ചായപ്രേമത്തിൽ ഇന്ത്യക്കാരെ കടത്തിവെട്ടുന്നവരുണ്ടാകില്ല. രാവിലെ എഴുന്നേറ്റാൽ ഒരു കപ്പു ചായ നിർബന്ധമായിട്ടുള്ളവരാണ് ഏറെയും. ചിലരാകട്ടെ ദിവസത്തിൽ നാലും അഞ്ചും തവണ ചായ കുടിക്കുന്നവരുമാണ്. ഈ ചായ പ്രണയത്തെ മുതലാക്കിയാണ് ദിനംപ്രതി വിവിധ തരത്തിലുള്ള ടീഷോപ്പുകളും ഉയർന്നു വരുന്നത്. വെറും ചായ വിറ്റു ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവരുമുണ്ട്. ആദ്യം കേൾക്കുമ്പോൾ വിശ്വസിക്കാൻ അൽപം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. ചായ മാത്രം വിറ്റു നൂറുകോടിയിലേറെ സമ്പാദിക്കുന്ന യുവതിയാണ് ഇപ്പോൾ ബിസിനസ് രംഗത്തേക്കു കാലെടുത്തു വയ്ക്കാൻ ആഗ്രഹിക്കുന്നവർക്കു പ്രചോദനമാകുന്നത്. കക്ഷി ഒരു ഇന്ത്യക്കാരിയല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം, അമേരിക്കയിൽ ചായവിറ്റു കോടിപതിയായ യുവതിയുടെ പേര് ബ്രൂക് എഡ്ഡി.
അമേരിക്കയിലെ കൊളറാഡോ സ്വദേശിയാണ് ബ്രൂക്. ഒരു ഇന്ത്യൻ യാത്രയ്ക്കിടയിലാണ് ബ്രൂക്കിന്റ ശ്രദ്ധയിലേക്ക് ചായപ്രേമം പതിയുന്നതും പിന്നീടതൊരു ബിസിനസ് തലത്തിലേക്കു ചെന്നെത്തുന്നതും. 2002ല്‍ ഇന്ത്യയിലേക്കുള്ള ആ വരവാണു ബ്രൂക്കിന്റെ തലവര തന്നെ മാറ്റിമറിച്ചത്. ഇന്ത്യയിൽ വച്ചു കുടിച്ച ആ ചായയുടെ രുചി ബ്രൂക്കിന്റെ നാവിൽ നിന്നും മാഞ്ഞുപോയിരുന്നില്ല. ജന്മനാട്ടിൽ തിരികെയെത്തിയപ്പോഴും ബ്രൂക്കിന്റെ മനസ്സിലാകെ ഇന്ത്യയിലെ മനംമയക്കുന്ന ചായയായിരുന്നു.
പിന്നീടങ്ങോട്ട് ചായരുചി തേടിയുള്ള യാത്രയായിരുന്നു. എന്നാൽ കൊളറാഡോയിൽ എവിടെയും ഇന്ത്യയിൽ നിന്നു രുചിച്ചതിനു സമാനമായൊരു ചായ ബ്രൂക്കിന് കണ്ടെത്താനായില്ല. എന്നാൽ അതിൽ നിരാശയാവുകയല്ല ബ്രൂക് ചെയ്തത് മറിച്ച് താന്‍ ആഗ്രഹിച്ച രുചി കണ്ടെത്താനായില്ലെങ്കിൽ സ്വന്തമായതു തയാറാക്കാനായിരുന്നു ബ്രൂക് തീരുമാനിച്ചത്. തനിക്കു ടൈംപാസിനായി കുടിക്കാൻ വേണ്ടിയല്ല മറിച്ച് ആദ്യഘട്ടത്തിൽ സുഹൃത്തുക്കൾക്കും മറ്റുമായി ജാറുകളിൽ നിറച്ചു കൊണ്ടുപോയാണ് ബ്രൂക് ചായവിൽപന ആരംഭിച്ചത്.
2006 ആയപ്പോൾ ബ്രൂക് തന്റെ ചായയ്ക്ക് ഭക്തി ചായ് എന്ന പേരിടുകയും കാറിനു പുറകിൽ ജാറുകളിൽ നിറച്ചു കൊണ്ടുനടന്നു വിൽക്കുകയും ചെയ്തു. ഇഞ്ചിയുടെയും സ്പൈസ് മസാലയുടെയുമൊക്കെ രുചിയുള്ള ബ്രൂക്കിന്റെ ചായ എളുപ്പത്തില്‍ ആരാധകഹൃദയങ്ങളിലിടം നേടി. പതിയെ വീട്ടിലും കാറിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചായവിൽപന ചില കടകളിലേക്കു കൂടി ബ്രൂക് വ്യാപിപ്പിച്ചു. കൊളറാഡോയിലെ പല പ്രശസ്ത ടീ ഷോപ്പുകളിലും ബ്രൂക്കിന്റെ ചായയ്ക്ക് ആവശ്യക്കാരേറി.
2007ൽ ഭക്തി ചായയ്ക്കായി ഒരു വെബ്സൈറ്റും ബ്രൂക് ആരംഭിച്ചു. ഇതു കൂടുതൽ പേരിലേക്കെത്താൻ ബ്രൂക്കിനെ സഹായിച്ചു. ഒരുവർഷത്തിനകം ബ്രൂക് തന്റെ ജോലിയിൽ നിന്നും രാജിവച്ച് പൂർണമായും ചായ ബിസിനസ്സിലേക്കു ചുവടുവച്ചു. 2008 ആയപ്പോഴേക്കും ഒരു വിജയിച്ച ബിസിനസ് സംരംഭം എന്ന നിലയിലേക്ക് ബ്രൂക്കിന്റെ ഭക്തി ചായ ചെന്നെത്തി. ഇന്ന് ഭക്തി ചായയുടെ വിറ്റുവരവ് എത്രയെന്നു കേട്ടാൽ പലരുടെയും കണ്ണുതള്ളും. ഒന്നും രണ്ടുമല്ല 35 മില്യൺ ഡോളറാണ് വെറും ചായവിറ്റു മാത്രം ബ്രൂക് ഇതുവരെയും സ്വന്തമാക്കിയത്. 2018ൽ മാത്രമാകട്ടെ ഏഴുമില്യൺ ഡോളറായിരുന്നു ബ്രൂക്കിന്റെ ലാഭം.
തന്നെ കോടിപതിയാക്കിയ ചായയോടു മാത്രമല്ല അതിനെക്കുറിച്ചു മനസ്സിലാക്കി തന്ന ഇന്ത്യയോടും ബ്രൂക്കിന് അടങ്ങാത്ത സ്നേഹമുണ്ട്. ''കൊളറാഡോയിൽ ജനിച്ച തനിക്ക് ഒരിക്കലും ഇന്ത്യയോട് ഇത്രയും ഇഷ്ടം തോന്നേണ്ടതായിരുന്നില്ല, ഓരോ തവണ ഇന്ത്യയിലെത്തുമ്പോഴും പുതിയ പല കാര്യങ്ങളും പഠിക്കുന്നു. ''- ബ്രൂക് പറയുന്നു.
ഇരട്ടക്കുട്ടികളുടെ അമ്മ കൂടിയായ ബ്രൂക്ക് മക്കളെപ്പോലെ കരുതലോടെയാണ് തന്റെ ഭക്തി ചായയും നോക്കി നടത്തുന്നത്. 2014ൽ മികച്ച സംരംഭകയെ തേടിയുള്ള പുരസ്കാരപ്പട്ടികയിൽ അവസാന അഞ്ചുപേരിലിടം നേടുകയും ചെയ്തിട്ടുണ്ട് ബ്രൂക്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam