഇന്ദിര പറഞ്ഞു. ഭർത്താവിന്റെ മോചനം സംബന്ധിച്ചു വാർത്തകൾ പുറത്തുവരുമ്പോൾ, അറുപത്തെട്ടുകാരിയായ ഇൗ വീട്ടമ്മയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam