തടികൂടുന്നതിന് കാരണം പ്രണയമോ?

Representative Image

പ്രണയവും ശരീരഭാരവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് സ്വപ്നത്തില്‍ പോലും നാം കരുതിയിട്ടുണ്ടാകില്ല. കാമുകിക്കോ കാമുകനോ വേണ്ടി ശരീരം മെച്ചപ്പെടുത്തുന്നതും ഫിറ്റായി സൂക്ഷിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ സ്വയം മറന്ന് പ്രണയിക്കുന്നവര്‍ വണ്ണം വെക്കുമെന്ന് പറഞ്ഞാല്‍ അതത്ര എളുപ്പത്തില്‍ ആരും വിശ്വസിച്ചെന്നു വരില്ല. എന്നാല്‍ ഇനി ഇത് വിശ്വസിച്ചേ തീരു. കാരണം സ്വയം മറന്നു പ്രണയിക്കുന്നത് നിങ്ങളുടെ ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആസ്ട്രേലിയയിലെ സെന്‍ട്രല്‍ ക്യൂന്‍സ് ലാന്‍ഡ് സര്‍വകലാശാലയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പത്തു വര്‍ഷത്തോളം സമയമെടുത്ത് 15000 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. ശാരീരികവും മാനസികവുമായ കാരണങ്ങളാണ് ഇങ്ങനെ പ്രണയത്തിലാണ്ട് പോകുന്നവരെ അമിത ഭാരമുള്ളവരാക്കി മാറ്റുന്നതെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. പ്രണയിക്കുമ്പോള്‍ അതില്‍ മാത്രമായിരിക്കും ശ്രദ്ധ. കാമുകിക്കൊപ്പം പുറത്തു പോകുന്നതും മറ്റും പതിവായി മിക്കവാറും ഭക്ഷണവും പുറത്ത് നിന്നായിരിക്കും. ഇത് ഫാസ്റ്റ് ഫുഡ് ശരീരത്തിലേക്ക് ചെല്ലാന്‍ ഇടയാക്കുന്നു. 

ഇതോടൊപ്പം തന്നെ ഒരാളെ എല്ലാം മറന്നു പ്രണയിക്കുമ്പോള്‍ മറ്റുള്ളവരെ ആകര്‍ഷിക്കാനും ബോധിപ്പിക്കാനും സ്വന്തം ശരീരസൗന്ദര്യം നിലനിര്‍ത്തേണ്ട ആവശ്യകത ഇല്ലാതാകുന്നു. ഇതും അമിത വണ്ണത്തിനു കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രമല്ല പങ്കാളിയെ പിന്നീട് ശരീരപ്രകൃതി കൊണ്ട് ബോധിപ്പിക്കേണ്ടതില്ലെന്ന ഇവരുടെ ഉപബോധ ചിന്തയും ഭക്ഷണനിയന്ത്രണം ഇല്ലാതാക്കും. 

ഇനി പ്രണയിക്കുന്നയാളെ വിവാഹം കഴിച്ച് കുട്ടികളായാല്‍ പിന്നെ പറയുകയേ വേണ്ട. കുട്ടികളാകുന്നതോടെ ശരീരഭാരവും തടിയും വെക്കാനുള്ള സാധ്യത വീണ്ടും ഇരട്ടിയാകുമെന്നും പഠനം പറയുന്നു. ഇതിനുള്ള കാരണവും കൗതുകകരവും അതേസമയം യാഥാര്‍ഥ്യവുമാണ്. കുട്ടികള്‍ ബാക്കി വെക്കുന്ന ഭക്ഷണം കഴിച്ച് തീര്‍ക്കേണ്ടി വരുമെന്നും കുട്ടികള്‍ മൂലം രാത്രിയില്‍ ഉറക്കം മതിയാകാതെ വരുന്നതുമാണ് കാരണങ്ങളായി പഠനം പറയുന്നത്. 

പ്രണയത്തിലാകണമെന്ന് ആഗ്രഹിക്കുന്ന യുവാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് പഠനമെന്നാണ് ഇത് പുറത്തിറക്കിയ ഗവേഷകര്‍ പറഞ്ഞത്. അതിനര്‍ഥം പ്രണയത്തിലാകേണ്ടതില്ല എന്നല്ല മറിച്ച് പ്രണയത്തില്‍ ആയാലും സ്വന്തം കാര്യം കൂടി ശ്രദ്ധിക്കാന്‍ സമയം കണ്ടത്തണമെന്നതാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam