Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ കയ്യുമായി ജനിച്ച മകളെ കണ്ടപ്പോൾ ആ അച്ഛൻ പറഞ്ഞത് !

Nivisha നിവിഷ

ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞു പിറക്കുമ്പോൾ അവൾക്ക് ഒറ്റക്കയ്യേ ഉള്ളുവെന്നു തിരിച്ചറിയുമ്പോൾ എന്തായിരിക്കും തോന്നുക? നാളെ ഇവൾ എങ്ങനെയായിരിക്കും വളരുക, പഠനം വിവാഹം തുടങ്ങിയവയൊക്കെ മറ്റു പെൺകുട്ടികളെപ്പോലെ ന‌ടക്കുമോ എന്നുതുടങ്ങി ഒരായിരം ആശങ്കകളായിരിക്കും അല്ലേ. എന്നാൽ നിവിഷ എന്ന ഇരുപതുകാരി പിറക്കുന്ന സമയത്ത് അവളുടെ അച്ഛനും അമ്മയും ചിന്തിച്ചത് അങ്ങനെയൊന്നുമല്ല. തങ്ങൾക്കു ലഭിച്ചത് സ്പെഷലായൊരു കുഞ്ഞിനെയാണ് അവൾ കുടുംബത്തെയും സ്പെഷലാക്കും എന്നാണ്.  മുംബൈ സ്വദേശിയായ നിവിഷയുടെ കഥയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

നിവിഷയുടെ വാക്കുകളിലേക്ക്...

'' ജനിച്ചുവീണ ആശുപത്രിയിൽ ഒരു സെലിബ്രിറ്റി പരിവേഷമായിരുന്നു എ​നിക്ക്. എന്റെ കുറവിനെക്കുറിച്ചു മാത്രം ചർച്ചകൾ നടന്നു, ഒരു പരിചയവും ഇല്ലാത്തവർ പോലും ഒറ്റക്കയ്യുള്ള കുട്ടിയെ കാണാൻ വന്നു. ആദ്യമൊക്കെ എന്റെ ബന്ധുക്കളും ഒരു ഞെട്ടലിലായിരുന്നു. ആർക്കും, ഡോക്ടർമാർക്കു പോലും എന്റെ അവസ്ഥയെക്കുറിച്ച് ഒരു വിശദീകരണം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എ​ല്ലാ പ്രതിസന്ധികളെയും തരണം ചെയ്തത് അച്ഛന്റെ വാക്കുകളായിരുന്നു.

അദ്ദേഹം അമ്മയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു '' ലോകത്തിലെ എല്ലാ മാതാപിതാക്കളിലും വച്ച് പ്രത്യേക ശേഷിയുള്ള കുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടവരാണ് നമ്മൾ, അവൾ നമ്മുടെ കുടുംബവും സ്പെഷലാക്കും' . ഈ വാക്കുകളായിരുന്നു പിന്നീടുള്ള ജീവിതകാലത്തിൽ എ​നിക്ക് അടിത്തറയായത്. എനിക്കു താങ്ങായി എന്നും മാതാപിതാക്കൾ കൂടെയുണ്ടായിരുന്നു. ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു ശരിയായ വഴികളിലൂടെ പഠിപ്പിക്കാൻ അവർ കൂടുതൽ കാതം മുന്നോട്ടു പോയി. 

എനിക്കു വേണ്ടി അമ്മ ഒറ്റകൈ കൊണ്ടു കാര്യങ്ങൾ ചെയ്യാൻ ശീലിച്ചു, എന്നാലെ എനിക്കെങ്ങനെ പുതിയ രീതികൾ പഠിപ്പിക്കാമെന്ന് അമ്മയ്ക്കു കണ്ടെത്താൻ കഴിയുമായിരുന്നുള്ളു. ഷൂവിന്റെ ലെയ്സ് കെട്ടുന്നതും വസ്ത്രങ്ങളുടെ ബട്ടൺ ഇടുന്നതും പോണി ടെയിൽ കെട്ടുന്നതുെമാക്കെ അമ്മയുടെ സഹായത്തോടെ ലളിതമായ ടെക്നിക്കുകളോടെ ഞാൻ ശീലിച്ചു. 

തുടക്കത്തിൽ മറ്റുകുട്ടികളെപോലെ റെഗുലര്‍ സ്കൂളിലാണ് പോയിരുന്നത്, എന്നാൽ ആദ്യമൊന്നും എനിക്കവിടെ സുഹൃത്തുക്കൾ ഉണ്ടായിരുന്നില്ല. പലരും എന്നെ കളിയാക്കിയിരുന്നു, ഒരിക്കൽ നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂള്‍ ബസിൽ വച്ച് ഒരു കുട്ടി മറ്റെല്ലാ കുട്ടികളെയും ചേർത്ത് എനിക്കില്ലാത്ത കയ്യിന്റെ വശത്തേക്കു നോക്കി കളിയാക്കുകയായിരുന്നു. അന്ന് ഏറെ തകർന്നാണ് വീട്ടിലേക്കു പോയത്. അമ്മയോടു പറഞ്ഞപ്പോൾ ഒ‌ട്ടും സമയം പാഴാക്കാതെ സ്കൂളിൽ അക്കാര്യം റിപ്പോര്‍ട്ട് ചെയ്തു, പിന്നീടൊരിക്കലും എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല. 

വൈകാതെ തന്നെ ഞാൻ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തനിയെ ചെയ്യാൻ തുടങ്ങി, ചിലപ്പോഴൊക്കെ മറ്റെല്ലാവരെയുംകാള്‍ മികച്ച രീതിയിൽ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ബൈക്ക് ഓടിക്കണമെന്ന ചിന്ത ആദ്യമായുണ്ടാകുന്നത്. എന്റെ ആഗ്രഹത്തെ കളിയാക്കുന്നതിനു പകരം എനിക്കു മുമ്പിൽ ഒരു സൈക്കിള്‍ കൊണ്ടുവന്നുവച്ചു. നിമിഷങ്ങൾക്കുള്ളിൽ ഒറ്റക്കയ്യുള്ള പെൺകുട്ടി സൈക്കിൾ റൈഡ് ചെയ്യാൻ ശീലിച്ചു.

ഒറ്റക്കയ്യാലേ ജീവിച്ചതുകൊണ്ട് ഞാൻ മനസ്സിലാക്കിയത് ഒരൊറ്റ കാര്യമാണ്, എനിക്ക് എന്തും ചെയ്യാൻ കഴിയും. പാട്ടുപാടിക്കൊണ്ടും നൃത്തം ചെയ്തുകൊണ്ടുമൊക്കെ പച്ചക്കറികൾ അരിയാനും കൃത്യം വട്ടത്തിൽ ചപ്പാത്തി പരത്താനുമൊക്കെ ഞാൻ ശീലിച്ചു. സ്കേറ്റിങ്ങും ക്രിക്കറ്റും ബാഡ്മിന്റണുമൊക്കെ ഞാൻ പഠിച്ചു. എനിക്കൊന്നിനെയും ഭയമുണ്ടായിരുന്നില്ല, ഒന്നിനോടും നോ പറഞ്ഞിരുന്നില്ല. എനിക്കു കയ്യില്ലെന്നുള്ളതു ശരിതന്നെ പക്ഷേ അതിനർഥം എല്ലാം ചെയ്യാൻ പ്രത്യേക വഴിയും ഉണ്ടെന്നതാണ്.

അംഗവൈകല്യം എന്ന വാക്ക് നിങ്ങളുടെ മനസ്സിലാണ്. വളരുന്ന കാലഘട്ടത്തിൽ എനിക്കു മനസ്സിലായ കാര്യം ഞാൻ ഹാൻഡികാപ് ആണെന്ന ധാരണയുമായി നടന്നാൽ മാത്രമേ എനിക്കൊന്നിനും കഴിയാതിരിക്കുള്ളൂ എന്നാണ്. ഞാന്‍ എന്നെ പൂർണമായും സ്നേഹിക്കുന്നു. ഇപ്പോൾ ഇരുപതു വയസ്സേ ആയിട്ടുള്ളു, ഇനിയും ഏറെക്കാലം മുന്നോട്ടു പോകാനുണ്ട്. ഡ്രൈവിങ്ങ് പഠിക്കണം, എംബിഎ നേടണം , സ്വന്തമായൊരു റെസ്റ്റ്റന്റ് ആരംഭിക്കണം,  പ്രണയത്തിലാവണം ഇതൊക്കെയാണ് എന്റെ ഇനിയുള്ള ആഗ്രഹങ്ങൾ. 

നിവിഷയുടെ നിശ്ചയദാർഢ്യത്തെയും പോസിറ്റീവ് മനോഭാവത്തെയും പുകഴ്ത്തി നിരവധി പേരാണ് മുന്നോട്ടു വന്നത്. നിവിഷയെപ്പോലെ കുറവുകളെ പുണർന്ന് വിജയത്തിലേക്കു കുതിക്കാൻ മനസ്സുറപ്പുള്ള പെൺകുട്ടികളാണ് നാളെയുടെ വാഗ്ദാനം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam