ചായവിറ്റ് ലക്ഷങ്ങൾ കൊയ്യുന്ന നവ്നാഥ്, ആ വിജയഗാഥയ്ക്കു പിന്നിൽ!

നവ്നാഥ്

ഇന്ത്യക്കാരുടെ ചായ പ്രണയത്തെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ല. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ഒരു ഗ്ലാസ് ചായ നിർബന്ധമാണെന്നു കരുതുന്നവരാണ് ഏറെയും. ഇനിയിപ്പോ ഇടനേരങ്ങളിലായാലും ചായയ്ക്കു സ്വാഗതമാണ്. ആ ചായകുടിപ്രേമം കണക്കിലെടുത്ത് ചായവിൽപന രംഗത്ത് വമ്പിച്ച നേട്ടം കൊയ്തെടുത്ത നവ്നാഥ് യെവ്‌ലെ എന്നയാളാണ് ഇന്ന് വാർത്തകളിലിടം നേ‌ടുന്നത്. ചായമാത്രം വിറ്റ് കക്ഷി മാസം സമ്പാദിക്കുന്നത് പന്ത്രണ്ടുലക്ഷം രൂപയാണ്.

ഞെട്ടലോടെയും കൗതുകത്തോ‌ടെയുമാണ് നവ്നാഥിന്റെ വാക്കുകളെ പലരും കേള്‍ക്കുന്നത്. തുച്ഛമായ വിലയുള്ള വെറും ചായ മാത്രം വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്നതെങ്ങനെ എന്നു കരുതുന്നവരുമുണ്ട്. നവ്നാഥിന്റെ പൊടിപൊടിക്കുന്ന ചായ ബിസിനസ്സിനു പുറകിലെ രഹസ്യം എന്തായിരിക്കും എന്നന്വേഷിക്കുന്നവരുമുണ്ട്. എല്ലാ ബിസിനസ് വിജയങ്ങൾക്കും പറയാനുള്ളതു പോലെ വിശ്വാസ്യതയും ഗുണമേന്മയുമൊക്കെയാണ് നവ്നാഥിനും ഇക്കാര്യത്തിൽ മറുപടിയായി പറയാനുള്ളത്. 

പൂനെയിലെ ചായ വിഹാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെ‌ട്ടതാണ് നവ്നാഥിന്റെ യെവ്‌ലെ ടീ. മൂവായിരത്തിനും നാലായിരത്തിനുമടുത്ത് ചായയാണ് നവ്നാഥിന്റെ യെവ്‌ലെ ടീ ദിവസവും വിൽക്കുന്നത്. നൂറോളം ഔട്ട്‌ലെറ്റുകളായി ബിസിനസ് വ്യാപിപ്പിക്കാനും നവ്നാഥ് ശ്രമിപ്പിക്കുന്നുണ്ട്. ഇതു തന്റെ ബിസിനസ് നേട്ടം മാത്രം ലക്ഷ്യമാക്കിയല്ല അത്രയെങ്കിലും പേര്‍ക്ക് െതാഴിലും ലഭ്യമാകുമല്ലോ എന്ന ചിന്തയുടെ പുറത്താണെന്ന് നവ്നാഥ് പറയുന്നു. 

ഇപ്പോൾ നഗരത്തിലെ മൂന്നിടങ്ങളിലാണ് യെവ്‌ലെ ടീഹൗസ് ഉള്ളത്. ഓരോ സെന്ററുകളിലും പന്ത്രണ്ടോളം തൊഴിലാളികളുമുണ്ട്. അധികം വൈകാതെ തന്റെ സംരംഭത്തെ ഇന്റർനാഷണൽ ബ്രാൻഡ് എന്ന നിലവാരത്തിലേക്കുയർത്തുമെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് നവ്നാഥ്. 

2011ലാണ് നവ്നാഥ് ചായ ബിസിനസ്സിനെക്കുറിച്ചു ചിന്തിക്കുന്നത്. ഇന്ത്യക്കാരുടെ ചായയോടുള്ള പ്രിയം തന്നെയായിരുന്നു അതിനു കാരണം. പൂനെയില്‍ പ്രശസ്തമായ ടീ ബ്രാൻഡുകളൊന്നും അന്നുണ്ടായിരുന്നില്ല. ചായ ഏറെയിഷ്ടപ്പെ​ടുന്നവരുള്ള പൂനെയിൽ അവർ ആഗ്രഹിക്കും വിധത്തിലുള്ള ചായ ലഭ്യമാകുന്നില്ലല്ലോ എന്ന തോന്നലായിരുന്നു തുടക്കം. നാലുവർഷത്തോളം ന‌ടത്തിയ പഠനത്തിനു പിന്നാലെയാണ് മികച്ച ഗുണമേന്മയിലുള്ള ചായ ലഭ്യമാക്കാനും വലിയൊരു ബ്രാൻഡ് തുടങ്ങാനും തീരുമാനിക്കുന്നത്. 

ബിസിനസ് തുടങ്ങാൻ മുതല്‍മുടക്കുകളെക്കുറിച്ചോർത്തും തയാറെടുപ്പുകളെക്കുറിച്ചോർത്തുമൊക്കെ വ്യാകുലപ്പെടുന്നവർക്കൊരു മാതൃകയാവുകയാണ് നവ്നാഥ്. ലളിതമായ തുടക്കത്തിൽ നിന്നും ലക്ഷങ്ങൾ കൊയ്തെടുക്കുന്നതിനു പിന്നിൽ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയാണുള്ളത്. ലക്ഷങ്ങൾ സമ്പാദിക്കാൻ ലക്ഷങ്ങൾ മുതൽമുടക്കണമെന്ന ചിന്താഗതിയുള്ളവർക്കൊരു അപവാദമാവുകയാണ് നവ്നാഥും യെവ്‌ലെ ടീയും.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam