' ആ വാർത്ത എന്നെ ആദ്യം ചിരിപ്പിച്ചു, പിന്നീടാണ് അതിലെ ദുഃഖം അനുഭവപ്പെട്ടത് ' ഇന്നസന്റ്

ഇന്നസന്റ്

ലോക സന്തോഷ ദിനത്തിലേക്ക് ഇനി എട്ടു ദിവസം, മലയാള സിനിമയിൽ നമ്മെ കുടുകുടെ ചിരിപ്പിച്ച് ചിരിത്താരങ്ങൾക്കും ചിരിയെക്കുറിച്ച് അൽപം പറയാനുണ്ട്. കോമഡിയുടെ തമ്പുരാന്മാരായ ഇന്നസെന്റും സലിം കുമാറും ധർമജൻ ബോൾഗാട്ടിയും ഹരീഷ് കണാരനും ഒപ്പം നർമ രംഗങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെ‌ടുത്ത കെപിഎസി ലളിതയും ചിരി നഷ്ടപ്പെടുത്താതെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്....

അങ്ങനെയൊന്നും ചിരി തീരില്ല മോനേ: ഇന്നസന്റ്

ഉത്തർപ്രദേശിലെ ഒരാശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തു മുറിച്ചുമാറ്റിയ കാലെടുത്ത് തലയിണയായി വച്ചു പോലും. ആ വാർത്ത കണ്ടപ്പോൾ ഞാൻ ആദ്യം ചിരിച്ചുപോയി. എന്തോ തമാശ കേട്ടതുപോലെയാണു തോന്നിയത്. തൊട്ടുപിന്നാലെ ആ വാർത്തയിലെ ദുഃഖം എനിക്ക് അനുഭവപ്പെട്ടു. അതു ചിരിക്കാനുള്ള വാർത്തയല്ലല്ലോ. 

മലയാളിക്ക് എന്നും ചിരിയുണ്ട്. അതു ലോകം അവസാനിക്കുംവരെ ഉണ്ടാകും. പക്ഷേ, ചിരിയിലെ ആത്മാർഥതയിൽ മാത്രമാണു മാറ്റമുള്ളത്. പഴയ തമാശകൾ വീണ്ടും വീണ്ടും പറഞ്ഞു ചിരിക്കുന്നതു മലയാളിക്ക് ആ നർമത്തിൽ നേരും നെറിയുമുണ്ടെന്നു തോന്നുന്നതു കൊണ്ടാണ്. 

മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമൊക്കെ ‘നർമമില്ലാത്ത ഒരു തമാശ’ പറഞ്ഞാലും കൂടെ നിൽക്കുന്നവർ ചിരിക്കും. അതു സുഖിപ്പിക്കാനും വേദനിപ്പിക്കാതിരിക്കാനുമുള്ള ചിരിയാണ്. ആത്മാർഥതയില്ലാത്ത ആ ചിരി കാണുമ്പോൾ എനിക്കു ചിരി വരാറുണ്ട്. 

ചാനൽ ചർച്ചയിൽ പ്രമുഖർ വന്നിരുന്ന്, ചീത്തമുഴുവൻ കേട്ട് ഓരോന്നു പറയുന്നതും പറയാൻ ശ്രമിക്കുന്നതും കാണുമ്പോൾ ചിരിയല്ല, ഇക്കിളിയാണു തോന്നുന്നത്.  മലയാളിയുടെ ചിരി ആർക്കും മോഷ്ടിച്ചുകൊണ്ടുപോകാനാവില്ല.

ആ സാമ്പാർ പോലെ തിളയ്ക്കല്ലേ! : സലിംകുമാർ

ചിരിയാണ് ഏറ്റവും വലിയ വികസനപ്രവർത്തനം. നാല് ഇഞ്ച് ഉള്ള ചുണ്ട് ആറ് ഇഞ്ചായി വലുതാകുന്ന പരിപാടി. പക്ഷേ, ഇന്ന് ആളുകൾക്കു ചിരിക്കാൻ മടിയാണ്. നമ്മളെത്തന്നെ കളിയാക്കിയാൽ മതി, ചിരി താനേ വരും. എന്നാലോ, കൂടുതൽ സമ്പാദിക്കാനും വലിയ പണക്കാരനെപ്പോലെ ജീവിക്കാനുമുള്ള നെട്ടോട്ടത്തിൽ ജീവിതം ആസ്വദിക്കാൻ മലയാളി മറക്കുന്നു. ഓരോ അനുഭവങ്ങളെയും ലാഘവബുദ്ധിയോടെ കാണാൻ പഠിക്കണം.

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന ഡയലോഗ് പോലെ ജീവിക്കരുത്. ദിവസവും ആളുകൾ എന്തിനോ വേണ്ടി കിടന്നു തിളച്ചുമറിയുകയാണ്. ചെറിയ കാര്യങ്ങളിലും ചിരി കണ്ടെത്താനാകണം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന ഡയലോഗ് തന്നെ ഉദാഹരണം. ഞാൻ ആദ്യം സെറ്റിൽ ഈ ഡയലോഗ് പറഞ്ഞപ്പോൾ ആരും ചിരിച്ചില്ല.പിന്നീട് ഞാൻ ഷാഫിയോടു പറഞ്ഞു, ഇതു നല്ല രസമായിരിക്കും, എന്തായാലും സിനിമയിൽ ഉൾപ്പെടുത്തണമെന്ന്. എല്ലാ സീനും ഷൂട്ട് ചെയ്തുകഴിഞ്ഞ് അവസാനം, ആ ഡയലോഗ് പറയുന്നതു ഷാഫി ചിത്രീകരിച്ചു. പടം ഇറങ്ങിയപ്പോൾ അതു കേറിയങ്ങു ഹിറ്റായി. ചിരി നഷ്ടപ്പെടുത്തരുതു നമ്മൾ. പരാക്രമം കാണിക്കാതെ ആസ്വദിച്ചു ജീവിച്ചുകൂടെ നമുക്ക്?

എന്തായാലും ചിരിപ്പിച്ചേ അടങ്ങൂ: ധര്‍മജന്‍ ബോള്‍ഗാട്ടി 

അമ്പലപ്പറമ്പുകളില്‍ പരിപാടി അവതരിപ്പിക്കാന്‍ പേടിയാണ്. ഇപ്പോള്‍ കാണികളില്ല, വിധികർത്താക്കളേയുള്ളൂ. എല്ലാ പ്രേക്ഷകരും അങ്ങനെയാകുമ്പോൾ ചിരിക്കാന്‍ നമ്മള്‍ വെറേ ആളെ നോക്കേണ്ട അവസ്ഥയാണ്. സത്യം പറഞ്ഞാല്‍, ചിരിപ്പിക്കുന്നവരുടെ അവസ്ഥ വലിയ കഷ്ടമാണ്. അയ്യേ, എത്ര വട്ടം കേട്ട പാട്ടാണിത് എന്ന് പാട്ടുകാരോട് കാണികള്‍ പറയില്ല. എന്നാല്‍, ഈ കോമഡി ഞങ്ങള്‍ കണ്ടതാണല്ലോ എന്ന് മിമിക്രിക്കാരോടു പറയും. 

പുതിയ ചിരിവിഭവങ്ങള്‍ കണ്ടെത്താതെ പിടിച്ചുനില്‍ക്കാനാകില്ല. ഞാനും പിഷാരടിയും അത്തരം കുറെ ശ്രമങ്ങള്‍ നടത്തിനോക്കിയതാണ്. പ്രേക്ഷകരുടെ ആസ്വാദനനിലവാരം മാറി. നന്നായി ചിരിപ്പിക്കാനാകുമെങ്കിലേ പരിപാടി വിജയിക്കൂ. 

വാട്സാപ് കോമഡികള്‍ മിമിക്രിക്കു വലിയ വെല്ലുവിളിയാണ്. ചിരിപ്പിക്കുന്നവര്‍ അങ്ങോട്ടുമിങ്ങോട്ടും വ്യാപകമായി കോപ്പിയടിക്കുന്നുമുണ്ട്.  എന്തിനെയും ട്രോളുന്ന കാലമല്ലേ. സിനിമാ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ വന്ന ട്രോളുകള്‍ എമ്മാതിരി കോമഡിയാണ്.  പ്രേക്ഷകര്‍ക്ക് ഇപ്പോൾ എല്ലാം അറിയാം, എങ്ങനെയാണു കോമഡി ഉണ്ടാക്കുന്നത് എന്നതുൾപ്പെടെ.അതുകൊണ്ട് കുറച്ചധികം ബുദ്ധിമുട്ടിയാലേ ഇന്ന് ചിരിപ്പിക്കാനാകൂ. പക്ഷേ, ഞങ്ങള്‍ എന്തായാലും ചിരിപ്പിച്ചിരിക്കും; ആളുകള്‍എത്ര മസില്‍ പിടിച്ചിരുന്നാലും.

ആയുസ്സ് സ്വാഭാവിക ചിരിക്ക്: ഹരീഷ് കണാരൻ

ചിരിക്കാൻ ആളുകൾക്ക് ഒരു മടിയുണ്ടെന്നതു സത്യം തന്നെ. പണ്ടത്തേപ്പോലെയൊന്നുമല്ലല്ലോ, ഭയങ്കര ടെൻഷനും സ്ട്രെസ്സുമൊക്കെയല്ലേ അതൊക്കെയാകും മസിൽപിടിത്തത്തിനു കാരണം. ചിരിപ്പിക്കാൻ ആളു കൂടിയെന്നതും ഒരു കാരണമാണ്. എന്തെങ്കിലും ചെറിയ തമാശ കാണിച്ചാലൊന്നും ആളുകൾ ഇപ്പോൾ ചിരിക്കില്ല. 

കുറച്ചുകൂടി സ്വാഭാവികമായ, സിറ്റുവേഷനൽ കോമഡി വേണം.  ഭയങ്കരമായി ആളുകളെ ചിരിപ്പിച്ചുകളയാം എന്നു കരുതി ചെയ്ത പലതും കയ്യടി കിട്ടാതെ പോയിട്ടുണ്ട്. നേരെ തിരിച്ച്, സ്വാഭാവികമായി പറയുന്ന ചില ഡയലോഗുകൾ വൻ പൊട്ടിച്ചിരിയുണ്ടാക്കിയ അനുഭവവുമുണ്ട്.

 ‘രക്ഷാധികാരി ബൈജു’ എന്ന സിനിമയിൽ പൊലീസ് വരുന്ന സമയത്ത് ‘അയ്യോ ബൈജുവേട്ടാ പൊലീസ്’ എന്നു ഞാൻ പറയുന്ന ഒരു സീനിലെ ചിരി അങ്ങനെയുണ്ടായതാണ്. പൊലീസ് പിടിക്കാൻ വരുമ്പോൾ നമ്മൾ അയ്യോ പൊലീസ് എന്നു പറയുന്നു, അതു കേട്ടപാടെ നായകൻ (ബിജു മേനോൻ) ടപ്പോന്നു കിണറ്റിൽ ചാടുന്നു... ആ സീനിൽ അത്രയും വലിയ പൊട്ടിച്ചിരി പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും, സ്വാഭാവികമായ ചിരിക്കേ ഇനി ആയുസ്സുള്ളൂ.

മസിലു പിടിച്ചിട്ട്  എന്തിനാ: കെപിഎസി ലളിത

ഇന്ന് ചിരി എവിടെയാണെന്നു തേടിനടക്കുകയാണ് ആളുകൾ. ‍വാട്സാപ്പിൽ വരുന്ന ട്രോളുകൾ എന്നെ എത്രമാത്രം ചിരിപ്പിക്കുന്നുണ്ടെന്നോ? എപ്പോൾ യുട്യൂബിൽ കയറിയാലും ആദ്യം കാണുന്നത് എങ്ങനെ ചിരിക്കാം, ചിരി നമ്മുടെ ആരോഗ്യത്തെ എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നൊക്കെയുള്ള വിഡിയോകളാണ്. പണ്ട്, ഇന്നത്തെക്കാൾ ചിരി കുറവായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്. ജോലിയുടെ സ്ട്രെസ് ഒക്കെ കൂടുന്നതുകൊണ്ടാകാം ആളുകൾ ചിരിക്കാൻ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുന്നത്. അല്ലെങ്കിലും ആർക്കാണു മസിൽപിടിച്ച് ഇരിക്കാൻ ഇഷ്ടം? നല്ല ആരോഗ്യത്തോടെയും നല്ല സന്തോഷത്തോടെയുമല്ലേ നമ്മൾ എപ്പോഴും ജീവിക്കേണ്ടത്. ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണു ചിരിയും. ചിരിച്ചുകൊണ്ടേയിരിക്കണം...എന്നുവച്ച്, ആരെങ്കിലും മരിച്ചെന്നു കേട്ടാലൊന്നും ചിരിക്കരുതല്ലോ. ഔചിത്യമുള്ള ചിരി സ്വന്തമാക്കാം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam