Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു രണ്ടും ഒരേ പെൺകുട്ടി തന്നെയാണ്, ക്രൂരനായ കാമുകന്‍ കാരണം ജീവിതം തകർന്നവൾ!

Maria മറിയ ലെബഡേവ അപകടത്തിനു മുമ്പും ശേഷവും

സുന്ദരി, പഠനത്തിൽ മിടുമിടുക്കി, മോഡലിങ് രംഗത്തെ തിളങ്ങുന്ന താരം, 2016 വരെയും മറിയ ലെബഡേവ എന്ന പെൺകുട്ടിയെ പലരും വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ പെട്ടെന്നൊരു ദിനം സംഭവിച്ച ആ അപ്രതീക്ഷിത അപകടം മറിയയുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയായിരുന്നു. ഇന്ന് ഓർമകൾ നഷ്ടപ്പെട്ട് കാഴ്ചയില്ലാതെ തന്റെ പഴയ രൂപം പോലും ഓർത്തെടുക്കാനാവാതെ ജീവിതം തള്ളിനീക്കുകയാണ് റഷ്യക്കാരിയായ ഈ ഇരുപത്തിമൂന്നുകാരി. 

2015, 2016 എന്നീ രണ്ടു വർഷങ്ങൾ പൂർണമായും തന്റെ ഓർമകളിൽ നിന്നും അകന്നിരിക്കുന്നുവെന്നു പറയുന്നു മറിയ.  ബിരുദപഠനകാലത്തെ രണ്ടാംവർഷം ഓർത്തെടുക്കാൻ കഴിയുന്നുണ്ട് എന്നാൽ അവസാനവർഷം തീരെ ഓർമയില്ല. 2016 ഓഗസ്റ്റ് 20നുണ്ടായ കാർ അപക‌ടമാണ് മറിയ എന്ന ഊർജസ്വലയായ പെൺകുട്ടിയെ ഇന്നു കാണുന്ന പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത യുവതിയാക്കി മാറ്റിയത്.

mariya-1 മറിയ ലെബഡേവ അപകടത്തിനു മുമ്പും ശേഷവും

മുൻകോപക്കാരനായ കാമുകന്റെ പ്രവർത്തിയാണ് മറിയയെ ഈ അവസ്ഥയിലേക്കെത്തിച്ചത്. നാലുവർഷം പ്രണയത്തിലായിരുന്നു മറിയയും കാമുകൻ ആൻഡ്രെയും. ഒരുദിവസം കാമുകന്‍ തനിക്കു വേണ്ടി വണ്ടിയുമായി കാത്തു നിൽക്കുകയായിരുന്നു. എന്നാൽ അൽപം വൈകിയതിനാൽ തന്നെ കാത്തു നിൽക്കേണ്ടെന്നും ആൻഡ്രെയോടു പൊയ്ക്കൊള്ളാനും മറിയ പറഞ്ഞെങ്കിലും ആൻഡ്രെ ചെവിക്കൊണ്ടില്ല. താൻ എത്തി കാറിൽ കയറിയപ്പോൾ തന്നെ ചീത്തവിളി തുടങ്ങിയിരുന്നു. ട്രാഫിക് ലൈറ്റ് റെഡ് കളറായപ്പോൾ വണ്ടി നിർത്തുന്നതിനു പകരം പരമാവധി സ്പീഡിൽ ഓടിക്കുകയായിരുന്നു ആൻഡ്രെ. ഇതാണ് അപക‌ടത്തിനു കാരണമായത്. കാറിനുള്ളിൽ ആൻഡ്രെയും സുഹൃത്തും മറിയയും ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിച്ചത് മറിയയ്ക്കു മാത്രമായിരുന്നു. 

അപകട കാര്യങ്ങളെല്ലാം സുഹൃത്തുക്കൾ വഴിയാണ് മറിയ മനസ്സിലാക്കിയത്. അപ്പോഴേക്കും ഓർമയുടെ നാളങ്ങൾ എരിഞ്ഞു തുടങ്ങിയിരുന്നു. തലച്ചോറിനുൾപ്പെടെയുള്ള ഗുരുത പരിക്കുകളോടെയാണ് മറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തുദിവസത്തോളം കോമയിലായിരുന്നു മറിയ. തലച്ചോറിനുണ്ടായ ആഘാതം മൂലം മറിയ പല കാര്യങ്ങളും മറന്നു. തുടക്കത്തിലെല്ലാം പത്തു മിനിറ്റിനു മുമ്പുള്ള സംഭവങ്ങൾ പോലും ഓർത്തെടുക്കാൻ മറിയയ്ക്കു കഴിയുമായിരുന്നില്ല. 

mariya-2 മറിയ ലെബഡേവ കാമുകനൊപ്പം–പഴയകാല ചിത്രം

ആദ്യമൊക്കെ മറിയയെ കാണാൻ ആൻഡ്രെ ആശുപത്രിയിലെത്തിയിരുന്നുവെങ്കിലും പിന്നീടതു നിർത്തി. മകളുടെ മെഡിക്കൽ ചിലവുകൾക്കായി ആന്‍ഡ്രെയ്ക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു മറിയയുടെ മാതാപിതാക്കള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ആൻഡ്രെയെ കുറ്റപ്പെടുത്താനില്ലെന്നു പറയുന്നു അവർ. പക്ഷേ വല്ലപ്പോഴുമെങ്കിലും അവന് മകള്‍ ഇപ്പോൾ എങ്ങനെയിരിക്കുന്നുവെന്നെങ്കിലും വിളിച്ച് അന്വേഷിക്കാമായിരുന്നു. 

അപകടം തന്റെ മാത്രം തെറ്റല്ലെന്ന രീതിയിലായിരുന്നു ആന്‍ഡ്രെ പിന്നീടു സംസാരിച്ചതെന്നും മറിയ പറയുന്നു. അപകടത്തിന് ഇരുവരും കുറ്റക്കാരാണെന്നും അതിനാൽ താൻ മാത്രം ഖേദിക്കേണ്ട കാര്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു ആന്‍ഡ്രെ. ഇതു തെല്ലൊന്നുമല്ല മറിയയെ തളർത്തിയത്. തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകരുക മാത്രമല്ല ഒരപകടം സംഭവിച്ചതോടുകൂടി തനിക്കൊപ്പം നിൽക്കാനുള്ളത് ആരൊക്കെയാണെന്നു മനസ്സിലാവുകയും ചെയ്തെന്നും മറിയ പറയുന്നു. 

mariya-3 മറിയ ലെബഡേവ അപകടം സംഭവിക്കുന്നതിനു മുമ്പ്

യാത്രകൾ ചെയ്യാനും നൃത്തം ചെയ്യാനുമൊക്കെ ഇഷ്ടപ്പെട്ടിരുന്ന മറിയ ഇന്ന് ഏറ്റവുമധികം മിസ് ചെയ്യുന്നത് പാറിപ്പറന്നുള്ള തന്റെ  ജീവിതമാണ്. കാഴ്ചശക്തി കൂടി ഇല്ലാത്ത പെൺകുട്ടിയായതോടെ പലരും സഹതപിക്കുന്നതു കേട്ടു മടുത്തിട്ടുണ്ട്. ഇപ്പോഴും മറിയ പൂർണ ആരോഗ്യവതിയാകുന്നതിനു വേണ്ടിയുള്ള ചികിൽസ തുടരുകയാണ്. കാഴ്ചശക്തി തിരികെ ലഭിക്കുന്നതിനുള്ള ചികിൽസയും ചെയ്യാനൊരുങ്ങുകയാണ്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്നതിനൊപ്പം ചെറുതെങ്കിലുമായ തന്റെ സ്വപ്നങ്ങളെ കീഴടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു കൂടിയാണ് മറിയ ഇപ്പോൾ ആഗ്രഹിക്കുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam